കൊറോണക്കാലത്ത് വീണ്ടുമൊരു പെരുന്നാള്‍

അബൂഫായിദ

2021 മെയ് 08 1442 റമദാന്‍ 26

കോവിഡ് എന്ന പകര്‍ച്ചവ്യാധി രാജ്യത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു ഈദുല്‍ ഫിത്വ്ര്‍കൂടി ആഗതമായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഈദുല്‍ഫിത്വ്ര്‍ ആഘോഷം കോവിഡിന്റെ വരവില്‍ നിറംമങ്ങിയതായിരുന്നുവെങ്കില്‍ ഇത്തവണ വിട്ടൊഴിയാത്ത ഭീതിയുടെ നിഴലിലാണെന്നത് വിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. എന്നാല്‍ ഈ അവസ്ഥയെക്കുറിച്ച് ചിന്തിച്ച് നിരാശപ്പെടുകയോ അമിതമായി ദുഃഖിക്കുകയോ ചെയ്യുവാന്‍ പാടില്ല. കാരണം ഒരു സത്യവിശ്വാസി ശുഭാപ്തിവിശ്വാസിയായിരിക്കണം. പ്രപഞ്ചനാഥന്റെ വിധി എന്താണോ അതേ ഇവിെട സംഭവിക്കുകയുള്ളൂ. വിധിയില്‍ വിശ്വസിക്കുന്ന ഒരു മുസ്‌ലിം ഒരു പരീക്ഷണത്തിനു മുന്നിലും പകച്ചുനില്‍ക്കുകയില്ല, നിരാശയുടെ പടുകുഴിയില്‍ അവന്‍ ആണ്ടുപോവുകയില്ല.

ലോകത്ത് ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്ന ഓരോ മനുഷ്യനും അവനവന്റെ ജീവന്‍ അപകടത്തില്‍പെടുമോ എന്ന ആശങ്കയിലാണ്. അതിസൂക്ഷ്മമായ, പ്രതിരോധ മരുന്നുകളെ അതിജയിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന, അതിഭീകരമായ രൂപത്തില്‍ മരണത്തിലേക്ക് നയിക്കുന്ന വൈറസില്‍നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് എല്ലാവരും. എവിടെവെച്ച് തന്നിലേക്ക് അത് പകരുമെന്ന് ആര്‍ക്കും അറിയില്ലല്ലോ. അിനാല്‍തന്നെ എന്തെന്നില്ലാത്ത ഒരു ഭയം സദാസമയവും മനുഷ്യനെ വലയം ചെയ്തുകൊണ്ടിരിക്കുന്നു.

''കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും...'' (ക്വുര്‍ആന്‍ 2:155).

ഈ സൂക്തത്തില്‍ പറഞ്ഞരൂപത്തിലുള്ള എല്ലാ പരീക്ഷണങ്ങളും സമൂഹം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

ഈ അവസ്ഥക്ക് എന്നാണ് മാറ്റമുണ്ടാവുക എന്നതാണ് എല്ലാവരുടെയും മനസ്സിലെ ചോദ്യം.  അനിശ്ചിതത്വത്തിന്റെ നാളുകളിലൂടെ കടന്നുപോകുമ്പോള്‍ ഈ ചോദ്യമുയരുക സ്വാഭാവികം. മാനവ ചരിത്രത്തില്‍ ഇതുപോലെയോ ഇതിനെക്കാള്‍ മരണം വിതച്ചതോ ആയ മഹാമാരികള്‍ കഴിഞ്ഞുപോയിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് മനുഷ്യവംശം ഭൂമിയില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട് എങ്കില്‍ ഈ പ്രയാസഘട്ടത്തിന്നും അവസാനമുണ്ടാകാതിരിക്കില്ല. അത് എന്ന് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഒരാള്‍ക്കും കഴിയില്ല. ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന സ്രഷ്ടാവിനു  മാത്രമെ അത് അറിയുകയുള്ളൂ.

കൊറോണക്കാലവും സാമ്പത്തികമാന്ദ്യവും

ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളെയും കൊറോണ വൈറസ് കീഴ്‌പെടുത്തിയിരിക്കുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. കൊറോണയെ കീഴ്‌പെടുത്താന്‍ ആരുടെ പക്കലും ആയുധമില്ല. ഭരണാധികാരികളും ഉത്തരവാദപ്പെട്ട ഏജന്‍സികളും നല്‍കുന്ന മനോധൈര്യമാണ് മനുഷ്യരുടെ ആയുധം.

എവിടെയും സമ്പദ്‌വ്യവസ്ഥ നിശ്ചലമാണ്. ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്നു; പാടത്തും പറമ്പിലും പണി നടക്കുന്നില്ല. ഓഫീസുകള്‍ നാമമാത്രമായി പ്രവര്‍ത്തിക്കുന്നു. വിദ്യാലയങ്ങള്‍ തുറക്കാന്‍ കഴിയുന്നില്ല. കടകളില്‍ കച്ചവടം നടക്കുന്നില്ല; പലതിനും പൂട്ടുവീണു. ജനങ്ങളുടെ കയ്യില്‍ കാശില്ല.

എന്നാല്‍ കൊറോണ വൈറസിന്റെ ഉറവിടമായി അറിയപ്പെടുന്ന ചൈനക്ക് ഇപ്പോള്‍ ജീവന്‍വെച്ചിട്ടുണ്ട്. എങ്കിലും പൂര്‍വസ്ഥിതിയിലെത്താന്‍ ഇനിയും എത്രയോ കാലം കാത്തിരിക്കണം എന്നതാണ് അവസ്ഥ. അമേരിക്കയില്‍ ട്രമ്പിന്റെ ഭരണകൂടം വലിയ അലംഭാവവും അഹങ്കാരവുമാണ് തുടക്കം മുതലേ കാണിച്ചത്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനാണ് അവിടെ പൊലിഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളിലെ സ്ഥിതിയും മെച്ചമല്ല. തെക്കന്‍ കൊറിയയെ പോലുള്ള ചില രാജ്യങ്ങള്‍ പിടിച്ചുനില്‍ക്കുന്നെങ്കിലും സാമ്പത്തികമായി തളര്‍ച്ചയിലാണ്. അടച്ചുപൂട്ടല്‍, ശമ്പളം വെട്ടിക്കുറക്കല്‍, ജോലിയില്‍നിന്ന് പിരിച്ചുവിടല്‍ തുടങ്ങിയ എല്ലാത്തരം തന്ത്രങ്ങളും എല്ലാ രാജ്യങ്ങളിലെയുംഒട്ടുമിക്ക സ്ഥാപനങ്ങളും പിന്തുടരുന്നു.

കൊറോണ വൈറസിന്റെ ജൈത്രയാത്ര തുടങ്ങിയ ചൈനയെ ആശ്രയിച്ചായിരുന്നു മിക്ക രാജ്യങ്ങളുടെയും ഉത്പാദനം സുഗമമായി മുന്നോട്ടുപോയിരുന്നത്. അതിനാല്‍ ചൈനയിലെ അടച്ചുപൂട്ടല്‍ ലോകത്തെയാകെ ബാധിച്ചു എന്നുതന്നെ പറയാം. അസംസ്‌കൃത പദാര്‍ഥങ്ങള്‍ക്കും മറ്റും അമേരിക്കയുള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളും  ചൈനയെ ആശ്രയിച്ചുവരികയായിരുന്നു. ചൈനയിലെ നിശ്ചല സമ്പദ്‌വ്യവസ്ഥ ലോകത്തെയാകെ ദോഷകരമായി ബാധിച്ചു എന്നു വ്യക്തം.

എവിടെയും  സമസ്ത മേഖലകളും നിശ്ചലമായി. ആദ്യം ടൂറിസം മേഖലയെയും പിന്നീട് വേ്യാമയാന ഗതാഗതത്തെയും ബാധിച്ചു. ഹോട്ടല്‍, വ്യാപാരം, വ്യവസായം, നിര്‍മാണം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങി സമസ്ത മേഖലകളിലും കൊറോണയുടെ പ്രത്യാഘാതം കാണാന്‍ കഴിയുന്നു. ഇതിന്റെയൊക്കെ ഫലമായി തൊഴില്‍നഷ്ടം ഉണ്ടായതാണ് ജനജീവിതത്തെ സാരമായി ബാധിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് അനുദിനം തൊഴില്‍ നഷ്ടപ്പെടുന്നത്. തൊഴിലുള്ളവരുടെ കാര്യത്തില്‍ വേതനം വെട്ടിക്കുറക്കുകയും ചെയ്യുന്നു!

ഇന്ത്യയിലാകട്ടെ കുറേക്കൂടി സങ്കീര്‍ണമായ സ്ഥിതിവിശേഷമാണുള്ളത്. കാരണം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൊറോണ വൈറസിന്റെ വരവിനു മുമ്പുതന്നെ മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. മോഡി ഭരണകൂടത്തിന്റെ നോട്ടുനിരോധനവും കോര്‍പ്പറേറ്റ് കേന്ദ്രീകൃതമായ ഭരണവും പൊതുമേഖലകളുടെ വില്‍പനയുമെല്ലാം രാജ്യത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് അശനിപാതം പോലെ കോവിഡിന്റെ വരവ്. നാല്‍പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇന്ന് ഇന്ത്യ അഭിമുഖീകരിക്കുന്നത്. കൊറോണ വൈറസിന്റെ വരവോടെ പ്രഖ്യാപിക്കപ്പെട്ട 21 ദിവസത്തെ ലോക്ക് ഡൗണ്‍ വമ്പിച്ച സാമ്പത്തിക നഷ്ടമാണ് വരുത്തിവച്ചത്. രാജ്യത്തെ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ എണ്ണവും ശമ്പളവും വെട്ടികുറക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

 ഇതിനിടയിലാണ് കര്‍ഷകവിരുദ്ധമായ പുതിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകരുടെ രൂക്ഷമായ സഹനസമരം പ്രത്യക്ഷപ്പെട്ടത്. ലക്ഷക്കണക്കിന് കര്‍ഷകര്‍ മാസങ്ങളായി തലസ്ഥാനഗരിയില്‍ സമരത്തിലാണ്. സ്വാഭാവികമായും അത് ഇന്ത്യന്‍ സമ്പദ്ഘടനയെ ബാധിക്കുമല്ലോ.

വരുമാനത്തിന്റെ കുറവ് ഗാര്‍ഹിക ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ തന്നെ  ഇന്ത്യയുടെ സ്വകാര്യ ഗാര്‍ഹിക ഉപഭോഗം തളര്‍ച്ചയിലാണ്. ജിഡിപിയുടെ 57 ശതമാനം ഇത് വരുമെങ്കിലും, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി സ്വകാര്യ ഗാര്‍ഹിക ഉപഭോഗ ചെലവിന്റെ വളര്‍ച്ചാതോത് കുറഞ്ഞു വരുന്നു. 2009-10 മുതല്‍ 2013-14 വരെയുള്ള കാലയളവില്‍ ഈ വളര്‍ച്ചാതോത്  15.7 ശതമാനമായിരുന്നെങ്കില്‍ 2014-15 മുതല്‍ 2018-19 വരെയുള്ള കാലയളവില്‍ 11.9 ശതമാനമായി കുറയുകയുണ്ടായി എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പൊതുവില്‍, ഉപഭോഗത്തിന്റെ വളര്‍ച്ചാതോത്  2019-20 ആദ്യ അര്‍ധവര്‍ഷത്തില്‍ 4.1 ശതമാനമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൊറോണ വൈറസിന്റെ വരവ്. ഇത് സ്വകാര്യ ഉപഭോഗത്തെ വീണ്ടും കുറയ്ക്കുകയുണ്ടായി.

എല്ലാ ജനവിഭാഗങ്ങളുടെയും വരുമാനത്തെ കോവിഡ് പ്രതികൂലമായി ബാധിക്കുന്നുവെന്ന അവസ്ഥാവിശേഷമാണ് കാണാന്‍ കഴിയുന്നത്. അസംഘടിത തൊഴിലാളികള്‍ക്കാകട്ടെ ഇത് കടുത്ത ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്. കൂലിപ്പണിക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍, അതിഥി തൊഴിലാളികള്‍, ഹോട്ടല്‍ ജീവനക്കാര്‍, വ്യാപാര രംഗത്തെ പണിക്കാര്‍ തുടങ്ങിയ എല്ലാവിഭാഗം ജനങ്ങളുടെയും വരുമാനം തീരെ ഇല്ലാതായി, അല്ലെങ്കില്‍ നാമമാത്രമായി. അതതു ദിവസം ജോലിയെടുത്തു അന്നത്തിനു വകയുണ്ടാക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും.

വരുമാനം കുറയുന്നത് വ്യക്തികളുടെ ക്രയശേഷിയെ പ്രതികൂലമായി ബാധിക്കും. കുടുംബത്തിലും ഇത് പ്രതിഫലിക്കും. ദൈനംദിന ചെലവുകള്‍ ഉള്‍പ്പടെയുള്ള കാര്യത്തില്‍ പ്രയാസം നേരിടും. ഏറ്റവും വലിയ പ്രത്യാഘാതം പാവപ്പെട്ടവരിലായിരിക്കും. ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുമെന്നു മാത്രമല്ല, പുതിയ ദരിദ്രരുടെ ഉദയവും സംഭവിക്കും.

വരുമാനം ഇനിയും കുറയാനിരിക്കുന്നുവെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു വേണം ഇനിയുള്ള മുന്നോട്ടുപോക്ക്. ഇവിടെ സ്വാഭാവികമായി ഉയരുന്ന ചോദ്യം ഇതിനെ നാം എങ്ങനെ നേരിടും എന്നതാണ്. ലഭ്യമാകുന്ന വരുമാനം, അതെത്രതന്നെ ചെറുതായാലും, ശരിയായ വിനിയോഗത്തിലൂന്നിയ ആസൂത്രണമാണ് അനിവാര്യമായിട്ടുള്ളത്. വരുമാനത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കി ചെലവുകള്‍ക്രമീകരിക്കണം. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുന്നതില്‍ അങ്ങേയറ്റത്തെ കണിശത പുലര്‍ത്തണം. ആര്‍ഭാടങ്ങളും ധൂര്‍ത്തും പരിപൂര്‍ണമായി ഒഴിവാക്കണം.

''തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു'' (ക്വുര്‍ആന്‍ 17:27).

ഒരു വ്യക്തിയുമായി ബന്ധപ്പെട്ട കാര്യമാണ് വ്യക്തിഗത ധനകാര്യമെങ്കില്‍ ഒന്നിലധികം വ്യക്തികളുമായി ബന്ധപ്പെട്ടതാണ് കുടുംബ ബജറ്റ്. പല കുടുംബങ്ങളിലും ഒന്നിലധികം അംഗങ്ങള്‍  ജോലി ചെയ്തു വരുമാനം കൊണ്ടുവരാറുണ്ട്. അങ്ങനെയല്ലാത്ത കുടുംബങ്ങളില്‍ എല്ലാവരുടെയും കാര്യങ്ങള്‍ ഗൃഹനാഥന് നോക്കേണ്ടിവരുന്നു. ഏത് അവസ്ഥയിലാണെങ്കിലും വരവറിഞ്ഞ് ചെലവാക്കണം. വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുടെ പട്ടികയുണ്ടാക്കി കൂടിയാലോചനകളിലൂടെ ധനം ശരിയായ രീതിയില്‍ വിനിയോഗിക്കാനും അത് വര്‍ധിപ്പിക്കാനുമുള്ള കൂട്ടായ പരിശ്രമം ഉണ്ടാവണം. ചുരുക്കത്തില്‍, കൊറോണ വൈറസ് സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ വ്യക്തിതലത്തിലും കുടുംബ തലത്തിലുമുള്ള പരിശ്രമങ്ങള്‍ ആവശ്യമാണ്.

വ്യക്തിഗത ധനകാര്യ മാനേജ്‌മെന്റ് കൊണ്ടോ കുടുംബ ബജറ്റ് കൊണ്ടോ മാത്രം പരിഹരിക്കാവുന്നതല്ല ജനങ്ങളുടെ, പ്രത്യേകിച്ചു സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍. സര്‍ക്കാരിന്റെ അകമഴിഞ്ഞ നഷ്ടപരിഹാര പാക്കേജുകള്‍ കൊണ്ട് മാത്രമെ ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ. വ്യക്തികളുടെ കരുതലിനോടൊപ്പം സര്‍ക്കാരിന്റെ സഹായം നേരിട്ടുള്ള രൂപത്തില്‍ എത്തിയാല്‍ അത് സാധാരണക്കാര്‍ക്ക് വലിയാരു താങ്ങും തണലുമായിരിക്കും.

കോവിഡിന്റെ ഭീതി അല്‍പമൊക്കെ അകന്ന് ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് വര്‍ധിത വീര്യത്തോടെയുള്ള അതിന്റെ രണ്ടാം വരവ്. ജനിതക മാറ്റംവന്ന വൈറസ് കൂടുതല്‍ അപകടകാരിയാണെന്നതിനു തെളിവാണ് മറ്റു രോഗങ്ങളൊന്നുമില്ലാത്ത യുവതിയുവാക്കള്‍ പോലും കോവിഡ് ബാധിച്ച്മരണപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലെയും എല്ലാ വാര്‍ഡുകളിലും കോവിഡ് ബാധിതരുള്ള അവസ്ഥ സംജാതമായിരിക്കുന്നു. സംസ്ഥാനത്ത് ഓരോ ദിവസവും കോവിഡ് ബാധിക്കുന്നവരുടെ എണ്ണം മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനും ഇടക്കാണ് എന്നത് ഭീതിതമായ വസ്തുതയാണ്. അത്‌കൊണ്ടുതന്നെ സംസ്ഥാനം സമ്പൂര്‍ണമായ ലോക്ക് ഡൗണിന്റെ വക്കിലാണുള്ളത്. ഇപ്പോള്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്.  

കോവിഡ് കാലത്തെ ഈദുല്‍ ഫിത്വ്ര്‍

ഇങ്ങനെയുള്ള ഒരവസ്ഥയിലാണ് ഈദുല്‍ഫിത്വ്ര്‍ കടന്നുവരുന്നത്. കോവിഡ് കാലമാണ്, സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് എന്നതൊക്കെ ശരിയാണ്. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നതോടെ ഈദുല്‍ഫിത്വ്‌റായി. എങ്ങനെയാണോ സാധിക്കുന്നത് അങ്ങനെ നാം അതിനെ ആഘോഷിക്കണം. മുന്‍കാലങ്ങളിലെ പോലെയുള്ള ആഘോഷം ഇപ്പോള്‍ സാധ്യമല്ല എന്ന യാഥാര്‍ഥ്യം അംഗീകരിച്ചേ തീരൂ. ഈദ് ഗാഹുകളിലോ പള്ളികളിലോ ഒരുമിച്ചുകൂടാന്‍ പറ്റാത്ത സാഹചര്യമാണ്.

ഈദുല്‍ഫിത്വ്‌റും'ഈദുല്‍ അദ്ഹയുമല്ലാതെ മുസ്‌ലിംകള്‍ക്ക് മറ്റു ആഘോഷങ്ങളില്ല. അനസ്(റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ മദീനയില്‍ ആഗതനായ വേളയില്‍ മദീനയിലെ ജനങ്ങള്‍ രണ്ട് ആഘോഷങ്ങള്‍ കൊണ്ടാടിയിരുന്നു. ആ ദിവസങ്ങളെ അവര്‍ ഉത്സവാഘോഷങ്ങളോടെയായിരുന്നു ആചരിച്ചിരുന്നത്. പ്രവാചകന്‍ ﷺ അന്‍സ്വാറുകളോട് ഇതിനെക്കുറിച്ചാരാഞ്ഞു. അവര്‍ തങ്ങളുടെ ആഘോഷങ്ങളെക്കുറിച്ചും അവരുടെ ഉത്സവരീതിയെക്കുറിച്ചും വിവരിച്ചു കൊടുത്തു. അപ്പോള്‍ പ്രവാചകന്‍ ﷺ ഇങ്ങനെ പ്രതിവചിച്ചു: 'ആ ദിവസങ്ങള്‍ക്ക് പകരം മറ്റു രണ്ട് ദിവസങ്ങളെ അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചുതന്നിരിക്കുന്നു; അവയെക്കാള്‍ ഉല്‍കൃഷ്ടമായ രണ്ട് ദിനങ്ങള്‍-ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്ഹയും'' (അബൂദാവൂദ്).

'ഏതായാലും പള്ളിയിലോ ഈദ്ഗാഹിലോ പോയി പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയില്ല. എന്നാല്‍ പിന്നെ അന്ന് നോമ്പനുഷ്ഠിക്കുന്നതല്ലേ നല്ലത്. ശവ്വാലിലെ ആറുനോമ്പില്‍ ഉള്‍പ്പെടുത്താമല്ലോ' എന്ന് ചിന്തിച്ചുകൂടാ, കാരണം പെരുന്നാള്‍ ദിവസം നോമ്പ് നോല്‍ക്കല്‍ നിഷിദ്ധമാണ്.

അബൂസഈദുല്‍ഖുദ്‌രി(റ) നിവേദനം:''അല്ലാഹുവിന്റെ പ്രവാചകന്‍ ﷺ ഈദുല്‍ ഫിത്വ്ര്‍ ദിനത്തിലും ഈദുല്‍ അദ്ഹയുടെ ദിനത്തിലും വ്രതമനുഷ്ഠിക്കുന്നത് വിലക്കിയിട്ടുണ്ട്'' (മുസ്‌ലിം).

പെരുന്നാള്‍ ദിനത്തില്‍ തക്ബീര്‍ ചൊല്ലുന്നത് പ്രബലമായ സുന്നത്താണ്. ശവ്വാല്‍ പിറവി ദൃശ്യമായതുമുതല്‍ പെരുന്നാള്‍ നമസ്‌കാരം തുടങ്ങുന്നതുവരെ തക്ബീര്‍ ചൊല്ലാം. കൊറോണക്കാലത്തും ഇത് പ്രാവര്‍ത്തികമാക്കാനും അതിന്റെ പ്രതിഫലം നേടാനും തടസ്സമൊന്നുമില്ല.

പെരുന്നാള്‍ നമസ്‌കാരം പെരുന്നാളാഘോഷത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തോ പള്ളിയിലോ വെച്ച് നിര്‍വഹിക്കേണ്ടതല്ലേ, അതിന് പറ്റാത്ത സാഹചര്യത്തില്‍ എന്തുചെയ്യാന്‍ എന്ന സംശയം കഴിഞ്ഞ പെരുന്നാള്‍ ദിനത്തില്‍ ഉണ്ടായിരുന്നു. വീട്ടില്‍വെച്ച് അതാതുവീട്ടുകാര്‍ക്ക് ജമാഅത്തായി സംഘടിപ്പിക്കാം എന്ന് മനസ്സിലാക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു മിക്കവരും. പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളികള്‍ നിറഞ്ഞുകവിയാറാണ് പതിവ്. എന്നാല്‍ എണ്ണപ്പെട്ട ആളുകള്‍ക്കേ ഇപ്പോള്‍ പള്ളിയില്‍ വരാന്‍ അനുവാദമുള്ളൂ. അതിനാല്‍ ഇത്തവണയും വീടുകളില്‍വെച്ചുതന്നെ നമസ്‌കാരം നിര്‍വഹിക്കേണ്ടിവരും. ആളുകളെ കൂട്ടാമെന്ന നിലയ്ക്ക് അയല്‍വാസികളെയോ കുടുംബക്കാരെയോ വീട്ടില്‍വിളിച്ചുവരുത്തി നമസ്‌കാരം നിര്‍വഹിക്കുന്നത് അപകടം വരുത്തിവെക്കും. അതിനാല്‍ അങ്ങനെയാരു അബദ്ധം ആരും ചെയ്യരുത്.

പെരുന്നാളിന്റെ മര്യാദകളില്‍ ഏറ്റവും പ്രബലമായ ഒരു കാര്യം നമസ്‌കാരത്തിന് പോകുന്നതിനുമുമ്പുള്ള കുളിയാണ്. സഈദ്ബിന്‍ ജുബയ്‌റി(റ)ല്‍ നിന്നും നിവേദനം: ''മൂന്ന് കാര്യങ്ങള്‍ പെരുന്നാള്‍ ദിനത്തില്‍ സുന്നത്താണ്: ഇൗദ് ഗാഹിലേക്ക് നടന്ന് യാത്ര ചെയ്യല്‍, കുളിക്കല്‍, ലഘുഭക്ഷണം കഴിക്കല്‍ (ഈദുല്‍ ഫിത്വ്‌റിന്)'' (ബുഖാരി, മുസ്‌ലിം).

പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പോ ശേഷമോ സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കേണ്ടണ്ടതില്ല. ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്നും നിവേദനം: ''പ്രവാചകന്‍ ﷺ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് മുമ്പോ പിമ്പോ സുന്നത്ത് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കില്ലായിരുന്നു.''

എന്നാല്‍, പള്ളിയില്‍വെച്ചാണ് ഈദ് നമസ്‌കാരം നിര്‍വഹിക്കപ്പെടുന്നതെങ്കില്‍ തഹിയ്യത്ത് നമസ്‌കാരം നിര്‍വഹക്കാവുന്നതാണ്.

ഈദുല്‍ ഫിത്വ്ര്‍ നാളില്‍ ഭക്ഷണം കഴിച്ച ശേഷമാണ് ഈദ്ഗാഹില്‍ പോകേണ്ടത്. കാരണം അനസ് ബിന്‍ മാലികി(റ)ല്‍ നിന്നും ബുഖാരി നിവേദനം ചെയ്യുന്ന ഹദീഥില്‍ ഇങ്ങനെ കാണാം: ''പ്രവാചകന്‍ ﷺ ഈദിന്റെ ദിനത്തില്‍ ഏതാനും കാരക്കകള്‍ ഭക്ഷിക്കാതെ പുറപ്പെടാറില്ലായിരുന്നു. അവ ഒറ്റയായിട്ടായിരുന്നു നബി ﷺ ഭക്ഷിച്ചിരുന്നത്. പക്ഷേ, ബലിപെരുന്നാള്‍ നാളില്‍ നമസ്‌കാരം നിര്‍വഹിച്ച ശേഷം ഭക്ഷണം കഴിക്കുന്നതാണ് അഭികാമ്യം. അത് ബലിയറുത്ത മാംസത്തില്‍നിന്നും ഒരുഭാഗം ഭക്ഷിക്കുന്നത് വരെയായിരിക്കല്‍ ഉത്തമമാണ്.''

വീട്ടില്‍വെച്ചാണ് ഈദുല്‍ഫിത്വ്ര്‍ നമസ്‌കാരം നിര്‍വഹിക്കുന്നതെങ്കിലും ഈ സുന്നത്ത് പ്രായോഗികമാക്കാവുന്നതാണ്.

ഈദിന്റെ സുദിനത്തില്‍ പരസ്പരം ഈദാശംസ കൈമാറാം. 'തക്വബ്ബലല്ലാഹു മിന്നാ വമിന്‍കും' (അല്ലാഹു എന്റെയും നിങ്ങളുടെയും സത്കര്‍മങ്ങള്‍ സ്വീകരിക്കുമാറാകട്ടെ) എന്ന ആശംസാവാചകമാണ് കൂടുതല്‍ സ്വീകാര്യമായത്.

 പെരുന്നാള്‍ദിനം നമസ്‌കാരത്തിനു പോകുമ്പോള്‍ പുതിയ വസ്ത്രം ധരിക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ല. പറ്റുമെങ്കില്‍ ആവാം. അതിനു കഴിയാത്തവര്‍ ഉള്ളതില്‍ ഏറ്റവും നല്ല വസ്ത്രം അണിഞ്ഞാണ് മതി.

ചുരുക്കത്തില്‍, അല്ലാഹുവിന്റെ മതം എളുപ്പമാണ്. മനുഷ്യന്റെ കഴിവില്‍ പെടാത്തത് അല്ലാഹു കല്‍പിക്കുന്നില്ല.

''...അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സല്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്ഫലവും അവരവരുടെ മേല്‍ തന്നെ...'' (ക്വുര്‍ആന്‍ 2:286).

''...മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല...'' (ക്വുര്‍ആന്‍ 22:78).

''നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല...'' (ക്വുര്‍ആന്‍ 5:6).