ഇതെന്തു ധനം?

സഹ്‌റ സുല്ലമിയ്യ

2021 ജൂലൈ 03 1442 ദുല്‍ക്വഅ്ദ 23

സ്ത്രീധന പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും ചെറിയ ഇടവേള ഉണ്ടായോ? അതോ പുറത്തറിയാഞ്ഞിട്ടോ?

വീണ്ടും സ്ത്രീധനപീഡന സംഭവങ്ങള്‍ അരങ്ങേറിക്കോണ്ടിരിക്കുന്നു. മഹത്തായ ഒരു ബന്ധം, പവിത്രമായ, പരിപാവനമായ ആത്മബന്ധം കേവലം പണത്തിനും പണ്ടത്തിനും മറ്റും വേണ്ടി പിച്ചിച്ചീന്തപ്പെടുകയാണ്. ആരൊക്കെയാണ് ഉത്തരവാദികള്‍? പുരുഷന്മാര്‍ മാത്രമാണോ? ഒരോ പീഡന, ആത്മഹത്യ വിവരങ്ങള്‍ അറിയുമ്പോഴും പുരുഷന്മാര്‍ മാത്രമാണോ കുറ്റക്കാര്‍?

അന്വേഷണം സ്ത്രീകളിലേക്കും നീളുന്നുണ്ടോ? ഉണ്ട്! ഭര്‍ത്താവിന്റെ മാതാവിലേക്കും സഹോദരിമാരിലേക്കും നീളുന്നു, അവരെയും കുറ്റക്കാരായി കാണുന്നു, ചോദ്യം ചെയ്യുന്നു, അറസ്റ്റ് ചെയ്യുന്നു. അപ്പോള്‍ പുരുഷന്‍ മാത്രമാണോ സ്ത്രീയുടെ ശത്രു? അല്ല സ്ത്രീകളും സ്ത്രീയുടെ ശത്രുവാണ്.

സ്ത്രീധനത്തുക കുറഞ്ഞതിന്റെ പേരില്‍, ആഭരണം കുറഞ്ഞതിന്റെ പേരില്‍, വീടുകളില്‍ അമ്മായിയമ്മ എന്ന, നാത്തൂന്‍ എന്ന സ്ത്രീയുടെ കുത്തുവാക്കുകളും പീഡനങ്ങളും അനുഭവിക്കേണ്ടി വന്ന ഒരുപാട് സംഭവങ്ങള്‍ നാം കേള്‍ക്കാറുണ്ട്. അപ്പോള്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് മാറ്റം വരേണ്ടത്. പലപ്പോഴും അമ്മായിയമ്മ എന്ന, നാത്തൂന്‍ എന്ന സ്ത്രീ വര്‍ഗമാണ് പുരുഷന്മാരുടെ ചെവിയില്‍ മന്ത്രമോതുന്നത്.

ഏതൊരു അമ്മയും ഉമ്മയും തന്റെ മകള്‍ക്ക് ഭര്‍തൃവീട്ടില്‍ സുഖമാവണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍... എന്റെ വീട്ടിലേക്ക് മരുമകളായി കടന്നുവരുന്ന കുട്ടി എന്റെ വീട്ടില്‍ സുഖമായി ഇരിക്കണമെന്ന് എന്തുകൊണ്ട് ആഗ്രഹിക്കുന്നില്ല?

സ്ത്രീധനം കൊടുക്കാന്‍ സാധിക്കാത്തതിനാല്‍ വിവാഹ കമ്പോളങ്ങളില്‍നിന്നും പിന്തള്ളപ്പെട്ട്, അവസാനം കുറെ കഷ്ടപ്പെട്ട് സ്ത്രീധനം കൊടുത്ത് മകളെ വിവാഹം ചെയ്തുകൊടുക്കുന്ന ഒരു ഉമ്മ എന്തുകൊണ്ട് ഞാന്‍ കഷ്ടപ്പെട്ടതുപോലെ വേറൊരു മാതാവ് കഷ്ടപ്പെടരുതെന്ന് ചിന്തിക്കുന്നില്ല, മറിച്ച്, ഞാന്‍ കഷ്ടപ്പെട്ടത് പോലെ അവരും കഷ്ടപ്പെടട്ടെ എന്ന് ചിന്തിക്കുന്നു?

മകള്‍ക്ക് സ്ത്രീധനം കൊടുക്കാന്‍ സഹായാഭ്യര്‍ഥനയുമായി എന്റെ അടുത്തുവന്ന സ്ത്രീയോട് ഞാന്‍ ചോദിച്ചു: 'നിങ്ങള്‍ക്ക് ആണ്‍ മക്കള്‍ ഉണ്ടോ?' 'ഉണ്ട്!' 'അവരെക്കൊണ്ട് കെട്ടിക്കുമ്പോള്‍ നിങ്ങള്‍ സ്ത്രീധനം വാങ്ങുമോ?' 'പിന്നെന്താ, ഞാന്‍ ഇരട്ടി വാങ്ങും. എന്റെ മകള്‍ക്ക് കൊടുത്തതിന്റെ ഇരട്ടി ഞാന്‍ വാങ്ങും!'

ഞാന്‍ ചോദിച്ചു: 'നിങ്ങളുടെ കഷ്ടപ്പാട് നിങ്ങള്‍ക്കറിയില്ലേ? അങ്ങനെ വേറൊരു ഉമ്മ കഷ്ടപ്പെടരുത് എന്നല്ലേ നിങ്ങള്‍ ചിന്തിക്കേണ്ടത്?' അവരുടെ മറുപടി: 'മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ ഞാനെന്തിനറിയണം?' ഇതാണ് ചില സ്ത്രീകളുടെ മനസ്സ്! അപ്പോള്‍ സ്ത്രീയുടെ ശത്രു ആരാണ്?

ഞാനൊരിക്കലും സ്ത്രീധനം കൊടുക്കാനുള്ള സഹായം ആര്‍ക്കും നല്‍കാറില്ല. നിഷിദ്ധമായ സ്ത്രീധനം നല്‍കാന്‍ സഹായിക്കുന്നതും നിഷിദ്ധമാണ്.

1984ല്‍ സുഹൈര്‍ ചുങ്കത്തറ എന്നെ കല്യാണം കഴിക്കുമ്പോള്‍ ഒരു ആഭരണവും ധരിക്കരുത് എന്നായിരുന്നു നിബന്ധന. കാത് പോലും കുത്താത്ത എനിക്കതൊരു പ്രയാസമായിരുന്നില്ല. 1982ല്‍ പ്രവര്‍ത്തനമാരംഭിച്ച ബിസ്മിയുടെ പ്രവര്‍ത്തനങ്ങളില്‍ കുറേയൊക്കെ സഹായിക്കാനും കൂടെ യാത്ര ചെയ്യാനും ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്ത്രീധനം വാങ്ങാന്‍ തയ്യാറല്ലാത്ത ഒരുപാട് ചെറുപ്പക്കാര്‍. എന്നാല്‍ അവര്‍ക്ക് തടസ്സം മാതാപിതാക്കള്‍!

'ബാപ്പാനെ എങ്ങനെയെങ്കിലും ശരിയാക്കാം; ഉമ്മാനെയാണ് സഹിക്കാന്‍ പറ്റാത്തത്' എന്ന് പറയുന്നവര്‍! ഉമ്മമാരെയും പെങ്ങന്‍മാരെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പലയിടത്തേക്കും യാത്രകള്‍... പാതിരവരെ ചര്‍ച്ച... എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓര്‍ക്കുന്നു. സ്ത്രീധനം ഇല്ലാത്തതിന്റെ പേരില്‍ വിവാഹം നടക്കാത്ത ധാരാളം മക്കള്‍ ഉള്ള വീടുകള്‍, പെങ്ങന്മാരെ വിവാഹം ചെയ്തയക്കാത്തതിനാല്‍ വിവാഹം കഴിക്കാതെ നില്‍ക്കേണ്ടി വരുന്ന പ്രായമുള്ള ആങ്ങളമാര്‍...

ബിസ്മിയുടെ 'സ്ത്രീധനം വാങ്ങരുത്, പ്രോത്സാഹിപ്പിക്കരുത്' എന്ന മുദ്രാവാക്യം വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. ധാരാളം യുവാക്കള്‍ മുന്നോട്ടുവന്നു. കേരളത്തിലുടനീളം മഹത്തായ മാറ്റങ്ങള്‍. എന്നാലും ആഭരണം ചിലര്‍ക്ക് പ്രശ്‌നമായിരുന്നു. 'ആഭരണഭ്രമം വെടിയുക' എന്ന മുദ്രാവാക്യവുമായി മുന്നോട്ടു പോയി. പലര്‍ക്കും ആഭരണം ധരിക്കാത്തവരെ മതിയെന്നായി. മഹത്തായ മാറ്റങ്ങള്‍...

സ്ത്രീധനത്തെ താങ്ങിനിര്‍ത്തുന്നത് വിവാഹ ചെലവാണെന്നതിനാല്‍ പിന്നീടുള്ള വിപ്ലവം കല്യാണം ലളിതമാക്കുന്നതിലായി. ഉച്ചക്ക് പകരം നാലുമണിക്കല്യാണം. അതും സംഘവിവാഹങ്ങള്‍. ചെലവ് ലളിതം. ഒരുപാട് സംഘവിവാഹങ്ങള്‍ നടന്നു.

കാലം കടന്നുപോയി...

ഞങ്ങളുടെ മക്കള്‍ക്കും വിവാഹപ്രായമായി. മൂത്തമകള്‍ അമത്തുനൂറും മുണ്ടേരിയിലെ ഞങ്ങളുടെ അമ്മായിയുടെ പേരമകന്‍ സെമീറുമായുള്ള വിവാഹം. ഞങ്ങള്‍ക്ക് കല്യാണത്തിന് ചെലവ് വെറും 500 രൂപ. സ്ത്രീധനം ഇല്ല, ആഭരണം ഇല്ല, കല്യാണച്ചെലവില്ല, ഇസ്‌ലാമില്‍ വിവാഹച്ചെലവ് പുരുഷന്റെ വകയാണല്ലോ. പിന്നെ 500 രൂപ എന്തിന്? പെണ്ണിനെ കൂട്ടിക്കൊണ്ടു പോയപ്പോള്‍ അവളുടെ ആങ്ങളമാരും അനുജത്തിയും കൂടെ പോയി; ആ വണ്ടി വാടക!

മൂത്തമകന്‍ അബ്ദുല്ലയുടെ കല്യാണം; വിവാഹ ചെലവും മഹ്‌റും മറ്റും അവനാണല്ലോ വഹിക്കേണ്ടത്. ലളിത വിവാഹമായതിനാല്‍ ഞങ്ങള്‍ക്ക് കുറച്ചുകാശേ ചെലവായുള്ളൂ. യാതൊരു ആഭരണവും ധരിക്കരുതെന്ന് ഞങ്ങള്‍ നിര്‍ബന്ധം പറഞ്ഞു. കാതില്‍ കമ്മല്‍ ഉണ്ടെങ്കില്‍ അതും ഊരിവെക്കാന്‍ പറഞ്ഞു. വീട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും അത്ഭുതം. അവള്‍ ചുങ്കത്തറ നജാത്ത് കോളേജില്‍ പഠിച്ചതുകൊണ്ട് അവള്‍ക്ക് ഈ രീതിയെല്ലാം കുറച്ചൊക്കെ പരിചയമുണ്ടായിരുന്നു. അന്ന് അവളുടെ ഉപ്പ ഒരു മുതലാളിയുടെ തോട്ടത്തിലെ കാര്യസ്ഥനായിരുന്നു. ആ മുതലാളി എന്നോട് പറഞ്ഞു: 'ഞങ്ങള്‍ മുതലാളിമാര്‍ കല്യാണത്തിനാണ് തൊഴിലാളികളെ സഹായിക്കാറ്. നിങ്ങള്‍ ഒന്നും വേണ്ട എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ എന്താ ചെയ്യുക?' ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'അല്ലാത്ത സമയത്തും സന്ദര്‍ഭത്തിലും നിങ്ങള്‍ക്ക് സഹായിക്കാമല്ലോ. എന്തായാലും ഈ സഹായം ഞങ്ങള്‍ക്ക് വേണ്ട.'

അതുപോലെ തന്നെ മറ്റു മക്കളുടെയും കല്യാണങ്ങള്‍ നടന്നു. എല്ലാവരോടും ഞങ്ങളുടെ നിബന്ധനകള്‍ പറഞ്ഞു. എല്ലാവരും ഒരുതരി സ്വര്‍ണം ധരിക്കാതെ ഞങ്ങളുടെ വീട്ടിലേക്ക് കയറിവന്നു. അല്‍ഹംദുലില്ലാഹ്.

ആഭരണത്തിന്റെ പേരില്‍, വാഹനത്തിന്റെ പേരില്‍, സ്ത്രീധനത്തിന്റെ പേരില്‍, സ്വസ്ഥത നഷ്ടപ്പെടുന്ന, നഷ്ടപ്പെടുത്തുന്നവരെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഞാന്‍ ആലോചിക്കുക; സ്വന്തം ജീവിതത്തിലേക്ക് എല്ലാ പ്രതീക്ഷകളുമായി കടന്നുവരുന്നവളെ, മക്കള്‍ക്ക് ഉമ്മയാവേണ്ടവളെ, പ്രായമേറിയ മാതാപിതാക്കളെ സംരക്ഷിക്കേണ്ടവളെ എന്തിന് വില പേശണം?