മര്‍ദിതന്‍റെ പ്രാര്‍ഥനയെ ഭയപ്പെടുക

മുഹമ്മദ് സ്വാദിഖ് മദീനി

2021 മാര്‍ച്ച് 20 1442 ശഅബാന്‍ 06

ദൈവനിഷേധികളെയും ദൈവേതരരെ ആരാധിക്കുന്നവരെയും ഉടന്‍ ശിക്ഷനല്‍കാതെ അവര്‍ക്ക് ഭൂമിയില്‍ ജീവിക്കുവാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത് പ്രപഞ്ച സ്രഷ്ടാവിന്‍റെ കാരുണ്യത്തിന്‍റെ ഭാഗമാണ്. അവന്‍ ആരോടും അനീതിയോ അക്രമമോ കാണിക്കുന്നില്ല. തന്‍റെ അടിയാറുകള്‍ പരസ്പരം ആക്രമിക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നുമില്ല. അല്ലാഹു പറഞ്ഞതായി നബി ﷺ   പറഞ്ഞു:

"എന്‍റെ അടിമകളേ, അക്രമം ഞാന്‍ എനിക്കുതന്നെയും നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയില്‍ അത് ഹറാമുമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പരസ്പരം ആക്രമിക്കരുത്."

അല്ലാഹു അവനെ സംബന്ധിച്ച് വിശുദ്ധ ക്വുര്‍ആനില്‍ പറയുന്നു: "ഞാന്‍ എന്‍റെ അടിമകളോട് അക്രമം കാണിക്കുന്നവനല്ല" (ക്വുര്‍ആന്‍ 50:29).

മനുഷ്യരുടെ അക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അവര്‍ക്കുള്ള ശിക്ഷയും മറ്റുള്ളവര്‍ക്ക് ഗുണപാഠവും എന്ന രൂപത്തില്‍ അവരെ പിടികൂടുന്നത് അല്ലാഹുവിന്‍റെ നീതിയുടെ ഭാഗമാണ്. ഒരുപക്ഷേ, അത്തരം ആളുകള്‍ക്ക് ഇവിടെവച്ചുതന്നെ അവന്‍ ശിക്ഷ നല്‍കിയേക്കാം. തകര്‍ന്നടിഞ്ഞ പല സംസ്കാരങ്ങളുടെയും പതനത്തിന്‍റെ കാരണം അവരുടെ അതിരുവിട്ട അക്രമവാസനയായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്.

ലോകര്‍ക്ക് മാര്‍ഗദര്‍ശകരായി വന്ന പ്രവാചകന്മാരെ അവഹേളിക്കുകയും അവരെ എതിര്‍ക്കുകയും ചെയ്ത സമൂഹങ്ങള്‍ പലതും അല്ലാഹുവിന്‍റെ ശിക്ഷകള്‍ക്ക് വിധേയമായിട്ടുണ്ട്.

അല്ലാഹു പറയുന്നു: "അക്രമത്തില്‍ ഏര്‍പെട്ടിരുന്ന എത്ര നാടുകളെ നാം നിശ്ശേഷം തകര്‍ത്തുകളയുകയും അതിനുശേഷം നാം മറ്റൊരു ജനവിഭാഗത്തെ വളര്‍ത്തിയെടുക്കുകയും ചെയ്തിട്ടുണ്ട്" (ക്വുര്‍ആന്‍ 21:11).

മനുഷ്യന്‍റെ അക്രമവാസന വര്‍ധിക്കുകയാണ് ചെയ്യുന്നത് എന്നത് വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്. മാതാപിതാക്കളെ ദ്രോഹിക്കുന്ന മക്കള്‍, അയല്‍വാസികളുടെ സ്വസ്ഥതകെടുത്തുന്നവര്‍, കീഴിലുള്ളവരെ മാനസിക പീഡനങ്ങള്‍ക്ക് വിധേയരാക്കുന്ന മേലുദ്യോഗസ്ഥര്‍, അധികാരത്തിന്‍റെ മറവില്‍ ജനങ്ങളെ ദ്രോഹിക്കുന്നവര്‍, പണിയെടുപ്പിച്ച ശേഷം തൊഴിലാളികള്‍ക്ക് കൂലി നല്‍കാത്തവര്‍, സ്ത്രീധനത്തിന്‍റെയും മറ്റും പേരില്‍ പീഡനങ്ങള്‍ക്കിരയാകുന്ന  സ്ത്രീകള്‍... ഇങ്ങനെ ആക്രമിക്കപ്പെടുന്ന അനേകം വിഭാഗങ്ങളുണ്ട്.

നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ ശിക്ഷിക്കപ്പെടുന്ന, അന്യായമായി ദ്രോഹിക്കപ്പെടുന്ന നിരാലംബരായ സാധുക്കളുടെ മനസ്സില്‍ തട്ടിയുള്ള പ്രാര്‍ഥനകള്‍ കേള്‍ക്കുന്ന ഏകനായ സ്രഷ്ടാവിലുള്ള വിശ്വാസം അവര്‍ക്ക് ആശ്വാസമാണ്. തീര്‍ച്ചയായും അവന്‍ അക്രമിക്കപ്പെടുന്നവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കും. അക്രമിയെയും അക്രമത്തെയും ആവശ്യാനുസരണം പരസ്യമാക്കുന്നതും അവര്‍ക്കെതിരെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതും അനുവദിക്കപ്പെട്ട കാര്യമാണ്.

അല്ലാഹു പറയുന്നു: "ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല; ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു" (ക്വുര്‍ആന്‍ 4:148).

ഈ വചനത്തെ വിശദീകരിച്ച് ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: "ഒരാള്‍ക്ക് എതിരായി മറ്റൊരാള്‍ പ്രാര്‍ഥിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല; അക്രമിക്കപ്പെട്ടവനൊഴിച്ച്. തന്നെ അക്രമിച്ചെവനെതിരില്‍ പ്രാര്‍ഥിക്കുവാന്‍ അവന് അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. അവര്‍ക്കെതിരെ പ്രാര്‍ഥിക്കാമെങ്കിലും  അത്തരം ആളുകള്‍ക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കലാണ് അഭികാമ്യം.

അക്രമികള്‍ സമൂഹത്തിലൂടെ മാന്യന്മാരായി വിലസുമ്പോള്‍ നീതിനിഷേധിക്കപ്പെടുന്ന സാധുക്കളുടെ നെഞ്ചകം പൊട്ടിപ്പോകും. അവര്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തിയ കരങ്ങള്‍ ശൂന്യമായി മടക്കപ്പെടുകയില്ല എന്നത് അല്‍പം ഭയത്തോടുകൂടിത്തന്നെ നാം മനസ്സിലാക്കണം. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശികളായിരുന്ന പ്രവാചകന്മാരെ സമൂഹം പരിഹസിക്കുകയും പലതരത്തിലുളള അക്രമത്തിലൂടെ നേരിടുകയും ചെയ്ത വേളയില്‍, മറ്റു രക്ഷാമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത സന്ദര്‍ഭത്തില്‍ അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചതായി വിശുദ്ധ ക്വുര്‍ആന്‍ അറിയിച്ച് തരുന്നുണ്ട്.

ബനൂഇസ്റാഈല്യരിലെ ആണ്‍കുട്ടികളെ ക്രൂരമായി കൊന്നൊടുക്കിയ അഹങ്കാരിയായ ഫിര്‍ഔനും അവന്‍റെ ആളുകളും മൂസാനബിൗയെ പരിഹസിക്കുകയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെ കൂട്ടക്കുരുതിക്ക് വിധേയമാക്കുവാന്‍ തീരുമാനിക്കുകയും ചെയ്ത വേളയില്‍ മൂസാനബിൗ പ്രാര്‍ഥിക്കുകയും തല്‍ഫലമായി അവര്‍ നാമാവശേഷമാവുകയും ചെയ്തു.

അല്ലാഹു പറയുന്നു: "അവനും അവന്‍റെ സൈന്യങ്ങളും ഭൂമിയില്‍ അന്യായമായി അഹങ്കരിക്കുകയും നമ്മുടെ അടുക്കലേക്ക് അവര്‍ മടക്കപ്പെടുകയില്ലെന്ന് അവര്‍ വിചാരിക്കുകയും ചെയ്തു. അതിനാല്‍ അവനെയും അവന്‍റെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍ എറിഞ്ഞുകളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്നോക്കൂ"(ക്വുര്‍ആന്‍ 28: 39,40).

മൂസാനബിൗയുടെ പ്രാര്‍ഥനയായി ക്വുര്‍ആന്‍ പറയുന്നു: "...ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔനിനും അവന്‍റെ പ്രമാണിമാര്‍ക്കും നീ ഐഹികജീവിതത്തില്‍ അലങ്കാരവും സമ്പത്തുക്കളും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്‍റെ മാര്‍ഗത്തില്‍നിന്ന് ആളുകളെ തെറ്റിക്കുവാന്‍ വേണ്ടിയാണ് (അവരത് ഉപയോഗിക്കുന്നത്). ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കള്‍ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവര്‍ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും പ്രാര്‍ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു" (ക്വുര്‍ആന്‍ 10:88,89).

തൊള്ളായിരിത്തി അമ്പത് വര്‍ഷം രാപ്പകല്‍ വ്യത്യാസമില്ലാതെ ജനങ്ങളെ ഉപദേശിച്ച നൂഹ് നബിൗയെ അവര്‍ ഭ്രാന്തനായി ചിത്രീകരിക്കുകയും പരിഹസിക്കുകയും വിശ്വസിച്ചവരെ വഴിപിഴപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അക്രമികള്‍ക്കെതിരെ അദ്ദേഹം കൈകളുയര്‍ത്തി. അല്ലാഹു പറയുന്നു:

"നൂഹ് പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഭൂമുഖത്ത് സത്യനിഷേധികളില്‍ പെട്ട ഒരു പൗരനെയും നീ വിട്ടേക്കരുതേ. തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്‍റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും സത്യനിഷേധിക്കുമല്ലാതെ അവര്‍ ജന്മം നല്‍കുകയുമില്ല" (ക്വുര്‍ആന്‍ 71: 26,27).

അല്ലാഹു ആ പ്രാര്‍ഥനക്ക് ഉടന്‍ മറുപടി നല്‍കി. ക്വുര്‍ആന്‍ പറയുന്നു: "അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും നിഷേധിച്ചുകളഞ്ഞിട്ടുണ്ട്. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച് തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ (എന്‍റെ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ. അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിന്‍റെ കവാടങ്ങള്‍ നാം തുറന്നു. ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു. പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു. നമ്മുടെ മേല്‍നോട്ടത്തില്‍ അത് സഞ്ചരിക്കുന്നു. നിഷേധിച്ചുതള്ളപ്പെട്ടിരുന്നവന്നുള്ള (ദൈവദൂതന്ന്) പ്രതിഫലമത്രെ അത്. തീര്‍ച്ചയായും അതിനെ (പ്രളയത്തെ) നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? അപ്പോള്‍ എന്‍റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു (എന്നു നോക്കുക)" (ക്വുര്‍ആന്‍ 54:9,16).

യമനിലേക്ക് പ്രബോധകനായി നബി ﷺ  മുആദി(റ)നെ പറഞ്ഞയച്ചപ്പോള്‍ അദ്ദേഹത്തിനു നല്‍കിയ ഉപദേശങ്ങളില്‍ ഇപ്രകാരം കാണാം: "അക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ഥന താങ്കള്‍ സൂക്ഷിക്കുക. കാരണം അവന്‍റെയും അല്ലാഹുവിന്‍റെയും ഇടയില്‍ യാതൊരു മറയും ഇല്ല."

അക്രമിക്കപ്പെട്ടവന്‍ ആരായിരുന്നാലും ശരി അവന് അല്ലാഹുവിന്‍റെ സഹായ ഉണ്ടായിരിക്കുന്നതാണ്. നബി ﷺ  പറഞ്ഞു: "മൂന്ന് പ്രാര്‍ഥനകള്‍ തിരസ്കരിക്കപ്പെടുകയില്ല; നോമ്പുകാരന്‍റെയും നീതിമാനായ ഭരണാധികാരിയുടെയും ആക്രമിക്കപ്പെട്ടവന്‍റെയും പ്രാര്‍ഥന" (തിര്‍മിദി).

 ഉമര്‍(റ) ഹുനയ്യ(റ)യെ ഒരു പ്രവിശ്യയുടെ ഭരണച്ചുമതല ഏല്‍പിച്ചവേളയില്‍ അദ്ദേഹത്തെ ഉപദേശിച്ചത് ഇപ്രകാരമായിരുന്നു: "അക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ഥന താങ്കള്‍ സൂക്ഷിക്കുക. കാരണം അവന്‍റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെടും.'

അക്രമിക്കപ്പെട്ടവന്‍ സത്യനിഷേധിയോ തെമ്മാടിയോ ആയിരുന്നാലും അവന്‍റെ പ്രാര്‍ഥനയെ ഭയപ്പെടണം. നബി ﷺ  പറഞ്ഞു: "ആക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ഥന നീ സൂക്ഷിക്കുക; അവന്‍ സത്യനിഷേധി ആയിരുന്നാലും ശരി. കാരണം അവന്‍റെ പ്രാര്‍ഥനക്കിടയില്‍ മറയൊന്നുമില്ല.' മറ്റൊരു റിപ്പോര്‍ട്ടില്‍ 'അവന്‍ തെമ്മാടി ആയിരുന്നാലും ശരി' എന്നാണുള്ളത്.

പ്രവാചകന്‍ ﷺ  യാത്രക്കാരനായിരിക്കെ പല പ്രാര്‍ഥനകളും ചൊല്ലുന്നകൂട്ടത്തില്‍ അക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ഥനയില്‍നിന്നും അല്ലാഹുവിനോട് രക്ഷ ചോദിച്ചിരുന്നത് കാണുവാന്‍ സാധിക്കും.

സത്യവിശ്വാസികള്‍ എന്ന നിലയില്‍ നമ്മുടെ കൈകൊണ്ടോ വാക്കുകൊണ്ടോ മറ്റൊരാളും ആക്രമിക്കപ്പെടാതിരിക്കാന്‍ നാം ജാഗ്രത പാലിക്കണം.