പ്രവാചക ചര്യകളും മുസ്‌ലിംകളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 നവംബര്‍ 20 1442 റബിഉല്‍ ആഖിര്‍ 15

(ഭാഗം: 3)

രാത്രി നമസ്‌കാരം

വിശ്വാസികളുടെ ഗുണങ്ങളിലൊന്നാണ് രാത്രിയിലുള്ള സുന്നത്ത് നമസ്‌കാരം നിലനിര്‍ത്തുക എന്നത്. മുഹമ്മദ് നബി ﷺ ക്ക് നിര്‍ബന്ധമായിരുന്നു രാത്രിയിലെ നമസ്‌കാരം. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിശ്രേഷ്ഠമായ സുന്നത്താണ് ഇത്. 

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ ചോദിക്കപ്പെട്ടു: ''നിര്‍ബന്ധ നമസ്‌കാരത്തിനുശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം ഏതാണ്? റമദാനിലെ നോമ്പിനുശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് ഏതാണ്?'' നബി ﷺ പറഞ്ഞു: ''നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം രാത്രി നമസ്‌കാരവും, റമദാനിലെ നോമ്പിനുശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പുമാണ്'' (മുസ്‌ലിം).

രാത്രിയിലുള്ള സുന്നത്ത് നമസ്‌കാരം വ്യത്യസ്ത സമയങ്ങളില്‍ നിര്‍വഹിക്കുന്നതുകൊണ്ട് വിവിധ പേരുകളില്‍ അറിയപ്പെടുന്നു.

1. ക്വിയാമുല്ലൈല്‍: രാത്രിയിലെ സുന്നത്ത് നമസ്‌കാരത്തിന് പൊതുവായുള്ള പേര്.

2. വിത്‌റ്: രാത്രിയിലെ സുന്നത്ത് നമസ്‌കാരം ഒറ്റയാക്കി നിര്‍വഹിക്കുന്നതിനാലാണ് ഈ പേര് പറയുന്നത്.

അതിന് നബി ﷺ യുടെ കല്‍പനയുള്ളതായി ഹദീഥുകളില്‍ കാണാം. ഇമാം തിര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥ് കാണുക:

നബി ﷺ പറഞ്ഞു: ''തീര്‍ച്ചയായും അല്ലാഹു ഒറ്റയാണ് (ഏകനാണ്). അവന്‍ ഒറ്റയെ ഇഷ്ടപ്പെടുന്നു. അതിനാല്‍ ക്വുര്‍ആനിന്റെ ആളുകളേ, നിങ്ങള്‍ ഒറ്റയാക്കുവിന്‍.''

3. ക്വിയാമു റമദാന്‍: രാത്രിയിലെ സുന്നത്ത് നമസ്‌കാരം റമദാനിലെ രാത്രിയില്‍ നിര്‍വഹിക്കുമ്പോള്‍ അതിന് ക്വിയാമുറമദാന്‍ എന്ന് പറയുന്നു.

4. തറാവീഹ്: റമദാനിലെ രാത്രി നമസ്‌കാരം രണ്ട് റക്അത്തുകളായി വിശ്രമിച്ചുകൊണ്ട് നമസ്‌കരിക്കുന്നതിനാണ് തറാവീഹ് എന്ന് പറയുന്നത്.

രാത്രിയിലെ സുന്നത്ത് നമസ്‌കാരത്തിന്റെ മുമ്പ് പ്രവാചകന്‍ ﷺ ദൈര്‍ഘ്യം കുറച്ച് രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നതായി ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥില്‍ വന്നതായി കാണാം. അറേബ്യന്‍ നാടുകളില്‍ ഈ സുന്നത്ത് പ്രാബല്യത്തിലുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇത് പ്രചാരത്തിലില്ല. പ്രവാചക സുന്നത്തുകളെ പ്രമാണങ്ങളില്‍നിന്ന് മനസ്സിലാക്കുകയും ജീവിതത്തിന്റെ ഭാഗമാക്കുകയും വേണം വിശ്വാസികള്‍. ഈ ദൈര്‍ഘ്യം കുറച്ചുള്ള നമസ്‌കാരം പ്രവാചകന്‍ ﷺ നിര്‍വഹിച്ചിരുന്നത് ശേഷമുള്ള നമസ്‌കാരത്തിന് ഉത്സാഹം ലഭിക്കാനാണെന്ന് പ്രസ്തുത ഹദീഥിന്റെ വ്യാഖ്യാനത്തില്‍ കാണാം.

ആഇശ(റ) പറയുന്നു: ''നബി ﷺ രാത്രി എഴുന്നേറ്റാല്‍ ദൈര്‍ഘ്യം കുറച്ച് രണ്ട് റക്അത്ത് നമസ്‌കരിച്ചുകൊണ്ടായിരുന്നു രാത്രിനമസ്‌കാരം ആരംഭിച്ചിരുന്നത്'' (മുസ്‌ലിം).

ജുമുഅക്ക് ശേഷമുള്ള നാല് റക്അത്ത് നമസ്‌കാരം

ജുമുഅ വിശ്വാസിയുടെ ആഴ്ചതോറുമുള്ള ആഘോഷമാണ്. വെള്ളിയാഴ്ച ദിവസം പള്ളിയില്‍ പോയി ജുമുഅയില്‍ പങ്കെടുക്കുന്നവരും ഖുതുബ കേള്‍ക്കുകയും ചെയ്യുന്നവരാണ് വിശ്വാസികള്‍. യാത്രക്കാരനോ രോഗിയോ അല്ലാത്ത, പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാ പുരുഷന്മാരും വെള്ളിയാഴ്ച ദിവസം ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാണ്.

ജുമുഅക്ക് ശേഷം നബി ﷺ നാലു റക്അത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നതായി ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ പറഞ്ഞു: ''നിങ്ങള്‍ ആരെങ്കിലും ജുമുഅ നമസ്‌കരിച്ചാല്‍ അവന്‍ ശേഷം നാലു റക്അത്ത് സുന്നത്ത് നമസ്‌കരിക്കട്ടെ'' (മുസ്‌ലിം).

ജുമുഅക്ക് ശേഷം പള്ളിയില്‍വെച്ചാണ് സുന്നത്ത് നമസ്‌കരിക്കുന്നതെങ്കില്‍ നാല് റക്അത്തും നമസ്‌കാരശേഷം വീട്ടിലേക്ക് മടങ്ങി വീട്ടില്‍വെച്ചാണ് നമസ്‌കരിക്കുന്നതെങ്കില്‍ രണ്ട് റക്അത്തും നമസ്‌കരിച്ചാല്‍ മതി.

അബ്ദുല്ലാഹ് ഇബ്‌നു ഉമര്‍(റ) നബി ﷺ യുടെ സുന്നത്ത് നമസ്‌കാരങ്ങളെ വിവരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ''അവിടുന്ന് ജുമുഅ കഴിഞ്ഞാ ല്‍ പിരിഞ്ഞുപോകുന്നത് വരെ ഒന്നും നമസ്‌കരിക്കുമായിരുന്നില്ല. തന്റെ വീട്ടില്‍വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കുമായിരുന്നു'' (മുസ്‌ലിം).

ഭക്ഷണം നല്‍കിയവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന

നമ്മളെല്ലാം ജീവിതത്തില്‍ പലപ്പോഴായി അതിഥികളോ ആതിഥേയരോ ആകാറുണ്ട്. അതിഥികള്‍ക്കു വേണ്ടി നാം സമൃദ്ധമായ ഭക്ഷണം ഒരുക്കുന്നു. നാം അതിഥികളാകുമ്പോള്‍ നമുക്കും വിശിഷ്ടമായ ഭക്ഷണപാനീയങ്ങള്‍ ലഭിക്കാറുണ്ട്. ഇനി ഇതൊന്നുമല്ലെങ്കിലും ആരെങ്കിലുമൊക്കെയായി നമുക്കൊക്കെ ഭക്ഷണം വാങ്ങിത്തന്ന സന്ദര്‍ഭങ്ങളുണ്ടാവുമല്ലോ. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പഠിപ്പിച്ച ഒരു സുന്നത്താണ് തങ്ങള്‍ക്ക് ഭക്ഷണം നല്‍കിയവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക എന്നത്. അത് ഇപ്രകാരമാണ്:

''അല്ലാഹുമ്മ അത്വ്ഇം മന്‍ അത്വ്അമനീ വഅസ്‌ക്വി മന്‍ അസ്‌ക്വാനീ (അല്ലാഹുവേ എന്നെ ഭക്ഷിപ്പിച്ചവരെ നീ ഭക്ഷിപ്പിക്കേണമേ, എന്നെ കുടിപ്പിച്ചവരെ നീ കുടിപ്പിക്കേണമേ)'' (മുസ്‌ലിം).

സേവനം ചെയ്യുക

ഇന്ന് മനുഷ്യര്‍ പരസ്പരം അകന്ന് കഴിയുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു. തൊട്ടടുത്ത ഫഌറ്റിലെ താമസക്കാരനെ പോലും പരിചയമില്ലാത്ത അവസ്ഥ. ഗ്രാമങ്ങളിലെ അയല്‍പക്ക ബന്ധങ്ങളും അങ്ങനെത്തന്നെ. എന്തിനേറെ, ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്നവര്‍ പോലും അത്യാവശ്യ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം ഒന്നു സംസാരിച്ചാലായി എന്നതിനപ്പുറം ആത്മാര്‍ഥ സൗഹൃദം ഇല്ലാത്ത കാലം.

എന്നാല്‍ വളരെ വിരളമായി ചിലര്‍ സമൂഹത്തില്‍ ഇന്നും പഴയകാല നന്മകളെ കരുതലോടെ കാത്തുസൂക്ഷിക്കുന്നുണ്ട്; അപരന്റെ പ്രയാസങ്ങളെ മനസ്സിലാക്കി വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍. രോഗികള്‍, നിര്‍ധനര്‍, നിരാലംബര്‍... അങ്ങനെ സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്നവര്‍.

ജാബിര്‍ ഇബ്‌നു അബ്ദുല്ല(റ) നിവേദനം, നബി ﷺ പറഞ്ഞു: ''ആര്‍ക്കെങ്കിലും തന്റെ സഹോദരനെ സഹായിക്കാന്‍ സാധിക്കുമെങ്കില്‍ അതവന്‍ ചെയ്യട്ടെ'' (മുസ്‌ലിം). ഈ വിഷയത്തില്‍ ഒട്ടേറെ നബിവചനങ്ങള്‍ കാണാവുന്നതാണ്.

വഴിയാത്രക്കാരന്റെ അവകാശം

യാത്രയില്‍ ധാരാളമായി കാണാവുന്ന ഒരു കാഴ്ചയാണ് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ബസ് വെയിറ്റിംഗ് ഷെഡുകളും അതല്ലെങ്കില്‍ താല്‍കാലികമായി കെട്ടിയുണ്ടാക്കിയ ചെറിയ ഇരിപ്പിടങ്ങളും അതില്‍ ചടഞ്ഞിരിക്കുന്ന യുവാക്കളും കൗമാരക്കാരും. അവരുടെ മുമ്പിലൂടെ ബൈക്കിലോ, കാറിലോ, ബസ്സിലോ മറ്റു വാഹനങ്ങളിലോ നടന്നോ പോകുന്നവരെയെല്ലാം അവര്‍ നോക്കുകയും ചിലരെ കാണുമ്പോള്‍ പരിഹസിക്കുകയും ചെയ്യും. പരിചയമുള്ളവരെയാണ് കാണുന്നതെങ്കില്‍ അവരുടെ ന്യൂനതകള്‍ പറഞ്ഞും അവരുടെ ജീവിത ചരിത്രം ചികഞ്ഞും മറ്റുമൊക്കെയായി സമയമേറെ ചെലവഴിക്കുന്നവര്‍. പെണ്‍കുട്ടികളെ കാണുമ്പോള്‍ കമന്റടിക്കാനും മറക്കില്ല. വഴിയറിയാത്ത യാത്രക്കാര്‍ വഴി ചോദിക്കുന്ന സന്ദര്‍ഭത്തില്‍ തെറ്റായ വഴി പറഞ്ഞുകൊടുത്ത് അതില്‍ ആനന്ദം കണ്ടെത്തുന്നവരും ഉണ്ട്.

വഴിയോരങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നബി ﷺ നമ്മെ പഠിപ്പിക്കുന്നുണ്ട്. അബൂസഈദില്‍ ഖുദ്‌രി(റ) നിവേദനം, അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: 'വഴിയോരങ്ങളില്‍ ഇരിക്കുന്നതിനെ നിങ്ങള്‍ സൂക്ഷിക്കുക.' അവര്‍ പറയുകയുണ്ടായി: 'ഞങ്ങള്‍ക്കങ്ങനെ ഇരിക്കല്‍ അനിവാര്യമാണല്ലോ. വാര്‍ത്തകളും മറ്റും സംസാരിച്ചിരിക്കുവാനുള്ള ഞങ്ങളുടെ സദസ്സുകളാണല്ലോ വഴികള്‍.' അപ്പോള്‍ റസൂല്‍ ﷺ പറയുകയുണ്ടായി: 'നിങ്ങള്‍ വിസമ്മതിക്കുകയാണെങ്കില്‍, വഴിയുടെ അവകാശങ്ങള്‍ നിങ്ങള്‍ വകവെച്ച് കൊടുക്കുക.' അവര്‍ ചോദിച്ചു: 'എന്താണ് വഴിയുടെ അവകാശങ്ങള്‍?' റസൂല്‍ ﷺ പറഞ്ഞു: 'ദൃഷ്ടികള്‍ താഴ്ത്തുക, ഉപദ്രവങ്ങള്‍ തടയുക, സലാം മടക്കുക, നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക' (ബുഖാരി, മുസ്‌ലിം).

വീട്ടില്‍വെച്ച് സുന്നത്ത് നമസ്‌കരിക്കുക

നിര്‍ബന്ധ നമസ്‌കാരം പുരുഷന്മാര്‍ പള്ളികളില്‍ വെച്ച് ജമാഅത്തായാണ് നിര്‍വഹിക്കേണ്ടത്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് മുമ്പും ശേഷവുമായി ഐച്ഛികമായ നമസ്‌കാരങ്ങളുമുണ്ട്. അവ റവാതിബ് സുന്നത്തുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അഞ്ചുനേരവും ജമാഅത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്ന (ഇമാം നില്‍ക്കുക) അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ റവാതിബ് സുന്നത്തുകളും രാത്രി നമസ്‌കാരവും (ക്വിയാമുല്ലൈല്‍) വീട്ടില്‍വെച്ചായിരുന്നു നമസ്‌കരിച്ചിരുന്നത്.

സൈദ് ഇബ്‌നു ഥാബിത്(റ) നിവേദനം, നബി ﷺ പറഞ്ഞു: ''ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍വെച്ച് നമസ്‌കരിക്കുക. നിശ്ചയം ഒരു മനുഷ്യന്റെ നമസ്‌കാരങ്ങളില്‍ നിര്‍ബന്ധ നമസ്‌കാരമല്ലാത്തത് അവന്റെ വീട്ടില്‍വെച്ച് നമസ്‌കരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്'' (ബുഖാരി, മുസ്‌ലിം).

എന്നാല്‍, പെരുന്നാള്‍ നമസ്‌കാരം ഈദ്ഗാഹില്‍വെച്ചും ഗ്രഹണ നമസ്‌കാരം, റമദാനില്‍ നിര്‍വഹിക്കുന്ന രാത്രി നമസ്‌കാരം (തറാവീഹ്) എന്നിവ പള്ളിയില്‍വെച്ചും, മഴയെതേടിയുള്ള നമസ്‌കാരം പൊതുസ്ഥലത്തുവെച്ചുമാണ് നിര്‍വഹിക്കേണ്ടത്.

ജമാഅത്ത് നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ റവാതിബ് സുന്നത്തും പള്ളിയില്‍ നിന്നുതന്നെ നിര്‍വഹിച്ച് വീട്ടിലേക്ക് മടങ്ങുന്നതയാണ് പൊതുവെ കാണപ്പെടുന്നത്. അത് വീട്ടില്‍വെച്ച് ചെയ്യലാണ് ഉത്തമം എന്ന് അറിയാത്തവരും വീട്ടിലെത്തിയാല്‍ മറ്റുജോലികളില്‍ മുഴുകിയോ മറ്റോ മറന്നുപോയേക്കാം എന്നു ഭയക്കുന്നവരുമൊക്കെയാണ് അങ്ങനെ ചെയ്യുന്നത്.

ഇബ്‌നു ഉമര്‍(റ) നിവേദനം, അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ''നിങ്ങളുടെ നമസ്‌കാരങ്ങളില്‍ നിന്ന് ചിലത് (സുന്നത്തുകള്‍) നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ വെച്ച് നിര്‍വഹിക്കുക. അതിനെ (വീടിനെ) നിങ്ങള്‍ ഖബറിടങ്ങളാക്കരുത്'' (ബുഖാരി, മുസ്‌ലിം).

നമ്മുടെ വീടുകള്‍ ഈമാനികമായ ഉണര്‍വുള്ള വീടുകളായിരിക്കണം. ക്വുര്‍ആന്‍ പാരായണം കൊണ്ടും സുന്നത്ത് നമസ്‌കാരങ്ങള്‍ കൊണ്ടും നമ്മുടെ വീടുകള്‍ സജീവമാകണം. ജമാഅത്ത് നമസ്‌കാരം നിര്‍വഹിച്ച് കഴിഞ്ഞാല്‍ വീട്ടിലേക്ക് മടങ്ങുന്നവരാണെങ്കില്‍ റവാതിബ് സുന്നത്തുകള്‍ വീട്ടില്‍വെച്ച് നിര്‍വഹിക്കാന്‍ സന്നദ്ധമാവുക.

സ്വഫ്ഫ് ശരിയാക്കല്‍

ജമാഅത്ത് നമസ്‌കാരത്തിന് വേണ്ടി നില്‍ക്കുമ്പോള്‍ പരസ്പരം തോളുരുമ്മിയും കാലുകള്‍ തമ്മില്‍ ചേര്‍ത്തുവെച്ച് വരി വളയാതെയും സ്വഫ്ഫ് (അണി) പൂര്‍ത്തിയാക്കി നില്‍ക്കാനാണ് റസൂലിന്റെ നിര്‍ദേശം. സ്വഹാബത്ത് അക്കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു.

ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാട്ടില്‍ ഇക്കാര്യത്തില്‍ അലംബാവം പുലര്‍ത്തുന്നവരാണ് അധികവും. അങ്ങനെയൊന്നും നില്‍ക്കേണ്ടതില്ലെന്ന പിടിവാശിക്കാരുമാണ് പലരും. സംഘടനാ സങ്കുചിതത്വം കാരണമോ, പ്രവാചകവചനങ്ങളെ അത്ര പരിഗണിക്കേണ്ടതില്ല എന്ന നിഷേധചിന്തയാലോ  ആണ് ഇവര്‍ ഈ നിലപാടെടുക്കുന്നത്.

അനസ്(റ) പറയുന്നു: ''നമസ്‌കാരത്തിനായി ഇക്വാമത്ത് വിളിക്കപ്പെട്ടു. അന്നേരം നബി ﷺ ഞങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ (അണികള്‍) നേരെയാക്കുകയും അടുത്തടുത്ത് നില്‍ക്കുകയും ചെയ്യുക. ഞാന്‍ എന്റെ പുറകിലൂടെ നിങ്ങളെ കാണുന്നുണ്ട്'' (ബുഖാരി).

സ്വഫ്ഫിലുള്ളവര്‍ അകന്നുനില്‍ക്കുമ്പോള്‍ സംഭവിക്കുന്നതെന്താണ്? അല്ലാഹുവിന്റെ റസൂല്‍ ﷺ പറയുന്നത് കാണുക:

നുഅ്മാനു ബ്‌നുബശീര്‍(റ) പറയുന്നു: ''നബി ﷺ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിപ്പെടുത്തുക. അല്ലാത്തപക്ഷം നിങ്ങള്‍ക്കിടയില്‍ അല്ലാഹു ഭിന്നിപ്പുണ്ടാക്കുന്നതായിരിക്കും'' (ബുഖാരി).

അറേബ്യന്‍ നാടുകളില്‍ ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാം നമസ്‌കാരം ആരംഭിക്കുന്നതിന് മുമ്പായി ആളുകളോട് സ്വഫ്ഫുകള്‍ ശരിയാക്കി നില്‍ക്കാന്‍ പറയാറുണ്ട്. അപ്രകാരം പറയാതെ ഒരു നമസ്‌കാരംപോലും അവര്‍ നിര്‍വഹിക്കാറുമില്ല. ഇതിന്റെ പ്രാധാന്യം നമ്മളും മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്.

(അവസാനിച്ചില്ല)