വിവരവിദ്യ വിനയാകുമോ?

ഡോ. ടി.കെ യൂസുഫ്

2021 ഒക്ടോബര്‍ 02 1442 സഫര്‍ 25

വിവര സാങ്കേതിക വിദ്യയുടെ വര്‍ണപ്പകിട്ടുകള്‍ വാരിപ്പുണരുന്നതിന് വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യാതൊരു വകതിരിവും വിവേചനവുമില്ലാതെ ഈ മലവെള്ളപ്പാച്ചിലില്‍ പൊങ്ങുതടികളായി സഞ്ചരിക്കുകയാണെങ്കില്‍ അത് നമ്മെ നാശത്തിന്റെ കയങ്ങളിലേക്കായിരിക്കും നയിക്കുക. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്ന വിജ്ഞാന വിസ്‌ഫോടനത്തിലൂടെ മനുഷ്യന്‍ ആര്‍ജിക്കുന്ന അറിവുകള്‍ അവനെ സാംസ്‌കാരികമായി ഉയര്‍ത്താന്‍ പര്യാപ്തമായതാണോ എന്നതാണ് പ്രശ്‌നം.

കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ ശാസ്ത്ര, സാങ്കേതികവിദ്യ കൈവരിച്ച നേട്ടം നിമിത്തം ഇന്ന് നമുക്ക് വളരെ പെെട്ടന്ന് കുറഞ്ഞ ചെലവില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും കൈമാറുന്നതിനും സാധിച്ചിട്ടുണ്ട്. പാശ്ചാത്യ ലോബി ചുക്കാന്‍പിടിക്കുന്ന ഈ വിവരവിപ്ലവത്തില്‍ മുസ്‌ലിംകളുടെ പങ്ക് ഉത്പാദനത്തിനെക്കാള്‍ കൂടുതല്‍ ഉപഭോഗത്തിന്റെതാണ്. വിജ്ഞാന വിപ്ലവത്തില്‍ പങ്കുചേരാനുള്ള മതനേതാക്കളുടെ ആഹ്വാനം ചെവിക്കൊണ്ട് ആഗോള മീഡിയ രംഗത്ത് കുറച്ചൊക്കെ മുസ്‌ലിംകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏതെല്ലാം വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യണം എന്ന് തീരുമാനിക്കുന്നിടത്ത് മുസ്‌ലിംകള്‍ക്ക് അധികമൊന്നും എത്തിപ്പിടിക്കാന്‍ സാധിക്കാത്തതുകൊണ്ട് ഇസ്‌ലാമിനെ ഇകഴ്ത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന രംഗങ്ങളില്‍ പോലും മുസ്‌ലിം കരങ്ങള്‍ക്ക് പങ്കുണ്ടാകാനിടയുണ്ട്. ഏത് വാര്‍ത്തയും, അത് ശരിയാണെങ്കില്‍ സമൂഹത്തിന് പ്രയോജനം ചെയ്യുമെന്ന ഒരു കാഴ്ചപ്പാടാണ് പാശ്ചാത്യ മീഡിയകള്‍ വെച്ചുപുലര്‍ത്തുന്നത്. അതുകൊണ്ട് തന്നെ എന്ത് എവിടെ സംഭവിച്ചാലും അത് മാലോകരെ അറിയിക്കാന്‍ അവര്‍ തത്രപ്പാട് കാണിക്കാറുണ്ട്.

ഒരു കമ്പ്യൂട്ടറില്‍ എത്ര വൃത്തികെട്ട വിവരങ്ങള്‍ ശേഖരിച്ചുവെച്ചാലും അതിന്റെ യന്ത്രസംവിധാനത്തിന് യാതൊരു തകരാറും സംഭവിക്കുകയില്ല. എന്നാല്‍ മീഡിയകള്‍ മനുഷ്യമസ്തിഷ്‌കത്തിലേക്ക് കടത്തിവിടുന്ന വാര്‍ത്തകള്‍, അത് എത്ര ബാലിശമാണെങ്കിലും അവന്റെ ജീവിതത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കാനിടയുണ്ട്. ഇസ്‌ലാമിക വീക്ഷണപ്രകാരം ഒരു വാര്‍ത്ത പ്രയോജനപ്രദമാണെങ്കില്‍ മാത്രമെ പ്രചരിപ്പിക്കുന്നതില്‍ പ്രസക്തിയുള്ളൂ. എന്നാല്‍ ഉപഗ്രഹചാനലുകള്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന വാര്‍ത്തകളിലധികവും പ്രയോജനരഹിതമാണെന്നതിലുപരി ദുരുപദിഷ്ടവും വിനാശകരവും ധാര്‍മിക പാപ്പരത്തത്തിലേക്ക് നയിക്കുന്നതുമാണ്.

ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം എല്ലാ വിവരവും അവന് പ്രയോജനപ്രദമാക്കാനാവുമെങ്കിലും ചാനലുകളിലൂടെ പ്രസാരണംചെയ്യപ്പെടുന്ന വിവരങ്ങളുടെ പ്രവാഹം ഒരു മനുഷ്യന് ഉള്‍കൊള്ളാന്‍കഴിയുന്നതിലുമധികം എത്രയോ വിപുലമാണ്. ഒരാള്‍ക്ക് ഒരേസമയം ഒന്നിലധകം വിവരങ്ങള്‍ ഗ്രഹിക്കുക അസാധ്യമായതുകൊണ്ട്, വാര്‍ത്തകളുടെ ഒഴുക്കില്‍ തനിക്കാവശ്യമായത് തെരഞ്ഞെടുക്കാനാവാതെ അവന് പരിഭ്രമിച്ചുഴറേണ്ടിവരും. ഭീകരാക്രണം, ബോംബ് സ്‌ഫോടനം, ഭൂകമ്പം, വെള്ളപ്പൊക്കം മിസൈലാക്രമണം, വാഹനാപകടങ്ങള്‍, അഴിമതി, രാഷ്ട്രീയ കുതികാല്‍ വെട്ടുകള്‍, നാണ്യപ്പെരുപ്പം, കമ്പോളത്തകര്‍ച്ച, ഓഹരി വിപണി... തുടങ്ങി ഭൂഗോളത്തിന്റെ നാനാദിക്കുകളില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങള്‍ ഒറ്റയടിക്ക് പ്രസാരണം ചെയ്യപ്പെടുമ്പോള്‍ അതെല്ലാംകൂടി വാരിവലിച്ച് അകത്താക്കാന്‍ ആര്‍ക്കാണ് സമയം ലഭിക്കുക?

വിവരവും വിജ്ഞാനവും തമ്മില്‍ അന്തരമുണ്ട് എന്ന കാര്യവും നാമിവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ധാരാളം വിവരങ്ങള്‍ ശേഖരിക്കുകയും അതോടൊപ്പം വിജ്ഞാന രംഗത്ത് വട്ടപ്പൂജ്യമാകുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇന്ന് പലര്‍ക്കുമുള്ളത്. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വിജ്ഞാനത്തെക്കാള്‍ വാര്‍ത്തകള്‍ക്ക് പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.  വായന മരിക്കുന്നു എന്ന പരിഭവം നിലവാരമുള്ള പുസ്തക വായനയെ സംബന്ധിച്ചിടത്തോളം ശരിയാണെങ്കിലും പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും കാര്യത്തില്‍ വായനാ രംഗത്ത് ഒരു കുതിച്ച് ചാട്ടം തന്നെ സംഭവിച്ചിട്ടുണ്ട്. ഓരോ ഭാഷയിലുമുള്ള പത്ര പ്രസിദ്ധീകരണങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവ് ഇതാണ് സൂചിപ്പിക്കുന്നത്. ഒരു വര്‍ഷത്തില്‍ അച്ചടിമഷി പുരളുന്ന കടലാസുകൊണ്ട് ഈ ഭൂമിയെ ഒന്നിലധികം തവണ പൊതിയാന്‍ കഴിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി പല ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന ദിനപ്പത്രങ്ങളും വാരികകളും മാസികളും ഇതര പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളുമെല്ലാം കൂടി അച്ചടിക്കാന്‍ ആവശ്യമായിവരുന്ന പേപ്പര്‍ റീലിന്റെ അളവും ഭൂമിയുടെ വ്യാപ്തിയും കൂടി താരതമ്യം ചെയ്തിട്ടാണ് ഇത്തരം ഒരു നിഗമനത്തിലെത്തിയത്. ഒരുകാലത്ത് വായിക്കാന്‍ എന്തെങ്കിലും ലഭിക്കണമെങ്കില്‍ ജനങ്ങള്‍ക്ക് ഗ്രന്ഥാലയങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇന്ന് വീട്ടില്‍ വരുത്തുന്ന പത്ര, പ്രസിദ്ധീകരണങ്ങള്‍ മുഴുവന്‍ മറിച്ചുനോക്കാന്‍പോലും പലര്‍ക്കും സമയം ലഭിക്കാറില്ല. എകദേശം രണ്ട് നൂറ്റാണ്ടുകള്‍ക്കു മുമ്പ് വാര്‍ത്തകള്‍ ഉള്ളപ്പോള്‍ മാത്രമാണ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇന്ന് പത്രങ്ങള്‍ പേജുകള്‍ നിറക്കുന്നതിന് വേണ്ടി വാര്‍ത്തകളും ഫീച്ചറുകളും സൃഷ്ടിക്കുകയാണ്.

വാര്‍ത്താവിനിമയതെ മാനവമോചനത്തിനും ജനക്ഷേമത്തിനും വേണ്ടി ഉപയോഗപ്പെടുത്താനാവുന്നത് പോലെ അതുകൊണ്ട് മനുഷ്യനെ കീഴ്‌പെടുത്താനും അവന്റെ രഹസ്യങ്ങള്‍ ചൂഴ്‌ന്നെടുക്കാനും സ്വാതന്ത്ര്യത്തിന് കൂച്ചൂവിലങ്ങിടാനും സര്‍വോപരി മസ്തിഷ്‌ക പ്രക്ഷാളനം നടത്താനും സാധ്യമാകും. ആധുനിക വാര്‍ത്താമാധ്യമങ്ങള്‍ ലോകത്തിന്റെ ഏത് കോണില്‍ നടക്കുന്ന വേണ്ടാത്തരങ്ങളും നമുക്ക് വിളമ്പിത്തരുന്നുണ്ടെങ്കിലും സാംസ്‌കാരിക പുരോഗതിക്ക് പ്രചോദനം നല്‍കുന്നതില്‍ അവ പുറകോട്ട് പോയിക്കൊണ്ടിരിക്കയാണ്. ചാനലുകളില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന സംസ്‌കാരം തൊട്ടുതീണ്ടാത്ത സാംസ്‌കാരിക പരിപാടികളും സീരിയലുകളും ധാര്‍മികതയുടെ ശവക്കുഴിതോണ്ടുകതന്നെയാണ് ചെയ്യുന്നത്.

ടെക്‌നോളജിയും ചാരവൃത്തിയും

നമ്മുടെ ടെലഫോണ്‍, ഇ മെയില്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവയിലൂടെ അയക്കപ്പെടുന്ന സന്ദേശങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിന് വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് പലര്‍ക്കും അവിശ്വസനീയമായി തോന്നിയേക്കാം. നമ്മുടെ പ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളും അറിഞ്ഞിട്ട് അവര്‍ക്ക് എന്ത് പ്രയോജനം എന്ന് ചിന്തിക്കുന്നവരുമുണ്ടാകാം. എന്നാല്‍ അമേരിക്കയിലെ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരുടെ ഒരു പടതന്നെ മറ്റുള്ളവരുടെ സംസാരങ്ങള്‍ കട്ടുകേള്‍ക്കുന്നതിന് വേണ്ടി ഒരുക്കിനിര്‍ത്തിയിട്ടുണ്ട്.

മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ഇലക്‌ട്രോണിക് സംവിധാനത്തിന് പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണുള്ളത്. അതിലൊന്ന് ലേസര്‍ മൈക്രോഫോണാണ്. ഇതുവഴി അടഞ്ഞുകിടക്കുന്ന മുറിക്കുള്ളില്‍ നടക്കുന്ന സംഭാഷണങ്ങളുടെ ആവേഗങ്ങള്‍പോലും പകര്‍ത്താനാവും. പിന്നീട് ഈ ആവേഗങ്ങളെ ശബ്ദതരംഗങ്ങളായി പരിവര്‍ത്തിപ്പിച്ചാല്‍ മതിയാകും. റ്റി എക്‌സ് എന്ന പേരിലറിയപ്പെടുന്ന കുറച്ചുകൂടി വിപുലമായ സംവിധാനമാണ് മറ്റൊന്ന്. ടെലഫോണ്‍ ലൈനില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ചോര്‍ത്തുന്ന ഏര്‍പ്പാടാണിത്. ലോകത്തിലെ കോടിക്കണക്കിന് ലൈനുകളിലൂടെ പോകുന്ന ആയിരക്കണക്കിന് ഭാഷകളിലുള്ള സംസാരം വേര്‍തിരിച്ച്  മനസ്സിലാക്കുക അസാധ്യമാണെങ്കിലും തങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള ചില പ്രത്യേക പദങ്ങള്‍ മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത് വെച്ചുകൊണ്ട് അവ ഉള്‍കൊള്ളുന്ന സംഭാഷണങ്ങള്‍ മാത്രമാണ് ഈ സംവിധാനം തേടിപ്പിടിക്കാറുള്ളത്. ടെലഫോണ്‍, ഫാക്‌സ്, ഇന്റര്‍നെറ്റ് തുടങ്ങി ഉപഗ്രഹത്തിന്റെ സഹായത്തോടെ വിനിമയം ചെയ്യപ്പെടുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി ശാക്തിക രാജ്യങ്ങള്‍ 'ഇന്‍ഫോ പോള്‍' എന്ന ഒരു പദ്ധതിതന്നെ രൂപീകരിച്ചിട്ടുണ്ട്.

ഇ മെയില്‍ അക്കൗണ്ടിന് വരിസംഖ്യ ഈടാക്കിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് സൗജന്യമായി നല്‍കിയിരുന്നവര്‍തന്നെ വളരെ പരിമിതമായ സ്ഥലമാണ് ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഇന്ന് അനവധി ജിഗാബൈറ്റ് വരുന്ന സ്ഥലവിശാലതയുള്ള ഇ മെയില്‍ അക്കൗണ്ടുകള്‍ തീര്‍ത്തും സൗജന്യമായി മാറിയിരിക്കുന്നു. ലോകത്തെ മുഴുവന്‍ ജനങ്ങളുടെ രഹസ്യവിവരങ്ങളും കൈവശപ്പെടുത്തുക എന്ന ഒരു നിഗൂഢ ലക്ഷ്യം കൂടി ഈ സൗജന്യമനുവദിക്കുന്നതിന്റെ പിന്നിലുണ്ട്. ലക്ഷക്കണക്കിന് ഉപഭോക്തക്കള്‍ കൈമാറുന്ന മുഴുവന്‍ സന്ദേശങ്ങളുടെ കോപ്പിയും ഈ അക്കൗണ്ട് ദാതാക്കളുടെ കൈവശമുണ്ടാകും. ഏതെങ്കിലും പദങ്ങള്‍ സെര്‍ച്ച് ചെയ്തുകൊണ്ട് അവര്‍ക്ക് സന്ദേശങ്ങളുടെ ഉള്ളടക്കവും കണ്ടുപിടിക്കാനാവും. മിക്ക ഇ മെയില്‍ അക്കൗണ്ട് ദാതാക്കളൂം ഉപഭോക്താക്കളുടെ ഫയലുകളും ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും ആഗോളവലയില്‍ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്. അത്യാവശ്യമുള്ള കാര്യങ്ങള്‍ എവിടെനിന്നും ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുള്ളതുകൊണ്ട് എല്ലാവരും തങ്ങളുടെ പ്രധാനപ്പെട്ട വിവരങ്ങള്‍ നെറ്റില്‍ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. ചാരവൃത്തിക്ക് വേണ്ടി പല രാജ്യങ്ങളും വമ്പിച്ച തുക മാറ്റിവെക്കുന്ന ഈ കാലഘട്ടത്തില്‍ ജനങ്ങളുടെ സന്ദേശങ്ങളുടെ ശേഖരം വിലമതിക്കാനാകാത്ത ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. ഇങ്ങനെ മറ്റുള്ളവരുടെ സ്വകാര്യതകള്‍ കട്ടുനോക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതോടുകൂടി വിവര സാങ്കേതികവിദ്യ മാനവകുലത്തിന് ഒരു വിനയായി മാറാനിടയുണ്ട്.