പ്രവാചക ചര്യകളും മുസ്‌ലിംകളും

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 ഒക്ടോബര്‍ 30 1442 റബിഉല്‍ അവ്വല്‍ 23

ഈമാന്‍ കാര്യങ്ങളില്‍ നാലാമത്തെതാണ് അല്ലാഹുവിന്റെ ദൂതന്മാരിലുള്ള വിശ്വാസം അഥവാ പ്രവാചകന്മാരിലുള്ള വിശ്വാസം. ലോകത്ത് കഴിഞ്ഞുപോയിട്ടുള്ള മുഴുവന്‍ പ്രവാചകന്മാരിലും ഒരു മുസ്‌ലിം വിശ്വസിക്കുമ്പോഴേ അയാള്‍ യഥാര്‍ഥ വിശ്വാസിയാവുകയുള്ളൂ.

ജിബ്‌രീല്‍(അ) നബിﷺ യുടെ അടുക്കല്‍ തൂവെള്ള വസ്ത്രം ധരിച്ച്, മുടി ജഡപിടിച്ചിട്ടില്ലാതെ, യാത്രയുടെ അടയാളമൊന്നുമില്ലാതെ, മനുഷ്യരൂപത്തില്‍ വന്നതും നബിﷺ യുടെ മുന്നില്‍ മുട്ടുരുമ്മി തന്റെ കൈകള്‍ പ്രവാചകന്റെ തുടകളില്‍ വെച്ച് ഇരുന്നതും പ്രവാചകനോട് സ്വഹാബത്ത് കേള്‍ക്കെ ചില ചോദ്യങ്ങള്‍ ചോദിക്കുന്നതുമൊക്കെ 'ഹദീഥുജിബ്‌രീല്‍' എന്നറിയപ്പെടുന്ന ഹദീഥില്‍ കാണാം; എന്താണ് ഈമാന്‍? അതിന് നബിﷺ നല്‍കുന്ന മറുപടി ഇപ്രകാരമാണ്: 'നീ അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ പ്രവാചകന്മാരിലും അന്ത്യദിനത്തിലും ക്വദ്‌റിലും (നന്മയും തിന്മയും അല്ലാഹുവില്‍ നിന്നാണെന്നുള്ള വിധിയില്‍) വിശ്വസിക്കലാണ്.'

ലോകത്ത് അല്ലാഹു നിയോഗിച്ച പ്രവാചകന്മാരില്‍ അന്തിമനാണ് മുഹമ്മദ് നബിﷺ . മുഹമ്മദ് നബിﷺ ക്ക് ശേഷം ഇനിയൊരു പ്രവാചകന്‍ ലോകത്ത് വരാനില്ല. അവിടുന്ന് അവസാനനാളുവരെയുമുള്ള മുഴുവന്‍ ജനതയിലേക്കും അയക്കപ്പെട്ട പ്രവാചകനാണ്. ആ പ്രവാചകനെ സ്വജീവെനക്കാളേറെ സ്‌നേഹിക്കല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. അങ്ങനെ ജീവിച്ചവരായിരുന്നു സ്വഹാബിമാര്‍.

ഇബ്‌നുഉമര്‍(റ) പ്രാചകചര്യകളെ അനുധാവനം ചെയ്യുന്നതില്‍ കൂടുതല്‍ കണിശത പുലര്‍ത്തയാളായിരുന്നു. അതിന് ഒരു ഉദാഹരണം കാണുക; നാഫിഅ്(റ) ഉദ്ധരിക്കുന്നു: 'തിരുദൂതര്‍ﷺ ഹജ്ജില്‍നിന്ന് യാത്ര ചെയ്ത് ആഗതമായപ്പോള്‍ ബത്വ്ഹാഇല്‍ വെച്ച് നമസ്‌കരിച്ചു. പിന്നീട് മദീനയില്‍ പ്രവേശിച്ചപ്പോള്‍ മസ്ജിദിന്റെ വാതില്‍ക്കല്‍ ഒട്ടകത്തെ മുട്ടുകുത്തിച്ച് മസ്ജിദില്‍ പ്രവേശിച്ച് തിരുദൂതര്‍ﷺ രണ്ട് റക്അത്ത് നമസ്‌കരിച്ചു. പിന്നീട് വീട്ടിലേക്ക് പിരിഞ്ഞുപോയി.' നാഫിഅ്(റ) പറയുന്നു: 'അബ്ദുല്ലാഹ് ഇബ്‌നുഉമറും(റ) ഹജ്ജ് യാത്രയില്‍ ഇപ്രകാരം ചെയ്യുമായിരുന്നു.'

മുഹമ്മദ് നബിﷺ ഒരു കാര്യം ചെയ്തുകണ്ടാല്‍ അതിന്റെ കാരണമന്വേഷിക്കാതെ തന്നെ സ്വഹാബികള്‍ അദ്ദേഹത്തെ പിന്തുടരുമായിരുന്നു. ഒരിക്കല്‍ റസൂല്‍ﷺ ഒരു സ്വര്‍ണമോതിരം ധരിച്ചു. അതുകണ്ട സ്വഹാബികളും സ്വര്‍ണമോതിരമണിഞ്ഞു. പിന്നീട് നബിﷺ അതൊഴിവാക്കിക്കൊണ്ട് പറഞ്ഞു: ''ഇനി ഞാനൊരിക്കലും ഇതുപയോഗിക്കുകയില്ല. അപ്പോള്‍ ജനങ്ങളും അതൊഴിവാക്കി.''(ബുഖാരി)

ഇതുപോലെ എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് സ്വഹാബത്തിന്റെ ജീവിത ചരിത്രത്തില്‍ കാണാന്‍ സധിക്കും.

അബുസഈദില്‍ഖുദ്‌രി(റ) പറയുന്നു:''ഞങ്ങളൊരിക്കല്‍ നബിﷺ യുടെ കൂടെ നമസ്‌കരിക്കാന്‍ നില്‍ക്കുകയാണ്. നബി തന്റെ ചെരിപ്പഴിച്ചു ഇടതുഭാഗത്ത് വെച്ചു. ഇതുകണ്ട സ്വഹാബത്തും അതേപോലെ ചെയ്തു. നമസ്‌കാരം കഴിഞ്ഞ് നബിﷺ ചോദിച്ചു: 'നിങ്ങളെല്ലാം എന്തിനാണ് ചെരിപ്പ് അഴിച്ചുവെച്ചത്?' അവര്‍ പറഞ്ഞു: 'അങ്ങ് ചെയ്തതുകൊണ്ട്.' നബിﷺ പറഞ്ഞു: 'എന്റെ ചെരുപ്പിന്മേല്‍ അശുദ്ധിയുണ്ടെന്ന് ജിബ്‌രീല്‍(അ) അറിയിച്ചതുകൊണ്ടാണ് ഞാനങ്ങനെ ചെയ്തത്.'' (അഹ്മദ്)

ഇബ്‌നുസഅദ്(റ) തന്റെ ത്വബകാത്തില്‍ ഉദ്ധരിച്ച ഒരു സംഭവം കാണുക: ''നബിﷺ ജനങ്ങള്‍ക്ക് ഇമാമായി ദുഹ്ര്‍ നമസ്‌കരിക്കുകയാണ്. രണ്ടു റക്അത്ത് കഴിഞ്ഞപ്പോള്‍ മസ്ജിദുല്‍ ഹറാമിലേക്ക് തിരിഞ്ഞു നമസ്‌കരിക്കാനുള്ള കല്‍പന വന്നു. അതുവരെ ബൈത്തുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞുകൊണ്ടായിരുന്നു നമസ്‌കരിച്ചിരുന്നത്. നമസ്‌കാരത്തിനിടയില്‍ തന്നെ നബിﷺ മസ്ജിദുല്‍ ഹറാമിലേക്ക് തിരിഞ്ഞു. ഇതുകണ്ട് കൂടെയുണ്ടായിരുന്നവരും തിരിഞ്ഞു.''

നബിﷺ യെ അനുസരിക്കുന്ന കാര്യത്തില്‍ സ്വഹാബത്തിന്റെ പ്രതിബദ്ധത തെളിയിക്കുന്ന ഒരു ഉദാഹരണവും കൂടി കാണുക.

അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഒരിക്കല്‍ ജുമുഅ നമസ്‌കാരത്തിന് പള്ളിയിലെത്തിയപ്പോള്‍ നബിﷺ പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം വാതില്‍ക്കലെത്തിയതേയുള്ളു. അപ്പോള്‍ കേള്‍ക്കുന്നത് 'നിങ്ങള്‍ ഇരിക്കുവിന്‍' എന്ന നബിﷺ യുടെ കല്‍പനയാണ്. ഇതു കേട്ടമാത്രയില്‍ അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ) വാതില്‍ക്കല്‍ ഇരുന്നു. ഇത് കണ്ട് നബിﷺ വിളിച്ചുപറഞ്ഞു: 'അബ്ദുല്ലാ, മുന്നോട്ട് വന്നിരിക്കൂ.'' (അബൂദാവൂദ്)

ഇതായിരുന്നു സ്വഹാബത്തിന്റെ രീതി. അവര്‍ പ്രവാചകനെ അങ്ങേയറ്റം സ്‌നേഹിച്ചു. ആ പ്രവാചകനെ അവര്‍ ഹൃദയത്തിലേറ്റി.

ഒരിക്കല്‍ ഒരു ഗ്രാമീണനായ അറബി പ്രവാചകനോട് ചോദിച്ചു: ''പ്രവാചകരേ, എപ്പോഴാണ് അന്ത്യദിനം സംഭവിക്കുക?'' തിരുനബിﷺ അദ്ദേഹത്തോട് തിരിച്ച് ചോദിച്ചു: ''അതിനായി എന്താണ് താങ്കള്‍ ഒരുക്കിവെച്ചിട്ടുള്ളത്?'' അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്‌നേഹമാണ് ഞാന്‍ ഒരുക്കിവെച്ചത്.'' ഇതുകേട്ട പ്രവാചകന്‍ﷺ അദ്ദേഹത്തോട് പറഞ്ഞു: ''താങ്കള്‍ ഇഷ്ട്ടപ്പെട്ടവരുടെ കൂടെയായിരിക്കും (പരലോകത്ത്).''

പ്രവാചകന്റെ ഈ വാക്കില്‍ തങ്ങള്‍ അങ്ങേയറ്റം സന്തോഷിച്ചിരുന്നതായി ഈ സംഭവം ഉദ്ധരിച്ചുകൊണ്ട് മഹാനായ അനസ്(റ) പറയുന്നത് കാണാം. പ്രവാചകന്റെ അത്രയൊന്നും കര്‍മങ്ങള്‍ കൊണ്ട് ഉയരാന്‍ സാധിച്ചില്ലങ്കിലും സ്‌നേഹംകൊണ്ട് പരലോകത്ത്  പ്രവാചകന്റെ സഹവാസം കിട്ടുമല്ലോ എന്ന സന്തോഷമാണ് അവര്‍ക്കുണ്ടായിരുന്നത്.

തങ്ങളുടെ ജീവനെക്കാളേറെ സ്‌നേഹിക്കുന്ന പ്രവാചകന് ഒരു പോറലേല്‍ക്കുന്നതുപോലും അവര്‍ ഇഷ്ടപ്പെട്ടില്ല. ശത്രുക്കള്‍ വധശിക്ഷക്ക് വിധേയനാക്കാന്‍ പോകുന്ന ഒരു സ്വഹാബിയോട് വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പായി 'നിന്നെ മോചിപ്പിക്കുകയും പകരം മുഹമ്മദിനെ വധിക്കുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുമോ' എന്ന് ചോദിച്ചപ്പോള്‍ 'അല്ലാഹുവിന്റെ റസൂലിന്റെ കാലില്‍ ഒരു മുള്ള് തറക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല' എന്ന് മറുപടിയാണ് നല്‍കിയത് എന്ന കാര്യം സ്വഹാബിമാരുടെ പ്രവാചകസ്‌നേഹം എത്രമാത്രമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നു. 

ഉഹ്ദ് യുദ്ധദിവസം അബൂത്വല്‍ഹ(റ) നബിﷺ യോട് പറഞ്ഞു: ''ശത്രുക്കളുടെ ഒരു അമ്പുപോലും താങ്കള്‍ക്ക് ഏല്‍ക്കുകയില്ല. എന്റെ നെഞ്ചുണ്ട് താങ്കളുടെ നെഞ്ചിന്റെ താഴെ.'' (ബുഖാരി)

അംറുബ്‌നുല്‍ആസ്വ്(റ) ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം പറയുകയുണ്ടായി: ''ഇസ്‌ലാമിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹത്തെക്കാള്‍ എനിക്ക് വെറുപ്പുണ്ടായിരുന്ന ഒരു വ്യക്തിയുമുണ്ടായിരുന്നില്ല. ഞാന്‍ മുസ്‌ലിമായപ്പോള്‍ തിരുമേനിയെക്കാള്‍ ഇഷ്ടമുള്ള മറ്റൊരു വ്യക്തിയുമുണ്ടായിരുന്നില്ല!''

പരലോകവിജയത്തിന് സഹായകമാകുന്ന ചെറുതും വലുതുമായ മുഴുവന്‍ കാര്യങ്ങളും അവിടുന്ന് തന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. അവിടുന്ന് എല്ലാ അര്‍ഥത്തിലും മാതൃകാപൂര്‍ണനാണ്. അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്.'' (33:21)

''നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.'' (59:7)

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ''നിങ്ങളോട് കല്‍പിച്ചതെന്തോ അത് നിങ്ങള്‍ ചെയ്യുക. എന്തിനെ തൊട്ടാണോ നിങ്ങളെ തടഞ്ഞത് അത് നിങ്ങള്‍ വെടിയുക. നിശ്ചയം അദ്ദേഹം നന്മയെക്കൊണ്ടാണ് കല്‍പിക്കുന്നത്. തിന്മയെതൊട്ടാണ് തടയുന്നത്.'' (ഇബ്‌നുകഥീര്‍ വാള്യം 4, പേജ് 400).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; നബിﷺ പറഞ്ഞു: ''വല്ലവരും സന്മാര്‍ഗത്തിലേക്ക് ഒരാളെ ക്ഷണിച്ചാല്‍ അത് പിന്‍പറ്റിയവരുടെ അതേ പ്രതിഫലം അവനും ലഭിക്കുന്നതാണ്. അത് അവരുടെ പ്രതിഫലം ഒട്ടും ചുരുക്കിക്കളയുന്നില്ല. വല്ലവനും ദുര്‍മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അത് തുടര്‍ന്നവരുടെ കുറ്റവും അവനുണ്ടായിരിക്കും. അത് അവരുടെ കുറ്റത്തെ ഒട്ടും ചുരുക്കിക്കളയുന്നതുമല്ല.'' (മുസ്‌ലിം)

'ഒരു സുന്നത്ത് (നബിചര്യ) സ്ഥിരപ്പെട്ടാല്‍ ജനങ്ങളില്‍ ചിലര്‍ ഉപേക്ഷിച്ചു എന്നതുകൊണ്ടോ, ഭൂരിഭാഗംപേരും ഉപേക്ഷിച്ചു എന്നതുകൊണ്ടോ, എല്ലാവരും ഉപേക്ഷിച്ചു എന്നതുകൊണ്ടോ സുന്നത്ത് ഉപേക്ഷിക്കപ്പെടാവതല്ല' (ശര്‍ഹുമുസ്‌ലിം).

നബിചര്യയുടെ  പ്രാധാന്യം മനസ്സിലാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യല്‍ വിശ്വാസികളുടെ ബാധ്യതയാണ്. ക്വുര്‍ആനിലും ഹദീഥുകളിലും അതുമായി ബന്ധപ്പെട്ട അനേകം തെളിവുകള്‍ നമുക്ക് കണ്ടെത്താവുന്നതാണ്. സുന്നത്ത് ഉള്‍ക്കൊണ്ട ജീവിക്കുവാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും അതില്‍നിന്ന് തെന്നിമാറി അവക്കെതിരില്‍ ജീവിക്കുന്നതിനെ വിലക്കുകയും ചെയ്യുന്ന തെളിവുകളും നമുക്ക് പ്രമാണങ്ങളില്‍ കാണാന്‍ കഴിയും.

നബിﷺ യില്‍നിന്നും ജാബിര്‍(റ) ഉദ്ധരിക്കുന്നത് കാണുക: ''ചര്യകളില്‍ ഏറ്റവും ഉത്തമമായത് നബിﷺ യുടെ ചര്യയാണ്.'' (ഇബ്‌നുമാജ)

ഇര്‍ബാളുബ്‌നു സാരിയ(റ)യില്‍നിന്നുള്ള മറ്റൊരു ഹദീഥ് ശ്രദ്ധിക്കുക: ''നിങ്ങള്‍ എന്റെ സുന്നത്തും (ചര്യയും) എനിക്ക് ശേഷം വരുന്ന സച്ചരിതരായ ഖലീഫമാരുടെ ചര്യയും പിന്‍പറ്റുക. അത് നിങ്ങളുടെ അണപ്പല്ലുകള്‍കൊണ്ട് കടിച്ചുപിടിക്കുക. നൂതനാചാരങ്ങളെ നിങ്ങള്‍ കരുതിയിരിക്കുക. നിശ്ചയം നൂത നാചാരങ്ങളെല്ലാം ദുര്‍മാര്‍ഗമാണ്.'' (അബൂദാവൂദ്, തിര്‍മിദി)

നബിﷺ യെ പിന്‍പറ്റി ജീവിക്കല്‍ അടിമക്ക് അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെയും അല്ലാഹുവിന്റെ സ്‌നേഹം അടിമക്ക് ലഭിക്കുന്നതിന്റെയും അടയാളവുമായാണ് വിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

''(നബിയേ), പറയുക; നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.'' (3:31)

നബിﷺ പറയുന്നു: ''വല്ലവനും ഇസ്‌ലാമില്‍ ഒരു നല്ല വിഷയത്തിന് മാതൃക കാണിച്ചാല്‍ അവന് അതിന്റെ പ്രതിഫലവും അതിനെ തുടര്‍ന്ന് പ്രസ്തുത കര്‍മം അനുഷ്ഠിക്കുന്നവന്റെയും പ്രതിഫലം ഉണ്ടായിരിക്കും. അതാകട്ടെ അവരുടെ പ്രതിഫലത്തില്‍ ഒട്ടും കുറവു വരുത്തുന്നതുമല്ല.'' (മുസ്‌ലിം)

പ്രമുഖ പണ്ഡിതനായിരുന്ന മുഹമ്മദുബ്‌നു സ്വാലിഹ് ഉഥൈമീന്‍(റഹി) പറയുന്നു: ''അവഗണിക്കപ്പെട്ടിരുന്ന ഒരു സുന്നത്തിനെ ഒരാള്‍ ജീവിപ്പിക്കുക (പ്രവര്‍ത്തിച്ച് മാതൃക കാണിക്കുക) എന്നതാണ് ഇവിടെ 'സന്ന' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതല്ലാതെ അവന്‍ തന്റെ വകയായി ഒരു നൂതനാചാരം നിര്‍മിച്ചുണ്ടാക്കലല്ല. നിശ്ചയം, സുന്നത്ത് പൂര്‍ണമായും നഷ്ടപ്പെട്ട ശേഷമാണ് അത് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കര്‍മത്തിന്റെ ശ്രേഷ്ഠതയും സുന്നത്ത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന്റെ മഹത്ത്വവും ശക്തമായിത്തീരുന്നു.''

നബിﷺ യില്‍നിന്ന് സ്ഥിരപ്പെട്ട് വന്നിട്ടുള്ളതും എന്നാല്‍ ഇന്ന് സമൂഹം വിസ്മരിച്ചുകൊണ്ടിരിക്കുന്നതുമാ യ ഏതാനും സുന്നത്തുകളെയാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുവാന്‍ പോകുന്നത്. (ഇന്‍ശാ അല്ലാഹ്)

1. നമസ്‌കാര ശേഷമുള്ള ദിക്‌റുകള്‍

നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞാല്‍ സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നിങ്ങനെ ദിക്‌റുകള്‍ ചൊല്ലാന്‍ നബിﷺ പഠിപ്പിച്ചിട്ടുണ്ട്. ഈ ദിക്‌റുകള്‍ നാലു രൂപത്തില്‍ വന്നിട്ടുണ്ട്. ഇതില്‍ ഒന്നുമാത്രമാണ് ഇന്ന് സമൂഹത്തില്‍ ഭൂരിഭാഗം ആളുകളും ചെയ്തുവരുന്നത്.

നബിﷺ പഠിപ്പിച്ച നാലു രൂപങ്ങള്‍:

1). 'സുബ്ഹാനല്ലാഹ്' 33 പ്രാവശ്യം, 'അല്‍ഹംദുലില്ലാഹ്' 33 പ്രാവശ്യം, 'അല്ലാഹു അക്ബര്‍' 33 പ്രാവശ്യം, 'ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാശരീകലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ക്വദീര്‍' എന്ന് ഒരു തവണയും ചൊല്ലി നൂറു തികക്കല്‍.

നബിﷺ യില്‍നിന്ന്, അബൂഹുറയ്‌റ(റ) നിവേദനം: ''ആരെങ്കിലും എല്ലാ നമസ്‌കാരശേഷവും 'സുബ്ഹാനല്ലാഹ്' എന്ന് 33 തവണയും 'അല്‍ഹംദുലില്ലാഹ്' എന്ന് 33 തവണയും 'അല്ലാഹു അക്ബര്‍' എന്ന് 33 തവണയും ചൊല്ലിയാല്‍ 99 ആകും.'' പിന്നീട് നബിﷺ പറഞ്ഞു: ''നൂറ് തികക്കാന്‍ 'ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു ലഹുല്‍മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശയ്ഇന്‍ ക്വദീര്‍' എന്നു ചൊല്ലുക. എന്നാല്‍ കടലിലെ നുരകളോളം പാപങ്ങളുണ്ടെങ്കിലും അതെല്ലാം പൊറുക്കപ്പെടും.'' (മുസ്‌ലിം)

2). സൈദ് ഇബ്‌നു ഥാബിത്(റ) പറഞ്ഞു: ''ഓരോ നമസ്‌കാരശേഷവും 'സുബ്ഹാല്ലാഹ്' 33 തവണയും അല്‍ഹംദുലില്ലാഹ്' 33 തവണയും 'അല്ലാഹു അക്ബര്‍' എന്ന് 34 തവണയും ചൊല്ലാന്‍ ഞങ്ങള്‍ കല്‍പിക്കപ്പെട്ടു...'' (അഹ്മദ്)

3). സൈദ് ഇബ്‌നു ഥാബിത്(റ) പറഞ്ഞു: ''...അന്‍സ്വാരികളില്‍പെട്ട ഒരാള്‍ അദ്ദേഹത്തോട് ഇപ്രകാരം പറയപ്പെടുന്നതായി ഒരു സ്വപ്‌നം കണ്ടു: 'നിങ്ങളോട് നബിﷺ 33 പ്രാവശ്യം വീതം തസ്ബീഹും തഹ്മീദും തക്ബീറും ചൊല്ലാന്‍ കല്‍പിച്ചിരിക്കുന്നുവോ?' അദ്ദേഹം പറഞ്ഞു: 'അതെ.' 'എന്നാല്‍ നിങ്ങള്‍ ഇരുപത്തിയഞ്ച് പ്രാവശ്യം തസ്ബീഹും ഇരുപത്തിയഞ്ച് പ്രാവശ്യം തഹ്മീദും ഇരുപത്തിയഞ്ച് പ്രാവശ്യം തക്ബീറും ഇരുപത്തിയഞ്ച് പ്രാവശ്യം തഹ്‌ലീലും ചൊല്ലുക. അപ്പോള്‍ നൂറ് ആയി.' നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹം ഇക്കാര്യം നബിﷺ യോട് പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ﷺ പറഞ്ഞു: 'നിങ്ങള്‍ അന്‍സ്വാരി പറഞ്ഞ പ്രകാരം ചെയ്തുകൊള്ളുക.'' (നസാഈ)

ഈ ഹദീഥ് പ്രകാരം 'സുബ്ഹാനല്ലാഹ്' 25 തവണയും 'അള്‍ഹംദുലില്ലാഹ്' 25 തവണയും 'അല്ലാഹു അക്ബര്‍' 25 തവണയും 'ലാ ഇലാഹ ഇല്ലല്ലാഹ്' 25 തവണയും ചൊല്ലാവുന്നതാണ്.

4). അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം; നബിﷺ പറഞ്ഞു:'''രണ്ട് കാര്യങ്ങളുണ്ട്, അല്ലെങ്കില്‍ രണ്ട് പ്രത്യേകതകള്‍. ആ രണ്ട് കാര്യങ്ങളും ശ്രദ്ധിച്ചുപോരുന്ന മുസ്‌ലിമിന് സ്വര്‍ഗമുണ്ട്. അത് വളരെ എളുപ്പമാണ്. പക്ഷേ, അത് നിര്‍വഹിക്കുന്നവര്‍ കുറവുമാണ്. ഓരോ നമസ്‌കാരശേഷവും 'സുബ്ഹാനല്ലാഹ്' എന്ന് പത്തുതവണ പറയുക.''അല്‍ഹംദുലില്ലാഹ്' എന്നു പത്ത് തവണ പറയുക.''അല്ലാഹു അക്ബര്‍' എന്നു പത്തുതവണ പറയുക. അപ്പോള്‍ നാവുകൊണ്ട് (ഒരുദിവസം) 150 ആകും. പിന്നെ അവന്‍ കിടക്കുമ്പോള്‍ 'സുബ്ഹാനല്ലാഹ്' 33ഉം, 'അല്‍ഹംദുലില്ലാഹ്' 33ഉം,''അല്ലാഹു അക്ബര്‍''34ഉം തവണ പറയുമ്പോള്‍ എണ്ണത്തില്‍ 100ഉം പ്രതിഫലത്തില്‍ 1000വും എന്ന് വലതുകൈകൊണ്ട് എണ്ണിക്കാണിച്ചു. സ്വഹാബത്ത് ചോദിച്ചു: 'പ്രവാചകരേ, ചെയ്യാന്‍ എളുപ്പമായിട്ടും അത് ചെയ്യുന്നവര്‍ കുറവായിരിക്കുമെന്ന് താങ്കള്‍ പറയാന്‍ കാരണമെന്താണ്?' നബിﷺ പറഞ്ഞു:''നിങ്ങള്‍ ഉറങ്ങുന്ന സമയത്ത് പിശാച് നിങ്ങളുടെ അടുത്ത് വരും. നിങ്ങളോടവന്‍ വേഗത്തില്‍ ഉറങ്ങിക്കോ എന്ന് പറയും. അങ്ങനെ നിങ്ങളത് ചൊല്ലാതെ ഉറങ്ങും. നിങ്ങള്‍ നമസ്‌കരിച്ചു കഴിഞ്ഞാല്‍ പിശാച് നിങ്ങളുടെ അടുത്തുവരും. ആവശ്യങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തും. അങ്ങനെ അത് ചൊല്ലാതെ നിങ്ങള്‍ എഴുന്നേറ്റുപോകും.''(അബൂദാവൂദ്)

നമസ്‌കാരം കഴിഞ്ഞാല്‍ ഒരുപാട് തിരക്കുകളും മറ്റുമൊക്കെയുള്ള ആളുകള്‍ സലാം വീട്ടിയ ഉടനെ എഴുന്നേറ്റ് തങ്ങളുടെ ആവശ്യങ്ങളില്‍ മുഴുകുന്നതു കാണാം. പലപ്പോഴും ദിക്ര്‍ ചൊല്ലാന്‍ കൂട്ടാക്കാറുമില്ല. ദിക്‌റുകളെല്ലാം ചൊല്ലിത്തീരാനെടുക്കുന്ന സമയദൈര്‍ഘ്യം ഓര്‍ത്താണ് പലരും എഴുന്നേറ്റ് പോകുന്നത്. അത്തരക്കാര്‍ക്ക് പോലും എളുപ്പത്തില്‍ ദിക്‌റെടുത്ത് തീര്‍ക്കാനുള്ള രൂപമാണ് മുകളില്‍ വിശദീകരിച്ചത്. ചെറിയ സമയംകൊണ്ട് ചൊല്ലിത്തീരാവുന്നതും വലിയ പ്രതിഫലം ലഭിക്കുന്നതുമായ ഇത്തരം ദിക്‌റുകളെ ജീവിതത്തിന്റെ ഭാഗമാക്കുന്നതില്‍ ഇനിയും അലസതയുണ്ടായിക്കൂടാ. 

മുകളില്‍ പറഞ്ഞ രൂപത്തിലുള്ളവ മാറി മാറി ഓരോ നിര്‍ബന്ധ നമസ്‌കാരശേഷവും ചൊല്ലിയാല്‍ അല്ലാഹുവിന്റെ റസൂലിന്റെ സുന്നത്തുകളെ മുറുകെപിടിക്കുന്നവരായി നമുക്ക് മാറുവാന്‍ സാധിക്കും. എല്ലാം വ്യത്യസ്ത രൂപത്തിലുള്ള പ്രതിഫലം ലഭിക്കുന്നവയുമാണ് എന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. (അവസാനിച്ചില്ല)