പ്രബോധനം യുക്തിഭദ്രമാകണം

അബൂ അമല്‍

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

മനുഷ്യരെയെല്ലാം മലക്കുകളെപ്പോലെ കല്‍പിക്കപ്പെടുന്നത് അപ്പടി പ്രവര്‍ത്തിക്കുന്നവരായിട്ടല്ല അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. എങ്കില്‍ സത്യാസത്യ വിവേചന സ്വാതന്ത്ര്യം അവന് നല്‍കേണ്ടതുണ്ടായിരുന്നില്ല. പ്രതികൂല സാഹചര്യങ്ങളില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും അകന്നുമാറി നേര്‍വഴിയിലുടെ തീവ്രപ്രയാണം നടത്തിയെങ്കില്‍ മാത്രമെ അവന്ന് ലക്ഷ്യ സ്ഥാനത്തെത്താനാകൂ. അതിനു വേണ്ടത് ലളിതവും ഖണ്ഡിതവുമായ നിയമങ്ങളും നിര്‍ദേശങ്ങളും താക്കീതുകളുമാണ്. അത് സ്രഷ്ടാവ് കൃത്യമായി നല്‍കിയിട്ടുണ്ട്.

അവനവന്റെ പരലോക രക്ഷക്ക് അവനവന്‍ തന്നെ നന്നായി പരിശ്രമിക്കണം. നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കപ്പെട്ട സ്ഥിതിക്ക്; അല്ലാഹുവിനെ കുറിച്ചോ പരലോകത്തെ കുറിച്ചോ ബോധമില്ലാത്തവര്‍ക്കും അതിന്റെ ഗൗരവത്തെ മനസ്സിലാക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇഷ്ടപ്രകാരം വിഹരിക്കാനുള്ള സ്വാതന്ത്ര്യവും ഇവിടെ ഉണ്ടായിരിക്കണമല്ലോ.

മുഹമ്മദ് നബി ﷺ യുടെ പ്രബോധന രീതിയെ സംബന്ധിച്ചും ജനങ്ങളോടുള്ള സമീപനത്തെക്കുറിച്ചും എന്തിനധികം ശത്രുക്കളോടുള്ള പ്രവാചകന്റെ ﷺ ഇടപെടുലകളെ സംബന്ധിച്ചും നാമെത്ര വായിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്! എന്നിട്ടും ചിലപ്പോള്‍ നമ്മുടെതന്നെ പേനയും നാവും നാം ജീവിക്കുന്ന ബഹുസ്വരതയെ ഉള്‍ക്കൊള്ളാനും അതിന് പോറലേല്‍ക്കാതിരിക്കാനും വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

തന്നോടൊന്നിച്ച് ജീവിക്കുന്ന സഹോദരങ്ങളെല്ലാം ആത്യന്തിക വിജയം വരിക്കണമെന്ന അങ്ങേയറ്റത്തെ ആഗ്രഹം കൊണ്ടായിരിക്കാം, അല്ലെങ്കില്‍ തനിക്ക് മനസ്സിലായ യാഥാര്‍ഥ്യം അപ്രകാരം തന്നെ മറ്റുള്ളവരും അങ്ങനെത്തന്നെ ഉള്‍ക്കൊള്ളണമെന്ന നിശ്ചയമായിരിക്കാം. രണ്ടായാലും നമ്മുടെ സമീപനം വിപരീതഫലമാണ് ഉണ്ടാക്കുന്നതെങ്കില്‍ നഷ്ടം നമുക്കായിരിക്കും എന്നത് വസ്തുതയാണല്ലോ.

നമുക്കു ചുറ്റും ജീവിക്കുന്നവരുടെ ധാരണയെ തിരുത്താനാവണം നമുക്ക്. അപ്പോള്‍ മാത്രമെ നമ്മുടെ ആഗ്രഹം സഫലമാകൂ. അതിന് അല്ലാഹു നിര്‍ദേശിക്കുന്നത് 'ഇതര സമുദായങ്ങളുടെ ആരാധ്യ വസ്തുക്കളെ നിങ്ങള്‍ ശകാരിക്കരുത്' എന്നാണ്. കാരണം വിവരമില്ലാതെ അവര്‍ സ്രഷ്ടാവിനെ ശകാരിക്കാനുള്ള കാരണമായി അത് മാറിയേക്കാം. നമ്മള്‍ കാരണം അങ്ങനെ സംഭവിച്ചാല്‍ അതിന്റെ കെടുതി ഭയാനകമായിരിക്കും. അല്ലാഹു പറഞ്ഞു:

''അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്'' (ക്വുര്‍ആന്‍ 6:108).

 'ഓരോ സമുദായത്തിനും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ നാം ഭംഗിയാക്കിയിരിക്കുന്നു'എന്ന വാക്യത്തില്‍ നിന്നും നമുക്ക് സ്രഷ്ടാവ് നല്‍കിയിരിക്കുന്ന മഹാഭാഗ്യത്തെ മനസ്സിലാക്കിയെടുക്കാന്‍ സാധിക്കണം.  ആയതിനാല്‍ യുക്തിഭദ്രമായും സംയമനത്തോടെയും അങ്ങേയറ്റത്തെ വിട്ടുവീഴ്ചയോടെയുമാണ് നാം നന്മയുപദേശിക്കേണ്ടത്. അതിനായി നമ്മുടെ ഊര്‍ജവും സമയവും ആരോഗ്യവും ചെലവഴിക്കപ്പെടുമ്പോള്‍ നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഗമനം ആയാസരഹിതവും അതിശക്തവുമായിത്തീരുമെന്നതില്‍ സംശയമില്ല.

''യുക്തിദീക്ഷയോടുകൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് നീക്ഷണിച്ചുകൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്റെ മാര്‍ഗം വിട്ട് പിഴച്ച് പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ'' (ക്വുര്‍ആന്‍ (16:125).