കാരുണ്യവാന്റെ കരുണയുള്ള മതം

ഉസ്മാന്‍ പാലക്കാഴി

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു പരമകാരുണികനാണ്. ഒരു മാതാവിന് തന്റെ കുഞ്ഞിനോടുള്ളതിനെക്കാള്‍ കാരുണ്യം അല്ലാഹുവിന് തന്റെ ദാസന്മാരോടുണ്ട്. അവന്‍ നമ്മെ സൃഷ്ടിച്ചതും നമുക്ക് അന്നപാനീയങ്ങള്‍ തരുന്നതും സൗഖ്യം നല്‍കുന്നതും വസ്ത്രം തരുന്നതും മഴ വര്‍ഷിപ്പിക്കുന്നതും സസ്യലതാതികള്‍ മുളപ്പിക്കുന്നതുമെല്ലാം അവന്റെ കാരുണ്യത്തിന്റെ അടയാളമാണ്. സന്മാര്‍ഗം പ്രാപിക്കുവാനും സത്യവിശ്വാസം കൈക്കൊള്ളുവാനും സല്‍കര്‍മങ്ങള്‍ ചെയ്യുവാനും ഭാഗ്യം നല്‍കിയതാകട്ടെ അവന്റെ മഹത്തായ അനുഗ്രഹമാണ്. നമുക്കറിയാത്തത് അവന്‍ നമ്മെ പഠിപ്പിച്ചതും അവന്റെ കാരുണ്യംകൊണ്ടാണ്. സല്‍കര്‍മികളായ സത്യവിശ്വാസികളെ നാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതും നരകത്തില്‍നിന്ന് രക്ഷനല്‍കുന്നതും അവന്റെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്.

തന്റെ ദാസന്മാര്‍ക്ക് അല്ലാഹു അവന്റെ കാരുണ്യം പ്രത്യേകമായി നല്‍കുന്ന ചില കാര്യങ്ങള്‍ പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്:

വിശ്വാസവും സല്‍കര്‍മവും

അല്ലാഹു പറയുന്നു: ''എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ് തന്റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം'' (ക്വുര്‍ആന്‍ 45:30).

ഇഹ്‌സാന്‍

'ഇഹ്‌സാന്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നന്മചെയ്യുക എന്നാണ്. രണ്ടുതരം ഇഹ്‌സാന്‍ ഉണ്ട്. ഒന്ന് ആരാധനയില്‍ കാണിക്കുന്നത്. താന്‍ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ തന്നെ കാണുന്നുണ്ട് എന്ന ബോധത്തോടെ പൂര്‍ണതയോടുംനന്നായും ആരാധനകള്‍ ചെയ്യുന്നതാണ് ആരാധനയിലുള്ള ഇഹ്‌സാന്‍. രണ്ട്, ജനങ്ങളോടു കാണിക്കുന്ന ഇഹ്‌സാന്‍. സാധ്യമാകുന്നത്ര വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ധനംകൊണ്ടും ശരീരംകൊണ്ടുമെല്ലാം നന്മചെയ്യലാണ് ജനങ്ങളോടു കാണിക്കുന്ന ഇഹ്‌സാന്‍.

അല്ലാഹു പറയുന്നു: ''തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം നന്മചെയ്യുന്നവര്‍ക്ക് സമീപസ്ഥ മാകുന്നു'' (ക്വുര്‍ആന്‍ 7:56).

ധര്‍മനിഷ്ഠ പാലിക്കല്‍

അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ജീവിതത്തില്‍ സൂക്ഷ്മത പുലര്‍ത്തിയും അവന്റെ കല്‍പനകള്‍ പ്രാവര്‍ത്തികമാക്കിയും അവന്‍ വിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞും സമ്പത്തില്‍ അല്ലാഹു നിര്‍ബന്ധമാക്കിയ സകാത്ത് (നല്‍കാന്‍ അര്‍ഹതയുള്ളവര്‍) അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിച്ചും അവന്റെ പ്രവാചകനെ പിന്‍പറ്റിയും ജീവിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതാണ്. അല്ലാഹു പറയുന്നു:

''...എന്റെ കാരുണ്യമാകട്ടെ സര്‍വവസ്തുക്കളെയും ഉള്‍കൊള്ളുന്നതാണ്. എന്നാല്‍ ധര്‍മനിഷ്ഠ പാലിക്കുകയും സകാത്ത്‌നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക് (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്. (അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ്‌നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്)...'' (ക്വുര്‍ആന്‍ 7:156,157).

മനുഷ്യരോടും ജന്തുജാലങ്ങളോടും കാരുണ്യം കാണിക്കല്‍

നബിﷺ പറഞ്ഞു: ''കാരുണ്യം കാണിക്കുന്നവരോട് പരമകാരുണികന്‍ കാരുണ്യം കാണിക്കും. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുവിന്‍; ഉപരിലോകത്തുള്ളവന്‍ നിങ്ങളോട് കാരുണ്യം കാണിക്കും'' (അബൂദാവൂദ്, തിര്‍മിദി).

വിശ്വാസവും ഹിജ്‌റയും ജിഹാദും

അല്ലാഹു പറയുന്നു: ''വിശ്വസിക്കുകയും സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 2:218).

വിശ്വാസ സംരക്ഷണാര്‍ഥം സ്വദേശം വെടിഞ്ഞുള്ള യാത്രക്കാണ് പൊതുവെ 'ഹിജ്‌റ' എന്നു പറയുക. ഹിജ്‌റ പോകുന്നവനാണ് 'മുഹാജിര്‍.' എന്നാല്‍ മതം വിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞു ജീവിക്കുന്നവനും മുഹാജിറാണ്. നബിﷺ പറഞ്ഞു: ''അല്ലാഹു വിരോധിച്ചത് വെടിയുന്നവനാണ് മുഹാജിര്‍'' (ബുഖാരി, മുസ്‌ലിം).

നമസ്‌കാരം, നോമ്പ്

''നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (24:56).

ക്വുര്‍ആന്‍ അനുസരിച്ച് ജീവിക്കല്‍

''ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (ക്വുര്‍ആന്‍ 6:155).

അനുസരണം

അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ചു ജീവിക്കുക എന്നത് പരമപ്രധാനമാണ്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ കാരുണ്യം ചെയ്യപ്പെട്ടേക്കാം'' (ക്വുര്‍ആന്‍ 3:132).

ക്വുര്‍ആന്‍ പാരായണം ശ്രവിക്കല്‍

വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. അത് പാരായണം ചെയ്യലും അതിന്റെ ആശയം മനസ്സിലാക്കലും മാത്രമല്ല; അത് പാരാണം ചെയ്യപ്പെടുമ്പോള്‍ ശ്രദ്ധയോടെ കേട്ടിരിക്കുന്നതുപോലും അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്ന കാര്യമാണ്:

''ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (ക്വുര്‍ആന്‍ 7:204).

പാപമോചനം തേടല്‍

മനുഷ്യരാകുമ്പോള്‍ ജീവിതത്തില്‍ തെറ്റുകള്‍ സംഭവിക്കും. വിവേകമുള്ളവരും പരലോകവിജയം ആഗ്രഹിക്കുന്നവരുമായ ആളുകള്‍ ചെയ്യുക തെറ്റുകള്‍ സംഭിച്ചാല്‍ പാപമോചനം തേടുക എന്നതാണ്. തന്റെ ദാസന്മാരുടെ പാപമോചന തേട്ടം ഇഷ്ടപ്പെടുന്നവനാണ് അല്ലാഹു.

''...നിങ്ങള്‍ക്ക് അല്ലാഹുവോട് പാപമോചനം തേടിക്കൂടേ? എങ്കില്‍ നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെട്ടേക്കാം'' (27:46).

സൃഷ്ടികളോട് കരുണ കാണിക്കേണ്ടതിന്റെ അനിവാര്യത

കരുണ കാണിക്കുക എന്നത് ഇസ്‌ലാമികമായ മര്യാദയാണ്. ദയ, അനുകമ്പ, കരുണ, സ്‌നേഹം...ഇതൊക്കെ മാനുഷികമായ ഗുണങ്ങളില്‍ പെട്ടതാണ്. ഒരു മുസ്‌ലിമില്‍ നിര്‍ബന്ധമായും ഈ ഗുണഗണങ്ങള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്.

പലവിധത്തിലും കരുണ കാണിക്കുവാന്‍ നമുക്ക് കഴിയും. കടംകൊണ്ട് വലയുന്ന ഒരാളെ അതില്‍നിന്നു കരകയറാന്‍ സഹായിക്കല്‍, കടംവാങ്ങിയവന് തിരിച്ചുനല്‍കാന്‍ അവധി നീട്ടിക്കൊടുക്കല്‍, ചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുന്ന രോഗിയെ സഹായിക്കല്‍... ഇങ്ങനെ കരുണയുടെ ഒട്ടനേകം വഴികളുണ്ട്.

'ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക' എന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. ഇത് പൊതുവായി പറഞ്ഞതിനാല്‍ ഇതില്‍ എല്ലായിനം സൃഷ്ടികളും പെടും. നല്ലവരോടും അധര്‍മകാരികളോടും കന്നുകാലികളോടും വന്യജീവികളോടും പക്ഷികളോടുമൊക്കെ കരുണകാണിക്കല്‍ ഇതില്‍ പെടും എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചതായി കാണാം.

ജരീര്‍ ഇബ്‌നു അബ്ദുല്ല(റ) നിവേദനം; നബിﷺ പറഞ്ഞു: ''ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കില്ല'' (മുസ്‌ലിം).

'റഹ്മാന്‍' (പരമകാരുണികന്‍), 'റഹീം' (കരുണാനിധി) എന്നിങ്ങനെ അല്ലാഹു സ്വയം വിശേഷിപ്പിച്ചു എന്നതുതന്നെ അതിന്റെ മഹത്ത്വം വ്യക്തമാക്കുന്നു.

'അര്‍റഹ്മാന്‍' എന്നതിന്റെ വിവക്ഷ എല്ലാവര്‍ക്കും പൊതുവായി കാരുണ്യം ചെയ്യുന്നവര്‍ എന്നാണ്. 'റഹീം' എന്നതിന്റെ വിവക്ഷയാകട്ടെ, പരലോകത്ത് വിശ്വാസികളോട് പ്രത്യേകമായി കാരുണ്യം കാണിക്കുന്നവന്‍ എന്നുമാണ്. അല്ലാഹു പറയുന്നു:

''...അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 33:43).

''അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്'' (ക്വുര്‍ആന്‍ 4:175).

പ്രായമായവരോടും ചെറിയവരോടുമെല്ലാം കാരുണ്യം കാണിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങളോടുള്ള കാരുണ്യം അവരോട് അനുകമ്പ കാണിക്കലും ലോലമായ പെരുമാറ്റവുമാണ്. മുതിര്‍ന്നവരോടുള്ള കാരുണ്യം അവരോട് ആദരവ് കാണിക്കേണ്ട രൂപത്തില്‍ കാണിക്കുക എന്നതാണ്.

നബിﷺ പറഞ്ഞു: ''നമ്മിലെ ചെറിയവരോട് കാരുണ്യം കാണിക്കാത്തവനും വലിയവരോടുള്ള കടമ തിരിച്ചറിയാത്തവനും നമ്മില്‍പെട്ടവനല്ല'' (മുസ്‌ലിം)

പ്രായമായ മാതാപിതാക്കളാണെങ്കില്‍ ബാധ്യത ഒന്നുകൂടി വര്‍ധിക്കുന്നു. അവര്‍ക്കു കാരുണ്യം ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് അല്ലാഹു പ്രത്യേകമായി ഉണര്‍ത്തിയതു കാണാം: ''...എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീകരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 17:24).

കാരുണ്യം സര്‍വസൃഷ്ടികളോടും

മാതാപിതാക്കള്‍ മക്കളോടും തൊഴിലുടമ തൊഴിലാളികളോടും ഭരണാധികാരികള്‍ ഭരണീയരോടും എന്നിങ്ങനെ പദവിയില്‍ മുകളിലുള്ളവര്‍ താഴെയുള്ളവരോട് കരുണ കാണിക്കുമ്പോള്‍ അത് കുടുംബത്തിലും സമൂഹത്തിലും നാട്ടിലും വലിയ മാറ്റമുണ്ടാക്കും.

ദുര്‍ബലര്‍, സ്ത്രീകള്‍, വയോവൃദ്ധര്‍, അംഗപരിമിതര്‍, അനാഥര്‍, വിധവകള്‍ തുടങ്ങി എല്ലാവരോടും അവരുടെ പ്രയാസങ്ങളില്‍ താങ്ങായി നില്‍ക്കല്‍ കരുണയാണ്.

കാരുണ്യം മൃഗങ്ങളോടും

മൃഗങ്ങളോടും ദയാവായ്‌പോടെ പെരുമാറുവാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. ജീവജാലങ്ങളില്‍നിന്ന് ലഭിക്കുന്ന പ്രയോജനങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടല്ല ഇസ്‌ലാം അവയോട് അനുകമ്പയും കരുണയും കാണിക്കണമെന്ന് പറയുന്നത്. അവയില്‍നിന്ന് പ്രയോജനം ലഭിക്കുന്നില്ലെങ്കിലും വിശ്വാസികള്‍ അനുകമ്പയോടെ വര്‍ത്തിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ജീവജാലങ്ങളോട് കാണിക്കുന്ന കരുണ സ്വര്‍ഗ പ്രവേശനത്തിന് കാരണമാകുന്ന ഒരു അടിസ്ഥാന നിയമമായി ദീനില്‍ പരിഗണിക്കപ്പെടുന്നത് നമുക്ക് കാണാന്‍ കഴിയുന്നു. ഈയൊരു ആശയത്തെ ഊന്നിപ്പറയുന്ന ധാരാളം പ്രവാചക വചനങ്ങളുണ്ട്. അവയില്‍പെട്ട ഒരു ഹദീഥാണ് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നത്. അല്ലാഹുവിന്റെ റസൂല്‍ﷺ പറയുന്നു:

''ഒരാള്‍ യാത്രയിലായിരിക്കെ ദാഹം കഠിനമായി. അയാള്‍ കിണറ്റിലിറങ്ങി വെള്ളം കുടിച്ച് പുറത്തിറങ്ങി. അപ്പോള്‍ അദ്ദേഹം ശക്തമായ ദാഹത്താല്‍ നാവിട്ടടിച്ച് മണ്ണില്‍ നക്കുന്ന നായയെ കണ്ടു. അദ്ദേഹം പറഞ്ഞു: 'എനിക്ക് മുമ്പ് വന്നെത്തിയത് ഇതിനും വന്നെത്തിയിരിക്കുന്നു.' അയാള്‍ തന്റെ കാലുറയില്‍ വെള്ളംനിറച്ച്, അത് വായയില്‍ കടിച്ചുപിടിച്ച് കയറിവരികയും നായക്ക് വെള്ളം കൊടുക്കുകയും ചെയ്തു. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സ്വീകരിക്കുകയും അദ്ദേഹത്തിന് പൊറുത്തുകൊടുക്കുയും ചെയ്തു. അവര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, കന്നുകാലികളില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?' പ്രവാചകന്‍ﷺ പറഞ്ഞു: 'എല്ലാ ജീവനുള്ളതിലും പ്രതിഫലമുണ്ട്.'

എന്നാല്‍ ഒരു മനുഷ്യന്‍ ജീവജാലങ്ങളെ കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയുമാണെങ്കില്‍ അത് കാരണമായി അല്ലാഹു അവനെ പരലോകത്ത് ശിക്ഷിക്കുന്നതാണ്. ഇമാം മുസ്‌ലിം അബൂഹുറയ്‌റ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു; അല്ലാഹുവിന്റെ റസൂല്‍ﷺ പറഞ്ഞു: ''ഒരു സ്ത്രീ അവരുടെ പൂച്ച കാരണമായി നരകത്തില്‍ പ്രവേശിച്ചു. അവര്‍ ഭക്ഷണം നല്‍കാതെ പൂച്ചയെ കെട്ടിയിട്ടു; അഴിച്ചുവിട്ടില്ല. മണ്ണില്‍നിന്ന് അത് പെറുക്കിത്തിന്നു, അവസാനം പട്ടിണികിടന്ന് ചത്തുപോയി.''

അമ്പെയ്തു പഠിക്കുമ്പോള്‍ ഉന്നമായി ജീവികളെ ഉപയോഗിക്കുന്നവരെ നബിﷺ ശപിച്ചിട്ടുണ്ട്. അറുക്കുമ്പോള്‍ കത്തി നന്നായി മൂര്‍ച്ചകൂട്ടുവാനും ഉരുവിന് ആശ്വാസം നല്‍കുവാനും നബിﷺ പറഞ്ഞതായി കാണാം.

കരുണയ്ക്കായി പ്രാര്‍ഥിക്കുക

നാം കരുണയുള്ള മനസ്സിന്നുടമകളായി മാറുവാനും അല്ലാഹുവിന്റെ കാരുണ്യം നമ്മില്‍ വര്‍ഷിക്കുവാനും ആത്മാര്‍ഥമായി പ്രാര്‍ഥിക്കേണ്ടതുണ്ട്.

''ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു'' (ക്വുര്‍ആന്‍ 3:8).