കൂടിയാലോചനയിലെ നന്മ

അബൂഅമീന്‍

2021 ഏപ്രില്‍ 03 1442 ശഅബാന്‍ 20

മനുഷ്യന്‍ പൊതുവില്‍ നന്മയും വിജയവും ആഗ്രഹിക്കുന്നവനാണ്. ഏതൊരു സംരംഭവും പുതുതായി തുടങ്ങുമ്പോള്‍ അതിന്‍റെ മുന്നോടിയെന്നോണം തദ്വിഷയകമായി അറിവും പരിചയവുമുള്ളവരോട് കൂടിയാലോചന നടത്തുക എന്നത് മനുഷ്യസഹജമാണ്. ഒരു നല്ല സ്വഭാവമായിട്ടാണ് ഇസ്ലാം അതിനെ കാണുന്നത്. ഒരുപാട് നന്മകള്‍ അതിലുണ്ട്. ഏറ്റവും നല്ലതിലേക്കുള്ള വഴി അത് സുഗമമാക്കും. വ്യത്യസ്ത കഴിവുകളും പരിജ്ഞാനങ്ങളുമുള്ളവരോട് ഒരുമിച്ചുള്ള ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയും മാത്രം നേടിയെടുക്കാന്‍ സാധിക്കുന്ന പല നന്മകളും അവയുടെ അഭാവത്തില്‍ നഷ്ടമാകുന്നു. കൂടിയാലോചനക്ക് ശേഷമെടുക്കുന്ന തീരുമാനം പിന്നീട് പരാജയപ്പെട്ടാല്‍തന്നെയും മറ്റുള്ളവരുടെ ആക്ഷേപങ്ങളും വിമര്‍ശനങ്ങളും അതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. കൂടിയാലോചനയില്ലാതെ ചെയ്ത കാര്യങ്ങളാണെങ്കില്‍ മറ്റുള്ളവരില്‍ സഹകരണ മനഃസ്ഥിതിയല്ല അതുണ്ടാക്കുക. അങ്ങനെ വിജയകരമായി കലാശിച്ചാല്‍ തന്നെ അനേകം വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉണ്ടാകുകയും ചെയ്യും.

എന്നാല്‍ ചിലര്‍ സ്വേഛാധിപതികളായി, ആരോടും ഒരു നന്മയിലും കൂടിയാലോചനയില്ലാതെ വീട്ടിലും ജോലിസ്ഥലത്തും പൊതുപ്രവര്‍ത്തനമേഖലകളിലുമൊക്കെ വര്‍ത്തിക്കുന്നതായി കാണാം. തന്‍റെ അഭിപ്രായങ്ങളും തീരുമാനങ്ങളും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം സ്വേഛാധിപത്യ പ്രവണത നന്മയുടെ വക്താക്കളുടെ സ്വഭാവമല്ലെന്ന് അത്തരക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്. ഇല്ലെങ്കില്‍ ആളുകള്‍ അവരെ വെറുക്കുകയും അവരില്‍നിന്ന് അകലാന്‍ ശ്രമിക്കുകയുമായിരിക്കും അതിന്‍റെ അനന്തരഫലം.

ഒരു വിശ്വാസിക്ക് മറ്റുള്ളവരെ അംഗീകരിക്കാന്‍ കഴിയണം. മറ്റുള്ളവരെ അംഗീകരിക്കുന്നതിലുള്ള പ്രയാസവും അഹന്തയുമാണ് കൂടിയാലോചന നടത്തുന്നവര്‍ക്ക് പലപ്പോഴും തടസ്സമായി നില്‍ക്കുന്നത്. അഹന്തയുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഉണര്‍ത്തിയ നബി ﷺ അഹന്തയെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "അഹങ്കാരമെന്നത് സത്യത്തെ അവമതിക്കലും മറ്റുള്ളവരെ ചെറുതാക്കലുമാണ്"(മുസ്ലിം).

 തന്‍റെ അഭിമാനംപോലെ മഹത്തരമാണ് തന്‍റെ സഹോദരന്‍റെയും അഭിമാനമെന്ന് കരുതേണ്ടവനാണ് സത്യവിശ്വാസി. പക്ഷേ, അഹന്ത മനുഷ്യരെ അന്ധനാക്കുമ്പോള്‍ അതിനു കഴിയാതെ ഇരുലോകത്തും അപകടത്തിലകപ്പെടുന്ന സ്ഥിതിയാകും ഉണ്ടാവുക. ഏതു കാര്യത്തിലും നന്മയും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്നവര്‍ കൂടിയാലോചനയെന്ന സല്‍സ്വഭാവം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. സത്യവിശ്വാസികളുടെ സ്വഭാവമായി അല്ലാഹു പറയുന്നത് കാണുക:

"തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും" (42:38).

കുടുംബരംഗം മുതല്‍ സാമൂഹികരംഗം അടക്കമുള്ള ഏതു മേഖലയിലും കൂടിയാലോചന അനിവാര്യമാണെന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്. ഭാര്യയോടും മക്കളോടും കുടുംബകാര്യങ്ങള്‍ കൂടിയാലോചിക്കുന്നതും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സഹപ്രവര്‍ത്തകരോട് കൂടിയാലോചന നടത്തുന്നതുമൊക്കെ ഇസ്ലാം പഠിപ്പിക്കുന്ന നന്മയുടെ ഭാഗമാണ്. അത് ശ്രദ്ധിക്കുന്ന സമൂഹത്തില്‍ അഭ്യന്തര പ്രശ്നങ്ങള്‍ കുറവായിരിക്കും. ഐക്യവും സാഹോദര്യവും ശക്തിപ്പെടും.

അലി(റ) പറയുന്നു: "കൂടിയാലോചനയാണ് ശരിയായ മാര്‍ഗദര്‍ശനം. സ്വന്തം അഭിപ്രായത്തില്‍ ധന്യത കണ്ടെത്തുന്നവര്‍ ജീവന്‍ അപകടപ്പെടുത്തിയിരിക്കുകയാണ്. പ്രവര്‍ത്തനത്തിന് മുമ്പ് കാര്യങ്ങള്‍ ആലോചിച്ച് ക്രമപ്പെടുത്തിയാല്‍ ഖേദത്തില്‍നിന്ന് നിനക്കത് ആശ്വാസം നല്‍കും" (സാദുസ്സൈര്‍-ഇബ്നുല്‍ ജൗസി).

അല്ലാഹുവില്‍നിന്ന് ദിവ്യബോധനം (വഹ്യ്) ലഭിച്ചുകൊണ്ടിരുന്ന പാപസുരക്ഷിതനായ പ്രവാചകനോടു പോലും വിശ്വാസികളുമായി കാര്യങ്ങള്‍ കൂടിയാലോചന നടത്താന്‍ അല്ലാഹു നിര്‍ദേശിക്കുന്നതില്‍നിന്നുതന്നെ ഏതൊരാള്‍ക്കും അതിന്‍റെ മഹത്ത്വവും പ്രാധാന്യവും ഗ്രഹിക്കാവുന്നതേയുള്ളൂ. അല്ലാഹു പറയുന്നു:

"(നബിയേ) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്" (ക്വുര്‍ആന്‍ 3:159).

നബി ﷺ അതനുസരിച്ച് സ്വഹാബത്തിനോട് കൂടിയാലോചന നടത്തിയ പല സംഭവങ്ങളും ചരിത്രത്തില്‍ കാണാം. ആ മഹത്തായ മാതൃക പിന്‍പറ്റിക്കൊണ്ടാണ് ഒന്നാം ഖലീഫ അബൂബക്ര്‍(റ) പ്രവര്‍ത്തിച്ചത്.  ആ നന്മ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചവരായിരുന്നു സ്വഹാബികളും അവരെ പിന്തുടര്‍ന്നവരും. ഒരു നേതാവിന്‍റെ ഏറ്റവും ഗുണപരമായ മേന്മ കൂടിയാണിത്. അങ്ങനെ നന്മയില്‍ സഹകരിക്കാനും ഏറ്റവും നല്ലതിലേക്ക് കൂടിയാലോചനകളിലൂടെ എത്തിച്ചേരാനും സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ!