ലൈക്ക് ആഗ്രഹിക്കുന്നവരോട്

ഡോ. ടി.കെ യൂസുഫ്

2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02

സമൂഹമാധ്യമങ്ങളില്‍ ഒട്ടുമിക്കതിലും ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും ചില ബട്ടണുകള്‍ അമര്‍ത്താനുമുള്ള അഭ്യര്‍ഥനകള്‍ കാണപ്പെടാറുണ്ട്. കൂടുതല്‍ ആളുകള്‍ നമ്മെ പിന്തുടരുന്നതും ഇഷ്ടപ്പെടുന്നതും നമ്മള്‍ പോസ്റ്റ് ചെയ്യുന്നത് പങ്കുവെക്കുന്നതും സാമ്പത്തിക, വ്യാപാര രംഗത്ത് പ്രയോജനപ്പെട്ടേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള ജനകീയ സപ്പോര്‍ട്ടുകളുടെ പൊങ്ങച്ചം പറച്ചിലുകള്‍ മതപരമായി, അല്ലെങ്കില്‍ ആത്മീയമായി വിനാശകരമായിത്തീരാനിടയുണ്ട്.

ജനപ്രീതിയും പ്രംശംസയും വിശ്വാസിക്ക് അഭിലഷണീയമല്ല എന്ന് മാത്രമല്ല പലപ്പോഴും അത് ആക്ഷേപാര്‍ഹവുമാണ്. കര്‍മങ്ങള്‍ ആത്മാര്‍ഥമായി ദൈവപ്രീതിക്ക് വേണ്ടി അനുഷ്ഠിക്കുമ്പോള്‍ അത് അങ്ങേയറ്റം പ്രതിഫലാര്‍ഹമായിത്തീരും. എന്നാല്‍ ആളുകളുടെ പ്രശംസ ആഗ്രഹിക്കുന്നതോടുകൂടി അത് തീര്‍ത്തും വൃഥാവിലാകും എന്നാണ് തിരുവചനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രസിദ്ധിക്കും പ്രകടനപരതക്കും വേണ്ടി വസ്ത്രം ധരിക്കുന്നത് പോലും പ്രവാചകന്‍ വിലക്കിയിട്ടുണ്ട്.

നബി(സ്വ) പറഞ്ഞു: ''ഒരു ദാസന്‍ പ്രസിദ്ധിയുടെ വസ്ത്രം ധരിച്ചാല്‍ അല്ലാഹു അവനില്‍നിന്നും തരിഞ്ഞ് കളയും; അവന്‍ അത് അഴിച്ചുവെക്കുന്നത് വരെ'' (ഇബ്‌നു മാജ).

 ഇതേ ആശയം മറ്റൊരു വചനത്തിലും കാണാം. നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും പ്രസിദ്ധിയുടെ വസ്ത്രം ധരിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന് നിന്ദ്യതയുടെ വസ്ത്രം ധരിപ്പിക്കും'' (അഹ്മദ്).

പ്രസിദ്ധിയുടെ വസ്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അഹങ്കാരത്തിനും പൊങ്ങച്ചത്തിനും തന്‍പോരിമക്കും വേണ്ടിയുള്ള വേഷവിധാനമാണ്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വസ്ത്രധാരണ രംഗത്ത് പോലും ജനപ്രശംസ അനുയോജ്യമല്ലെങ്കില്‍ അത്രയൊന്നും അനിവാര്യമല്ലാത്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിടുന്ന വിടുവായിത്തങ്ങള്‍ക്ക് ലഭിക്കുന്ന ജനപ്രീതി നമുക്ക് എങ്ങനെയാണ് നീതികരിക്കാനാകുക? പ്രസിദ്ധിക്ക് വേണ്ടി മാത്രം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ജിക്കണമെന്നാണ് പൂര്‍വസൂരികള്‍ അഭിപ്രായപ്പെടുന്നത്. ജനസമ്മതി നോക്കുന്നവന്‍ ദൈവപ്രീതി തേടുന്നില്ല എന്നാണ് അവരുടെ വീക്ഷണം. അമിതമായ ആത്മവിശ്വാസത്തോടുകൂടി മറ്റുള്ളവരുടെ ഇടയില്‍ ആര്‍ഭാട ഉടയാടണിഞ്ഞ് ആളായി നടന്ന ഒരുവനെ അല്ലാഹു ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞ സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

ജനപ്രിയ അക്കൗണ്ടുകളും ചാനലുകളും കൈകാര്യം ചെയ്യുന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അവര്‍ അയക്കുന്ന സന്ദേശങ്ങളിലെ തിന്മകള്‍ പിന്തുടരുന്നവരുടെയും അവര്‍ പങ്ക് വെക്കുന്നതിന്റെയും ഒരു പാപ വിഹിതം മരണശേഷവും അവന് എത്തിക്കൊണ്ടിരിക്കും.

നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അത് പിന്തുടരുന്നവരുടെ പ്രതിഫലം കുറയാതെ, അതിന്റെ ഒരു വിഹിതം അവന് ലഭിക്കും. ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാല്‍ അത് പിന്തുടരുന്നവരുടെ പാപത്തില്‍ കുറവ് വരാതെ ഒരു വിഹിതം അവനുമുണ്ടാകും'' (അബൂദാവൂദ്).

അഹങ്കാരത്തിന്റെ കാര്യം പറയുകയാണെങ്കിലോ? നബി(സ്വ) പറഞ്ഞു: ''ഒരു അണുവിന്റെ തൂക്കം അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' (മുസ്‌ലിം).

ഈ ലോകത്ത് പ്രശസ്തിയും കീര്‍ത്തിയും ആദരവും ആഗ്രഹിക്കുന്നത് അനുയോജ്യമല്ല എന്ന് സൂചിപ്പിക്കുന്ന ധാരാളം തിരുവചനങ്ങള്‍ കാണാം. ആരാധനാ കര്‍മങ്ങളിലൂടെ ഇത് ആര്‍ജിക്കാന്‍ ശ്രമിക്കുന്നത് ആത്മീയ പാപ്പരത്തത്തിലേക്ക് വഴിതെളിയിക്കുന്നതാണ്. ആദ്യമായി നരകത്തില്‍ പ്രവേശിക്കുന്ന മൂന്ന് പേരുടെ വിശേഷണം അതാണ് വെളിപ്പെടുത്തുന്നത്.

ആദ്യമായി നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന മൂന്ന് പേരില്‍ ഒന്നാമന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ്. അവനോട് അല്ലാഹു ചോദിക്കും; നീ എന്താണ് ചെയ്തത്? അവന്‍ പറയും; ഞാന്‍ നിന്റെ മാര്‍ഗത്തില്‍ പോരാടി രക്തസാക്ഷിയായി. അല്ലാഹു പറയും; നീ പറഞ്ഞത് കളവാണ്. നീ ഒരു ധീരനാണെന്ന് പറയപ്പെടാനാണ് പോരാടിയത്, അത് പറപ്പെടുകയും ചെയ്തു. പിന്നീട് അവനെ മുഖം നിലത്ത് കുത്തിവലിച്ച് നരകത്തിലിടും. സത്യത്തില്‍ താനൊരു യോദ്ധാവാണ് എന്ന പ്രശംസ കേള്‍ക്കാന്‍ അവസരമുണ്ടാകുമാറ് പോരാട്ടത്തിന് ശേഷം അയാള്‍ ജീവിച്ചിരുന്നിട്ടില്ല. എന്നിട്ടും അയാള്‍ നരകാവകാശിയിയത്തീര്‍ന്നു.

 നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന രണ്ടാമത്തെയാള്‍ ക്വുര്‍ആന്‍ പഠിച്ച വ്യക്തിയും മൂന്നാമെത്തയാള്‍ ധര്‍മിഷ്ഠനുമാണ്. അവരെയൊക്കെ കടുത്ത ശിക്ഷയിലേക്ക് എത്തിച്ചത് അവരുടെ കര്‍മങ്ങളിലെആത്മാര്‍ഥതയുടെ കുറവും അവയിലൂടെ പ്രശംസയും ലോകമാന്യവും കാംക്ഷിക്കുകയും ചെയ്തത് കൊണ്ടുമാണ്.

ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വ്യക്തിയും ഒരു രക്തസാക്ഷി തന്നെയാണ്. പക്ഷേ, അവന്‍ അല്ലാഹുവിന്റെ വചനം ഉന്നതമായിത്തീരാന്‍ വേണ്ടി ആത്മാര്‍ഥതയോടെ പോരാടിയവനാണെന്ന് മാത്രം. ഉദ്ദേശ്യശുദ്ധിയാണ് ഏത് പ്രവര്‍ത്തനത്തിലും പരിഗണിക്കപ്പെടുന്നത് എന്നാണ് ഇതില്‍നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്.