ലിബറലിസ്റ്റുകളുടെ വ്യാമോഹങ്ങള്‍

സി.വി.കോഴിക്കോട്

2021 ഡിസംബര്‍ 18 1442 ജുമാദല്‍ അല്‍ അവ്വല്‍ 13

യു.കെയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ലിംഗ സമത്വത്തിന്റെ ഭാഗമായി ആണ്‍കുട്ടികളോട് പാവാട ധരിക്കാന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത അയാള്‍ വായിച്ചത് ഒരു ബസ് യാത്രയിലാണ്. ലിബറലിസത്തിന്റെ 'പിരാന്തന്‍ വാര്‍ത്തകള്‍' വായിച്ച് ഫോണില്‍നിന്നും തല പൊക്കിയപ്പോള്‍ സീറ്റ് ലഭിക്കാതെ യാത്ര ചെയ്യുന്ന ചിലര്‍ നില്‍ക്കുന്നത് കണ്ടു. അടുത്ത സ്റ്റോപ്പില്‍നിന്ന് ഒരു സ്ത്രീ കയറുന്നു. കയറിയപാടെ മുന്‍സീറ്റില്‍നിന്നും ഒരു 'പുരുഷന്‍' എണീറ്റ് മാറിക്കൊടുക്കുന്നു. ആ സ്ത്രീ അവിടെ ഇരിക്കുന്നു. ഒറ്റനോട്ടത്തില്‍ ശാരീരിക വിഷമതകളില്ലാത്ത, കയ്യില്‍ കൈക്കുഞ്ഞില്ലാത്ത ഒരു സ്ത്രീക്കായി ആ പുരുഷന്‍ എന്തിന് മാറിക്കൊടുത്തു? ഉത്തരം ഇരിപ്പിടത്തിനുമേല്‍ എഴുതിവച്ചിട്ടുണ്ട്; 'സ്ത്രീകള്‍.' സീന്‍ കണ്ട എന്റെ ചിന്ത ലിബറല്‍ വശത്തേക്ക് ഇന്‍ഡികേറ്റര്‍ ഇട്ടു ചിന്തിക്കാന്‍ തുടങ്ങി.

സ്ത്രീകള്‍ക്ക് മാത്രമായി എന്തിന് റിസേര്‍വേഷന്‍ സീറ്റുകള്‍? ഒരേ പ്രായത്തിലുള്ള പുരുഷനും സ്ത്രീയും ഒരേ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ അവിടം ഇരിപ്പിടാവകാശവും തുല്യമാകേണ്ടേ? സ്ത്രീക്ക് ഇരിപ്പിടത്തിനുള്ള സാധ്യത 2:1 എന്നത് പുരുഷ വിരുദ്ധമല്ലേ? ഒടുവില്‍ ഒരല്‍പ നേരം 'സോ കോള്‍ഡ് പുരോഗമനപരമായി' ചിന്തയില്‍നിന്നും അയാള്‍ക്ക് മനസ്സിലായി; ലിബറലിസം സ്ത്രീക്ക് അവകാശങ്ങള്‍ നേടിക്കൊടുക്കകയല്ല, ഉള്ള അവകാശം പോലും എടുത്ത് കളയുകയാണ് ചെയ്യുന്നതെന്ന്!

ഇതൊരു സാങ്കല്‍പിക കഥയാകാം. എന്നാല്‍ കഥയുടെ ഇതിവൃത്തം ഒരു യാഥാര്‍ഥ്യമാണ്. ലിബറലിസത്തിന്റെയും പുരോഗമനത്തിന്റെയും മുദ്രവാക്യങ്ങളുടെ മറവില്‍ 'ലിംഗസമത്വം' എന്ന് ആക്രോശിക്കുന്നവരുടെ ആശയത്തിന്റെ പൊരുള്‍ നാം തിരിച്ചറിയേണ്ടതുണ്ട്. ലിംഗസമത്വം ഒരു മിത്ത് മാത്രമാണ്. ലിംഗനീതിയാണ് നമുക്കാവശ്യം. സ്ത്രീകള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്, അത് പുരുഷമാര്‍ക്ക് ചെയ്യാന്‍ കഴിയില്ല; മറിച്ചും. ഈ വസ്തുത കാണാതെ ലിംഗ സമത്വത്തിന് വേണ്ടി ആക്രോശിക്കുന്നതില്‍ എവിടെയാണ് നീതിയുള്ളത്?

വിവാഹേതര ലൈംഗിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, പതിനെട്ട് കഴിഞ്ഞ ആര്‍ക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം എന്ന് വാദിക്കുന്ന ലിബറലുകള്‍, നാളെ വിവാഹ/ലിവിംഗ് റിലേഷന്‍ഷിപ്പിനുള്ള പ്രായം 21 ആക്കിയാല്‍ ഇന്നലെവരെ ചെയ്തത് ശരിയും ഇന്ന് മുതല്‍ 21 തികഞ്ഞതിന് ശേഷം ഫ്രീ സെക്‌സില്‍ ഏര്‍പ്പെടുന്നതാണ് ശരിയെന്നും വാദിക്കുമോ? ഇങ്ങനെ ഒരുപാട് നിരര്‍ഥകമായ ആശയങ്ങളാല്‍ ലിംഗസമത്വത്തിന്റെ മറവില്‍ ലിബറലുകള്‍ കത്രികവയ്ക്കുന്നത് ധാര്‍മികതയിലൂന്നിയ സാമൂഹ്യവ്യവസ്ഥയുടെ കഴുത്തിലാണെന്ന് നാം തിരിച്ചറിയണം.

ഇവിടെയാണ് ഇരുണ്ടകാലത്തെ പ്രകാശത്തിലേക്ക് നയിച്ച ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അടുത്ത നൂറ് വര്‍ഷത്തിനുള്ളില്‍ യൂറോപ്പിനെ പിടിച്ചടക്കുവാന്‍ പറ്റിയ ഒരു പ്രത്യയശാസ്ത്രമുണ്ടെങ്കില്‍ അത് ഇസ്‌ലാം ആണെന്ന് ജോര്‍ജ് ബര്‍ണാഡ് ഷാ പറഞ്ഞിട്ടുണ്ടെങ്കിലും ഇസ്‌ലാമിക പ്രമാണങ്ങളെ 'കണ്ടം മുറിച്ച്' വായിക്കുന്ന പുരോഗമനക്കാര്‍ക്ക് അത് തിരിഞ്ഞിട്ടില്ല, തിരി യുകയുമില്ല! ലിംഗ നീതിയാണ് ഇസ്‌ലാം പ്രഖ്യാപിക്കുന്നത്. എ എന്ന വ്യക്തിയുടെ കയ്യില്‍ ഇരുന്നൂറ് രൂപയു ടെ അഞ്ച് നോട്ടുകളിലായി ആയിരം രൂപയുണ്ടെന്ന് കരുതുക. ബി എന്ന വ്യക്തിയുടെ കയ്യില്‍ അഞ്ഞൂറിന്റെ രണ്ട് നോട്ടുകളായി ആയിരം രൂപയും. ഇവിടെ രണ്ട് പേരുടെയും കയ്യിലുള്ളത് ആയിരം രൂപ തന്നെ. എന്നാല്‍ വ്യത്യസ്ത നോട്ടുകളിലായാണ് എന്നുമാത്രം.

ഇസ്‌ലാം സ്ത്രീക്കും പുരുഷനും തുല്യ നീതിയാണ് കല്‍പിച്ചിട്ടുള്ളത്. പക്ഷേ, അവരവരുടെ പ്രകൃതം അനുസരിച്ച് അവ വ്യത്യസ്തമാകാം. മുകളില്‍ സൂചിപ്പിച്ച ആയിരം രൂപയുടെ ഉദാഹരണം പോലെ. ഇസ്‌ലാമിലെ ഒരുപാട് പാഠങ്ങളില്‍നിന്നുമത് വ്യക്തമാണ്. മൂന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സ്വര്‍ഗമുണ്ടെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. ആണ്‍കുട്ടിയെ പരിഗണിക്കാത്ത ഈ പാഠം 'പുരുഷ വിരുദ്ധമാണെന്ന്' ആരെങ്കിലും വാദിക്കുമോ? വിവാഹിതരാകുമ്പോള്‍ പുരുഷന്‍ സ്ത്രീക്ക് മഹ്ര്‍ കൊടുക്കല്‍ നിര്‍ബന്ധമാണ്. അത് പെണ്ണിന്റെ അവകാശവും ഇസ്‌ലാമിന്റെ നിയമവുമാണ്. എന്നാല്‍ ജോലിയുള്ള പെണ്ണാണെങ്കില്‍ പോലും പുരുഷന് മൂല്യം കൊടുക്കണമെന്ന നിയമമില്ല. ഇവിടെ ലിംഗ സമത്വം അപ്ലൈ ചെയ്യുകയാണെങ്കില്‍ ഒന്നുകില്‍ സ്ത്രീ പുരുഷന് തിരിച്ചും മൂല്യം കൊടുക്കണം, കൊടുത്താലോ അത് സ്ത്രീധനമായി, സ്ത്രീ വിരുദ്ധമായി! അല്ലെങ്കില്‍ പുരുഷന്‍ സ്ത്രീക്ക് മൂല്യമായ മഹ്ര്‍ കൊടുക്കാതിരിക്കണം. രണ്ടിന്റെയും അനന്തരഫലം സ്ത്രീക്ക് നഷ്ടം. ഇസ്‌ലാം സ്ത്രീകള്‍ക്ക് അവകാശവും ആനുകൂല്യങ്ങളും സമ്മാനിക്കുമ്പോള്‍ ലിബറലിസം സ്ത്രീക്കുള്ള അവകാശങ്ങളെ ഇല്ലാതാക്കുമെന്ന് മുകളില്‍ സൂചിപ്പിച്ചത് ഇവിടെ ചേര്‍ത്ത് വായിക്കാം.

പുരുഷനോട് കുടുംബത്തിന്റെ ചെലവു വഹിക്കാന്‍ പറയുന്ന ഇസ്‌ലാം എന്തുകൊണ്ടാണ് സ്ത്രീയെ ജോലിചെയ്യാന്‍ നിര്‍ബന്ധിക്കാത്തതെന്ന് വിവാഹസമ്പ്രദായം തന്നെ വേണ്ടെന്ന് പറയുന്ന ലിബറലിസ്റ്റുകള്‍ ചോദിക്കാറുണ്ട്. കുടുംബത്തിന് വേണ്ടി സമ്പാദിക്കുവാനും അവര്‍ക്ക് വേണ്ട ജീവിതവിഭവങ്ങള്‍ നല്‍കുവാനും ഇസ്‌ലാം കല്‍പിക്കുന്നത് പുരുഷനോടാണ്. അതവന്‍ നിര്‍വഹിച്ചില്ലെങ്കില്‍ പരലോക ശിക്ഷക്ക് അവന്‍ വിധേയമാകും. എന്നാല്‍ സ്ത്രീ ജോലി ചെയ്യുന്നവളാണെങ്കില്‍ പോലും വരുമാനം കുടുംബത്തിന്റെ ചെലവിനായി വിനിയോഗിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. സ്ത്രീകള്‍ ജോലിയെടുത്തോ കച്ചവടം ചെയ്‌തോ ഒക്കെ കുടുംബം പുലര്‍ത്തേണ്ടതുണ്ട് എന്ന് ഇസ്‌ലാം നിര്‍ബന്ധിക്കുകയാണെങ്കില്‍ (ലിംഗസമത്വം അപ്ലൈ ചെയ്യുകയാണെങ്കില്‍) അത് അവരോടു കാണിക്കുന്ന അനീതിയല്ലേ? ദിവസവേതനത്തിന് കൂലിപ്പണിക്ക് പോകുന്ന സ്ത്രീക്ക് പ്രസവം, കുഞ്ഞുങ്ങളെ മുലയൂട്ടല്‍ പോലുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്ന അവസരത്തില്‍ എന്ത് ചെയ്യാന്‍ കഴിയും? ഞാന്‍ സൂചിപ്പിക്കുന്നത് ഇസ്‌ലാം സ്ത്രീകളുടെമേല്‍ കുടുംബത്തിന്റെ ചെലവുവഹിക്കുവാന്‍ നിര്‍ബന്ധിക്കുന്നില്ല എന്നാണ്. ഇസ്‌ലാം സ്ത്രീയെ ജോലിയില്‍ നിന്നും വിലക്കുന്നുമില്ല. കുടുംബം എന്ന വിഷയത്തിന് കീഴില്‍ വരുന്നതാണ് 'കുടുംബ നാഥന്‍' എന്ന സങ്കല്‍പം. 'ആഖിറം' അഥവാ 'പരലോകം'എന്ന വരാനിരിക്കുന്ന ശാശ്വത ലോകത്തെക്കുറിച്ച് ആദ്യം മനസ്സിലാക്കണം. അത് മനസ്സിലാക്കാതെ ശാരീരിക-മാനസിക പ്രകൃതത്തിനനുസരിച്ച് സ്ത്രീപുരുഷന്മാര്‍ക്ക് ബാധ്യത നിര്‍വഹണങ്ങള്‍ വിഭജിച്ചു നല്‍കുന്ന ഇസ്‌ലാമിന്റെ കുടുംബ വ്യവസ്ഥയെ മനസ്സിലാക്കാന്‍ സാധിക്കുകയുമില്ല.

ലിംഗസമത്വവാദം കേവലം ഉട്ടോപ്യയാണ്. ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത വെറും സ്വപ്‌നം. അതിന്റെ വക്താക്കള്‍ക്ക് സ്വപ്‌നത്തിന്റെ തേരിലേറി സഞ്ചരിക്കാം. ഇസ്‌ലാം പഠിപ്പിക്കുന്നതാകട്ടെ തികച്ചും പ്രായോഗികവും മാനവികവുമായ പാഠങ്ങള്‍. അതിന്റെ വക്താക്കള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ ലോകത്ത് മനസ്സമാധാനത്തോടെ ജീവിക്കാം.