മസ്‌കന്‍

അബൂതന്‍വീല്‍

2021 ഡിസംബര്‍ 18 1442 ജുമാദല്‍ അല്‍ അവ്വല്‍ 13

അല്ലാഹു നമുക്ക് ചെയ്തുന്ന അതിമഹത്തായ ഒരു അനുഗ്രഹമാണ് നമ്മുടെ വീട്. ശാന്തിയുടെ ഇടം എന്ന് അര്‍ഥമുള്ള 'മസ്‌കന്‍' എന്ന് അറബിയില്‍ വീടിന് പറയും. വീട് തീര്‍ത്തും 'മസ്‌കന്‍' ആയിത്തീരാന്‍ നാം ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങളെ കുറിച്ചാണ് ഇതിലൂടെ പ്രതിപാദിക്കുന്നത്.

തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ ശാന്തിയും സമാധാനവും അനുഭവിക്കുന്നതിന് നല്ല ഗൃഹാന്തരീക്ഷം അനിവാര്യമാണ്.

''അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് പാര്‍പ്പിടങ്ങള്‍ നല്‍കിയിരിക്കുന്നു. നിങ്ങള്‍ യാത്ര ചെയ്യുന്ന ദിവസവും നിങ്ങള്‍ താവളമടിക്കുന്ന ദിവസവും നിങ്ങള്‍ അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍നിന്ന് ഒരു അവധിവരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും (അവന്‍ നല്‍കിയിരിക്കുന്നു)'' (ക്വുര്‍ആന്‍ 16:80).

ഒരു ഭവനം സമ്പൂര്‍ണമായും ഇസ്‌ലാമികമാകുമ്പോഴാണ് അത് 'മസ്‌കന്‍' ആയി മാറുക. അപ്രകാരമായിരിക്കണമെന്ന നിര്‍ബന്ധബുദ്ധി വിശ്വാസികള്‍ക്ക് ഉണ്ടായിരിക്കേണ്ടതുണ്ട്.

ശരീരവും വസ്ത്രവും ശുചിയായി സൂക്ഷിക്കുവാന്‍ നാം ശ്രദ്ധിക്കാറുണ്ട്. അതേപോലെ നമ്മുടെ വീടും പരിസരവും ഗൃഹോപകരണങ്ങളും സാധനസാമഗ്രികളുമെല്ലാം വൃത്തിയും ശുചിത്വവുമുള്ളതായിരിക്കാന്‍ നാം എപ്പോഴും ശ്രദ്ധിക്കണം. ഈ വിഷയത്തില്‍ വീട്ടിലുള്ള മുതിര്‍ന്ന അംഗങ്ങള്‍ കുട്ടികളെയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഓരോരുത്തരും ഒരു കാര്യത്തിന് എടുത്ത സാധനം യഥാസ്ഥാനത്തുതന്നെ തിരിച്ചുവെക്കുന്നതില്‍ പോലും കണിശത കാണിക്കണം. വേസ്റ്റുകളുടെ സംസ്‌കരണ വിഷയത്തില്‍ കാര്യമായ ശ്രദ്ധവേണം.

റസൂല ﷺ പറഞ്ഞു: ''അല്ലാഹു നല്ലവനാകുന്നു. അവന്‍ നല്ലത് ഇഷ്ടപ്പെടുന്നു. ശുദ്ധന്‍, അവന്‍ ശുദ്ധി ഇഷ്ടപ്പെടുന്നു. ഉദാരനാണവന്‍, അവന്‍ ഔദാര്യം ഇഷ്ടപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ അങ്കണം വൃത്തിയാക്കി വെക്കുക... ജൂതന്മാരോട് നിങ്ങള്‍ താദാത്മ്യം പുലര്‍ത്താതിരിക്കുക'' (തിര്‍മുദി 2799).

വീട്ടിലേക്ക് പ്രവേശിക്കുന്നത് മുതല്‍ നാം ശ്രദ്ധിേക്കണ്ട കാര്യങ്ങള്‍ പ്രവാചകന ﷺ നമ്മെ ഉണര്‍ത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ നാമത്തില്‍ (ബിസ്മി ചൊല്ലിക്കൊണ്ട്) വീട്ടില്‍ പ്രവേശിക്കല്‍ ഇസ്‌ലാമികമായ മര്യാദയാണ്.  

പ്രവാചകന ﷺ പറഞ്ഞു: ''ഒരാള്‍ തന്റെ വീട്ടിലേക്ക് പ്രവേശിക്കുകയും പ്രവേശിക്കുന്ന വേളയില്‍ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ബിസ്മി ചൊല്ലിക്കൊണ്ട് ഭക്ഷണം കഴിക്കുകയും ചെയ്താല്‍ പിശാച് തന്റെ കൂട്ടാളികളോട് പറയും; നിങ്ങള്‍ക്ക് ഇവിടെ താമസമോ ഭക്ഷണമോ ഇല്ലെന്ന്...'' (മുസ്‌ലിം 2018).

വീട്ടിലെ അംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. അതിന് ഒരു സമയക്രമം ഏറെ ഉപകാരപ്പെടും. ഒരുമിച്ചിരുന്ന് കഴിക്കുന്നതിലാണ് 'ബറകത്ത്' എന്നാണല്ലോ പ്രവാചകന ﷺ നമ്മെ ഉപദേശിച്ചിട്ടുള്ളത്. ഇങ്ങനെയാകുമ്പോള്‍ ഭക്ഷണ മര്യാദകളില്‍ വീട്ടിലെ അംഗങ്ങളുടെ ശ്രദ്ധകൊണ്ടുവരുന്നതില്‍ ഗൃഹനാഥനോ നാഥക്കോ ശ്രദ്ധിക്കാനുമാവും.

പ്രവാചകന ﷺ നിര്‍ദേശിച്ചപോലെ പ്രാര്‍ഥനകളിലും ദൈവസ്മരണയിലും വ്യാപൃതരായി, ക്വുര്‍ആന്‍ പാരായണവും നമസ്‌കാരങ്ങളും നിര്‍വഹിച്ച്, തിന്മകളുടെ മാര്‍ഗങ്ങളില്‍നിന്നെല്ലാം വേര്‍പെട്ട് വിശ്വാസിയുടെ വീട് മറ്റു വീടുകളില്‍നിന്ന് വ്യതിരിക്തമായി നില്‍ക്കേണ്ടതുണ്ട്.

പ്രവാചകനി(സ്വ)ല്‍നിന്ന് അബൂമൂസ(റ) നിവേദനം ചെയ്യുന്നു: ''അല്ലാഹുവിനെ സ്മരിക്കുന്ന ഭവനങ്ങളും സ്മരിക്കാത്ത ഭവനങ്ങളും തമ്മിലുള്ള അന്തരം ജീവിച്ചിരിക്കുന്നവനെയും മരണപ്പെട്ടവനെയും പോലെയാണ്.''

''നിങ്ങളുടെ സുന്നത്ത് നമസ്‌കാരം നിങ്ങളുടെ വീടുകളില്‍ നിന്നാക്കുക. വീടുകളെ ക്വബ്‌റിടങ്ങളാക്കാതിരിക്കുക'' എന്നും നബി(സ്വ) പറഞ്ഞതായി കാണാം.

വീട്ടിലാവുന്ന സമയങ്ങളില്‍ പൊതുവെ വസ്ത്രത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷമാളുകളും വലിയ ശ്രദ്ധ കാണിക്കാറില്ല. ഒരു യാത്രയുടെ അവസാനം പ്രവാചകന ﷺ പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ സഹോദരന്മാരെ സമീപിക്കുകയാണ്. അതിനാല്‍ നിങ്ങളുടെ വാഹനങ്ങള്‍ വൃത്തിയാക്കുവിന്‍, വസ്ത്രങ്ങള്‍ മനോഹരമാക്കുവിന്‍, ജനങ്ങളുടെ കണ്ണില്‍ നിങ്ങളങ്ങനെ കേമന്മാരായി തോന്നട്ടെ. മേച്ഛത അല്ലാഹു ഇഷ്ടപ്പെടുന്നില്ല; വൃത്തിഹീനമാവുന്നതും'' (അബൂദാവൂദ് 17622).

നമ്മുടെ വസ്ത്രത്തിന്റെ കാര്യത്തിലായാലും വാഹനത്തിന്റെ കാര്യത്തിലായാലും വൃത്തി നിര്‍ബന്ധമാണ്. വീട്ടിലും ഇതില്‍ ശ്രദ്ധപുലര്‍ത്തണം. ആരെങ്കിലും നമ്മുടെ വീട്ടിലേക്ക് കടന്നുവരാന്‍ ഇടയായാല്‍ ആക്ഷേപകരമായ യാതൊന്നും അയാളുടെ കണ്ണില്‍പ്പെടാനിടയാവരുത്. അതാകട്ടെ ഭംഗിയും അലങ്കാരവും ക്രമീകരണവുംകൊണ്ടേ സാധ്യമാവുകയുള്ളൂ. വീട്ടംഗങ്ങളുടെ മുഴുവന്‍ സ്വഭാവമായിത്തീരേണ്ട കാര്യമാണിത്. ഭര്‍ത്താവിനും മക്കള്‍ക്കും ഭാര്യ ഇക്കാര്യത്തില്‍ മാതൃകയാവണം. പുരുഷന്‍ മാതൃകയായിരിക്കുകയും വേണം. ഇത്തരം പെരുമാറ്റച്ചട്ടങ്ങള്‍ വീട്ടുകാരെല്ലാവരും വശത്താക്കിയിരിക്കണം. ജോലിക്കും പുറത്തിറങ്ങാനും ഉറക്കത്തിനുമൊക്കെ വിശ്വാസിക്ക് അതിന്റെതായ വസ്ത്രങ്ങളുണ്ടാവണം.

ഉസാമ(റ) കുട്ടിയായിരിക്കെ അദ്ദേഹത്തെ വൃത്തിയില്ലാതെ കാണാനിടയാവുമ്പോള്‍ റസൂല ﷺ വൃത്തിയാക്കുമായിരുന്നു. ആഇശ(റ) സ്ത്രീകളോട് ഭര്‍ത്താക്കന്മാരുടെ മുന്നില്‍ സുന്ദരികളായിരിക്കാന്‍ ഉപദേശിക്കാറുണ്ടായിരുന്നു. ഇബ്‌നുഅബ്ബാസ്(റ) പുരുഷന്മാരോട്, തങ്ങളുടെ ഭാര്യമാര്‍ക്കുവേണ്ടി ചമഞ്ഞൊരുങ്ങാന്‍ പറയാറുണ്ടായിരുന്നു

ഒരു വീടെന്ന് പറയുമ്പോള്‍ അയല്‍ക്കാരും മറ്റുള്ളവരും അതിന്റെ ഭാഗമാണ്. ബന്ധുക്കളും ആശ്രിതരുമടക്കം പലവിധം ആളുകളുടെ ഒരു കൂട്ടമാണത്. അതിനാല്‍, ഒരാളും മറ്റൊരാള്‍ക്ക് ശല്യമായിക്കൂടാ. സ്വസ്ഥമായിരിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കും ലഭിക്കേണ്ടതുണ്ട്. ഒരു വീട്ടിലെ ഏറ്റവും വലിയ ശല്യവും ഉപദ്രവവും അതിനുള്ളിലെ അച്ചടക്കരാഹിത്യവും ബഹളവും തന്നെയാണ്.

റസൂല ﷺ ക്വുര്‍ആന്‍ കൊണ്ട് നിങ്ങള്‍ പരസ്പരം ശബ്ദമുയര്‍ത്തരുത് (മുവത്വ, അബൂദാവൂദ്) എന്ന് കല്‍പിക്കാറുണ്ടായിരുന്നു. എങ്കില്‍ പിന്നെ ഇതര സംഗതികള്‍ വെച്ചുകൊണ്ട് മറ്റുള്ളവരെ ശല്യം ചെയ്യാതിരിക്കാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതല്ലേ. മുസ്‌ലിം ഭവനത്തില്‍നിന്നും ആളുകള്‍ക്ക് ശല്യമുണ്ടാക്കുന്ന, പ്രയാസം തോന്നിക്കുന്ന, ഉപദ്രവകരമായിത്തീരുന്ന യാതൊന്നും കേള്‍ക്കുവാന്‍ പാടില്ല. അവന്‍ മൂലം അയല്‍ക്കാരന്‍ ദുഃഖമനുഭവിക്കാന്‍ ഇടയാവരുത്. ചിലര്‍ ടി.വിയും റേഡിയോയുമൊക്കെ തുറന്നാല്‍ അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ശല്യമായിരിക്കും. അയല്‍ക്കാരെ ദ്രോഹിക്കുന്നത് നരകശിക്ഷ ക്ഷണിച്ചുവരുത്തുന്ന കാര്യമാണെന്ന് ഓര്‍ക്കുക.

രഹസ്യം സൂക്ഷിക്കല്‍ വിശ്വാസിയുടെ ഭവനത്തിന്റെ സ്ഥായിയായ ശീലമായിരിക്കണം. വീട്ടുവിശേഷങ്ങളെല്ലാം മറ്റുള്ളവര്‍ അറിയേണ്ടതില്ല. അപ്രകാരംതന്നെ ഭാര്യാഭര്‍തൃബന്ധത്തിലെ രഹസ്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിനെതിരെ പ്രവാചകന ﷺ പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മുസ്‌ലിമും അബുദാവൂദും ഉദ്ധരിച്ച ഒരു ഹദീഥ് കാണുക: ''അന്ത്യനാളില്‍ നീചസ്ഥാനീയനായ മനുഷ്യന്‍, ഭാര്യാഭര്‍തൃ സംഗമത്തിനുശേഷം ഇരുവരുടെയും സ്വകാര്യങ്ങള്‍ പ്രചരിപ്പിച്ചവനാകുന്നു.''

ആരാധനകള്‍ക്കും പഠനത്തിനുമുള്ള ക്രമീകരണം നമ്മുടെ വീടുകളില്‍ സജ്ജീകരിക്കണം. ജമാഅത്ത് നമസ്‌കാരങ്ങളുടെ കാര്യത്തില്‍ ഗൃഹനാഥന് കണിശതയുണ്ടാകണം അതിന് കുട്ടികളെയടക്കം മറ്റു അംഗങ്ങളെ തയ്യാറാക്കുന്നതില്‍ കൃത്യമായ ശ്രദ്ധയുമുണ്ടായിരിക്കണം.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്‌നിയില്‍ നിന്ന് കാത്തുകൊള്ളുക...'' (അത്തഹ്‌രീം: 6).

''നിന്റെ കുടുംബത്തോട് നമസ്‌കരിക്കാന്‍ കല്‍പിക്കുക'' (ത്വാഹാ: 132).

''അദ്ദേഹം തന്റെ കുടുംബത്തോട് നമസ്‌കാരം നിര്‍വഹിക്കുവാനും സകാത്ത് നല്‍കുവാനും കല്‍പിച്ചിരുന്നു'' (മര്‍യം: 55).

നബി(സ്വ)യുടെ ഭാര്യമാരോട് അല്ലാഹു പറഞ്ഞു: ''അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍നിന്നും തത്ത്വങ്ങളില്‍ നിന്നും നിങ്ങളുടെ വീടുകളില്‍ പാരായണം ചെയ്യപ്പെടുന്നത് നിങ്ങള്‍ അനുസ്മരിച്ചുകൊണ്ടിരിക്കുക'' (അല്‍അഹ്‌സാബ്: 34).

ഇതില്‍ നിന്നും ക്വുര്‍ആന്‍ പഠനവും പഠിപ്പിക്കലും വീടുകളില്‍വെച്ച് നടക്കണമെന്ന സന്ദേശമാണ് നമുക്ക് ലഭിക്കുന്നത്. അതിനുള്ള മാധ്യമങ്ങള്‍ ഇന്ന് നമ്മുടെ മുമ്പില്‍ സുലഭമാണ്. പക്ഷേ, അത് പ്രാവര്‍ത്തികമാക്കുന്നേടത്ത് നാം പലപ്പോഴും പരാജയപ്പെട്ടുപോവാറുണ്ടെന്നത് യാഥാര്‍ഥ്യവുമാണ്.

ജീവിതാവശ്യങ്ങളില്‍ മിതത്വം ശീലിപ്പിക്കുവാന്‍ വീടുകളില്‍ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കണം. ഏത് കാര്യത്തിലും പാലിക്കപ്പെടേണ്ട കാര്യങ്ങള്‍ അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരിക സ്വാഭാവികമാണ്; അത് ഭക്ഷണത്തിന്റെ കാര്യത്തിലായാലും വസ്ത്രത്തിന്റെ കാര്യത്തിലായാലും മറ്റേത് വിഷയത്തിലായാലും. അതിനാല്‍ ജീവിതത്തില്‍ ഒരു വിശ്വാസി മിതത്വം നിര്‍ബന്ധമായും ശീലിക്കേണ്ടതാണ്.

''ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക, നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (അല്‍അഅ്‌റാഫ്: 31).

വീട്ടില്‍ ഭക്ഷണത്തിനും പാനീയത്തിനുമെന്നപോലെ വ്യായാമത്തിനും വ്യവസ്ഥാപിത സംവിധാനമുണ്ടാക്കുന്നത് ഗുണകരമാണ്. ഭക്ഷണത്തിന്റെ ദോഷകരമായ പാര്‍ശ്വഫലങ്ങളെ അതുവഴി ഇല്ലാതാക്കാന്‍ സാധിക്കും. മുസ്‌ലിമിനോട് നിഷ്‌കര്‍ഷിച്ചിട്ടുള്ള ശക്തി സംഭരണത്തിനുള്ള ഒരുപാധിയുമാണത്.

സ്വഹീഹായ ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: ''ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയെക്കാള്‍ ഉത്തമനും അല്ലാഹുവിന് പ്രിയപ്പെട്ടവനുമാകുന്നു'' (അഹ്മദ്, മുസ്‌ലിം).

തന്നോടും കുടുംബത്തോടും നിഷ്‌കര്‍ഷിച്ചിട്ടുള്ള ബാധ്യതകള്‍ നിര്‍വഹിക്കാന്‍ മുസ്‌ലിം സദാ ജാഗരൂകനായിരിക്കണം. അപ്രകാരംതന്നെ നിരോധങ്ങളില്‍നിന്നു സ്വന്തത്തെയും കുടുംബത്തെയും അകറ്റിനിര്‍ത്തുകയും വേണം.

മനുഷ്യത്വത്തിന് നിരക്കാത്ത എല്ലാറ്റില്‍നിന്നും വിശ്വാസിയുടെ ഭവനം മുക്തമായിരിക്കണം. നിഷിദ്ധങ്ങളും അനഭിലഷണീയങ്ങളും പാടെ വര്‍ജിക്കണം.

ഔറത്ത് (നഗ്‌നത) അനാവൃതമാകുന്നത് പ്രത്യേകം സൂക്ഷിക്കണം. കുട്ടികള്‍ക്കുപോലും അക്കാര്യത്തില്‍ അവബോധമുണ്ടാക്കും വിധമായിരിക്കണം മുസ്‌ലിം ഭവനത്തിലെ സമ്പ്രദായങ്ങള്‍. പെണ്‍കുട്ടികള്‍ ബാല്യത്തില്‍ത്തന്നെ അന്യപുരുഷന്മാരുമായി ഇടകലരാതെ പെരുമാറി ശീലിക്കണം.

വീടിന്റെ കതകുകള്‍ എപ്പോഴും അടച്ചിടണം. കള്ളന്മാരില്‍നിന്നും ചാരന്മാരില്‍ നിന്നുമുള്ള സുരക്ഷിതതത്തിന് അത് അനിവാര്യമാണ്. വീടിന്റെ സുരക്ഷിതത്വം അപകടത്തിലാകാനിടയുള്ള എല്ലാറ്റിലും ശ്രദ്ധവേണം.

എളുപ്പം തീ പിടിക്കാവുന്നവ ഏതെന്നും വീടിന്റെ അകവും പുറവുമൊക്കെ വികൃതമാക്കുന്നവ എന്തൊക്കെയെന്നും എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കണം.

വീണുപോകാന്‍ ഇടയുള്ളിടത്ത് കിടന്നുറങ്ങരുത്. അപകടങ്ങളില്‍പെടാനിടയുള്ളിടങ്ങളില്‍ വെച്ച് കളിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. കുട്ടികള്‍ക്ക് ഹാനിയുണ്ടാക്കുന്ന മരുന്നുകള്‍, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, എളുപ്പം പൊട്ടുന്ന പാത്രങ്ങള്‍ തുടങ്ങിയവ അവരുടെ കൈയെത്തുന്നിടത്ത് വെക്കരുത്.

ഇപ്രകാരം ദീനിനും സുരക്ഷിതത്വത്തിനും ഹിതകരമല്ലാത്ത എല്ലാറ്റില്‍നിന്നും വിശ്വാസിയുടെ ഭവനം മുക്തമായിരിക്കേണ്ടത് അത്യാവശ്യമാണ്.