നല്ലമരണത്തിന്റെ ലക്ഷണങ്ങള്‍

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

2021 മെയ് 08 1442 റമദാന്‍ 26

അല്ലാഹുവിന്റെ അനേകായിരം സൃഷ്ടികളില്‍ ഒരു സൃഷ്ടി മാത്രമാണ് മനുഷ്യന്‍. ഇതരജീവികളെ അപേക്ഷിച്ച് ശക്തികൊണ്ടും വലിപ്പം കൊണ്ടും ചെറിയവനും ഒരുപാട് കുറവുകളും ന്യൂനതകളും ഉള്ളവനും എന്നാല്‍ മറ്റു ജീവികള്‍ക്കൊന്നും ഇല്ലാത്ത ഏറെ സവിശേഷതകളുള്ളവനുമാണ് മനുഷ്യന്‍.

സൃഷ്ടികളില്‍ അല്ലാഹു ആദരിച്ച വിഭാഗംകൂടിയാണ് മനുഷ്യന്‍. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു''(ക്വുര്‍ആന്‍ 17:70).

എന്നാല്‍ അല്ലാഹു മനുഷ്യന് നിശ്ചിത സമയം മാത്രമാണ് ഇഹലോകത്ത് ജീവിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഓരോരുത്തര്‍ക്കും ഓരോ അവധിയുണ്ട്. ആ അവധി വന്നെത്തിയാല്‍ പിന്നെ അല്‍പംപോലും ഈ ലോകത്ത് അവന് ജീവിക്കാന്‍ സാധ്യമല്ല.

അല്ലാഹു പറയുന്നു: ''ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴികനേരം പോലും വൈകിക്കുകയോ നേരത്തെ ആക്കുകയോ ഇല്ല'' (ക്വുര്‍ആന്‍ 7:34).

''അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരുന്നെങ്കില്‍ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവന്‍ വിട്ടേക്കുമായിരുന്നില്ല. എന്നാല്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ അവര്‍ക്ക് സമയം നീട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാല്‍ ഒരു നാഴിക നേരം പോലും അവര്‍ക്ക് വൈകിക്കാന്‍ ആവുകയില്ല. അവര്‍ക്കത് നേരെത്തെയാക്കാനും കഴിയില്ല''(ക്വുര്‍ആന്‍ 16:61).

ഭൂമുഖത്തുള്ള ഓരോ മനുഷ്യനും നിര്‍ബന്ധമായും മരണത്തെ അനുഭവിച്ചറിയും. അതില്‍ ഭരണാധികാരിയെന്നോ ഭരണീയനെന്നോ പണക്കാരനെന്നോ പണിക്കാരനെന്നോ മുതലാളിയെന്നോ തൊഴിലാളിയെന്നോ കുബേരനെന്നോ കുചേലനെന്നോ മര്‍ദകനെന്നോ മര്‍ദിതനെന്നോ പുണ്യാളനെന്നോ പാപിയെന്നോ എന്ന ഒരുവേര്‍തിരിവും ഉണ്ടായിരിക്കുകയില്ല. എത്ര ദുര്‍ബലനായാലും ശക്തിമാനായാലും കഴിവുള്ളവനായാലും മരണത്തിന്റെ ദൂതന്‍ വന്ന് വളിക്കുമ്പോള്‍ മരണത്തിന് കീഴൊതുങ്ങേണ്ടിവരും. അതില്‍ യാതൊരു സംശയവുമില്ല.

അല്ലാഹു പറയുന്നു: ''ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ മാത്രമെ നിങ്ങള്‍ക്ക് പൂര്‍ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'' (ക്വുര്‍ആന്‍ 3:185).

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി ﷺ ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു: ''അല്ലാഹുവേ, നീയല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ല. നിന്റെ പ്രതാപത്തില്‍ ഞങ്ങള്‍ അഭയം തേടുന്നു. നീ മരണമില്ലാത്തവനാണ്. ജിന്നുകളും മനുഷ്യരും മരിക്കുന്നു'' (ബുഖാരി).

മരണത്തിന്റെ ദിവസം ഓരോരുത്തര്‍ക്കും സുനിശ്ചിതമാണ്. സമയമായാല്‍ മരണമെത്തും. അത് എവിടെയായിരുന്നാലും ശരി. അല്ലാഹു പറയുന്നു: ''നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും...'' (ക്വുര്‍ആന്‍ 4:78).

മരണം രണ്ട് രൂപത്തിലുണ്ട്. ഒന്ന് നല്ലമരണം, മറ്റൊന്ന് ചീത്തമരണം. അല്ലാഹുവില്‍ പരിപൂര്‍ണമായി വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ ചെയ്ത് ജീവിക്കുകയും ചെയ്തവര്‍ക്ക് നല്ലമരണം അനുഭവിക്കാന്‍ കഴിയും. എന്നാല്‍ അല്ലാഹുവില്‍ അവിശ്വസിക്കുകയും ദുഷ്‌കര്‍മങ്ങള്‍ ചെയ്ത് ജീവിക്കുകയും ചെയ്തവര്‍ അനുഭവിക്കുന്നത് ചീത്തമരണത്തെയായിരിക്കും.

നല്ലമരണം സംഭവിക്കുന്നതിന്റെ ചില ലക്ഷണങ്ങള്‍ നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. അവയില്‍ ഏതെങ്കിലും ഒന്നോടുകൂടി മരണപ്പെടുന്നവന് സന്തോഷിക്കാന്‍ വകയുണ്ട്. അല്ലാഹു നമ്മെയെല്ലാം നല്ല മരണം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

1. ശഹാദത്ത് കലിമ ചൊല്ലിയുള്ള മരണം

മുആദുബ്‌നു ജബല്‍(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ''അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ഒരാള്‍, അയാളുടെ അവസാനത്തെ സംസാരം ലാ ഇലാഹ ഇല്ലല്ലാഹ് ആണെങ്കില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു'' (മുസ്തദ്‌റകു ഹാകിം).

മറ്റൊരു പ്രവാചക വചനം കാണുക:

അബൂഹുറയ്‌റ(റ)യില്‍നിന്നും അബൂസഈദി(റ)നിന്നും നിവേദനം; അവര്‍ രണ്ടുപേരും അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞതിന് സാക്ഷികളായി. നബി ﷺ പറഞ്ഞു: ''വല്ലവനും 'ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍' എന്ന് പറഞ്ഞാല്‍ തന്റെ റബ്ബ് അവനെ സത്യപ്പെടുത്തും. അങ്ങനെ അല്ലാഹു പറയും: 'ഞാനല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ല, ഞാന്‍ അക്ബര്‍-ഏറ്റവും വലിയവന്‍-ആകുന്നു.' അയാള്‍ 'ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു' എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: 'ഞാനല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ല. ഞാന്‍ ഏകനാണ്.' അയാള്‍ 'ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു' എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: 'ഞാനല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ല. ഞാന്‍ ഏകനാണ്. എനിക്ക് യാതൊരു പങ്കുകാരും ഇല്ല.' അയാള്‍ 'ലാ ഇലാഹ ഇല്ലല്ലാഹു ലഹുല്‍മുല്‍കു വലഹുല്‍ ഹംദു' എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: 'ഞാനല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ല. എനിക്കു മാത്രമാണ് എല്ലാ രാജാധിപത്യങ്ങളും സര്‍വസ്തുതികളും.' അയാള്‍ 'ലാ ഇലാഹ ഇല്ലല്ലാഹു വലാ ഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹ്' എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: 'ഞാനല്ലാതെ യഥാര്‍ഥ ആരാധ്യനായി മറ്റാരുമില്ല. ഒരു കഴിവും ചലനശക്തിയും എന്നെക്കൊണ്ടല്ലാതെ ഇല്ല.' നബി ﷺ പറയുമായിരുന്നു: 'ആരെങ്കിലും തന്റെ രോഗാവസ്ഥയില്‍ ഇത് പറയുകയും പിന്നീട് മരണപ്പെടുകയും ചെയ്താല്‍ അയാളെ തീ തിന്നുകയില്ല'' (തിര്‍മിദി, ഇബ്‌നുമാജ).

2. രക്തസാക്ഷിയായിക്കൊണ്ട് മരണമടയല്‍

അല്ലാഹുവില്‍ വിശ്വസിക്കുകയും അവന്റെ മതത്തെ സംരക്ഷിക്കുന്നതിനുവേണ്ടി അവിശ്വാസികളാല്‍ കൊല്ലപ്പെടുകയും ചെയ്തവന്നാണ് 'ശഹീദ്' അഥവാ 'രക്തസാക്ഷി' എന്ന് പറയുന്നത്. ശഹീദായിക്കൊണ്ട് മരണപ്പെട്ടാല്‍ അവന് സ്വര്‍ഗമുണ്ടെന്നും ഏറെ ശ്രേഷ്ഠതകള്‍ ഉണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

അല്ലാഹു പറഞ്ഞു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന് അവര്‍ക്കു നല്‍കിയതുകൊണ്ട് അവര്‍ സന്തുഷ്ടരായിരിക്കും. തങ്ങളോടൊപ്പം വന്നുചേര്‍ന്നിട്ടില്ലാത്ത, തങ്ങളുടെ പിന്നില്‍ (ഇഹലോകത്ത്) കഴിയുന്ന വിശ്വാസികളെപ്പറ്റി, അവര്‍ക്ക് യാതൊന്നും ഭയപ്പെടുവാനോ ദുഃഖിക്കാനോ ഇല്ലെന്നോര്‍ത്ത് അവര്‍ (ആ രക്തസാക്ഷികള്‍) സന്തോഷമടയുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും ഔദാര്യവുംകൊണ്ട് അവര്‍ സന്തോഷമടയുന്നു. സത്യവിശ്വാസികളുടെ പ്രതിഫലം അല്ലാഹു പാഴാക്കുകയില്ല എന്നതും (അവരെ സന്തുഷ്ടരാക്കുന്നു)'' (ക്വുര്‍ആന്‍ 3:169-171).

(അവസാനിച്ചില്ല)