സ്വാതന്ത്ര്യം: അര്‍ഥവും ആശയവും

സുഫ്‌യാന്‍ അബ്ദുസ്സലാം

2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02

സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും തേട്ടമാണ്. പാരതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും വിലയറിഞ്ഞവര്‍ക്കേ സ്വാതന്ത്ര്യത്തിന്റെ മൂല്യം മനസ്സിലാവുകയുള്ളൂ. ഒരാള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കാനോ സംസാരിക്കാനോ ചിന്തിക്കാനോ ഉള്ള അധികാരത്തിനോ അവകാശത്തിനോ ആണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. തടവിലാക്കപ്പെടുകയോ അടിമയാക്കപ്പെടുകയോ ചെയ്യാത്ത അവസ്ഥയെയും സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം ദൈവികമായ അനുഗ്രഹമായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്.

മനുഷ്യന്‍ സ്വതന്ത്രന്‍

ഭൂമിയില്‍ മനുഷ്യന്‍ പിറന്നുവീഴുന്നത് സ്വതന്ത്രരായിട്ടാണ്. മനുഷ്യസ്വാതന്ത്ര്യത്തിന്റെ പ്രാഥമികമായ അടയാളം മനുഷ്യന്റെ ശുദ്ധപ്രകൃതിയാണ്. മുഹമ്മദ് നബി ﷺ പറഞ്ഞപോലെ ഓരോ മനുഷ്യനും ഭൂമിയില്‍ പിറന്നുവീഴുന്നത് ദൈവം നല്‍കിയിട്ടുള്ള ശുദ്ധമായ പ്രകൃതിയോടെയാണ്. ശുദ്ധവായു ശ്വസിക്കുന്നത് പോലെ, സ്രഷ്ടാവ് നല്‍കിയ ശുദ്ധപ്രകൃതിയില്‍ ജീവിതാന്ത്യം വരെ നിലനില്‍ക്കാന്‍ സാധിക്കുകയെന്നതാണ് സ്വാതന്ത്ര്യം കൊണ്ട് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. സ്വാതന്ത്ര്യം മനുഷ്യനന്മയെയാണ് പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യന് ദോഷകരവും വിനാശകരവുമായ കാര്യങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

സ്വാതന്ത്ര്യത്തിന്റെ ശരിയും തെറ്റും

മനുഷ്യസ്വാതന്ത്ര്യം സ്രഷ്ടാവ് രൂപപ്പെടുത്തിയ പ്രകൃതി വ്യവസ്ഥക്ക് വിധേയമാണെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുക എന്നതാണ് ഒരു മനുഷ്യനുണ്ടാവേണ്ട ആദ്യത്തെ തിരിച്ചറിവ്. അതുകൊണ്ടുതന്നെ ഗുണപ്രദമായ സ്വാതന്ത്ര്യവും ഹാനികരമായ സ്വാതന്ത്ര്യവും ഉണ്ട് എന്നത് അംഗീകരിക്കപ്പെടണം. ഒരാള്‍ക്ക് ഒരു ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴോട്ട് ചാടാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് സ്രഷ്ടാവ് നിശ്ചയിച്ച ശുദ്ധമായ പ്രകൃതിവ്യവസ്ഥക്ക് വിരുദ്ധമാണ്. അത് ഹാനികരവും നിരോധിക്കപ്പെട്ടതുമാണ്. അനുവദിക്കപ്പെട്ടതും ഗുണപ്രദവുമായ സ്വാതന്ത്ര്യത്തിന്റെ ഗണത്തില്‍ അതു വരില്ല. നന്മയായിരിക്കണം യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ അന്തിമഫലമെന്ന യാഥാര്‍ഥ്യമാണ് ഇത്  ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സത്യവും ധര്‍മവും നീതിയുമായിരിക്കണം സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകങ്ങള്‍. ഇങ്ങനെയുള്ള ഘടകങ്ങളാല്‍ മാത്രം  നിര്‍മിക്കപ്പെട്ടതായിരിക്കണം സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു സമൂഹത്തിന്റെയും ഭരണഘടനയും നിയമങ്ങളും.  

സ്വാതന്ത്ര്യം ഹനിക്കുന്നത് മഹാപാതകം

സ്രഷ്ടാവ് മനുഷ്യന് അനുവദിച്ച നന്മയിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന കാര്യമാണ് മുകളില്‍ വിവരിച്ചത്. ഈ സ്വാതന്ത്ര്യം സ്രഷ്ടാവ് നല്‍കിയതാണെങ്കില്‍ അതിനെ ഹനിക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല. മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാവാതിരിക്കുകയോ ചെയ്യുന്നത് ക്വുര്‍ആന്‍ ഒട്ടും അംഗീകരിക്കുന്നില്ല. പ്രവാചകന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ മക്കയിലെ പ്രമുഖര്‍ ഹനിക്കുകയും പ്രവാചകന്റെ ഉപദേശങ്ങളെയോ ക്വുര്‍ആനിക വചനങ്ങളെയോ കേള്‍ക്കുന്നതില്‍നിന്നും ജനങ്ങളെ തടയുകയും ചെയ്തപ്പോഴാണ് 'സംസാരം ശ്രദ്ധിച്ചു കേള്‍ക്കുകയും അവയില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്കാണ് സന്തോഷവാര്‍ത്ത.  അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍' (39:18) എന്ന ക്വുര്‍ആന്‍ വചനം അവതരിക്കപ്പെട്ടത്. മതവും വിശ്വാസവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തരുടെയും ഗ്രാഹ്യതക്കനുസരിച്ചാണ് എന്നതാണ് ക്വുര്‍ആനിക വീക്ഷണം. മതം അടിച്ചേല്‍പിക്കപ്പെടേണ്ടതല്ലെന്നും ക്വുര്‍ആന്‍ പറയുന്നു: ''ജനങ്ങള്‍ ആകമാനം സത്യവിശ്വാസികളാകുവാന്‍ അവരെ നിര്‍ബന്ധിപ്പിക്കാന്‍ പാടില്ല' എന്നും അങ്ങനെ എല്ലാവരും വിശ്വാസികള്‍ ആവണമെങ്കില്‍ 'നിന്റെ രക്ഷിതാവ് അങ്ങനെ ഉദ്ദേശിച്ചാല്‍ മതിയല്ലോ' (ആശയം 10:99) എന്നും ക്വുര്‍ആന്‍ ചോദിക്കുന്നു.

മര്‍ദിതരുടെ വിമോചനവും ക്വുര്‍ആനും

'ഞങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുകതന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു' (ക്വുര്‍ആന്‍ 14:13). പ്രവാചകന്മാരോട് സ്വന്തം നാട്ടുകാര്‍ പറഞ്ഞിരുന്ന വാചകമാണിത്. സ്വന്തം ആദര്‍ശത്തെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെയുള്ള നിലപാട് മാനവവിരുദ്ധമാണെന്നാണ് ക്വുര്‍ആന്‍ ഇതുവഴി ബോധ്യപ്പെടുത്തുന്നത്. ഇങ്ങനെ അകാരണമായി നാടുകടത്തപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്നവരുടെ വിമോചനത്തില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രയത്‌നിക്കാനാണ് ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. 'ഞങ്ങളുടെ നാഥാ, അക്രമികള്‍ അധിവസിക്കുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, ഒരു രക്ഷാധികാരിയെയും ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ എന്ന് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ക്കെന്തുകൊണ്ട് പോരാടിക്കൂടാ?' (ക്വുര്‍ആന്‍ 4:75).

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് പതിതരായി കഴിഞ്ഞിരുന്ന ബനൂ ഇസ്‌റാഈലിന്റെ വിമോചനത്തിന് വേണ്ടികൂടി ശബ്ദിച്ചിരുന്ന പ്രവാചകനായിരുന്നു മൂസാനബി(അ). ജനങ്ങളെ ഭിന്നിപ്പിച്ച് കക്ഷികളാക്കി അവരെ അടക്കിവാണുകൊണ്ട് ഔന്നത്യം നടിച്ചിരുന്ന ഫിര്‍ഔനിന്റെ നടപടികളെ അപലപിച്ചുകൊണ്ടുള്ള ഈ വചനം സ്വാതന്ത്ര്യത്തിന്റെ ദൈവിക ദര്‍ശനത്തെയാണ് വരച്ചുകാണിക്കുന്നത്. 'ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ നാടിന്റെ അവകാശികളാക്കുവാനുമാണ് നാം ഉദ്ദേശിക്കുന്നത്' (ക്വുര്‍ആന്‍ 28:46). മൂസാനബിയിലൂടെ സ്വാതന്ത്ര്യത്തിന്റെ സുന്ദരമായ ആശയം അല്ലാഹു നടപ്പാക്കുകയും ചെയ്തു.

അധിനിവേശം സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം

ഒരു രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യമോ വിഭാഗമോ നേടുന്ന അധീശത്വത്തിന് രണ്ടുവിധത്തിലുള്ള ഫലങ്ങളാണുണ്ടാവാറുള്ളത്. അനൈക്യം കാരണം ഛിഹ്നഭിന്നമായി കിടന്നിരുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കുകയും അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും നല്ല മാര്‍ഗം തെളിയിച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് ഗുണകാംക്ഷികളായി കടന്നുവന്നിട്ടുള്ള ഭരണാധികാരികളുണ്ട്. ഇന്ത്യയുടെയും കേരളത്തിന്റെതന്നെയും സാമൂഹികാവസ്ഥകളെ സ്വാതന്ത്ര്യപരവും പുരോഗമനപരവുമാക്കുന്നതില്‍  അത്തരം വൈദേശിക ഭരണസമൂഹങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രകൃതിയെയും കൊള്ളയടിക്കുകയും അവയെ കോളനികളാക്കി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും അവരെ അടിമകളാക്കുകയും ചെയ്യുന്ന അധിനിവേശമാണ് എക്കാലവും ലോകത്ത് ദുര്‍ബലരെയും അഭയാര്‍ഥികളെയും സൃഷ്ടിച്ചിട്ടുള്ളത്. പാരതന്ത്ര്യത്തിന്റെ നുകം പേറി ജീവിതം തള്ളിനീക്കുന്ന പീഡിതസമൂഹത്തിന്റെ കൂടെയാണ് ക്വുര്‍ആന്‍ നിലയുറപ്പിച്ചിട്ടുള്ളത്. അധിനിവേശത്തെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: 'തീര്‍ച്ചയായും രാജാക്കന്‍മാര്‍ (അധിനിവേശ ശക്തികള്‍) ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്മാരാക്കുകയും ചെയ്യുന്നതാണ്' (ക്വുര്‍ആന്‍ 27:34).

അധിനിവേശകരുടെ പിന്മാറ്റമല്ല സ്വാതന്ത്ര്യം

അധിനിവേശം അവസാനിച്ചതുകൊണ്ട് ഒരു രാജ്യവും സ്വതന്ത്രമായി എന്നു കരുതാവുന്നതല്ല. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം അവിടുത്തെ ജനതക്ക് അത് സ്വാതന്ത്ര്യമായി അനുഭവപ്പെടുമ്പോഴാണ് യാഥാര്‍ഥ്യമാകുന്നത്. സൈദ്ധാന്തികമായ പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ജനങ്ങളെ ഭയചകിതരാക്കിയും ജനങ്ങള്‍ ആഗ്രഹിക്കാത്ത ഒരു ഭരണകൂടം വന്നതുകൊണ്ട് അവിടെ ഇസ്‌ലാം മുമ്പോട്ടുവെച്ച ഗുണപ്രദമായ സ്വാതന്ത്ര്യം ഉണ്ടായിത്തീരുന്നില്ല. രാജ്യത്തിന്റെയും രാജ്യക്കാരുടെയും ഭൗതികവും സാംസ്‌കാരികവുമായ പുരോഗതി ലക്ഷ്യമാക്കിയും സ്ത്രീകള്‍ അടക്കമുള്ള ജനങ്ങളുടെ സൈ്വര്യവിഹാരത്തിന് കോട്ടംതട്ടാതെയും സാംസ്‌കാരികവും സദാചാരപരവുമായ ഭദ്രത ഉറപ്പുവരുത്തിക്കൊണ്ടുമുള്ള ഭരണകൂടമാണ് ഉണ്ടായിത്തീരേണ്ടത്.

സ്വാതന്ത്ര്യത്തിന്റെ ഇസ്‌ലാമികമാനം

സ്വാതന്ത്ര്യത്തിനായി ദാഹിച്ച്, പീഡനങ്ങള്‍ സഹിച്ച് ജീവിച്ചിരുന്ന പ്രവാചക സമൂഹത്തെ കുറിച്ച് പറയുന്ന ക്വുര്‍ആനികവചനത്തില്‍ ഇതിനെ സംബന്ധിച്ച സൂചനകള്‍ കാണാം. 'ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്' എന്നു പറഞ്ഞതല്ലാതെ മറ്റൊരു കാരണവും കൂടാതെ തങ്ങളുടെ ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ ചിലരെക്കൊണ്ട് അല്ലാഹു പ്രതിരോധിച്ചില്ലായിരുന്നുവെങ്കില്‍  ദൈവനാമം ധാരാളമായി കീര്‍ത്തിക്കപ്പെടുന്ന പല സന്യാസി മഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, ജൂതദേവാലയങ്ങളും, മുസ്‌ലിംപള്ളികളും പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു. മാത്രമല്ല, ഭൂമിയില്‍ അവര്‍ക്ക് നാം സ്വാധീനം നല്‍കിയാല്‍ അവര്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും, സദാചാരത്തിന് കല്‍പിക്കുകയും, ദുരാചാരത്തെപ്പറ്റി വിരോധിക്കുകയും ചെയ്യുന്നവരാണവര്‍' (22:41,42).

ഒരുകാലത്ത് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന ആളുകള്‍ക്ക് ഭൂമിയില്‍ സ്വാതന്ത്ര്യം ലഭിച്ച് അധികാരം ലഭിച്ചുകഴിഞ്ഞാല്‍ ജനങ്ങളെ ഒന്നായിക്കാണുകയും സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുകയും ജനങ്ങളെ സാംസ്‌കാരികമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുക എന്ന സ്വാതന്ത്ര്യത്തിന്റെ ഉദാത്തമായ ലക്ഷ്യങ്ങള്‍ അവര്‍ നിറവേറ്റുകയാണ് വേണ്ടതെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്.

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന മുസ്‌ലിം സമൂഹം

സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ്. അത് വകവെച്ചുകൊടുക്കാന്‍ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് സാധിക്കുമ്പോഴാണ് അത് ദൈവികാധ്യാപനങ്ങള്‍ക്ക് അനുസൃതമായ സ്വാതന്ത്ര്യമാകുന്നത്. മുസ്‌ലിംകള്‍ വിവിധ സംഘങ്ങളും സംഘടനകളും കക്ഷികളും വിഭാഗങ്ങളുമെല്ലാം ആയിത്തീരാനുള്ള പ്രധാനകാരണം അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന്റെ പോരായ്മയാണ്. വിരുദ്ധമായ അഭിപ്രായം ആരെങ്കിലും വെച്ചുപുലര്‍ത്തിയാല്‍ അയാളെ തന്റെ സംഘത്തിന്റെ അതിരുകളില്‍നിന്നും പുറത്താക്കുക എന്ന, പ്രവാചകന്‍ പഠിപ്പിക്കാത്ത, ഇസ്‌ലാമികമല്ലാത്ത ശൈലി മുസ്‌ലിം സമൂഹത്തില്‍ വ്യാപിച്ചതാണ് സ്വാതന്ത്ര്യത്തിന്റെ നീരുറവ വറ്റിപ്പോയ വിഭാഗങ്ങളായി പല മുസ്‌ലിം സമൂഹങ്ങളും മാറുവാനുണ്ടായ കാരണം. കലഹപ്രിയരായ ഒരു കൂട്ടത്തിന് സ്വാതന്ത്ര്യമോ അധികാരമോ ലഭിച്ചതുകൊണ്ട് കാര്യമില്ല. മുറുകെപ്പിടിക്കാന്‍ ക്വുര്‍ആന്‍ നിര്‍ദേശിച്ച പാശം മുറുകെപ്പിടിച്ചുകൊണ്ട് ഒരു മനസ്സും ശരീരവുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം സാര്‍ഥകമായിത്തീരുന്നത്.  

'സ്വാതന്ത്ര്യംതന്നെയമൃതം

സ്വാതന്ത്ര്യംതന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്

മൃതിയേക്കാള്‍ ഭയാനകം'

(കുമാരനാശാന്‍)