നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 ഡിസംബര്‍ 25 1442 ജുമാദല്‍ അല്‍ അവ്വല്‍ 20

(ഭാഗം 03)

വിരുദ്ധ ആശയം പുലര്‍ത്തുന്നവരോട് ആശയപരമായ എതിര്‍പ്പുണ്ടായിരുന്നുവെന്നല്ലാതെ സെയ്ദ് മൗലവി ആരോടും ശത്രുത പുലര്‍ത്തിയില്ല. എതിരാളികളോടു പോലും സൗമ്യതയോടും സൗഹൃദത്തോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ചേകന്നൂര്‍ മൗലവിയുടെ ഭാര്യാപിതാവ് ബീരാന്‍കുട്ടി ഹാജി പറവണ്ണയിലെ ഏറ്റവും പഴക്കം ചെന്ന മുജാഹിദും മതപരമായ എന്തു കാര്യത്തിനും ധൈര്യസമേതം മുന്‍നിരയില്‍ നിന്നിരുന്ന ഒരു വ്യക്തിയുമായിരുന്നു. എന്നാല്‍ ഇടക്കാലത്തുവെച്ച് ചേകന്നൂര്‍ മൗലവി മുജാഹിദ് വിരുദ്ധ ആശയം വെച്ചുപുലര്‍ത്തിയപ്പോള്‍ ബീരാന്‍കുട്ടി ഹാജിയും പ്രസ്തുത ആശയങ്ങള്‍ പിന്‍പറ്റി.

എന്നാല്‍ അദ്ദേഹത്തിന്റെ ഇളയ മകന്റെയും മകളുടെയും വിവാഹം കെ. ഉമര്‍ മൗലവിയോ സെയ്ദ് മൗലവിയോ നടത്തിക്കൊടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പറവണ്ണയിലെ സി.കെ.ഏനിക്കുട്ടി സാഹിബ് ഇക്കാര്യം സെയ്ദ് മൗലവിയുടെ ശ്രദ്ധയില്‍ പെടുത്തി.

'എനിക്ക് ആരോഗ്യം വേണ്ടത്രയില്ല. എന്നിരുന്നാലും പഴയ നിലവെച്ച് നോക്കുമ്പോള്‍ എനിക്കദ്ദേഹത്തിന്റെ ആഗ്രഹം നിരസിക്കാന്‍ പറ്റിയതല്ലല്ലോ. എന്തായാലും ഈ സന്ദര്‍ഭത്തിലെ ആവശ്യം നമുക്കു കണക്കിലെടുക്കുകയും അതു നിര്‍വഹിച്ചുകൊടുക്കുകയും ചെയ്യണം'-മൗലവി പറഞ്ഞു. ഇക്കാര്യം ഏനിക്കുട്ടി സാഹിബ് ബീരാന്‍കുട്ടി ഹാജിയുടെ മൂത്ത മരുമകനെ അറിയിക്കുകയും നിക്കാഹിനു ക്ഷണിച്ചാല്‍ മൗലവി വരുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. അതനുസരിച്ച് അവര്‍ രണ്ടത്താണിയില്‍ വന്ന് മൗലവിയെ ക്ഷണിച്ചു. മൗലവി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. രണ്ടത്താണിയില്‍ അതേദിവസം രണ്ടു നിക്കാഹില്‍ പങ്കെടുക്കേണ്ടത് സി.പി.ഉമര്‍ സുല്ലമിയെ ഏല്‍പിച്ചാണ് പറവണ്ണയില്‍ പോകാമെന്നേറ്റത്.

നിക്കാഹ് ദിവസം മൗലവിയെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഏനിക്കുട്ടി സാഹിബ് തന്നെയാണ് വന്നത്. ചേകന്നൂര്‍ മൗലവി ഉള്‍പ്പെടെയുള്ളവരുള്ള സദസ്സില്‍ വെച്ച് ബീരാന്‍കുട്ടി ഹാജിയുടെ മകളുടെ നിക്കാഹ് നടത്തിക്കൊടുത്തു.

കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ ഏഴാം വാര്‍ഷികം കല്‍പകഞ്ചേരിയില്‍വെച്ചു നടന്നു. ഈ സമ്മേളനത്തില്‍വച്ചാണ് സകാത്ത് സംഘടിതമായി പിരിച്ചെടുത്ത് അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യണമെന്ന പ്രമേയം പി. സെയ്ദ് മൗലവി അവതരിപ്പിച്ചത്. കെ.കെ.ജമാലുദ്ദീന്‍ മൗലവി പ്രമേയത്തെ പിന്താങ്ങി. അവിടെവച്ചു പാസ്സാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് കെ.എന്‍.എമ്മിന്റെ കീഴില്‍ സംഘടിത സകാത്ത് പ്രസ്ഥാനം സാര്‍വത്രികമായി കേരളത്തിലാരംഭിക്കുന്നത്.

സകാത്ത് പിരിച്ചെടുക്കുന്നതിലും അത് യഥാര്‍ഥ അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന കാര്യത്തിലും മൗലവി അതീവ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തിയിരുന്നു. സ്വന്തം മഹല്ലായ രണ്ടത്താണിയില്‍ കേരളത്തിലെ മറ്റേതു മഹല്ലിനും മാതൃകയാക്കാവുന്ന രൂപത്തില്‍ ഇക്കാര്യത്തിനു മൗലവി നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഖുത്ബയിലും മറ്റു പ്രസംഗങ്ങളിലുമൊക്കെത്തന്നെ ഇക്കാര്യം ഗൗരവപൂര്‍വം ഊന്നിപ്പറയുകയും ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് രണ്ടത്താണിയില്‍ സംഘടിത സകാത്ത് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടായത്.

രണ്ടത്താണിയില്‍ വന്ന ഉടനെയുള്ള ഏതാനും കാലം പതിവായി രാത്രിയില്‍ മൗലവി ക്വുര്‍ആന്‍ ക്ലാസ്സെടുക്കാറുണ്ടായിരുന്നു. ഇശാഅ് നമസ്‌കാര ശേഷമുള്ള ക്ലാസ്സ് തീരുമ്പോഴേക്ക് അര്‍ധരാത്രി കഴിഞ്ഞിരിക്കും. വീട്ടിലേക്ക് മടങ്ങുന്നത് ഒറ്റക്കാണ്. അങ്ങാടിയുടെ അറ്റത്തുള്ള ഒരു കടയുടെ പിന്നിലെ ഒരു മുറിയിലാണ് അന്ന് മൗലവിയും കുടുംബവും താമസിച്ചിരുന്നത്.

വീട്ടിലേക്ക് ഒറ്റക്ക് നടന്നുപോയിരുന്ന മൗലവിയെ പിന്നീട് പതിവായി നാലഞ്ചാളുകള്‍ ഗ്യാസ്‌ലൈറ്റുമായി അനുഗമിക്കാന്‍ തുടങ്ങി. 'ആരുമെന്റെ കൂടെ വരേണ്ടതില്ല, ഞാനൊറ്റക്ക് പൊയ്‌ക്കൊള്ളാം' എന്നു പറഞ്ഞ് മൗലവി സ്‌നേഹപൂര്‍വം അവരെ വിലക്കും. അതൊന്നും പരിഗണിക്കാതെ അവരീ പതിവ് തുടര്‍ന്നു. ഒടുവില്‍ മൗലവിക്കെന്തോ പന്തികേട് തോന്നി, അവരോട് കൂടെ വരുന്നതിന്റെ കാരണമാരാഞ്ഞു. പല തവണ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ കാര്യം പറഞ്ഞു.

വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരു അടക്കാകളമുണ്ട്. രാത്രി ക്ലാസ്സ് കഴിഞ്ഞ് മടങ്ങുന്ന മൗലവിയെ കൊല്ലാന്‍ കുറെ അറവുറൗഡികള്‍ കത്തികളും വടികളും മറ്റായുധങ്ങളുമായി അവിടെ ഒളിച്ച് നില്‍ക്കാറുണ്ട്. മൗലവിയോടൊപ്പം അംഗരക്ഷകരായി ആളുണ്ടായതിനാല്‍ അവര്‍ക്കതിന് സാധിച്ചില്ലെന്ന് മാത്രം.

ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചതിനാണ് സ്വസമുദായത്തില്‍നിന്നും ഇത്തരം വധശ്രമങ്ങള്‍ നടന്നതെന്നതാണ് വിചിത്രം. പത്ത് വര്‍ഷത്തോളം പീടികപ്പിന്നിലെ ഇടുങ്ങിയ മുറിയില്‍ കുട്ടികളുമൊത്ത് താമസിച്ച് മടുത്തപ്പോള്‍ ഒരിക്കല്‍ മൗലവിയുടെ ഭാര്യ അദ്ദേഹം കേള്‍ക്കെ ഇങ്ങനെ പറഞ്ഞു:

''പടച്ചോനേ... ആരാന്റെ മുറ്റത്ത്ന്ന് അവനാന്റെ മുറ്റത്തൊരു നെടുംപുര വെച്ചുകെട്ടി അതിലേക്ക് മാറിത്താമസിക്കാനുള്ള വിധി എന്നാണാവോ ഉണ്ടാവുക!''

മൗലവിക്കിത് കേട്ടപ്പോള്‍ ഏറെ വിഷമമുണ്ടായി. അദ്ദേഹം പറഞ്ഞു:

''ആമ്യേ...യ്യ് കണ്ട്ട്ടില്ലേ, ഓരോരോ ആള്‍ക്കാര് റോഡ്‌വക്ക്‌ല് കഴിഞ്ഞ് കൂട്ണത്. പരമ്പോടും ശീലോണ്ടും മറകെട്ടി അതിന്റകത്ത് കഴിഞ്ഞ് കൂട്ണ്‌ല്ലേ... ഈ ദുനിയാവിലെ ജീവിതൊര് യാത്രേണ്...''

വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായൊരു വീടുണ്ടാക്കിയപ്പോള്‍ അതിലെ അസൗകര്യങ്ങള്‍ വീണ്ടും ഭാര്യ ചൂണ്ടിക്കാണിച്ചു. മൗലവി രോഷത്തോടെ പറഞ്ഞു:

''ഒന്നും ഇല്ലാത്ത അവസ്ഥയില് എന്തെങ്കിലുമൊര് തണലിനാഗ്രഹിച്ചു. ആരാന്റത് കിട്ടിയപ്പോള്‍ സ്വന്തമായിട്ടൊന്ന്ണ്ടാവാനാഗ്രഹിച്ചു. അതുമായപ്പോള്‍ സൗകര്യം പോരെന്നും. ആമ്യേ... ആദമിന്റെ മക്കള്‍ക്ക് മൊതലിനോട്ള്ള ആര്‍ത്തി തീരൂല. അഞ്ചില്‍ നാല് മാലയും സ്വര്‍ണമായാലും ഹൊ... അത് കൂടി സ്വര്‍ണായിരുന്നെങ്കില്‍ എന്നാണ് മനുഷ്യന്‍ ആഗ്രഹിക്ക്ണത്.''

ഒരു കൊടും വേനല്‍കാലം, കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും നാട്ടില്‍ ഏക ആശ്രയമായ കിണറുകളെല്ലാം വറ്റി. കുടിനീര്‍പോലും കിട്ടാതെ ജീവജാലങ്ങളൊന്നാകെ വിഷമിച്ച വര്‍ഷം. രണ്ടത്താണിയിലെ ബഹുഭൂരിപക്ഷം വരുന്ന യാഥാസ്ഥിതികര്‍ മഴക്ക് വേണ്ടി, കൊടികളുമേന്തി മമ്പുറത്തേക്ക് പുണ്യയാത്ര നടത്തി നോക്കി. ഫലമൊന്നുമില്ല. വെള്ളം കിട്ടാതെ ജീവികള്‍ വിഷമിക്കുകയാണ്. അടുത്ത വെള്ളിയാഴ്ച മൗലവി ഖുത്ബയില്‍ ജനങ്ങളിലെ തെറ്റായ വിശ്വാസങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട്, മഴക്ക് വേണ്ടി അല്ലാഹുവോടാണ് പ്രാര്‍ഥിക്കേണ്ടതെന്ന് പഠിപ്പിച്ചു. മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാനായി ഒരു ദിവസം നിശ്ചയിച്ചു.

വിവരമറിഞ്ഞ യാഥാസ്ഥിതികര്‍ പരിഹാസവുമായി രംഗത്ത് വന്നു. തീരുമാനിക്കപ്പെട്ട ദിവസം ഒരു മൈതാനിയില്‍ സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന ചെറിയൊരു സംഘം നമസ്‌കാരം തുടങ്ങിയപ്പോള്‍ പുറത്തുനിന്ന് പലരും പരിഹാസത്തോടെ പരസ്പരം പറഞ്ഞു:

''ദാ.. വഹ്ഹാബികളെ നിസ്‌കാരം തൊടങ്ങി. ഞ്ഞിവിടെ മഴ പെയ്ത് വെള്ളപ്പൊക്കണ്ടാവും.''

''ഔലിയാക്കളെ കുറ്റം പറയുന്നോരല്ലേ, ഓല് പ്രാര്‍ഥിച്ചാലൊന്നും മഴ പെയ്യാന്‍ പോണില്ല...''

ദീര്‍ഘമായ നസ്‌കാരശേഷം ആളുകള്‍ പിരിഞ്ഞ് വീട്ടിലെത്തിയില്ല. അതിനുമുമ്പേ അല്ലാഹുവിന്റെ അനുഗ്രഹം നാട്ടില്‍ വര്‍ഷിച്ചു. സമൃദ്ധമായ മഴമൂലം ആളുകള്‍ വലിയൊരു വിപത്തില്‍ നിന്ന് രക്ഷപ്പെട്ടു. പരിഹസിച്ച പലരിലും പരിവര്‍ത്തനമുണ്ടാകാന്‍ ഈ മഴ കാരണമായി എന്നത് സന്തോഷകരമായ വസ്തുത തന്നെയാണ്.

പ്രസംഗിച്ചുകൊണ്ടിരിക്കുന്ന മൗലവിയുടെ കഴുത്തിലേക്ക് തീകൊടുത്ത മാലപ്പടക്കമെറിഞ്ഞ പൊന്നാനി പ്രസംഗനാള്‍...! രാത്രി മൂന്ന് മണിക്ക് മൗലവി രണ്ടത്താണിയിലെ വീട്ടിലെത്തുമ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. മൗലവി വാതിലില്‍ മുട്ടിയപ്പോള്‍ ഭാര്യ നല്ല ഉറക്കച്ചടവില്‍ വന്ന് വാതില്‍ തുറന്നു, മൗലവിയാണെന്ന് കണ്ടപ്പോള്‍ അവര്‍ അമ്പരന്നു. നാല് ദിവസത്തെ തുടര്‍പരിപാടിക്ക് പോയ ആള്‍ ആദ്യദിവസം തന്നെ തിരിച്ചെത്തിയിരിക്കുന്നതാണ് അത്ഭുതപ്പെടാന്‍ കാരണം. അതേപ്പറ്റി ഭാര്യ ചോദിച്ചപ്പോള്‍ മൗലവി പറഞ്ഞു:

'ഒന്നുമില്ല. പരിപാടി നാളെ വേണ്ടാന്ന് തീരുമാനിച്ചു. അപ്പൊ പോന്നതാണ്.'

അകത്തേക്ക് കയറിയ മൗലവി ഭാര്യയോട് മെല്ലെ ചോദിച്ചു: 'ഇവിടെ ഭക്ഷണം എന്തെങ്കിലുമുണ്ടോ?'

'ങ്ങള് പൊന്നാനിക്കാര് വന്ന് വിളിച്ചാല് ഒന്നും ആലോചിക്കാതെ എറങ്ങിപ്പോകും... ങ്ങക്കൊരാള്‍ക്ക് ചോറ് തരാന് ഓരെക്കൊണ്ട് കയ്യൂലേ...?'

അപ്പോഴത്തെ രോഷത്തില്‍ മൗലവിയുടെ ഭാര്യ പ്രതികരിച്ചതിങ്ങനെയായിരുന്നു. വീട്ടിലാണെങ്കില്‍ ചോറോ കഞ്ഞിയോ ഒന്നുമില്ല. ഉണ്ടാക്കാമെന്ന് വച്ചാല്‍ അതിനുവേണ്ട സാധനങ്ങളുമില്ല. എന്തു ചെയ്യുമെന്നാലോചിക്കുമ്പോള്‍ മൗലവി ദയനീയമായി പറഞ്ഞു: 'അവര് ഭക്ഷണം തരാത്തതു കൊണ്ടൊന്നുമല്ല, ഞാന് എളുപ്പം എത്താന്‍ വേണ്ടി പോന്നതാണ്. ഇവിടെ ചായേ, വെള്ളോ എന്തെങ്കിലുമുണ്ടോ?'

ഭാര്യ ഉടന്‍ ചായയുണ്ടാക്കിക്കൊടുത്തു. കുടിക്കുന്നതിനിടയില്‍, ഇത്രവേഗം യോഗം അവസാനിപ്പിക്കാനുള്ള കാരണത്തെപ്പറ്റി നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ മൗലവി ചിരിച്ചുകൊണ്ട് വീട്ടിന്റെ ഇറയിലേക്ക് വിരല്‍ ചൂണ്ടി. അവിടെ മേല്‍പുരയില്‍ ഉണ്ടപോലെന്തോ തിരുകിവെച്ചിരിക്കുന്നു. പുറത്തെ ടുത്തപ്പോള്‍ കുപ്പായവും തുണിയുമാണെന്ന് മനസ്സിലായി. നിവര്‍ത്തി നോക്കിയപ്പോള്‍ ഭാര്യയാകെ അമ്പരന്നുപോയി. കുപ്പായത്തിലും തുണിയിലും നിറയെ ചോരപ്പാടുകള്‍, നിറയെ അഴുക്കും ചെളിയും! പോരാത്തതിന് മുഴുവനും കീറിയിരിക്കുന്നു!

പൊന്നാനിയില്‍ നിന്ന് മടങ്ങിവന്ന മൗലവി, തനിക്ക് പറ്റിയ മുറിവുകള്‍ കഴുകി ചോര കളഞ്ഞ്, ചോര പുരണ്ട വസ്ത്രം അഴിച്ച് മറ്റൊന്നെടുത്ത് വൃത്തിയായ ശേഷമാണ് ഭാര്യയെ വിളിച്ചത്. ചോരപുരണ്ട വസ്ത്രത്തോടെ തന്നെക്കണ്ടാല്‍ ഭാര്യയും മക്കളും പരിഭ്രമിച്ചേക്കുമോ എന്നായിരുന്നു മൗലവിയുടെ പേടി.

മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് അല്‍പം രക്തം കയറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞു. റിട്ടയേര്‍ഡ് ഡി.എം.ഒ ആയിരുന്ന ഡോ. റാബിയ അന്ന് രണ്ടത്താണിയിലുണ്ടായിരുന്നു. അവരായിരുന്നു ചികിത്സ, അന്‍സാരിയുടെ മകന്‍ നസീമിന്റെ എ. പോസിറ്റീവ് രക്തം തന്നെ കയറ്റി.

ആഗസ്റ്റ് ഇരുപതാം തിയതിയാണ് അസുഖം കലശലായത്. അന്ന് വൈകിട്ട് ഗ്ലൂക്കോസ് കയറ്റേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അന്‍സാരി ഗ്ലൂക്കോസുമായി വന്നപ്പൊഴേക്കും മൗലവിക്ക് കലശലായ ശ്വാസംമുട്ടല്‍ തുടങ്ങിയിരുന്നു. അപ്പോഴേക്കും സി.പി.ഉമര്‍ സുല്ലമിയും ചെമ്മാട്ടുനിന്നും ഡോ. അബൂബക്കറും എത്തിയിരുന്നു. ഓക്‌സിജന്‍ കൊടുത്താല്‍ തരക്കേടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാം പെട്ടന്നെുതന്നെ ശരിയായി. ഓക്‌സിജന്‍ കൊടുത്തു തുടങ്ങി മൂന്നു മിനുട്ടു കഴിഞ്ഞപ്പോഴേക്കും അതെടുക്കാന്‍ മൗലവി തിടുക്കം കൂട്ടി.

'ഉപ്പാ, ഓക്‌സിജനാണ്. ഇത് വെച്ചാല്‍ അല്‍പം ആശ്വാസമുണ്ടാകും'- അന്‍സാരി പറഞ്ഞു.

'മോനേ, ആ ആശ്വാസം ഉപ്പാക്കു വേണ്ട. ഉപ്പാക്ക് അല്ലാഹു നല്‍കുന്ന ആശ്വാസം മാത്രം മതി' അതായിരുന്നു മൗലവി അവസാനം പറഞ്ഞ വാചകം.

അതുവരെ അന്‍സാരിയുടെ ചുമലില്‍ ചാരിയാണ് മൗലവി കിടന്നത്. രാത്രി ഒമ്പതുമണികഴിഞ്ഞു കാണും. അതുവരെ ഓടിത്തളര്‍ന്ന് അന്‍സാരിയും ക്ഷീണിച്ചിരുന്നു. 'നീ പോയി എന്തെങ്കിലും കഴിച്ചിട്ടു വന്നോളൂ'- ഡോക്ടര്‍ അബൂബക്കര്‍ പറഞ്ഞു. അന്‍സാരി അകത്തുപോയി. മകളുടെ ഭര്‍ത്താവ് അബ്ദുസ്സമദിന്റെ ചുമലില്‍ ചാരിക്കിടന്ന മൗലവി തനിക്കു കിടക്കണമെന്നു പറഞ്ഞു. അസുഖം കലശലായ ശേഷം ആദ്യമായാണ് മൗലവി കിടക്കണമെന്നു പറയുന്നത്. 'ലാ ഇലാഹ ഇല്ലല്ലാഹ്' മൗലവിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു. ഇതിനിടെ ഇശാഅ് നമസ്‌കരിക്കാന്‍ പോയിരുന്ന സി.പി.ഉമര്‍ സുല്ലമി മടങ്ങിയെത്തി. 'അസ്സലാമു അലൈക്കും' സി.പി സലാം ചൊല്ലിയാണു കയറിയത്. സെയ്ദ് മൗലവി പ്രത്യഭിവാദ്യമായി കൈയുയര്‍ത്തിയെങ്കിലും ശബ്ദമൊന്നും പുറത്തുവന്നില്ല. രാത്രി പതിനൊന്നേ പത്തിനായിരുന്നു മൗലവി ഈ ലോകത്തോട് യാത്ര പറഞ്ഞത്.

അസുഖമായി കിടക്കുന്ന വിവരം പത്രത്തില്‍ കൊടുക്കുന്നതിനു പലരും സമ്മതം ചോദിച്ചെങ്കിലും മൗലവി സമ്മതിച്ചിരുന്നില്ല. അറിഞ്ഞവര്‍ വന്നോട്ടെ എന്നായിരുന്നു മൗലവിയുടെ നിലപാട്. എങ്കിലും കേട്ടറിഞ്ഞ് നിത്യവും ധാരാളം പേര്‍ എത്തി. ഓരോദിവസവും നൂറും നൂറ്റമ്പതും ഇരുന്നൂറും പേര്‍ കാണും. മൗലവിയുമായി ബന്ധമുള്ള മിക്ക ആളുകളും ഇങ്ങനെ എത്തിയിരുന്നു.

മൗലവി മരിച്ച വിവരം പിറ്റേദിവസം രാവിലെ റേഡിയോ വാര്‍ത്തയില്‍ പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള വമ്പിച്ചൊരു ജനാവലി മൗലവിയുടെ ജനാസയില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയിരുന്നു. 1990 ആഗസ്റ്റ് 21ന് വൈകുന്നേരം നാലു മണിയോടെ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം അദ്ദേഹം നാലു പതിറ്റാണ്ടു കാലത്തോളം സേവനമനുഷ്ഠിച്ച രണ്ടത്താണി മസ്ജിദുറഹ്മാനി പള്ളിയുടെ ക്വബ്ര്‍ സ്ഥാനില്‍ മയ്യിത്ത് ക്വബ്‌റടക്കി.

(അവസാനിച്ചു)