ദൈവനിഷേധം യുക്തിയോ യുക്തിരാഹിത്യമോ?

മമ്മദ് പി.പി, തിക്കോടി

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

ദൈവം ഇല്ലെന്ന് പഠിച്ചു ബോധ്യപ്പെട്ടതുകൊണ്ടല്ല ചില മനുഷ്യര്‍ ദൈവാസ്തിക്യം നിഷേധിക്കുന്നത്. തന്നിഷ്ടപ്രകാരം ജീവിക്കാനുള്ള ആഗ്രഹം ഒന്നുമാത്രമാണ് ഇവരെ ദൈവനിഷേധികളാക്കുന്നത്. സര്‍വശക്തനായ ഒരു സ്രഷ്ടാവിന്ന് കീഴ്പ്പെട്ട് ജീവിക്കുക എന്നത് അഹങ്കാരികള്‍ക്ക് സാധ്യമല്ല. അതിന് വിനയമുള്ള മനസ്സുവേണം.

എന്തുണ്ട് മനുഷ്യകൈവശം ദൈവത്തെ നിഷേധിക്കാനുള്ള തെളിവായി? കണ്ണില്‍ പെടുന്നില്ല എന്നതാണോ? യഥാര്‍ഥ രൂപത്തില്‍ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത, എന്നാല്‍ സാന്നിധ്യംകൊണ്ട് തിരിച്ചറിയുന്ന വായു, വൈദ്യുതി പോലുള്ളവയെ ഇവര്‍ നിഷേധിക്കുന്നുണ്ടോ? സ്വന്തം ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതും കിഡ്നിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും താനാണെന്ന് ആര്‍ക്കെങ്കിലും അവകാശപ്പെടാനാകുമോ? ഏതെങ്കിലും മാതാവോ പിതാവോ ഞങ്ങളാണ് സ്വന്തം സന്താനങ്ങള്‍ക്ക് രൂപകല്‍പനല്‍കിയതെന്നോ ആണോ പെണ്ണോ ആക്കിസൃഷ്ടിച്ചതെന്നോ അവകാശവാദം ഉന്നയിച്ചിട്ടുണ്ടോ? അതിന് സാധ്യമാണോ?

പദാര്‍ഥം എങ്ങനെ പെരുമാറുന്നു എന്ന് പഠിക്കുകയും ആ അറിവ് ഉപയോഗപ്പെടുത്തുകയുമാണ് ശാസ്ത്രം ചെയ്യുന്നത്. പദാര്‍ഥം എന്തുകൊണ്ട് അങ്ങനെ പെരുമാറുന്നു എന്ന ചോദ്യം ശാസ്ത്ര പരിധിക്ക് പുറത്താണ്. ഒരു ഓക്സിജന്‍ തന്മാത്രയും രണ്ട് ഹൈഡ്രജന്‍ തന്മാത്രയും ചേരുമ്പോള്‍ വെള്ളം ഉണ്ടാകുന്നു. അഥവാ വേഗത്തില്‍ തീപിടിക്കുന്ന ഹൈഡ്രജനും കത്തുവാന്‍ സഹായിക്കുന്ന ഓക്സിജനും തമ്മില്‍ ചേരുമ്പോള്‍ തീയിനെ കെടുത്തിക്കളയുന്ന വെള്ളം ഉണ്ടാകുന്നു എന്ന് ശാസ്ത്രം കണ്ടെത്തി. എന്നാല്‍ എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നത് ശാസ്ത്രപരിധിക്ക് പുറത്താണ്. വെള്ളത്തിന്‍റെ ഗുണം എവിടെനിന്ന് കിട്ടി? ഉത്തരമില്ല! അപ്പോള്‍ പദാര്‍ഥങ്ങളുടെ ഗുണങ്ങള്‍ അവയവുടെ സ്വയം കഴിവല്ല; അവയുടെ ആകെത്തുകയുമല്ല.

 പ്രപഞ്ചത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മാറ്റവും നാശവും അതിന്‍റെ സ്വഭാവങ്ങളാണ്. നശിച്ചുകൊണ്ടിരിക്കുന്ന ഗോളങ്ങളും മാറ്റത്തിന്ന് വിധേയമാകുന്ന നക്ഷത്രങ്ങളും സ്വയംഭൂവാകാന്‍ തരമില്ല. അങ്ങനെ വരുമ്പോള്‍ ആകാശങ്ങളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിവരുന്നതിലും അനാദിയായ ഒരു സ്രഷ്ടാവിനെ കണ്ടെത്താന്‍ സാധിക്കുന്നതാണ്.

പരമാണു മുതല്‍ എല്ലാറ്റിന്‍റെയും ഘടനയിലും പ്രവര്‍ത്തനത്തിലും അടങ്ങിയ കണിശതയും യുക്തിയും അനിഷേധ്യമാണ്. ഈ യുക്തിസഹവും കണിശതയാര്‍ന്നതുമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ എങ്ങനെ ഇവയ്ക്ക് കഴിയുന്നു? ബുദ്ധിയും ബോധവുമില്ലാത്ത പരമാണുവിന് എങ്ങനെ കൃത്യതയോടെ ദൗത്യനിര്‍വഹണത്തിന് കഴിയുന്നു? അങ്ങനെ വിശ്വസിക്കുന്നത് യുക്തിയോ യുക്തിരാഹിത്യമോ?

പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് പറയുമ്പോള്‍ ശാസ്ത്രജ്ഞന്മാരെല്ലാം ഒരേപോലെ അംഗീകരിക്കുന്ന വസ്തുതയാണ് അത് വളരെ സൂക്ഷ്മവും കൃത്യവുമായ വ്യവസ്ഥയോടെയാണ് നടന്നിട്ടുള്ളത് എന്നത്. ബിഗ്ബാംഗിന്‍റെ ബലം കോടിക്കണക്കിന്ന് അംശങ്ങളില്‍ ഒരംശം കുറവായിരുന്നുവെങ്കില്‍ വികാസം നടക്കുകയോ ഈ കാണുന്നതരത്തില്‍ നക്ഷത്രങ്ങളും ഗോളങ്ങളും ഗ്യാലക്സികളും ഉണ്ടാകുകയോ ചെയ്യുമായിരുന്നില്ല. പ്രപഞ്ചം ഉണ്ടാകാന്‍ വേണ്ട ഘടകങ്ങളില്‍ ഏതെങ്കിലും ഒരംശത്തില്‍ വ്യത്യാസം വന്നാല്‍ ഈ പ്രപഞ്ചം ഇങ്ങനെ നിലനില്‍ക്കില്ലായിരുന്നു. ഭൂമിയില്‍നിന്ന് കൃത്യമായ അകലത്തില്‍ സൂര്യന്‍ നിലകൊള്ളുന്നു. ഭൂമി മനുഷ്യവാസയോഗ്യമായിരിക്കുന്നു. ആകസ്മികമെങ്കില്‍ ഈ കൃത്യത സംഭവിക്കുമായിരുന്നോ? ആകസ്മികതയ്ക്ക് ബുദ്ധിയുണ്ടോ ഇങ്ങനെ സൂക്ഷ്മമായി കാര്യങ്ങള്‍ ചെയ്യുവാന്‍?

കാര്യം വളരെ വ്യക്തമാണ്. ചിന്തിക്കുന്നവര്‍ക്ക് ഇതിനെല്ലാം പിന്നില്‍ ഒരു സ്രഷ്ടാവിനെ, സംവിധായകനെ കണ്ടെത്താന്‍ പ്രയാസമില്ല. ഭൂമി സൂര്യനില്‍നിന്ന് സ്വയം കൃത്യമായ അകലം പാലിച്ച് സ്ഥാനം ഉറപ്പിച്ചു എന്ന് പറയുന്നത് ബുദ്ധിശൂന്യതയല്ലേ? എന്നാലും യുക്തിവാദികള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കുവാന്‍ ശാസ്ത്രീയമായി തെളിയിക്കണം പോലും. ഒരു യുക്തിവാദി ഒരു കവിതയുടെ സാഹിത്യഭംഗി ശാസ്ത്രീയമായി എങ്ങനെ തെളിയിക്കും? ഭയം, സ്നേഹം, വെറുപ്പ് തുടങ്ങിയ വികാരങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പറഞ്ഞാല്‍ ഇവര്‍ക്കു സാധിക്കുമോ?

മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരില്‍ നടക്കുന്ന, അന്ധവിശ്വാസങ്ങളും മാനവവിരുദ്ധ പ്രവര്‍ത്തനങ്ങളും മനുഷ്യനിര്‍മിതങ്ങളാണ്. ആത്മീയ ചൂഷണങ്ങള്‍ മതത്തിന്‍റെ പേരില്‍ നടക്കുന്നുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. നവജാതശിശുവിന്ന് മുലപ്പാല്‍ നിഷേധിച്ചതും, ജീവന്‍ തിരിച്ചുവരുമെന്നു വിശ്വാസത്തില്‍ മയ്യിത്തുമായി ഒരു കുടുംബം മാസത്തോളം കാത്തിരുന്നതും ഇത്തരം ചൂഷണകേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശപ്രകാരമായിരിക്കുമല്ലൊ. സ്രഷ്ടാവിനെയും സൃഷ്ടികളെയും തിരിച്ചറിയാത്തവരും; സ്വന്തം ബുദ്ധിയാണ്, യുക്തിയാണ് ദൈവമെന്ന് വിശ്വസിക്കുന്നവരും ഒരേ ചളിക്കുണ്ടില്‍ തന്നെയാണ് ആപതിക്കുക.

ദൈവത്തില്‍നിന്നുള്ള പ്രവാചകന്മാരിലൂടെ ലഭിച്ച, മനുഷ്യകൈകടത്തലുകള്‍ക്ക് വിധേയമാകാത്ത സത്യ മതത്തിനേ പ്രസക്തിയുള്ളൂ. സങ്കല്‍പ ദൈവങ്ങളും മനുഷ്യനിര്‍മിത മതങ്ങളും ഭൂമുഖത്ത് ധാരാളമുണ്ട്. അവിടെ മുട്ടിനില്‍ക്കുകയാണ് യുക്തിവാദിയുടെ ബുദ്ധി. പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പിന്നും പരിപാലനത്തിന്നും കാരണക്കാരനാണ് ദൈവം. പ്രകൃതിയിലെ ഓരോ പ്രതിഭാസത്തിനു പിന്നിലും ദൈവത്തിന്‍റെ ശക്തിയുണ്ട്. എല്ലാ വ്യവസ്ഥാപിതത്വത്തിന്‍റെ പിന്നിലും ദൈവമാണുള്ളത്. ആറ്റത്തിനകത്തെ ന്യൂക്ലിയസിലെ സ്പന്ദനങ്ങള്‍ മുതല്‍ ആകാശഗോളങ്ങളുടെയും ഭൂമിയുടെയും പരസ്പര ആകര്‍ഷണങ്ങളില്‍വരെ എല്ലാറ്റിലും സ്രഷ്ടാവിന്‍റെ ഇടപെടലാണുള്ളത്. ദൈവം പ്രപഞ്ചാതീതനാണ്; പക്ഷേ, അവന്‍റെ അറിവ് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നു. ഇസ്ലാമിക വീക്ഷണപ്രകാരം രണ്ടുതരം യാഥാര്‍ഥ്യങ്ങളുണ്ട്; സ്രഷ്ടാവും സൃഷ്ടികളും. സ്രഷ്ടാവ് ദൈവവും ബാക്കിയെല്ലാം സൃഷ്ടികളും. സ്രഷ്ടാവിന്ന് തുല്യമായി മറ്റൊന്നുമില്ല.

മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച്  ചിന്തിച്ചുനോക്കുക. ഇന്ന് ഒരാള്‍ക്ക് 40 വയസ്സ് പൂര്‍ത്തിയായെങ്കില്‍ 41 വര്‍ഷം മുമ്പ് അയാള്‍ എവിടെയായിരുന്നു? കളിമണ്ണിന്‍റെ സത്തയില്‍. പിന്നീട് ഭക്ഷണത്തിലൂടെ, ജലത്തിലൂടെ ധാതുക്കളും ലവണങ്ങളും ഉള്‍ക്കൊണ്ട് ഊര്‍ജമായി, രക്തമായി, ഇന്ദ്രിയത്തുള്ളിയായി. ഒരുതുള്ളി ഇന്ദ്രിയത്തില്‍ അടങ്ങിയ 30,0000000 കോടിയില്‍പരം ബീജങ്ങളില്‍ ഒന്ന് സ്ത്രീയുടെ അണ്ഡവുമായി കൂടിച്ചേര്‍ന്ന് ഘട്ടംഘട്ടമായി മനുഷ്യക്കുഞ്ഞായി മാറുന്നു. അതില്‍ ആത്മാവ് സന്നിവേശിക്കപ്പെടുന്നു. സമയമാകുമ്പോള്‍ ഭൂമുഖത്തേക്ക് വരുന്നു. കാണുവാനും കേള്‍ക്കുവാനും ചിന്തിക്കുവാനും സംസാരിക്കുവാനും കഴിവുള്ളവനായി അവന്‍ മാറുന്നു. കോടാനുകോടി മനുഷ്യരില്‍ ഓരോരുത്തരെയും തിരിച്ചറിയുന്നവിധം വിരലടയാളം നല്‍കപ്പെടുന്നു. ഇതിന്‍റെയെല്ലാം പിന്നില്‍ യാദൃച്ഛിതയാണുള്ളത് എന്ന് എങ്ങനെ പറയാന്‍ കഴിയുന്നു? നഗ്ന നേത്രംകൊണ്ട് കാണാന്‍ കഴിയാത്ത ഒരു ബീജകണത്തില്‍ പിതാവിന്‍റെ തനിസ്വരൂപമുള്ള സന്തതിയെ ഒളിപ്പിച്ചുവെക്കാന്‍ യാദൃച്ഛികതയ്ക്ക് കഴിയുമോ?

ഇതിനൊക്കെ പിന്നില്‍ ഒരു സ്രഷ്ടാവും സംവിധായകനും പരിപാലകനുമായ ഒരു മഹാശക്തിയെ മനുഷ്യന്ന് കാണാന്‍ കഴിയുന്നില്ലേ?

"മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു" (ക്വുര്‍ആന്‍ 76:1,2).