വിശ്വാസിയും തമാശയും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 സെപ്തംബര്‍ 18 1442 സഫര്‍ 11

ഏതെങ്കിലും രൂപത്തിലുള്ള പരീക്ഷണത്തിലോ പ്രയാസങ്ങളിലോ അകപ്പെടാത്തവരായി ആരുമുണ്ടാവില്ല. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു'' (ക്വുര്‍ആന്‍ 90:4).

കുറച്ചുകാലം മാതാവിന്റെ ഗര്‍ഭാശയമാകുന്ന ഇടുങ്ങിയ ഒരു ഇരുട്ടറയില്‍ മനുഷ്യന്‍ അസ്വതന്ത്രനായി കഴിച്ചുകൂട്ടുന്നു. അതില്‍നിന്ന് പുറത്തുവരുന്നതും ക്ലേശമനുഭവിച്ചുകൊണ്ടുതന്നെ. അന്നുമുതല്‍ മരണംവരെ, ദേഹത്തിനും മനസ്സിനുമായി, സ്വന്തം കാര്യത്തിലും കുടുംബകാര്യത്തിലുമായി, സാമ്പത്തികവും സാമൂഹികവുമായി... ഇങ്ങനെ പലവിധത്തില്‍ എത്രയെത്ര വിഷമങ്ങള്‍ അവന്‍ അനുഭവിക്കണം, പ്രതിസന്ധികള്‍ തരണം ചെയ്യണം?!

മാനസിക സമ്മര്‍ദവും മനഃപ്രയാസങ്ങളും മനുഷ്യനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ചിലര്‍ മനഃപ്രയാസങ്ങള്‍ നേരിടാന്‍ കഴിയാതെ മാനസികരോഗ വിദഗ്ധരുടെയും കൗണ്‍സിലര്‍മാരുടെയും അടുക്കല്‍ നിത്യസന്ദര്‍ശകരായി മാറുന്നു. മറ്റുചിലര്‍ മാനസിക പിരിമുറുക്കങ്ങള്‍ക്ക് മരുന്നുകളിലൂടെ പരിഹാരം തേടുന്നു.    

ചുരുക്കത്തില്‍ മനുഷ്യജീവിതം ക്ലേശകരമാണ്. എന്നാല്‍ ജീവിതത്തിലെ വലിയ പ്രയാസങ്ങള്‍ക്കിടയിലും ദുഃഖങ്ങള്‍ക്കിടയിലും അല്‍പസമയമെങ്കിലും എല്ലാം മറന്ന് ഒന്ന് സന്തോഷിക്കാനും സമാധാനിക്കാനും തമാശകള്‍കൊണ്ട് സാധിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. തമാശ പറയുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ സന്തോഷിക്കാത്തവരായി ആരുമുണ്ടാവില്ല മനുഷ്യരുടെ കൂട്ടത്തില്‍.

മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും പാലിക്കുകയും അനുസരിക്കുകയും പിന്തുടരുകയും ചെയ്യേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ഇസ്‌ലാം തമാശയുടെ കാര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

ഇമാം സുഫ്‌യാന്‍ ഇബ്‌നു ഉയയ്‌നയോട് പറഞ്ഞു: 'തമാശ സുബ്ബത്ത് (ആക്ഷേപം) ആണ്.'അദ്ദേഹം പ്രതികരിച്ചു: 'അല്ല, തമാശ സുന്നത്താണ്; അത് നന്നായി അവതരിപ്പിക്കുന്നവര്‍ക്ക്. തമാശയില്‍ സുന്നത്താക്കപ്പെട്ടവയും വിരോധിക്കപ്പെട്ടവയും ഉണ്ട്.''

തമാശ പറയുമ്പോള്‍ പറയുന്ന കാര്യം സത്യമുള്ളതായിരിക്കണം. യാഥാര്‍ഥ്യമുള്ളതും കളവ് കലര്‍ന്നിട്ടില്ലാത്തും ആവണം തമാശയുടെ ഉള്ളടക്കം. മാത്രവുമല്ല അത് നന്നായി അവതരിപ്പിക്കുകയും വേണം.

നബി ﷺ യുടെ ജീവിതത്തിലും തമാശയുടെ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായതായി പ്രമാണങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച സന്ദര്‍ഭങ്ങള്‍

നുഗൈര്‍ എന്തു ചെയ്യുന്നു?

അനസില്‍(റ)നിന്ന് നിവേദനം, അദ്ദേഹം പറയുന്നു: ''നബി ﷺ ഞങ്ങളോട് ഇടകലര്‍ന്ന് സഹവസിച്ചിരുന്നു. എത്രത്തോളമെന്നാല്‍ എന്റെ കുഞ്ഞനിയനോട് ഇങ്ങനെ ചോദിച്ചിരുന്നു: 'അബൂ ഉമൈര്‍, നുഗൈര്‍ എന്തുചെയ്യുന്നു?' (നുഗൈര്‍ എന്നത് ഒരു കുഞ്ഞു പക്ഷിയുടെ പേരാണ്)'' (ബുഖാരി).

ഇരുചെവിയന്‍

അനസി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ നബി ﷺ തന്നെ ഇരുചെവിയന്‍ എന്ന് വിളിച്ചു.'' അബൂഉസാമ(റ) പറയുന്നു: ''നബി ﷺ അദ്ദേഹത്തോട് തമാശ പറയുകയായിരുന്നു അത്'' (തിര്‍മിദി)

സ്വര്‍ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല

ഹസനി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ''ഒരു വൃദ്ധ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി പ്രാര്‍ഥിക്കണം.' നബി ﷺ പറഞ്ഞു: 'ഹേ, ഇന്നയാളുടെ മാതാവേ, തീര്‍ച്ചയായും സ്വര്‍ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല.' അപ്പോള്‍ അവര്‍ തിരിഞ്ഞു പോകുകയും കരയുകയും ചെയ്തു. നബി ﷺ പറഞ്ഞു: 'അവര്‍ വൃദ്ധയായ അവസ്ഥയില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ലെന്ന് അവരെ അറിയിക്കുക.' (അവര്‍ യുവതിയായിട്ടാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്). അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും അവരെ (സ്വര്‍ഗ സ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്‌നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു'' (56:35-37) (സില്‍സിലതുസ്സ്വഹീഹ്).

നബി ﷺ യും സ്വഹാബികളും

നബി ﷺ യും സ്വഹാബികളും തമാശ പറഞ്ഞ് ചിരിക്കാറുണ്ടായിരുന്നു.

സിമാകിബ്‌നു ഹര്‍ബി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ''ജാബിര്‍(റ) എന്നോട് ചോദിച്ചു: 'നിങ്ങള്‍ നബി ﷺ യുടെ സദസ്സില്‍ ഇരിക്കുമായിരുന്നോ?' ഞാന്‍ പറഞ്ഞു: 'അതെ, ധാരാളമായി (ഇരിക്കുമായിരുന്നു). സ്വുബ്ഹി നമസ്‌കരിച്ച മുസ്വല്ലയില്‍നിന്നും സൂര്യന്‍ ഉദിക്കുന്നതുവരെ നബി ﷺ എഴുന്നേല്‍ക്കുമായിരുന്നില്ല. അങ്ങനെ സൂര്യന്‍ ഉദിച്ചുകഴിഞ്ഞാല്‍ അവിടുന്ന് എഴുന്നേല്‍ക്കും. അവര്‍ (സ്വഹാബിമാര്‍) പരസ്പരം സംസാരിക്കുകയും ജാഹിലിയ്യത്തിലെ കാര്യങ്ങള്‍ സംസാരിച്ച് ചിരിക്കുകയും ചെയ്യുമായിരുന്നു. അതുകേട്ട് നബി ﷺ പുഞ്ചിരിക്കും'' (മുസ്‌ലിം).

ഇന്ന് തമാശയുടെ രൂപവും ഭാവവും മാറി അപകടകരമായ അവസ്ഥയിലേക്കുവരെ എത്തിയിട്ടുണ്ട്. വിവാഹവേളകളില്‍ വധുവിനെയും വരനെയും പരിഹസിച്ചുകൊണ്ടും അവരെ കുഴപ്പിക്കാന്‍ ചില അപകടകരമായ വേലത്തരങ്ങള്‍ ഒപ്പിച്ചുകൊണ്ടുമൊക്കെ തമാശയൊപ്പിക്കുന്നവരെ നമുക്ക് കാണാം. തമാശയുടെ പേരില്‍ സമൂഹത്തില്‍ പല തോന്നിവാസങ്ങളും നടക്കുന്നു.

വധൂവരന്മാര്‍ അറിയാതെ അവരെ കളിപ്പിക്കാനും തമാശയാക്കാനും വേണ്ടി അവരുടെ ബെഡ്‌റൂം അലങ്കരിക്കുന്ന വേളയില്‍ ഷോക്കടിപ്പിക്കാന്‍ ഒപ്പിച്ചുവെച്ച വേലത്തരം ആദ്യരാത്രിതന്നെ അവസാനരാത്രിയായി മാറിയതിന്റെയും കല്ല്യാണ വീട് ദുരന്തവീടായി മാറിയതിന്റെയും അനുഭവം ഇതിന് ഉദാഹരണമാണ്.

യൂട്യൂബ് ചാനലുകളുടെ വളര്‍ച്ചക്ക് വേണ്ടി എന്തും റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാന്‍ യാതൊരു ലജ്ജയും ഇല്ലാത്തവരുണ്ട്. ധാര്‍മികത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത പാട്ടും നൃത്തച്ചുവടുകളും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പോസ്റ്റുചെയ്തുകൊണ്ടിരിക്കുന്നു. കൂടുതല്‍ റീച്ച് കിട്ടുന്നതിനുവേണ്ടിയും ഷെയര്‍ ലഭിക്കുവാനും അങ്ങനെ ലക്ഷക്കണക്കിന് വരിക്കാരെയും കാണികളെയും ഒപ്പിച്ച് അതിലൂടെ വരുമാനം കണ്ടെത്തുന്നതിനുമായി അശ്ലീല സംസാരങ്ങളും നഗ്നതാ പ്രദര്‍ശനവും വരെ കാണിക്കുന്നവരുണ്ട്. ഇതൊക്കെ വെറും തമാശയല്ലേ എന്നായിരിക്കും അവരുടെ ന്യായീകരണം.

അതുപോലെ തന്നെയാണ് ഇന്ന് ട്രോളുകളും ട്രോളന്മാരും. മറ്റുള്ളവരുടെ, വിശിഷ്യാ സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ വാക്കിലും പ്രവൃത്തിയിലും വരുന്ന പിഴവുകളെയും ജന്മനായുള്ള വൈകല്യങ്ങളെയും അനുകരിച്ചും പര്‍വതീകരിച്ചും അപഹസിക്കുന്നതും തേജോവധം ചെയ്യുന്നതും ഇവരൂടെ തൊഴിലാണ്. ചിലരെ ചിരിപ്പിക്കുവാനായി മറ്റു ചിലരെ വിഷമിപ്പിക്കുകയാണ് ഇവര്‍ പലപ്പോഴും ചെയ്യുന്നത്.

ഇതിലേറെ അപകടകരമാണ് ദീനീ രംഗത്ത് നേതൃത്വം നല്‍കുകയും ഖുത്വുബയും പ്രഭാഷണങ്ങളും ക്വുര്‍ആന്‍ ക്ലാസ്സുകളും നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി പറയുന്ന തമാശകള്‍. തന്റെ മുമ്പിലിരിക്കുന്ന സദസ്യരെ ചിരിപ്പിക്കുന്നതിന് വേണ്ടി ഇസ്‌ലാം നിഷ്‌കര്‍ഷിച്ച മര്യാദകള്‍ പാലിക്കാതെയുള്ള തമാശ പറച്ചില്‍ ഒരു പ്രഭാഷകനും ഗുണം ചെയ്യില്ലെന്നു മാത്രമല്ല അറിവും വിവേകമുള്ളവരുടെ കണ്ണില്‍ അയാള്‍ അപഹാസ്യനാത്തീരും.

ജാബിറി(റ)ല്‍നിന്ന് നിവേദനം: ''നബി ﷺ ഖുത്വുബ പറയുമ്പോള്‍ കണ്ണുകള്‍ ചുവന്ന് വരുമായിരുന്നു. ശബ്ദം ഉയരുമായിരുന്നു. ഗൗരവം കൂടുമായിരുന്നു. ഒരു സൈന്യത്തിന് താക്കീത് നല്‍കുന്നവനെപോലെ(കമാന്ററെപോലെ)യായിരുന്നു. എന്നിട്ട് നബി ﷺ പറയുമായിരുന്നു: നിങ്ങള്‍ പ്രഭാതത്തിലും ശത്രുവിനെ പ്രതീക്ഷിക്കുക, വൈകുന്നേരവും ശത്രുവിനെ പ്രതീക്ഷിക്കുക.'' പ്രവാചകന്‍ പറയുമായിരുന്നു: ''ഞാനും അന്ത്യദിനവും ഇതുപോലെയാണുള്ളത് (അന്ത്യദിനം സംഭവിക്കാനായിരിക്കുന്നു)'' (മുസ്‌ലിം).

തമാശ പറയുമ്പോള്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്:

1. തമാശ പറയുന്ന സന്ദര്‍ഭവും ആളുകളെയും പരിഗണിക്കുക:

തമാശ പറയുന്ന അവസരത്തില്‍ അത് ആരോടാണ് പറയുന്നതെന്നും, പറയുന്ന സന്ദര്‍ഭവും സാഹചര്യവും അനുയോജ്യമാണോയെന്നുമുള്ള ധാരണ ഉണ്ടായിരിക്കണം. അനവസരത്തിലെ തമാശകള്‍ അപകടത്തിലായിരിക്കും കലാശിക്കുക. മരിച്ചവീട്ടിലെ തമാശ സാഹചര്യത്തിനെതിരെയുള്ള അക്രമമാണല്ലോ.

2. ഓരോരുത്തരും അവര്‍ക്ക് യോജിച്ച ആളോടായിരിക്കണം തമാശ പറയേണ്ടത്:

കൂട്ടുകാരോട് പറയുന്ന തമാശകള്‍ മാതാപിതാക്കളോടും ഭാര്യയോട് പറയുന്ന തമാശകള്‍ മക്കളോടും സഹപ്രവര്‍ത്തകരോട് പറയുന്ന തമാശകള്‍ മേലുദ്യോഗസ്ഥരോടും പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

3. വ്യക്തികളെ പരിഗണിക്കുക:

ഒരു സാധാരണക്കാരന്‍ ബഹുമാനിക്കപ്പെടേണ്ടവരായ പണ്ഡിതന്മാരുടെയും പ്രായമുള്ളവരുടെയും അടുത്തായിരിക്കെ തമാശ പറയുന്നത് അനുയോജ്യമല്ല:

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''പണ്ഡിതനെ ആദരിക്കുകയെന്നത് സുന്നത്തില്‍ പെട്ടതാണ്.''

അബൂമൂസല്‍അശ്അരി(റ)യ്യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''അല്ലാഹുവിനെ ആദരിക്കുന്നതില്‍ പെട്ടതാണ് മുസ്‌ലിമായ പ്രായമുള്ളവരെ ആദരിക്കുന്നത്'' (അബൂദാവൂദ്).

4. തമാശയില്‍ കളവ് പാടില്ല:

കള്ളം കെട്ടിച്ചമക്കുക എന്നുള്ളത് സത്യനിഷേധികളുടെ സ്വഭാവമായിട്ടാണ് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍'' (16:105).

കളവുപറയലിനെ കപടവിശ്വാസികളുടെ അടയാളമായിക്കൊണ്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളതും. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''കപട വിശ്വാസികളുടെ ലക്ഷണം മൂന്നാകുന്നു. സംസാരിച്ചാല്‍ കളവുപറയും, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ ചതിക്കും'' (ബുഖാരി).

5. തമാശക്ക് പോലും കളവ് പറയരുത്:

തമാശയായി അല്‍പമൊക്കെ കളവ് പറയാമെന്നാണ് പലരും ധരിച്ചുവെച്ചിട്ടുള്ളത്. തമാശയില്‍ പോലും കളവ് പറയാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്.

നബി ﷺ പറഞ്ഞു: ''സംസാരിക്കുമ്പോള്‍ ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവുപറയുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം'' (അബൂദാവൂദ്).

6. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറഞ്ഞാല്‍:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''ഒരാള്‍ തന്റെ സദസ്യരെ ചിരിപ്പിക്കുന്നതിനായി (കളവായ) ചില വാക്കുകള്‍ പറയുന്നുവെങ്കില്‍ അവന്‍ ഭൂമിയില്‍നിന്നും വിദൂരത്തേക്ക് ആണ്ടുപോകുന്നു'' (അഹ്മദ്).

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച ചില സന്ദര്‍ഭങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെങ്ങും കളവിന്റെ യാതൊരു അംശവും കാണാന്‍ കഴിയില്ല.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ ഞങ്ങളോട് തമാശ പറയുന്നുവല്ലോ?'' നബി ﷺ പറഞ്ഞു: ''അതെ, പക്ഷേ, ഞാന്‍ സത്യമായതല്ലാതെ പറയില്ല''(തിര്‍മിദി).

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''തീര്‍ച്ചയായും ഞാന്‍ തമാശ പറയാറുണ്ട്. പക്ഷേ, സത്യമല്ലാതെ ഞാന്‍ പറയാറില്ല'' (ത്വബ്‌റാനി).

7. തമാശയില്‍ ഭയപ്പെടുത്തല്‍ പാടില്ല:

ആളുകളെ തമാശയാക്കുന്നതിന് വേണ്ടി അവരുടെ ചെരുപ്പ്, കുട, ബാഗ്, വാഹനത്തിന്റെ താക്കോല്‍ തുടങ്ങിയുള്ള വസ്തുക്കള്‍ ഒളിപ്പിച്ച് വെക്കുന്ന ചിലരുണ്ട്. എന്നാല്‍ അതിന്റെ അപകടം എത്രമാത്രമാണെന്ന് അവര്‍ ചിന്തിക്കാറില്ല. തമാശക്ക് വേണ്ടി മറ്റുള്ളവരുടെ എന്തെങ്കിലും സാധനങ്ങള്‍ ഒളിപ്പിച്ച് വെക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

അബ്ദുര്‍റ്വഹ്മാനുബ്‌നു അബൂലൈല(റ)യില്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ''ഒരിക്കല്‍ നബി ﷺ യും സ്വഹാബികളും ഒരു യാത്ര പോകുകയായിരുന്നു. യാത്രാമധ്യെ അവര്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. അന്നേരം ഒരു സ്വഹാബി ഉറങ്ങിയപ്പോള്‍ മറ്റൊരാള്‍ അദ്ദേഹത്തിന്റെ ഒരു കയര്‍ (ചാട്ട) എടുത്ത് ഒളിപ്പിച്ച് വെച്ചു. ഉണര്‍ന്നപ്പോള്‍ അത് കാണാതെ അയാള്‍ ഭയാശങ്കയിലായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല'' (അബൂദാവൂദ്).

8. തമാശക്ക് ആയുധം ചൂണ്ടരുത്:

കയ്യിലുള്ള വടി, കത്തി, അപകടം വരുത്തുന്നതോ ശരീരത്തില്‍ തട്ടിയാല്‍ വേദനിക്കുന്നതോ ആയിട്ടുള്ള മറ്റു വസ്തുക്കള്‍ എന്നിവ ചൂണ്ടി പലരും തമാശ കാണിക്കാറുണ്ട്. അപ്രതീക്ഷിതമായി ആ ആയുധം കൊണ്ട് അപകടമുണ്ടായേക്കാം. തമാശക്കുപോലും ആയുധം ചൂണ്ടുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:''നിങ്ങളില്‍ ആരും തന്നെ തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടരുത്. നിശ്ചയമായും അവന്‍ അറിയാതെ പിശാച് അത് തെറ്റിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവന്‍ നരകക്കുഴിയില്‍ ആപതിക്കും'' (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും; അവന്‍ സ്വന്തം സഹോദരനാണെങ്കിലും''(മുസ്‌ലിം).

9. തമാശയില്‍ പരിഹാസം പാടില്ല.

തമാശ പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് അന്യന്റെ അഭിമാനത്തെ പിച്ചിച്ചീന്തലാണ്. മറ്റുള്ളവര്‍ക്കിടയില്‍ ഒരുത്തനെ ഇകഴ്ത്തുകയും വഷളാക്കുകയും ചെയ്യല്‍ ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. അത്തരം പ്രവണതയുള്ളവരില്‍ അതിന് പ്രേരിപ്പിക്കുന്ന ചില കാര്യങ്ങള്‍കൂടിയുണ്ട്. ഒന്നുകില്‍ അവന്‍ പരിഹസിക്കുന്ന വ്യക്തി അവനെക്കാള്‍ മികച്ചവനാവുക. അതല്ലെങ്കില്‍ അവനെക്കാള്‍ കഴിവുള്ളവനാവുക. അതുകൊണ്ടുതന്നെ അപരനെ മാനസികമായി വേദനിപ്പിക്കലും തന്റെ അസൂയയും ദേഷ്യവും തീര്‍ക്കലും അപരനെ തമാശയിലൂടെ ജനങ്ങള്‍ക്കിടയില്‍ വഷളാക്കുകയോ ഇകഴ്ത്തുകയോ ചെയ്യുമ്പോള്‍ നടക്കുന്നു.  

ആഇശ(റ)യില്‍നിന്ന് നിവേദനം, അവര്‍ പറഞ്ഞു: ''ഞാന്‍ നബി ﷺ യോട് പറഞ്ഞു: 'താങ്കള്‍ക്ക് ഇന്നയിന്നവളായ (അതായത് കുറിയവളായ) സ്വഫിയ്യ(റ) മതി.' നബി ﷺ പറഞ്ഞു: 'ആഇശാ, നീ പറഞ്ഞ വാക്ക് കടലില്‍ കലക്കിയാല്‍ അതിന്റെ നിറവും വാസനയും മാറുമായിരുന്നു'' (അബൂദാവൂദ്).

തമാശ പറയല്‍ തെറ്റല്ല. എന്നാല്‍ തമാശക്കാരനായി ജീവിക്കല്‍ അഥവാ എല്ലായ്‌പ്പോഴും തമാശ പറഞ്ഞു നടക്കല്‍ പാടില്ലാത്തതാണ്.

അല്ലാഹു പറയുന്നു: ''അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ...'' (ക്വുര്‍ആന്‍ 8:82).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''നിങ്ങള്‍ ചിരി അധികരിപ്പിക്കരുത്, തീര്‍ച്ചയായും ചിരിയുടെ ആധിക്യം ഹൃദയത്തെ നിര്‍ജീവമാക്കും'' (ഇബ്‌നുമാജ).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ''ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചുമാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു''(ബുഖാരി).

ഉമര്‍ ഇബ്‌നുഅബ്ദുല്‍ അസീസ്(റഹി) പറഞ്ഞു: ''നിങ്ങള്‍ തമാശയെ സൂക്ഷിക്കുക. അത് വ്യക്തിത്വത്തെ നശിപ്പിക്കും.''

ഉമര്‍(റ) പറഞ്ഞു: ''ആര് ചിരി അധികരിപ്പിക്കുന്നുവോ അവന്റെ ഗാംഭീര്യം നഷ്ടപ്പെടും. ആര് തമാശ അധികരിപ്പിക്കുന്നുവോ അവന്‍ നിസ്സാരനാക്കപ്പെടും. ഒരാള്‍ ഏത് കാര്യമാണോ വര്‍ധിപ്പിക്കുന്നത് അവന്‍ ആ കാര്യത്തിലായിരിക്കും അറിയപ്പെടുന്നത്.''

കേട്ടിരിക്കുന്നവരെ ചിരിപ്പിക്കുവാനായി നാവ് ചലിപ്പിക്കുമ്പോള്‍ നാവ് തനിക്കെതിരില്‍ സംസാരിക്കുന്ന ലോകത്ത് അക്കാരണത്താല്‍ ദുഃഖിക്കേണ്ടിവരുമോ എന്ന ഭയം വിശ്വാസിയില്‍ ഉണ്ടായിരിക്കണം.