പ്രവാസികളുടെ പേരില്‍ ധൂര്‍ത്തടിക്കുന്ന പൊതുമുതല്‍

നബീല്‍ പയ്യോളി

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18

ഏതാനും ആഴ്ചകള്‍ക്കു മുമ്പ് സുഹൃത്തുക്കളോടോപ്പം സുഊദി തലസ്ഥാനമായ റിയാദ് നഗരത്തില്‍ നിന്നും അല്‍പം ദൂരെ ഒരിടംവരെ പോയി. തിരിച്ചുവരുമ്പോള്‍ പെട്രോള്‍ അടിക്കാന്‍ പമ്പില്‍ കയറി. അവിടെ ജോലിചെയ്യുന്നത് അമ്പതു വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു ആലപ്പുഴക്കാരന്‍. ഞങ്ങളെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം. ജോലിയൊക്കെ എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ 'രണ്ടു വര്‍ഷത്തോളമായി നാട്ടില്‍ പോയിട്ടില്ല, കോവിഡ് കാലത്താണ് ഉപ്പ മരിച്ചത്. അതിനാല്‍ അവസാനമായി ഒന്നു കാണുവാന്‍ പോലും സാധിച്ചില്ല. ഉമ്മയും സുഖമില്ലാതെ കിടക്കുകയാണ്. ജോലി മതിയാക്കി നാട്ടില്‍ പോകാനാണ് തീരുമാനം. ഇനിയും ഇവിടെ നിന്നാല്‍ ഉമ്മയെയും കാണാന്‍ സാധിച്ചില്ലെങ്കിലോ എന്നാണ് പേടി' എന്നായിരുന്നു മറുപടി. പെട്രോളടിച്ചു കഴിഞ്ഞിട്ടും അദ്ദേഹം സംസാരം നിര്‍ത്തിയില്ല. വേദനകള്‍ പങ്കുവയ്ക്കാന്‍ മലയാളിയെ കിട്ടിയതിന്റെ ആശ്വാസം അദ്ദേഹത്തില്‍ പ്രകടമായിരുന്നു. തണുത്ത രാത്രിയില്‍ മനസ്സില്‍ തീകോരിയിട്ട ആ സംസാരം വല്ലാതെ വേദനിപ്പിച്ചു. പ്രവാസ ലോകത്തെ ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളുടെ മനസ്സ് സങ്കടക്കടലാണ്. അവരുടെ കണ്ണുനീര്‍ കാണാതെ പോവുകയാണ് അധികാരികള്‍.  

കേരള നിയമസഭാ സ്പീക്കറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ 'ലോക കേരളസഭ'യും പ്രവാസികളും ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രവാസികള്‍ ആര്, അവര്‍ക്കുവേണ്ടി ഭരണകൂടങ്ങള്‍ എന്ത് ചെയ്യുന്നു എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുതന്നെയാണ്. പത്തില്‍ ഒരു മലയാളി പ്രവാസലോകത്താണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ മലയാളികള്‍ അയല്‍രാജ്യങ്ങളിലും മറ്റും തൊഴില്‍തേടി കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയിരുന്നു. അന്ന് മുതല്‍ കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളില്‍ വലിയ പങ്ക് പ്രവാസിസമൂഹം നിര്‍വഹിച്ചുപോരുന്നുണ്ട്. 1970 കാലഘട്ടങ്ങളില്‍ ഗള്‍ഫ് മേഖലയിലേക്കുള്ള കുടിയേറ്റമാണ് പ്രധാനപ്പെട്ട ഒരു വഴിത്തിരിവായി മാറിയത്. അന്നംതേടി മണലാരണ്യത്തിലേക്കെത്തിയ മലയാളികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച അറേബ്യന്‍ ജനതയുടെ സ്‌നേഹവും സഹകരണവും പ്രവാസി സമൂഹത്തെ (പ്രത്യേകിച്ച് മലയാളികളെ) സാമ്പത്തികമായും സാമൂഹികമായും പുതിയ തലങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് സഹായകമായി.

പ്രവാസികള്‍ സഹിച്ച ത്യാഗത്തിന്റെ പ്രതിഫലനമാണ് നമ്മുടെ നാട് അനുഭവിക്കുന്ന നന്മകള്‍ എന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ഥ്യമാണ്. തങ്ങളുടെ വരുമാനത്തിന്റെ ബഹുഭൂരിഭാഗവും കുടുംബത്തിനും നാടിനും വേണ്ടി വിനിയോഗിക്കുക എന്നതായിരുന്നു പ്രവാസികള്‍ സ്വീകരിച്ചുപോന്ന നിലപാട്. സ്വയം ഉരുകിത്തീര്‍ന്നാലും തങ്ങളുടെ കുടുംബവും ചുറ്റുമുള്ളവരും സന്തോഷത്തോടെയും സമൃദ്ധിയോടെയും ജീവിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന മാനസിക സംതൃപ്തിയും സന്തോഷവും വേദനകള്‍ മറക്കാന്‍ എന്നും പ്രവാസികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവന നല്‍കുന്നവരാണ് വിദേശത്ത് ജോലിചെയ്യുന്ന മലയാളി സഹോദരങ്ങള്‍. കേരളത്തിലെ ജിഡിപിയുടെ 20 ശതമാനത്തോളം പ്രവാസികള്‍ അയക്കുന്ന പണമാണ്. ആളോഹരി വരുമാനം കേരളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതിന്റെ പ്രധാനകാരണം പ്രവാസി മലയാളികളുടെ വിയര്‍പ്പിന്റെ പ്രതിഫലനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2018ലെ സര്‍വെ പ്രകാരം ഒരു വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നത് 85,000 കോടി രൂപയാണ്. ഇപ്പോള്‍ അത് ഒരു ലക്ഷം കോടി രൂപയില്‍ അധികമായിരിക്കും. 2018ലെ കണക്കു പ്രകാരം (സാമ്പത്തിക അവലോകനം) കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം 1,69,94400 കോടി രൂപയാണ്.

നോര്‍ക്കയുടെ ഔദ്യോഗിക കണക്കുപ്രകാരം നാല്‍പത് ലക്ഷത്തിലധികം പ്രവാസി മലയാളികളാണുള്ളത്. കേരളത്തിനു പുറത്ത് ജോലിചെയ്യുന്ന 14 ലക്ഷത്തോളം മലയാളികളുമുണ്ട്. ഭരണ കൂടങ്ങളും സമൂഹവും പലപ്പോഴും സാമ്പത്തികമായി ഭേദപ്പെട്ട നിലയില്‍ ഉള്ളവരെയാണ് പ്രവാസികളായി കാണാറുള്ളതും പരിഗണിക്കാറുള്ളതും. പ്രവാസലോകത്ത് വന്ന പലരും പണക്കാരായി എന്നത് ശരിയാണ്. എന്നാല്‍ ജീവിക്കാന്‍ വേണ്ടി പ്രവാസം തെരഞ്ഞെടുത്ത ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളെ പരിഗണിക്കാതിരിക്കാന്‍ അത് കാരണമാവരുത്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളും ശുചീകരണ തൊഴിലാളികളും പ്രയാസകരമായ സാഹചര്യത്തിലും ചുറ്റുപാടുകളിലുമാണ് ജീവിതം തള്ളി നീക്കുന്നത്. തൊഴില്‍ മേഖലയിലെ ചൂഷണങ്ങളും മറ്റും പലരുടെയും ജീവന്‍തന്നെ കവര്‍ന്നെടുക്കുവാന്‍ കാരണമായിട്ടുണ്ട്.

പ്രവാസികളെ പണം കായ്ക്കുന്ന മരങ്ങളായി മാത്രം കാണുന്നത് ഒരിക്കലും അംഗീകരിക്കാവതല്ല. ഭരണകൂടം പ്രത്യേകിച്ചും പ്രവാസികളിലെ സാധാരണക്കാരെയാണ് കൂടുതല്‍ പരിഗണിക്കേണ്ടത്. അവരുടെ കണ്ണുനീര്‍ കണ്ടില്ലെന്ന് നടിക്കുകയും പണക്കാരായ പ്രവാസികളെ മാത്രം പ്രവാസികളുടെ പ്രതീകമായി അവതരിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ല. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരില്‍ പലരും 'ഉള്ള' പ്രവാസികളെ മാത്രമാണ് പരിഗണിക്കാറുള്ളത് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അത് ഇനിയെങ്കിലും മാറിയേ മതിയാവൂ. പ്രവാസലോകത്ത് വന്‍കിട സ്ഥാപനങ്ങള്‍ നടത്തുന്നവരും മറ്റും തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്നവര്‍ക്ക് തുഛമായ ശമ്പളം നല്‍കുകയും പിരിവിനു വരുന്നവര്‍ക്ക് ധാരാളം സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നത് വലിയ വിരോധാഭാസം തന്നെയാണ്. കോടിക്കണക്കിന് രൂപ സംഭാവന നല്‍കുന്നതിനെക്കാള്‍ പ്രധാനം തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ പ്രതിഫലം നല്‍കുകയും അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക എന്നതാണ്. അതാണ് മനുഷ്യത്വവും മാനവികതയും ഉദ്‌ഘോഷിക്കുന്ന വിശാലമനസ്‌കര്‍ ചെയ്യേണ്ടതും.

ലോക പ്രവാസി മലയാളികളുടെ പൊതുവേദി എന്ന നിലയില്‍ അവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനു വേണ്ടിയാണ് 'ലോക കേരളസഭ' നിലവില്‍ വന്നത്. കേരളത്തിന് പൊതുവിലും പ്രവാസി സമൂഹത്തിന് പ്രത്യേകിച്ചും വികസന, ക്ഷേമ പദ്ധതികളില്‍ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നവരുടെയും ജനപ്രതിനിധികളുടെയും ഒരു കമ്മിറ്റിയാണ് ലോക കേരളസഭ. എന്നാല്‍ തുടക്കം മുതലേ ചില തെറ്റിദ്ധരിപ്പിക്കലുകള്‍ ഈ സഭയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി പ്രതിപക്ഷം ആരോപിക്കുകയും അതിനെത്തുടര്‍ന്ന് പ്രതിപക്ഷ പ്രതിനിധികള്‍ ലോക കേരളസഭയില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. ലോക കേരളസഭ കേരള നിയമസഭാ സ്പീക്കറുടെ അധ്യക്ഷതയില്‍ ചേരുന്നതും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള നീക്കവും അടക്കമുള്ള കാര്യങ്ങളിലെ അനൗചിത്യമാണ് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ജന പ്രതിനിധി സഭയ്ക്ക് തുല്യമായ പരിഗണനയും പദവിയും ലോക കേരളസഭയ്ക്ക് കല്‍പിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഭരണാധികാരികളും രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ഇഷ്ടാനുസരണം തെരഞ്ഞെടുത്തവരെ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുത്തവര്‍ക്ക് തുല്യമാക്കാന്‍ ഒരു ന്യായവുമില്ല. അത് അംഗീകരിക്കാവതുമല്ല.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ലോക കേരളസഭയുടെ ഭക്ഷണ ചെലവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉണ്ടായി. പ്രതിനിധി ഒന്നിന്റെ ഭക്ഷണ ചെലവ് ഇങ്ങനെ: അത്താഴത്തിന് 1700 രൂപയും ടാക്‌സും, ഉച്ച ഭക്ഷണത്തിന് 1900 രൂപയും ടാക്‌സും, പ്രഭാത ഭക്ഷണത്തിന് 550 രൂപയും ടാക്‌സും, രണ്ടു നേരത്തെ റിഫ്രഷ്‌മെന്റിനായി 250 രൂപയും ടാക്‌സും അടക്കം കോവളത്തെ ഹോട്ടല്‍ റാവിസിന് സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത് 59,82,600 രൂപ! ലോക കേരളസഭയിലെ അംഗങ്ങളുടെ ആകെ എണ്ണം 351 ആണ്. ഇതില്‍ 177 പേര്‍ പ്രവാസി പ്രതിനിധികളും ബാക്കി ജനപ്രതിനിധികളുമാണ്. എംഎല്‍എമാരും എംപിമാരുമായ 69 യുഡിഎഫ് പ്രതിനിധികള്‍ സഭയില്‍നിന്ന് വിട്ടുനിന്നു. സഭയില്‍ ആകെ പങ്കെടുത്തത് 282 അംഗങ്ങള്‍ മാത്രമാണെന്നിരിക്കെ ഉച്ചഭക്ഷണത്തിനായി 700 പേര്‍ക്കും അത്താഴത്തിനായി 600 പേര്‍ക്കും പ്രഭാതഭക്ഷണത്തിനായി 400 പേര്‍ക്കുമാണ് പണം ചെലവഴിച്ചിരിക്കുന്നത്! സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും കൂടാതെ, പ്രതിനിധികള്‍ക്ക് ഏഴോളം ആഡംബര ഹോട്ടലുകളിലെ താമസത്തിനായി 23,42,725 രൂപയും സര്‍ക്കാര്‍ ചെലവാക്കി. ഡ്രൈവര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ ഭക്ഷണ ചെലവായി 4,56,324 രൂപയുടെ മറ്റൊരു ബില്ലും പാസ്സാക്കിയിട്ടുണ്ട്. ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്ന ധൂര്‍ത്താണ് കഴിഞ്ഞ ലോകകേരളസഭയുമായി ബന്ധപ്പെട്ട കണക്കുകള്‍ കാണിക്കുന്നത്. ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായപ്പോള്‍ ആ പണം വേണ്ടെന്നുവച്ച് വിവാദത്തില്‍നിന്നും തലയൂരി റാവിസ് ഹോട്ടലുടമയും മാതൃകയായി. സമ്പന്നരായ പ്രവാസികള്‍ക്കുവേണ്ടി സംഘടിപ്പിച്ച സമ്മേളനത്തിന് പൊതുഖജനാവില്‍നിന്നും കോടികള്‍ ധൂര്‍ത്തടിക്കുന്നത് ന്യായീകരിക്കാവതല്ല. ഇത്തരം പരിപാടികള്‍ക്ക് അംഗങ്ങളില്‍നിന്നും ഫീസ് ഈടാക്കുകയാണ് ചെയ്യേണ്ടത്. നാടിനെ സേവിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഒത്തുചേരുമ്പോള്‍ അത് പാവങ്ങളുടെ പണം ധൂര്‍ത്തടിച്ചാവരുതെന്ന കരുതല്‍ ലോക കേരളസഭാ അംഗങ്ങള്‍ക്ക് ഇനിയുമെങ്കിലും ഉണ്ടാവണം.

ലോക കേരളസഭയുമായി ബന്ധപ്പെട്ട് ചെലവഴിച്ച കോടികളുടെ കണക്ക് പ്രതിപക്ഷ നേതാവ് പുറത്തു വിടുകയും അത് ശരിയാണെന്ന് സ്പീക്കര്‍ സമ്മതിക്കുകയും ചെയ്തു. 2018ല്‍ ഒന്നാം കേരളസഭ ചേരുമ്പോള്‍ ശങ്കരന്‍തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ മാറ്റാന്‍ 1.84 കോടി രൂപ ചെലവാക്കിയിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇത് നടത്തിയത്. രണ്ടുദിവസത്തേക്ക് മാത്രമാണ് സഭ ചേര്‍ന്നത്. 2020ല്‍ ലോക കേരളസഭ ചേര്‍ന്നപ്പോള്‍ ഈ ഹാളിലെ കസേരകളെല്ലാം പൊളിച്ചുമാറ്റിയെന്നും മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു എന്നുമാണ് പ്രതിപക്ഷ ആരോപണം. ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ  ഊരാളുങ്കലിന് നല്‍കിക്കഴിഞ്ഞു എന്ന് രമേശ് ചെന്നിത്തല പറയുകയുണ്ടായി. 9 കോടി എന്നും പറയുന്നുണ്ട്. എന്തായാലും ഒന്നോ രണ്ടോ ദിവസം മാത്രം ചേരുന്ന ഒരു സമ്മേളനത്തിന്റെ വേദിക്ക് എന്തിനിത്ര ആഡംബരം എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. നിയമസഭാ മന്ദിരത്തിലെ ഹാള്‍ പുറത്തുള്ള പരിപാടികള്‍ക്ക് വാടകക്കയ്ക്ക് നല്‍കാന്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് പുറത്ത് വാടകയ്ക്ക് നല്‍കുന്നതും ആലോചിക്കാം എന്ന് സ്പീക്കര്‍ പറഞ്ഞത്. പൊതുമുതല്‍ ചെലവഴിക്കേണ്ടിടത്ത് കാണിക്കേണ്ട ജാഗ്രതയും സൂക്ഷ്മതും ഒട്ടും പാലിച്ചില്ലെന്നത് വ്യക്തം. എല്ലാം ഓണ്‍ലൈനായി നടക്കുന്ന ഇന്ന് 'ഇ ടെണ്ടര്‍' സംവിധാനം അഭിമാനമായി പറയുന്ന സര്‍ക്കാരിന്റെ കാലത്താണ് ഒരു ടെണ്ടറും ഇല്ലാതെ സ്വന്തക്കാര്‍ക്ക് ടോട്ടല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്ന പേരില്‍ പദ്ധതികള്‍ ഏല്‍പിക്കുന്നത്. ഇതും അഴിമതിയാണ്. രണ്ട് പ്രളയങ്ങളും ഓഖി ദുരന്തവും തീര്‍ത്ത പ്രതിസന്ധയില്‍ കഴിയുമ്പോള്‍ മുണ്ടുമുറുക്കിയുടുക്കാന്‍ മലയാളികളോട് ആഹ്വാനം ചെയ്ത് വായ്മൂടും മുമ്പാണ് ഈ ധൂര്‍ത്തുകള്‍ എന്നതും ശ്രദ്ധേയമാണ്.

പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ് കാലം. കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച പ്രതിസന്ധിയില്‍ ആയിരത്തിലധികം മലയാളികളിലാണ് പ്രവാസലോകത്ത് മരിച്ചത്. ഫെബ്രുവരിയില്‍ കോടികള്‍ ചെലവഴിച്ച് നടത്തിയ ലോക കേരളസഭ ഈ പ്രതിസന്ധി ഘട്ടത്തില്‍ എന്ത് ചെയ്തു എന്നതുകൂടി കൂട്ടിവായിക്കുമ്പോഴാണ് ഒരു ഉപകാരവുമില്ലാതെ പ്രവാസികളുടെ പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുന്നതിനെ വിമര്‍ശിക്കേണ്ടി വരുന്നത്. വിദേശ രാജ്യങ്ങളില്‍ ജീവനുവേണ്ടി കേണ പ്രവാസികളോട് തികച്ചും നിരുത്തരവാദപരമായ സമീപനമായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാണിച്ചത്. ഭക്ഷണം, ചികിത്സ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ മുറവിളികൂട്ടിയിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനങ്ങിയില്ല. പ്രവാസലോകത്തെ സന്മനസ്സുകളും മത, രാഷ്ട്രീയ, സാമൂഹിക രംഗത്തെ സേവനമനസ്‌കരും സ്വയംമറന്ന് പ്രവര്‍ത്തനരംഗത്ത് സാമ്പത്തികമായും ശാരീരികമായും അശ്രാന്ത പരിശ്രമങ്ങള്‍ നടത്തിയാണ് പ്രവാസിസമൂഹത്തിന് ആശ്വാസം സമ്മാനിച്ചത്. അതാത് രാജ്യത്തെ ഭരണകൂടങ്ങളുടെ അതിരുകളില്ലാത്ത സഹായവും പ്രവാസലോകത്തിന് തുണയായി.

കൂടെപ്പിറപ്പുകള്‍ മരിച്ചുവീഴുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന വിറങ്ങലിച്ച നാളുകള്‍ ഇന്നും പ്രവാസികളുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. പ്രവാസികള്‍ രോഗവാഹകരാണെന്നും ഇങ്ങോട്ട് വരേണ്ടെന്നും പ്രത്യക്ഷമായും പരോക്ഷമായും ഭരണകൂടങ്ങള്‍ പറഞ്ഞുകൊണ്ടേയിരുന്നു. അനാവശ്യ വ്യസ്ഥകള്‍വച്ച് യാത്രകള്‍ക്ക് തടസ്സം സൃഷ്ടിച്ചു. രണ്ടര ലക്ഷം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നെണ്ടെന്നു പറഞ്ഞും പ്രവാസികളെ വഞ്ചിച്ചു. ഓരോ ഘട്ടത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തി പ്രവാസലോകം ഈ ക്രൂരതക്കെതിരെ പ്രതികരിച്ചാണ് മുന്നോട്ടുനീങ്ങിയത്. നാട്ടില്‍ വരുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ ക്വാറന്റൈന്‍ വേണ്ടെന്ന കേന്ദ്ര നിര്‍ദേശത്തോട് പുറംതിരിഞ്ഞുനിന്ന് പ്രവാസികളെ പ്രയാസപ്പെടുത്തുകയാണ് ഇപ്പോഴും കേരള സര്‍ക്കാര്‍. പ്രതിഷേധിക്കാന്‍ ആര്‍ക്കും സമയമില്ല താനും. നാട്ടില്‍നിന്നും വിദേശ രാജ്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ ധാരാളംപേര്‍ ഇന്നും പ്രയാസപ്പെടുന്നു. ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മാത്രമാണ് ചില ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് നിലനില്‍ക്കുന്നത്. ഈ കാര്യത്തില്‍ നയതന്ത്രതലത്തിലടക്കം ഉള്ള ഇടപെടലുകള്‍ നടത്തി പരിഹാരം കാണാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഇനിയും നേരമായിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. ലക്ഷത്തോളം രൂപ ചെലവാക്കിയാണ് പലരും ദുബായ് വഴി സുഊദി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് മടങ്ങുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് നമ്മുടെ ഭരണകൂടങ്ങള്‍.

ധൂര്‍ത്തടിച്ച കോടികള്‍ ഉണ്ടായിരുന്നെങ്കില്‍ പതിനായിരക്കണക്കിന് പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. നാടിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ കൈമെയ് മറന്ന് സഹായിച്ച പ്രവാസി സമൂഹത്തെ കോവിഡ് കാലത്ത് അവഗണിച്ചതും അനാവശ്യ നിബന്ധനകള്‍വച്ച് ദ്രോഹിച്ചതും പ്രവാസലോകം മറന്നിട്ടില്ല. വിദേശ രാജ്യങ്ങളില്‍ കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം, അല്ലെങ്കില്‍ സഹായധനം നല്‍കാനുള്ള ആവശ്യം ഇപ്പോഴും പരിഗണിക്കാതെ കിടക്കുകയാണ്. ജോലി നഷ്ടപ്പെട്ടു മടങ്ങിയെത്തിയവര്‍ക്ക് വാഗ്ദാനം ചെയ്ത അയ്യായിരം രൂപ പോലും പൂര്‍ണമായും വിതരണം ചെയ്യാന്‍ സംസ്ഥാനം ശ്രമിച്ചിട്ടില്ല. കേരള സര്‍ക്കാര്‍ ഒരു വിമാനം പോലും പ്രവാസികള്‍ക്കുവേണ്ടി ഒരുക്കിയില്ല. മരണത്തെ മുഖാമുഖം കണ്ടവര്‍ ജീവനുംകൊണ്ട് നാട്ടിലേക്ക് ഓടുമ്പോള്‍ അവരുടെ പോക്കറ്റടിക്കാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചത്. അവര്‍ക്ക് ഭക്ഷണവും ചികിത്സയും വിശ്രമകേന്ദ്രവും ലഭ്യമാക്കിയതിനപ്പുറം ടിക്കറ്റുകൂടി ഏര്‍പ്പാട് ചെയ്യേണ്ട ചുമതല പ്രവാസ ലോകത്തിനുതന്നെ നല്‍കി ഭരണാധികാരികള്‍ അവരെ വഞ്ചിച്ചു. ഇതെല്ലാം യാഥാര്‍ഥ്യമാണെന്നിരിക്കെ പ്രവാസികളുടെ പേരില്‍ കോടികള്‍ ഒഴുക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ യഥാര്‍ഥത്തില്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്?

പ്രതിസന്ധികാലത്ത് മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത് എന്ന് പ്രഖ്യാപിച്ച ഡ്രീം കേരള പദ്ധതി വിവാദങ്ങളില്‍ അപ്രത്യക്ഷമായി. 2020 നവംബര്‍ 15ന് മുമ്പ് പൂര്‍ത്തിയാക്കണം എന്ന് തീരുമാനിച്ച പദ്ധതി എങ്ങും എത്താതെ കിടക്കുന്നു. ലോക കേരളസഭകൊണ്ട് കേരളത്തിനുണ്ടായ നേട്ടം എന്തെന്നതും ഉത്തരമില്ലാതെ കിടക്കുകയാണ്. 30,000 കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് ധനമന്ത്രി വീമ്പിളക്കിയെങ്കിലും 362 കോടി രൂപ മാത്രമാണ് ലഭിച്ചത്! ഭരണകൂട ക്രൂരതയുടെ ഇരകളായി ആത്മഹത്യ ചെയ്ത ആന്തൂരിലെ സാജന്‍ അടക്കമുള്ള പ്രവാസി സംരംഭകരോട് നമ്മുടെ നാട്ടിലെ അധികാര കേന്ദ്രങ്ങള്‍ വെച്ച് പുലര്‍ത്തുന്ന മനോഭാവത്തില്‍ ഇനിയും മാറ്റം വന്നിട്ടില്ലെന്നാണ്  പല നടപടികളും സൂചിപ്പിക്കുന്നത്. ചാവക്കാട് ഒരു സംരംഭം തുടങ്ങാനുള്ള ശ്രമം ഉപേക്ഷിക്കുന്നു എന്നറിയിച്ചുകൊണ്ട് പ്രവാസി മലയാളി കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് കുറിപ്പിന്റെ തുടക്കം ഇങ്ങനെയാണ്:

'സുഹൃത്തുക്കളെ, വളരെ വിഷമത്തോടെയുള്ള ഒരു തീരുമാനമാണ് ഞാനും എന്റെ കുടുംബവും എടുക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ചാവക്കാട്ടെ ബിസിനസ് സംരംഭം. മരുഭൂമിയില്‍ എത്ര വെയിലേറ്റാലും പ്രവാസി തളരില്ല. കാരണം അവന്റെ മനസ്സില്‍ നാടെന്ന പ്രതീക്ഷയുണ്ടാകും. നാട്ടില്‍ ബിസിനസ് തുടങ്ങാമെന്ന പ്രതീക്ഷയോടെ നാട്ടിലേക്ക് വരുന്ന പ്രവാസികളില്‍ ഭൂരിഭാഗവും നാട്ടിലെ ചിലയാളുകളുടെ ക്രൂരത കാരണം തന്റെ സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യും. എല്ലാം നഷ്ടപ്പെട്ട ചിലര്‍ ശിഷ്ടകാലം മറ്റാരുടെയെങ്കിലും തണലില്‍ തള്ളിനീക്കും. എന്നാല്‍ ചാവക്കാട് ബിസിനസ് തുടങ്ങി രക്ഷപ്പെടാമെന്ന് കരുതി ഒരു പ്രവാസിയും ചാവക്കാട്ടേക്ക് വരരുത്, അപേക്ഷയാണ്.'

ഒരുപാട് സ്വപ്‌നങ്ങളുമായി, പിറന്നമണ്ണില്‍ ജീവിതത്തിന്റെ ശിഷ്ടകാലം ചെലവഴിക്കണം എന്നാഗ്രഹിച്ചു വരുന്നവര്‍ക്ക് കുരുക്കുകള്‍ തീര്‍ക്കുന്ന പരിപാടി ഇനിയെങ്കിലും മാറണം. പ്രവാസികളെ പുനധിവസിപ്പിക്കാനും അവര്‍ക്ക് നന്നായി ജീവിക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യങ്ങളും അത്താണി നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസ പദ്ധതികളും അടക്കം നടപ്പിലാക്കി പ്രവാസലോകത്തോട് അല്‍പമെങ്കിലും നീതികാണിക്കാനുമുള്ള മനസ്സ് കേരളം ഇനിയെങ്കിലും പ്രകടിപ്പിക്കും എന്ന് കരുതാം. ജോലി നഷ്ടപ്പെട്ടും മറ്റും നാട്ടില്‍ തന്നെയുള്ള പ്രവാസികളുടെ വോട്ടുകള്‍ നിര്‍ണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അതില്‍ പ്രവാസലോകം തങ്ങളുടെ വോട്ടവകാശം ശരിയായ ദിശയില്‍ വിനിയോഗിക്കുമെന്ന തിരിച്ചറിവ് രാഷ്ട്രീയ നേതാക്കള്‍ക്ക് ഉണ്ടാവും എന്ന് പ്രത്യാശിക്കാം.