ജീവിതത്തില്‍നിന്ന് ഒളിച്ചോടുന്നവര്‍

നബീല്‍ പയ്യോളി

2021 ജൂലൈ 24 1442 ദുല്‍ഹിജ്ജ 13

അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കെത്തുന്ന അതിഥിയാണ് മരണം. ഗര്‍ഭസ്ഥശിശു മുതല്‍ വയോവൃദ്ധര്‍വരെയുള്ളവരുടെ ജീവന്റെ തുടിപ്പവസാനിക്കാന്‍ സമയമേതും തടസ്സമല്ല. നമ്മോട് അനുവാദം ചോദിക്കാതെ ഈലോകത്ത് നമ്മെ ജനിപ്പിച്ച ദൈവം തിരിച്ചുവിളിക്കാനും ആരുടെയും അനുവാദം ചോദിക്കാറില്ല. ജനനവും മരണവും നമ്മുടെ നിയന്ത്രണത്തിലല്ലെന്ന യാഥാര്‍ഥ്യം സാമാന്യബുദ്ധിയുള്ളവരാരും നിഷേധിക്കില്ല. അത് ദൈവവിശ്വാസികളും നിഷേധികളും ഒരുപോലെ അംഗീകരിക്കുന്ന യാഥാര്‍ഥ്യങ്ങളില്‍ ഒന്നാണ്. മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രണരാകണമെന്ന് വാദിക്കുന്നവര്‍ തന്നെ ജീവന്റെ പാരതന്ത്ര്യം അംഗീകരിക്കുന്നതിനെ വിരോധാഭാസമായി കാണാനേ തരമുള്ളൂ. മരണമെന്ന യാഥാര്‍ഥ്യത്തിന് മുമ്പില്‍ കണ്ണീരില്‍കുതിര്‍ന്ന നിസ്സംഗത മാത്രമാണ് ദൈവനിഷേധികള്‍ക്ക് ഉണ്ടാവാറുള്ളത്. മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ പോലും ആവാത്ത നിസ്സഹായതയും ശൂന്യതയും അവര്‍ കൊണ്ടുനടക്കുന്ന ആശയത്തിന്റെ പാപ്പരത്തം വിളിച്ചോതുന്നതാണ്.

ജനനം പോലെ മരണവും അപ്രതീക്ഷിതമാണെന്ന് അംഗീകരിക്കുന്നവര്‍ തന്നെ മരിച്ചുകളയുന്ന കാഴ്ചകളാണ് പലപ്പോഴും നമ്മെ തേടിയെത്തുന്നത്. ആത്മഹത്യ ചെയ്യുന്നവര്‍ നമുക്ക് ചുറ്റും കൂടിവരുന്നു എന്നതാണ് കണക്കുകള്‍ തെളിയിക്കുന്നത്. പ്രതിസന്ധികളില്‍നിന്നുള്ള ഒളിച്ചോട്ടമാണ് പലപ്പോഴും ആത്മഹത്യ. പ്രതിസന്ധികളെ തരണംചെയ്യാനുള്ള മാനസികാവസ്ഥ നഷ്ടമാകുന്നതോ ധൈര്യം ചോര്‍ന്ന് പോകുന്നതോ ഭാവിയെക്കുറിച്ചുള്ള ആശങ്കയോ അതുമല്ലെങ്കില്‍ എതിരാളിയെ പാഠം പഠിപ്പിക്കാം എന്നചിന്തയോ ഒക്കെയാവാം ആത്മഹത്യയിലേക്ക് പലരെയും നയിക്കുന്നത്. മരിച്ചവരാരും തിരിച്ചുവന്നിട്ടില്ല. അതുകൊണ്ട്തന്നെ ആത്മഹത്യ ഈ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മരിച്ചവര്‍ക്ക് ഒന്നും അറിയാന്‍ സാധ്യമല്ല. മറിച്ച് ജീവിച്ചിരിക്കുന്ന നാം അത്തരം പ്രവണതകള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

ആരെങ്കിലും ആത്മഹത്യ ചെയ്തതുകൊണ്ട് ലോകത്ത് പ്രത്യേകിച്ച് എന്തെങ്കിലും മാറ്റങ്ങള്‍ വന്നതായി കാണുക സാധ്യമല്ല. ആരുടെയും ജനനമോ മരണമോ മൂലം ലോകത്തിന് പ്രത്യേക മാറ്റങ്ങള്‍ സംഭവിക്കുന്നില്ലെന്നത് ഒരു യാഥാര്‍ഥ്യമായി നാമൊക്കെ ഉള്‍ക്കൊള്ളേണ്ടതാണ്. 'ഞാന്‍' എന്ന മനോഭാവം മാറിക്കിട്ടാന്‍ അത് സഹായകമായേക്കാം. 'ഞാന്‍' ഉള്ളതുകൊണ്ടാണ് ലോകത്ത് എന്തെങ്കിലും നടക്കുന്നത് എന്നോ 'ഞാന്‍' ഇല്ലെങ്കില്‍ അതൊന്നും നടക്കില്ല എന്നോ ചിന്തിക്കുന്നവര്‍ വിഡ്ഢികളാണ്. ലോകം ഉണ്ടായത് മുതല്‍ ഇന്നുവരെയും നാളെയും അതിന്റെ പ്രയാണം തുടര്‍ന്നകൊണ്ടേയിരിക്കും.  കോടിക്കണക്കിന് മനുഷ്യരില്‍ ഒരാള്‍ മാത്രമാണ് താന്‍ എന്ന ബോധ്യം നമ്മെ എത്രത്തോളം സ്വാധീനിക്കുന്നുവോ അത്രത്തോളം യാഥാര്‍ഥ്യബോധത്തോടെ ജീവിക്കാന്‍ നമുക്ക് സാധിക്കും.

ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്നതില്‍ സംശയമില്ല. ആരെങ്കിലും ആത്മത്യചെയ്താല്‍ അവരോട് ഏറ്റവും അടുപ്പമുള്ളവരെയാണ് അത് പ്രയാസപ്പെടുത്തുക. ദിവസങ്ങള്‍ കഴിഞ്ഞാല്‍ അവരും അത് മറക്കും. യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെട്ട് അവരുടെ ജീവിതം മുന്നോട്ട് പോവുകയും ചെയ്യും. അതുകൊണ്ട് തന്നെ ആത്മാഹുതി ചെയ്യുന്നതിന്റെ നഷ്ടം അവരവര്‍ക്ക് തന്നെയാണ്. അത് മറ്റുള്ളവരെ ബാധിക്കുന്നത് വിരളമായി മാത്രം. പ്രതിസന്ധികളില്‍നിന്ന് ഒളിച്ചോടുന്ന ഇത്തരം ആളുകള്‍ അതുമായി ബന്ധപ്പെട്ടവരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിനും ഹേതുവാകാറുണ്ട്.

ജീവിതം എന്നത് അപ്രതീക്ഷിത സംഭവങ്ങളുടെ ഒരു ചങ്ങലയാണ്. ജനിച്ചതുമുതല്‍ മരിക്കുന്നതുവരെ നിരവധി അപ്രതീക്ഷിത കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. അതില്‍നിന്നും ഒഴിഞ്ഞുമാറുക എന്നത് അസാധ്യമാണ്. ദൈവനിശ്ചയപ്രകാരമേ ലോകത്ത് കാര്യങ്ങള്‍ നടക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സംഭവിക്കുന്ന ഗുണദോഷങ്ങളുടെ മുമ്പില്‍ പതറിപ്പോകാതെ അവയെ നേരിടുകയും ക്രിയാത്മകമായി പ്രതിസന്ധികളെ അതിജയിക്കുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്. ജീവിതം അവസാനിപ്പിക്കുക എന്ന ബുദ്ധിശൂന്യത ചെയ്യാതിരിക്കാനുള്ള അടിസ്ഥാനപരമായ ഈ തിരിച്ചറിവ് പലര്‍ക്കും നഷ്ടപ്പെടുന്നു എന്ന് വേണം സമകാലിക സംഭവങ്ങളില്‍നിന്ന് വായിച്ചെടുക്കാന്‍.

തന്റെ ജീവിതത്തില്‍ സംഭവിക്കുന്നത് മുഴുവനും താന്‍ വിചാരിക്കുന്നത് പോലെയായിരിക്കണം എന്ന ചിന്ത അവിവേകമാണ്. ജീവിതയാത്രയില്‍ നേരിടേണ്ടിവരുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഇഹലോകത്ത് പരിഹാരം കാണാന്‍ സാധ്യമല്ല. എന്നാല്‍ പരിഹാരം കാണാനുള്ള പരിശ്രമം അനിവാര്യമാണ്. എല്ലാ  പ്രശ്‌നങ്ങള്‍ക്കും സ്വയം പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നതാകട്ടെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നമ്മെ നയിച്ചേക്കാം. പരിഹാരം നിര്‍ദേശിക്കാനും സഹായിക്കാനും കഴിയുന്ന ആളുകളുടെ സഹായം തേടുക എന്നത് പ്രധാനമാണ്. പലര്‍ക്കുമുള്ള പ്രശ്‌നം ജീവിതത്തിലെ സുഖദുഃഖങ്ങള്‍ പങ്കുവെക്കാന്‍ ആത്മാര്‍ഥ സൗഹൃദങ്ങളോ ബന്ധങ്ങളോ ഇല്ലാതെ പോകുന്നു എന്നതാണ്. എല്ലാം മനസ്സില്‍ സൂക്ഷിച്ച് ഒടുവില്‍ മനസ്സിന്റെ നിയന്ത്രണം നഷട്മാവുകയും അവിവേകം പ്രവര്‍ത്തിക്കുകയും ചെയ്യും. നമ്മുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അതിന് അവധാനതയോടെ പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന ബന്ധങ്ങള്‍ നമുക്ക് ഉണ്ടാവണം. അത് ആത്മാര്‍ഥമായി ശ്രമിച്ചാല്‍ സാധ്യവുമാണ്. എല്ലാറ്റിനും കൗണ്‍സിലിംഗ് സെന്ററുകളെ സമീപിക്കുന്ന രീതി പ്രോത്സാഹിപ്പിക്കേണ്ടതല്ല. അത് പലപ്പോഴും സാമ്പത്തികമോ മറ്റു നിലയിലോ ഉള്ള ചൂഷണങ്ങള്‍ക്ക് കാരണമായേക്കാം. എല്ലാ ഇടങ്ങളിലും നല്ലതും ചീത്തയുമുണ്ട്; ചീത്തയിലേക്ക് എത്തിപ്പെടാതിരിക്കാന്‍ ജാഗ്രത അനിവാര്യമാണ്.

എല്ലാറ്റിലുമുപരി ഇസ്‌ലാം നിര്‍ദേശിക്കുന്ന പരിഹാരം തേടാന്‍ നമുക്ക് സാധിക്കണം. ഇസ്‌ലാം സകല ചൂഷണങ്ങളെയും എതിര്‍ക്കുന്ന മതമാണ്. ഇടനിലക്കാരില്ലാതെ സ്രഷ്ടാവും സൃഷ്ടിയും തമ്മില്‍ ദൃഢബന്ധം കാത്തുസൂക്ഷിക്കുവാനാണ് ഇസ്‌ലാം മാനവകുലത്തോട് ആവശ്യപ്പെടുന്നത്. അത് നല്‍കുന്ന ധൈര്യവും ആത്മവിശ്വാസവും ചെറുതല്ല. എന്തും എപ്പോഴും ആ നാഥനോട് ചോദിക്കാനും ആവലാതികള്‍ പറയാനും പ്രശ്‌നപരിഹാരം തേടാനുമൊക്കെ വിശ്വാസികള്‍ക്ക് സാധ്യമാകണം. മറ്റാരുടെയും അറിവും ശിപാര്‍ശയും ഇല്ലാതെ തന്നെ നമുക്ക് അല്ലാഹുവിനോട് കാര്യങ്ങള്‍ ആത്മാര്‍ഥമായി പറയാനും പരിഹാരങ്ങള്‍ തേടാനും സാധിക്കും. പ്രതിസന്ധിയുടെ ചുഴിയില്‍ അകപ്പെടുമ്പോള്‍, പരിഹാരത്തിന്റെനേര്‍ത്ത പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍ അല്ലാഹുവില്‍ അഭയം തേടിയാല്‍ തന്റെ അടിമക്ക് അവന്‍ വഴിതുറന്നു കൊടുക്കാതിരിക്കില്ല. ഇബ്‌റാഹീംൗ എന്ന പ്രവാചകന്‍  അഗ്‌നികുണ്ഡത്തിലേക്ക് വലിച്ചെറിയപ്പെട്ടപ്പോള്‍, തീയിനെ സൃഷ്ടിച്ച നാഥന്‍ തീയിന്റെ പ്രകൃതമായ ചൂടിനെ മാറ്റി തണുപ്പും സമാധാനവുമാക്കിയതും ആ പ്രതിസന്ധിയില്‍നിന്ന് അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തിയതും യാഥാര്‍ഥ്യമാണെന്നു മനസ്സിലാക്കിയ, ഇസ്‌ലാമിനെ ജീവിത വെളിച്ചമായി സ്വീകരിച്ചവര്‍ക്ക് എത്ര വലിയ പ്രതിസന്ധികളെയും നേരിടാനുള്ള ആത്മധൈര്യവും ഇച്ഛാശക്തിയുമുണ്ടാകുമെന്നതില്‍ സംശയമില്ല.

ആത്മഹത്യയും ഭരണകൂടവും

ഇന്ത്യയെപോലെയുള്ള ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായ ബന്ധം ഭരണകൂടങ്ങള്‍ക്കുണ്ട്. അവരുടെ മാനസികവും ശാരീരികവും സാമ്പത്തികവും അടക്കം ജീവിതത്തിന്റെ വിവിധതലങ്ങളുടെ സംതൃപ്തമായ സാഹചര്യം നിലനിര്‍ത്തുന്നതില്‍ ഭരണകൂടങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന ഭരണകൂടം എന്നതാണ് ജനാധിപത്യ ഭരണകൂടങ്ങളെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ ഇപ്പോഴത് ഭരണകര്‍ത്താക്കള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കുന്ന ഭരണകൂടം എന്ന് തിരുത്തിപ്പറയേണ്ട സാഹചര്യമാണുള്ളത്.

ലോകം മുഴുവന്‍ സ്തംഭിച്ച അപ്രതീക്ഷിത സംഭവമാണ് കോവിഡ് മഹാമാരി. മനുഷ്യന്റെ കണക്ക് കൂട്ടലുകളെയെല്ലാം തകിടം മറിച്ച് പാവങ്ങളെന്നോ പണക്കാരനെന്നോ വികസിത, വികസ്വര, അവികസിത രാജ്യങ്ങള്‍ എന്നോ വ്യത്യാസമില്ലാതെ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന മുഴുവന്‍ മനുഷ്യരെയും ബാധിച്ചിരിക്കുന്ന ഒരു മഹാമാരിയുടെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകത്തെ മുഴുവന്‍ സംവിധാനങ്ങളെയും നിശ്ചലമാക്കിയും എല്ലാവരെയും ഭീതിപ്പെടുത്തിയും  കൊറോണ നമ്മെ പിടികൂടിയിട്ട് വര്‍ഷം രണ്ടാകാന്‍ പോകുന്നു. മനുഷ്യന്‍ ഇടപെടുന്ന സകല മേഖലകളെയും ഈ മഹാമാരി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തി.

ലോക്ഡൗണ്‍ അടക്കമുള്ള അപ്രായോഗിക നടപടികളിലൂടെ രോഗവ്യാപനം തടയാന്‍ നടത്തിയ ശ്രമങ്ങള്‍ ഒരു പരിധിവരെ പരാജയപ്പെട്ടെന്ന് വേണം മനസ്സിലാക്കാന്‍. സക്രിയമായ മനുഷ്യസമൂഹത്തെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുക്കി എന്തെങ്കിലും തരത്തിലുള്ള വിജയം നേടാം എന്ന് വിചാരിക്കുന്നത് മൗഢ്യമാണെന്ന് ഇനിയെങ്കിലും നമ്മുടെ ഭരണാധികാരികള്‍ തിരിച്ചറിയണം. നിയന്ത്രണങ്ങള്‍ വേണ്ടെന്ന് ഒരിക്കലും പറയുന്നില്ല. കെട്ടിയിടലും നിയന്ത്രണങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്. മനുഷ്യന്റെ സാമൂഹിക ചംക്രമണ വ്യവസ്ഥയെ നിശ്ചലമാക്കിയാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും. സാമ്പത്തിക രംഗത്ത് നമ്മുടെ രാജ്യവും സംസ്ഥാനവും അനുഭവിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്ന് വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തുന്നവര്‍ക്ക് ബോധ്യപ്പെടും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിഷ്‌കാരങ്ങള്‍ പലതും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് പലരുടെയും ജീവനോപാധികളുടെ തകര്‍ച്ചക്ക് കാരണമാവുകയും ആത്മഹത്യയെന്ന അവിവേകത്തിലേക്ക് പലരെയും തള്ളിവിടുകയും ചെയ്തു. ഭരണകര്‍ത്താക്കളും ഉദേ്യാഗസ്ഥരും അടങ്ങുന്നവര്‍ ശീതീകരിച്ച മുറികളിലിരുന്ന് ഉത്തരവുകള്‍ ഇറക്കുമ്പോള്‍ അവയുടെ പ്രായോഗികതയെ കുറിച്ച് ചിന്തിക്കുകയോ അത് സമൂഹത്തില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ആലോചിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാണ്.

ഈ പ്രതിസന്ധി ഘട്ടത്തിലും തങ്ങളുടെ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കാത്തവരാണ് സര്‍ക്കാര്‍ ഉദേ്യാഗസ്ഥരും ഭരണകൂടത്തിന്റെ ഭാഗമായി നില്‍ക്കുന്ന മറ്റുള്ളവരും. അതിനപ്പുറമുള്ള ബഹുഭൂരിപക്ഷം ജനതയെ മറന്നുകൊണ്ടുള്ള നയങ്ങളും തീരുമാനങ്ങളും ആത്മഹത്യാ പ്രേരകങ്ങളായി മാറുന്നു എന്ന തിരിച്ചറിവ് എന്നാണിവര്‍ക്ക് ഉണ്ടാവുക? വ്യാപാര, വ്യവസായ സേവന സ്ഥാപനങ്ങള്‍ക്ക് മദ്യശാലകളോളം  പ്രാധാന്യം ലഭിക്കാത്തത് മദ്യം സര്‍ക്കാരിന്റെ ഏറ്റവുംവലിയ വരുമാനമാര്‍ഗം ആവുകയും മറ്റുള്ളവ ജനങ്ങളുടെ വരുമാനമാര്‍ഗമാണ് എന്നുള്ളതുമാണ്. ഭരണകൂടം തങ്ങളുടെ ഭദ്രതയെയാണ് ജനങ്ങളുടെ ജീവിതത്തെക്കാള്‍ പ്രാധാന്യത്തോടെ കാണുന്നത് എന്നത് വ്യക്തം. ഭക്ഷ്യക്കിറ്റുകള്‍ നല്‍കിയത് നല്ലകാര്യം തന്നെ. ഏതാനും കമ്പനികള്‍ക്ക് കൊള്ളലാഭം നേടാനും ചില ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്താനും അത്‌കൊണ്ടായി. കിറ്റില്‍ അടങ്ങിയ വസ്തുക്കളുടെ തുക നേരിട്ട് ജനങ്ങളിലേക്ക് എത്തിയിരുന്നുവെങ്കില്‍ പെട്ടിക്കട മുതല്‍ വലിയ വ്യാപാര സ്ഥാപനങ്ങളില്‍ വരെ ആ പണം സഞ്ചരിച്ച് സര്‍ക്കാരിന്റെ ഖജനാവില്‍ തന്നെ തിരിച്ചെത്തുമായിരുന്നു. പണം കെട്ടിക്കിടക്കേണ്ടതല്ലെന്നും അത് നിര്‍ബാധം സഞ്ചരിച്ചാല്‍ മാത്രമെ സമൂഹത്തിന്റെ സാമ്പത്തികാരോഗ്യം ശരിയാംവിധം നിലനിക്കുകയുള്ളൂ എന്നുമുള്ള സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠംപോലും അറിയാത്തവരാണോ നമ്മുടെ ഭരണാധികാരികള്‍?

 സമൂഹം എന്ന പരസ്പരം കെട്ടുപിണഞ്ഞു നില്‍ക്കുന്ന ഒരു കൂട്ടത്തിന്റെ ഏതെങ്കിലും ചില ഭാഗങ്ങളില്‍ മാത്രം ഉണ്ടാകുന്ന വളര്‍ച്ചയോ ലഭിക്കുന്ന ആനുകൂല്യമോ അര്‍ബുദമാണ്. സമൂഹമാകുന്ന ശരീരത്തിന്റെ മുഴുവന്‍ ഭാഗത്തിനും അര്‍ഹിക്കുന്ന പരിഗണന ലഭിക്കേണ്ടതുണ്ട്. മറിച്ചുള്ള ഇടപെടല്‍ വിപരീത ഫലമാണുണ്ടാക്കുക. അത് ആത്മഹത്യയിലേക്ക് പലരെയും തള്ളിവിടുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

നിഷ്‌കളങ്കയായ ഒരു വൃദ്ധയെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ചോദ്യംചെയ്ത് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് അപമാനിച്ച് ആത്മനിര്‍വൃതിയടഞ്ഞ ഉദ്യോഗസ്ഥരുണ്ട്. മദ്യശാലകള്‍ക്ക് മുമ്പില്‍ നടക്കുന്ന പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കാണാന്‍ കാണേണ്ടവര്‍ക്ക് കണ്ണില്ലാതെ പോകുകയും ചെയ്യുന്നു! ജീവിതം വഴിമുട്ടുമ്പോള്‍ വിവേകമില്ലാത്തവര്‍ ജീവിതത്തില്‍നന്നുതന്നെ ഒളിച്ചോടാന്‍ ശ്രമിക്കും. അതിനുള്ള അവസരം ഇല്ലാതാക്കല്‍ ഭരണകൂടത്തിന്റെ കടമയാണ്.

ആത്മഹത്യ പാപമാണ്

ഇസ്‌ലാമിക വീക്ഷണത്തില്‍ ആത്മഹത്യ ഗുരുതരമായ പാപമാണ്. അല്ലാഹു  പറയുന്നു: ''നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്‌നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു'' (ക്വുര്‍ആന്‍ 4:29,30).

ഒട്ടേറെ പ്രവാചക വചനങ്ങള്‍ ആത്മഹത്യയുടെ ഗൗരവത്തെ കുറിച്ചും അതിന്റെ ശിക്ഷയെ കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ''ഒരാള്‍ മലമുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്താല്‍, അവന്‍ നരകത്തില്‍വെച്ചും അപ്രകാരം നിത്യവും വീണുകൊണ്ടേയിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തവന്‍ നരകത്തില്‍ എന്നെന്നും വിഷം കഴിച്ചുകൊണ്ടേയിരിക്കും. അവന്റെ കയ്യില്‍ വിഷം എപ്പോഴും ഉണ്ടായിരിക്കും. ഒരാള്‍ ആയുധം ഉപയോഗിച്ച് സ്വശരീരത്തെ വധിച്ചാല്‍ അവന്‍ കാലാകാലവും നരകത്തില്‍വെച്ച് ആയുധംകൊണ്ട് തന്റെ വയറ് കുത്തിക്കീറിക്കൊണ്ടേയിരിക്കും. ആ ആയുധം അവന്റെ കയ്യില്‍ എപ്പോഴും ഉണ്ടായിരിക്കും'' (സ്വഹീഹുല്‍ ബുഖാരി).

''അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്''(13:28).