സ്രഷ്ടാവിന്റെ ഇഷ്ടം നേടാന്‍

സമീര്‍ മുണ്ടേരി

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്റെ മതത്തില്‍നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ടുവരുന്നതാണ്...'' (ക്വുര്‍ആന്‍ 5:54).

അല്ലാഹുവിന്റെ ഇഷ്ടം നേടുക എന്നത് ഏറെ പ്രധാന്യമുള്ള കാര്യമാണ്.  മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കാന്‍ വേണ്ടി പ്രാര്‍ഥിച്ചിരുന്നു എന്ന് ഹദീഥുകളില്‍ കാണാം:

''അല്ലാഹുവേ, ഞാന്‍ നിന്നോട് നിന്റെ ഇഷ്ടത്തെ തേടുന്നു. നീ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടത്തെയും'' (അഹ്മദ്).  

അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍ അവനില്‍ ചില അടയാളങ്ങള്‍ ഉണ്ടാകും.

1) ഇഹലോക പ്രമത്തതയില്‍നിന്ന് അവനെ സംരക്ഷിക്കും:

നബിﷺ പറഞ്ഞു: ''അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍ അവനെ ദുനിയാവില്‍നിന്നും സംരക്ഷിക്കും. രോഗിയെ വെളളത്തില്‍നിന്നും നിങ്ങള്‍ സംരക്ഷിക്കുന്നതു പോലെ'' (തിര്‍മിദി).

ഒരു രോഗിക്ക് വെളളം കൊടുക്കരുത് എന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ അയാള്‍ക്ക് വെളളം കൊടുക്കാതെ അയാളെ സംരക്ഷിക്കും. ശരീരത്തില്‍ വെള്ളം തൊടാന്‍ പാടില്ല എന്നു പറഞ്ഞാല്‍ അതും അനുസരിക്കും. അതുപോലെ, അല്ലാഹു നമ്മെ ഇഷ്ടപ്പെട്ടാല്‍ ദുനിയാവില്‍നിന്നും സംരക്ഷിക്കും.  അതിനര്‍ഥം ഈ ദുനിയാവിലെ സൗകര്യങ്ങളെല്ലാം നിഷേധിക്കും എന്നോ ദാരിദ്യം നല്‍കും എന്നോ അല്ല. പരലോകത്തെ മറന്നു ഇഹലോകത്തില്‍ മുഴുകിപ്പോകുന്ന അവസ്ഥയില്‍നിന്നും നമ്മെ സംരക്ഷിക്കും എന്നാണ്.

2) പരീക്ഷിക്കും

ഈ ജീവിതം ഒരു പരീക്ഷണമാണ്. അല്ലാഹു പറഞ്ഞു: ''നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 67:2).

പലതരത്തിലുളള പരീക്ഷണങ്ങളെയും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരും. രോഗം, സാമ്പത്തിക പ്രയാസങ്ങള്‍, കുടുംബത്തിലെ പ്രശ്‌നങ്ങള്‍, വേണ്ടപ്പെട്ടവരുടെ മരണം...ഇങ്ങനെ പലതും പരീക്ഷണമായി കടന്നുവരും. ഈ പരീക്ഷണം ഒന്നുകില്‍ അല്ലാഹുവിന്റെ സ്‌നേഹം കാരണമാകാം. അല്ലെങ്കില്‍ അവനില്‍ നിന്നുളള ശിക്ഷയാകാം.

നബിﷺ പറഞ്ഞു: ''പ്രതിഫലം കൂടുന്നത് പരീക്ഷണം കൂടുന്നതിനനുസരിച്ചാണ്. അല്ലാഹു ഒരു ജനതയെ ഇഷ്ടപ്പെട്ടാല്‍ അവരെ പരീക്ഷിക്കും. ആരെങ്കിലും തൃപ്തിപ്പെട്ടാല്‍ അവന് തൃപ്തിയുണ്ട്. ആരെങ്കിലും കോപിച്ചാല്‍ അവന് കോപവുമുണ്ട്'' (തിര്‍മിദി)  

3. ഭൂമിയില്‍ സ്വീകാര്യത നല്‍കും

അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാല്‍, ജിബ്‌രീലിനെ വിളിക്കും: 'നാം ഇന്ന ദാസനെ ഇഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ താങ്കള്‍ അയാളെ ഇഷ്ടപ്പെടുക.' അപ്പോള്‍ ജിബ്‌രീല്‍ അയാളെ ഇഷ്ടപ്പെടും. പിന്നീട് ജിബ്‌രീല്‍ ആകാശത്തില്‍ വിളിച്ചുപറയും: 'അല്ലാഹു ഇന്ന ദാസനെ ഇഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങളും അയാളെ ഇഷ്ടപ്പെടുക. അപ്പോള്‍ ആകാശത്തിലുള്ളവരും അയാളെ ഇഷ്ടപ്പെടും. അയാള്‍ക്ക് ഭൂമിയിലുള്ളവരില്‍ സ്വീകാര്യത നിശ്ചയിക്കപ്പെടുകയും ചെയ്യും' (ബുഖാരി, മുസ്‌ലിം).

നമ്മുടെ പേര് ആകാശലോകത്ത് ഏതെങ്കിലും സന്ദര്‍ഭത്തില്‍ വിളിച്ചുപറഞ്ഞിട്ടുണ്ടാകുമോ? അല്ലാഹുവിന്റെ കല്‍പനകള്‍ ലംഘിക്കാത്ത മലക്കുകള്‍ നമ്മെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടാകുമോ? ആര്‍ക്കുമറയില്ല. അവന്റെ ഇഷ്ടം നേടാനുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുക.

4) അവനെ നേര്‍വഴിക്ക് നടത്തും

ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം സന്‍മാര്‍ഗം (ഹിദായത്ത്) ലഭിക്കുക എന്നതാണ്. വിശ്വാസികള്‍ നിര്‍ബന്ധ നമസ്‌കാരങ്ങളിലൂടെ പതിനേഴ് തവണ 'അല്ലഹുവേ, എന്നെ നീ നേര്‍വഴിയിലൂടെ നടത്തണേ' എന്നു പ്രാര്‍ഥിക്കാറുണ്ട്. അല്ലാഹുവിന് നമ്മെ ഇഷ്ടമായാല്‍ നമ്മുടെ കാഴ്ച, കേള്‍വി എല്ലാം നേരായ മാര്‍ഗത്തില്‍ സഞ്ചരിക്കും എന്ന് നബിﷺ പഠിപ്പിച്ചത് ഹദീഥുകളില്‍ കാണാം.

'എന്റെ അടിമ ഐഛികമായ കര്‍മങ്ങള്‍കൊണ്ട് എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ ഞാന്‍ അവനെ ഇഷ്ടപ്പെടും. ഞാന്‍ അവനെ ഇഷ്ടപ്പെട്ടാല്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനാകും. അവന്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ നല്‍കും'' (ബുഖാരി).

അല്ലാഹു ഇഷ്ടപ്പെട്ടാലുളള ഈ അടയാളങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്നു പരിശോധിക്കുക. കാണുന്ന കണ്ണും കേള്‍ക്കുന്ന കാതും ഞാനാകും എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം നമ്മള്‍  അല്ലാഹുവാകുമെന്നോ അവന്റെ കഴിവുകള്‍ നമുക്ക് ലഭിക്കുമെന്നോ അല്ല. അവന്റെ ഇഷ്ടം നേടുന്ന കാര്യങ്ങള്‍ മാത്രമെ അവകൊണ്ട് ചെയ്യൂ എന്നാണ്. നിഷിദ്ധ മാര്‍ഗങ്ങളിലൂടെ അവയെ വിനിയോഗിക്കില്ല എന്നാണ്.

ഈ ജിവിതം നമുക്ക് സമ്മാനിച്ച സര്‍വലോക രക്ഷിതാവിന്റെ ഇഷ്ടം നേടിയെടുക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുക. വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും അല്ലാഹുവിന് ഇഷ്ടമാണ് എന്ന് പഠിപ്പിച്ച കാര്യങ്ങള്‍ സാധിക്കുന്നവിധത്തില്‍ ജീവിതത്തില്‍ കൊണ്ടുവരിക. അതിലൂടെ അല്ലാഹുവിന്റെ ഇഷ്ടവും പരലോകത്തെ വിജയം നേടിയെടുക്കാന്‍ ശ്രമിക്കുക.