ഇസ്‌ലാം വിമര്‍ശനം അന്നും ഇന്നും

വി.വി ബഷീര്‍ വടകര

2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16

ഇസ്‌ലാം ലോകരക്ഷിതാവിന്നുള്ള സമ്പൂര്‍ണ കീഴ്‌വണക്കത്തിന്റെയും സമാധാനത്തിന്റെയും മതമാണ്. അത് ഏതെങ്കിലും മനുഷ്യരുടെ ബുദ്ധിയില്‍നിന്നും ഉരുത്തിരിഞ്ഞ പ്രത്യയശാസ്ത്രമല്ല, മറിച്ച് അത് ദൈവിക മതമാണ്. വിമര്‍ശനങ്ങള്‍ അതിന് പുത്തരിയല്ല. ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാരെ അല്ലാഹു മാര്‍ഗദര്‍ശനവുമായി നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം സമൂഹത്തില്‍നിന്നും കൈപ്പേറിയ അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. കാരണം അവര്‍ പ്രബോധനം ചെയ്തത് സമൂഹത്തില്‍ നിലനില്‍ക്കുന്ന വിശ്വാസവൈകല്യങ്ങള്‍ക്കും മറ്റു അധര്‍മങ്ങള്‍ക്കുമെതിരെയുള്ള സന്ദേശമാണ്. തങ്ങള്‍ ഏതൊരാദര്‍ശത്തിലും ആചാരങ്ങളിലും നിലകൊള്ളുന്നുവോ അത് ശരിയല്ലെന്നു പറയുന്നത് അംഗീകരിക്കുവാന്‍ സമൂഹത്തിലെ ബഹുഭൂരിഭാഗത്തിനും മനസ്സുവന്നില്ല. അതിനാല്‍ തങ്ങളാല്‍ കഴിയുംവിധം അവര്‍ സത്യത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കുവാന്‍ ശ്രമിച്ചു.

മുഹമ്മദ് നബി ﷺ യും ഈ എതിര്‍പ്പില്‍നിന്ന് രക്ഷപ്പെട്ടില്ല. ശത്രുക്കള്‍ നാനാവിധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു, വിമര്‍ശിച്ചു. ദുരാരോപണമുന്നയിച്ചു. എന്നാല്‍ ഇസ്‌ലാം അതിനെയെല്ലാം അതിജയിച്ചു. വര്‍ത്തമാനകാലത്തും ഈ എതിര്‍പ്പും വിമര്‍ശനങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രവാചകനെയും ക്വുര്‍ആനിനെയും ശരീഅത്തിനെയുമെല്ലാം യാതൊരു മയവുമില്ലാതെ വിമര്‍ശിക്കുകയും അപഹസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. എന്നിട്ടും ഇസ്‌ലാം തളരുകയല്ല; വളരുകതന്നെയാണ്.

ഇസ്‌ലാമിനെ കീഴ്‌മേല്‍ മറിച്ചുകളയാം എന്ന ധാരണയിലാവാം ചില 'മേലധ്യക്ഷന്മാര്‍' ഇതുവരെ ആരും ഉന്നയിക്കാത്ത ആരോപണങ്ങളുമായി കടന്നുവരുന്നത്. എന്നാല്‍ ഏതൊരു വിമര്‍ശനത്തെയും മുസ്‌ലിംകള്‍ ഭയപ്പെടുന്നില്ല. കാരണം ആ വിമര്‍ശനങ്ങളുടെയെല്ലാം മുനയൊടിക്കുവാന്‍ അവരുടെ പക്കല്‍ മതത്തിന്റെ പ്രമാണങ്ങളുണ്ട്. പ്രമാണങ്ങളുടെയും ചരിത്രസത്യങ്ങളൂടെയും അടിസ്ഥാനത്തില്‍ മറുപടി നല്‍കാന്‍ മുസ്‌ലിംകള്‍ക്ക് പ്രയാസമില്ല.

മഹാനായ നബി ﷺ പതിമൂന്ന് വര്‍ഷക്കാലം മക്കയില്‍ ജീവിച്ചത് അങ്ങേയറ്റം എതിര്‍പ്പുകളും പീഡനങ്ങളും സഹിച്ചുകൊണ്ടാണ്. പക്ഷേ, എടുത്തുചാട്ടത്തിന്റെയും പ്രത്യാക്രമണത്തിന്റെയും മാര്‍ഗം അദ്ദേഹം അവലംബിച്ചില്ല. അല്ലാഹുവിന്റെ തീരുമാനത്തെ പ്രതീക്ഷിച്ച് ക്ഷമയോടെ നബി ﷺ യും അനുചരന്മാരും കാത്തിരുന്നു. സ്വയംകൃതമായ ചിന്തകള്‍ ഇസ്‌ലാമിന്റെ മേല്‍കെട്ടിവെച്ച് എടുത്തുചാടി പ്രതികരിക്കുന്ന ഇന്നത്തെ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും കോട്ടമല്ലാതെ നേട്ടമൊന്നും വരുത്തിവെക്കുന്നതല്ല. കേരളത്തില്‍ നടന്ന കൈവെട്ടുകേസ് ഇതിനുദാഹരണമാണ്. പണ്ട് 'രംഗീല റസൂല്‍' എന്ന പേരില്‍ പുസ്തകമെഴുതിയ സ്വാമി ശ്രദ്ധാനന്ദയെ വധിച്ചുകൊണ്ട് ചില അവിവേകികള്‍ ചെയ്ത തെറ്റിന് ക്രൂശിക്കപ്പെട്ടത് ഇസ്‌ലാമാണ്. വിമര്‍ശനങ്ങളെ നേരിടുന്ന രീതിശാസ്ത്രം അവിവേകത്തിന്റെയും കടന്നാക്രമണത്തിന്റെതുമായിക്കൂ ടാ.

Colin Mainesâ The hand of Islam എന്ന പുസ്തകം ഇസ്‌ലാമിനെ മോശമായി ചിത്രീകരിച്ചപ്പോള്‍ യഥാര്‍ഥ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന നിരവധി കൃതികള്‍ രചിക്കപ്പെട്ടത് തെറ്റുധാരണ തിരുത്തപ്പെടാന്‍ കാരണമാകുകയുണ്ടായി. ഇബ്‌നു വര്‍റാകിന്റെ Why I am Not a Muslim എന്ന, ഇസ്‌ലാമിനെ ഭീകരവാദമായി ചാപ്പകുത്തുന്ന കൃതിയും വേണ്ടത്ര പ്രചാരണമാവാതെ പോയതും വിശ്വാസികളുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്.

ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഉന്നയിക്കുന്നവര്‍ അന്യസ്ത്രീപുരുഷ ബന്ധത്തിന്റെയും ലഹരിവസ്തുക്കളുടെയും വിഷയത്തിലുള്ള ഇസ്‌ലാമിന്റെ നിലപാട് അറിയാത്തവരൊന്നുമല്ല. ബഹുമതസമൂഹത്തിനിടയില്‍ ഇസ്‌ലാമിനെ കരിവാരിത്തേക്കുക എന്ന ലക്ഷ്യം അവര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നു മാത്രം.

ഇസ്‌ലാം അനുസരിച്ചുള്ള ജീവിതവും അങ്ങനെ ജീവിക്കാന്‍ വേണ്ടിയുള്ള ത്യാഗപരിശ്രമങ്ങളുമാണ് ജിഹാദ്. അല്ലാതെ ആരെയെങ്കിലും അന്യായമായി ഉപദ്രവിക്കാനുള്ള മാര്‍ഗമല്ല. നാര്‍കോട്ടിക് വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ജിഹാദ് ചെയ്യേണ്ടവരാണ് മുസ്‌ലിംകള്‍ എന്നിരിക്കെ അവയെ ഇസ്‌ലാമിനായി ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണം എന്തുമാത്രം ബാലിശവും അര്‍ഥശൂന്യവുമാണ്!

വിശുദ്ധ ക്വുര്‍ആന്‍ മദ്യത്തെക്കുറിച്ച് പറഞ്ഞു: ''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (5:90).

സര്‍വ തിന്മകളുടെയും മാതാവ് എന്നാണ് നബി ﷺ മദ്യത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. വിശ്വാസിസമൂഹം വന്‍പാപമായി കാണുന്ന ലഹരിവസ്തുക്കള്‍ മതപ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന അവാസ്തവം; ഇസ്‌ലാമിക പ്രബോധനരംഗത്ത് അടുത്ത കാലങ്ങളില്‍ ഉണ്ടായ നവജാഗരണം ചിലരെയൊക്കെ വിഷമിപ്പിക്കുന്നു എന്നതിന് ഒരു ഉദാഹരണം മാത്രമാണ്. തങ്ങളുടെ ഇടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും അഭ്യന്തരപ്രശ്‌നങ്ങളും മൂടിവയ്ക്കാനുള്ള അടവായി ഇസ്‌ലാംവിമര്‍ശനം നടത്തുന്നവര്‍ അറിയുക; സൂര്യപ്രകാശത്തെ മുറംകൊണ്ട് മറച്ചുവയ്ക്കാന്‍ ആര്‍ക്കും സാധ്യമല്ല.