പോസ്റ്റ് ട്രൂത്തും 'താലിബാനി' വാര്‍ത്തകളും

ഹിലാല്‍ സലീം സി.പി

2021 ഒക്ടോബര്‍ 30 1442 റബിഉല്‍ അവ്വല്‍ 23

അഫ്ഗാന്‍ ദേശീയ ജൂനിയര്‍ വനിതാ വോളിബോള്‍ ടീമംഗം മെഹ്ജബിന്‍ ഹക്കീമിയുടെ ഛേദിച്ച തലയുടെയും ചോര കട്ടപിടിച്ച ശിരസ്സിന്റെയും ചിത്രം ലോകത്തെയാകെ ഞെട്ടിച്ചതാണ്. കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബിലെ മികച്ച താരത്തിന്റെ വിയോഗം പക്ഷേ, ആഗോളതലത്തിലെ തല്‍പര കക്ഷികളായ മാധ്യമ സിന്‍ഡിക്കേറ്റുകളും ഇന്ത്യയിലെ ഗോദി മീഡിയകളും സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ സന്ധ്യകളിലും വിചാരണ ചെയ്യപ്പെട്ടത് മറ്റൊരു നിലയ്ക്കായിരുന്നു. താലിബാന്‍ ക്രൂരതയുടെ ഏറ്റവും പുതുക്കിയ വേര്‍ഷന്‍! മെഹ്ജബിന്റെ ദാരുണമായ ചിത്രം തുടങ്ങിവച്ച ചര്‍ച്ചകള്‍ പഴഞ്ചൊല്ലിനെ ഓര്‍മിപ്പിക്കുമാറ് പിന്നീട് താലിബാനിലേക്കും ഇങ്ങനെയൊരു ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ച അവരുടെ മനോനിലയിലേക്കും 'ആസ് യൂഷ്വല്‍' ഇസ്‌ലാമിലേക്കുമെത്തി. മുസ്‌ലിംകള്‍ സമാധാനകാംക്ഷികളല്ലെന്നും ഇസ്‌ലാമിലെ 'വിസ്മയങ്ങള്‍' സ്ത്രീസുരക്ഷയ്‌ക്കെതിരാണെന്നു മുള്ള കതിനകള്‍ പൊട്ടിത്തുടങ്ങിയതോടെ പതിവ് മുസ്‌ലിം വിരുദ്ധ ആഘോഷങ്ങള്‍ കമന്റ് ബോക്‌സുകളില്‍ ആരംഭിച്ചു. ചര്‍ച്ചകളിലെവിടെയും ശീര്‍ഷകത്തിലെ വാര്‍ത്തയോ കൂടുതല്‍ വിവരങ്ങളോ ആരും ആരാഞ്ഞില്ല.

അഫ്ഗാനില്‍ നിന്നുമുള്ള ഈ വാര്‍ത്ത ഒരു ഉദാഹരണം മാത്രമാണ്. 2021ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ദിമിത്രി മുറട്ടോവുമായി പങ്കിട്ട മരിയ റിസയുടെ ചോദ്യം പ്രസക്തമാണ്: ''പുതിയ ലോകത്ത് ഒരു നുണ പത്തുലക്ഷം വട്ടം പറഞ്ഞാല്‍ അത് വസ്തുതയായി മാറും. മുമ്പ്, പത്തുതവണ നുണ പറഞ്ഞാല്‍ അതു പിടികൂടാന്‍, വസ്തുതകള്‍ നിരത്തി ഖണ്ഡിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍ നുണപറച്ചില്‍ 10 ലക്ഷം തവണയാകുമ്പോള്‍ എന്തുചെയ്യും?''

ഫിലിപ്പിന്‍ ഭരണകേന്ദ്രങ്ങളുടെ അക്രമങ്ങള്‍ക്കെതിരെ തന്റെ മാധ്യമപ്രവര്‍ത്തനത്തിലൂടെ ആശയയുദ്ധത്തിലേര്‍പ്പെടുന്ന റിസ, ക്ലിക്ക്‌ബൈറ്റുകള്‍ ലക്ഷ്യമാക്കി പിറകൊള്ളുന്ന സത്യാനന്തരകാലത്തെ വാര്‍ത്താശകലങ്ങളെ നിശിതമായി വിമര്‍ശിക്കുന്നതോടൊപ്പം അവയുണ്ടാക്കുന്ന സാമൂഹിക പരിണിതികളില്‍ ആശങ്കയും രേഖപ്പെടുത്തുന്നു.

മെഹ്ജബിന്‍: താലിബാന്‍ ക്രൂരതയോ?

വോളിബോള്‍ താരത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും, മുത്തശ്ശിപ്പത്രങ്ങളും 'ക്ലിക്ക്‌ബൈറ്റ്' ഓണ്‍ലൈന്‍ പോര്‍ട്ടലുകളും പ്രചരിപ്പിച്ചതോടെ വാര്‍ത്തയുടെ വ്യക്തത പരിശോധിക്കാന്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ നിലയുറപ്പിക്കുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ആള്‍ട്ട് ന്യൂസ് പ്രസ്തുത വിഷയം പരിശോധിച്ചപ്പോഴാണ് വ്യാജവാര്‍ത്തകള്‍ ചുട്ടെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ 'താലിബാനിസം' ലോകമറിയുന്നത്! അഫ്ഗാന്‍ ആക്ടിവിസ്റ്റുകളുടെ സഹായത്തോടെ മെഹ്ജബിന്‍ ഹക്കീമിയുടെ സുഹൃത്തുക്കളെയും കുടുംബത്തെയും ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് താലിബാന്‍ പോരാളികള്‍ 'കൊന്നൊടുക്കിയ' താരം താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത്തിന്റെ പത്തുദിവസം മുമ്പ്  ആഗസ്ത് 6ന് അതേ കാബൂളിലെ പ്രതിശ്രുത ഭര്‍ത്താവിന്റെ ഭവനത്തിലെ കുളിമുറിയില്‍ ആത്മഹത്യ ചെയ്തുവെന്ന് കാണാന്‍ കഴിഞ്ഞത്! ഇതിനു തെളിവായി ആഗസ്ത് ഏഴാം തിയതി താരത്തിന്റെ സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ട വാക്കുകള്‍ അവര്‍ പുറംലോകത്തെ കാണിച്ചു. ആഗസ്ത് 9ന് താരത്തിന്റെ ഖബറടക്കം നടത്തിയ ശേഷമുള്ള പോസ്റ്റുകളും തെളിവായി. ശവകുടീരത്തില്‍ പേര്‍ഷ്യന്‍ കലണ്ടര്‍ അനുസരിച്ചുള്ള തീയതിയായി 5/15/1400 എന്ന് കാണാം. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം 2020 ആഗസ്ത് 6. ഇതോടൊപ്പം ആഗസ്ത് 22 ന് മെഹ്ജബിന്റെ അനുസ്മരച്ചടങ്ങിന്റെ ക്ഷണക്കത്തും പുറംലോകം കണ്ടു. 2020 ആഗസ്റ്റ് ആറിന് നടന്ന ഈ മരണം ആത്മഹത്യയോ കൊലപാതകമോ ആയേക്കാം, പക്ഷെ പ്രമുഖ മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ താലിബാന്‍ ക്രൂരതകളുടെ ഷെല്‍ഫിലെ ഒക്ടോബര്‍ മാസത്തിലെ 'ചാമ്പ്യന്‍സ് ട്രോഫി'യായി!

പ്രതി ഇസ്‌ലാമോ?

അഫ്ഗാനില്‍ താലിബാന്‍ നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അധികാരത്തിലേറിയിരിക്കുന്നു. അഫ്ഗാന്‍ ജനതയുടെ വലിയൊരു വിഭാഗത്തിന്റെ സ്വാധീനമില്ലാതെ ഒരു കക്ഷിക്ക് ഇങ്ങനെയൊരു തിരിച്ചുവരവ് തീര്‍ത്തും അസാധ്യമാണ്. താലിബാന് പിന്നില്‍ ഒരുമിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച ഘടകം സ്വന്തം മണ്ണിലെ വൈദേശിക ശക്തികളുടെ 'സമാധാന'പ്രഹസനത്തിന്റെ പേരിലുള്ള വിളയാട്ടവും തങ്ങളുടെ സംസ്‌കാരങ്ങളെ പൊളിച്ചെഴുതാന്‍ ശ്രമിച്ചതുമായിരുന്നു എന്ന് ചുരുക്കിപ്പറയാം. താലിബാന് മുമ്പും അഫ്ഗാന്‍, ഭരണഘടനയനുസരിച്ച് ഇസ്‌ലാമിക രാഷ്ട്രമായിരുന്നു എന്നത് ഇവിടെ പ്രസക്തമാണ്. 'വോളിബോള്‍ താരത്തെ താലിബാന്‍ വധിച്ച' വാര്‍ത്തയുടെ സ്രഷ്ടാക്കള്‍ ഉന്നംവച്ചത് താലിബാനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുകയായിരുന്നി ല്ല. പ്രത്യുത, താലിബാന്‍ വിരുദ്ധത ആളിക്കത്തിച്ചാല്‍ സൃഷ്ടിക്കപ്പെടുന്ന ടണലിലൂടെ ഇസ്‌ലാംവിരുദ്ധതയും മുസ്‌ലിംവിരോധവും ഒളിച്ചുകടത്തലായിരുന്നു. അതിലവര്‍ വിജയിച്ചു. പ്രസ്തുത വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞ ശേഷവും അത് പിന്‍വലിക്കാന്‍ തയ്യാറാകാത്തതിലൂടെ വെറുപ്പ് വ്യാപരിക്കുന്നത് തങ്ങള്‍ തടയില്ല എന്ന് നിശ്ശബ്ദമായി മാധ്യമങ്ങള്‍ പ്രഖ്യാപിക്കുകയാണ്.

പട്ടിയെ വണ്ടിക്ക് പിന്നില്‍ കെട്ടിവലിച്ച ക്രൂരത ചെയ്തവന്‍ മുസ്‌ലിം പേരുകാരനായതിനാല്‍ മാത്രം ആ പ്രവൃത്തിക്ക് കാരണം ഇസ്‌ലാമിക സോഫ്റ്റ്‌വെയറാണ് എന്ന് പേനയുന്തിയവരും പത്രത്തിലെ കുറ്റവാളികളായ 'മുസ്‌ലിം' പേരുകളെ തിരഞ്ഞുപിടിച്ച് വായിച്ച് വര്‍ഗീയത പറഞ്ഞവരും ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇതേ റൂട്ട് മാപ്പാണ് ഉപയോഗിക്കുന്നത്. ഇസ്‌ലാമിനെ ആശയപരമായി എതിര്‍ക്കുന്നതിന് പകരം മുസ്‌ലിം പേരുള്ള വ്യക്തികളും സംഘങ്ങളും ചെയ്യുന്ന പ്രവൃത്തികള്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും തലയില്‍ കെട്ടിവെക്കുകയും അപരവല്‍ക്കരിക്കുകയും ചെയ്യുന്ന സാമൂഹിക അന്തരീക്ഷം കേരളത്തിലടക്കം ഉയര്‍ന്നുവരുന്നു.

സത്യാനന്തരകാലത്തെ വാര്‍ത്തകള്‍

2016ലെ "word of the year' ആയി ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി തെരഞ്ഞെടുത്ത വാക്യമാണ് ജീേെ ൃtuവേ അഥവാ 'സത്യാനന്തരം.' നമ്മുടെ കാലത്തെ നിര്‍വചിക്കുന്ന വാക്യമായി സത്യാനന്തരത്തെ പരിഗണിക്കാം എന്ന് പറഞ്ഞത് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി മേധാവി കാസ്പര്‍ ഗ്രാത്ത്‌പോളാണ്. വസ്തുനിഷ്ടമായി കാര്യങ്ങളെ സമീപിക്കുന്നതിനു പകരം വികാരങ്ങള്‍ക്കും വൈയക്തികമായ ഇഷ്ടങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് പൊതുജനാഭിപ്രായം രൂപപ്പെടുകയാണിവിടെ. മാധ്യമ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം സെന്‍സേഷനലായതുകൊണ്ട് മാത്രം ക്ലിക്കുകള്‍ക്ക് വേണ്ടി അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പൊതുജന വിചാരണക്കായി വിട്ടുകൊടുത്ത് വെറുപ്പുല്‍പാദനം തത്സമയം വീക്ഷിച്ച് രതിമൂര്‍ച്ചയിലെത്താന്‍ ശ്രമിക്കുന്ന മുത്തശ്ശിപ്പത്രങ്ങളും തെളിയിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തില്‍ സത്യത്തെക്കാള്‍ വില പേജ് വ്യൂസിനാണ് എന്നാണ്. ഈ കാലത്തും സത്യത്തെ സംരക്ഷിക്കാന്‍, മാധ്യമധാര്‍മികതയെ മുറുകെപ്പിടിച്ച് യുവാക്കളായ മാധ്യമപ്രവര്‍ത്തകരടക്കം ചിലര്‍ രംഗത്ത് വരുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു.