തൗഹീദുള്ളവരുടെ ബാധ്യതകള്‍

മൂസ സ്വലാഹി, കാര

2021 മാര്‍ച്ച് 27 1442 ശഅബാന്‍ 13

'തൗഹീദ്' ഇസ്ലാമിന്‍റെ അടിത്തറയും ജീവനുമാണ്. അല്ലാഹുവിന്‍റെ ഏകത്വത്തില്‍ സംശയിക്കാതെയും അതിനെ ചോദ്യം ചെയ്യാതെയും സത്യസന്ധമായി വിശ്വസിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമെ സ്വര്‍ഗപ്രവേശനം നേടാനാവുകയുള്ളൂ. അല്ലാഹു പറയുന്നു:

"ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്" (ക്വുര്‍ആന്‍ 46:13,14).

അബൂഹുറയ്റ(റ)യില്‍നിന്ന്; നബി ﷺ പറഞ്ഞു: "ആരാധനക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യംവഹിക്കുന്ന ഒരു അടിമ അവയില്‍ സംശയമില്ലാതെ അല്ലാഹുവിനെ കണ്ടുമുട്ടിയാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും" (മുസ്ലിം).

തൗഹീദുള്ളവര്‍ക്ക് സ്വന്തത്തോടും സമൂഹത്തോടും നിര്‍വഹിക്കാനുള്ള ബാധ്യതകളെ സംബന്ധിച്ച് പ്രമാണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ലാ ഇലാഹ ഇല്ലലാഹ്' എന്ന് ഉച്ചരിച്ചവരില്‍തന്നെ ശിര്‍ക്കും നിഷേധവും കാപട്യവും പെരുകിവരുന്ന ഈ കാലഘട്ടത്തില്‍ അതിനെ വിസ്മരിക്കുക എന്നത് അപകടം നിറഞ്ഞതാണ്.

പ്രവാചകന്മാര്‍ ഒരേ ആദര്‍ശത്തില്‍ നിലനിന്നുകൊണ്ട് തങ്ങളില്‍ അര്‍പ്പിതമായ ബാധ്യതകള്‍ നിര്‍വഹിച്ചവരായിരുന്നു. ആ മാര്‍ഗത്തില്‍ അവര്‍ എതിര്‍പ്പുകള്‍ നേരിട്ടുവെങ്കില്‍ പ്രബോധനമാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ ഇന്നും എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്.

അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി). എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. അവരില്‍ ചിലരുടെ മേല്‍ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാല്‍ നിങ്ങള്‍ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചുതള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക" (ക്വുര്‍ആന്‍ 16:36).

പ്രപഞ്ച സ്രഷ്ടാവിന്‍റെ ഏകത്വം അംഗീകരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന ബാധ്യതകളില്‍ ചിലത് സൂചിപ്പിക്കാം.

അല്ലാഹുവിന് സമ്പൂര്‍ണമായി കീഴ്പ്പെടുക

അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നവര്‍ക്ക് മാത്രമെ അവന്‍റെ ഇഷ്ടദാസന്മാരായി മാറാന്‍ കഴിയുകയുള്ളൂ. അല്ലാഹു പറയുന്നു: "പറയുക, നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണ് എന്നത്രെ എനിക്ക് ബോധനം നല്‍കപ്പെടുന്നത്. അതിനാല്‍ നിങ്ങള്‍ മുസ്ലിംകളാകുന്നുണ്ടോ? എന്നിട്ട് അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ നീ പറയുക: നിങ്ങളോട് ഞാന്‍ പ്രഖ്യാപിച്ചിട്ടുള്ളത് തുല്യമായ വിധത്തിലാകുന്നു. നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം ആസന്നമാണോ അതല്ല വിദൂരമാണോ എന്നെനിക്ക് അറിഞ്ഞുകൂടാ" (21:108,109).

ഇമാം സഅദി(റഹി) ഈ സൂക്തത്തെ വിശദീകരിച്ച് പറയുന്നു: "അവര്‍ അല്ലാഹുവിനുള്ള ഇബാദത്തിനും (ആരാധന) ഉലൂഹിയ്യത്തിനും (ആരാധനയിലുള്ള ഏകത്വം) കീഴൊതുങ്ങുന്നവരായിരിക്കും. അപ്രകാരം ചെയ്താല്‍ മുഴുവന്‍ അനുഗ്രഹങ്ങള്‍ക്കുംമേല്‍ ലഭിച്ച ഈ സൗഭാഗ്യത്തിന് അവര്‍ അല്ലാഹുവിനെ സ്തുതിക്കും" (തഫ്സീറുസ്സഅദി/പേജ് 621).

സൃഷ്ടികള്‍ക്ക് അല്ലാഹുവിന്‍റെ കഴിവിനെ വകവെച്ചുകൊടുക്കുന്നവര്‍ മുസ്ലിം സമൂഹത്തില്‍ അധികരിച്ചിട്ടുണ്ട്. ഔലിയാക്കള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്ന ജല്‍പനം അതില്‍പെട്ടതാണ്. വിശ്വാസത്തെ മറയാക്കി തൗഹീദില്‍ മായം ചേര്‍ക്കാനുള്ള ഇത്തരം പ്രയത്നം അന്ത്യനാളിന്‍റെ അടയാളങ്ങളായി നബി ﷺ പഠിപ്പിച്ചതാണ്.

സൗബാന്‍(റ)ല്‍നിന്ന്; നബി ﷺ പറഞ്ഞു: "എന്‍റെ സമൂഹത്തില്‍ ഒരു വിഭാഗം ബഹുദൈവാരാധകരുമായി ചേരുന്നതുവരെയും ബിംബങ്ങളെ ആരാധിക്കുന്നതുവരെയും അന്ത്യനാള്‍ സംഭവിക്കുകയില്ല" (തിര്‍മിദി).

വിശ്വാസ വിശുദ്ധി

വിശ്വാസ സംസ്കരണവും അതിലൂന്നിയ കര്‍മങ്ങളുമാണ് സ്വര്‍ഗത്തിലേക്കുള്ള പാഥേയം. അല്ലാഹു പറയുന്നു:

"ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്നപക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും" (ക്വുര്‍ആന്‍ 16:97).

നന്മകളെ അവഗണിച്ചും തിന്മകളെ പരിഗണിച്ചും ജീവിക്കുന്നത് വിശ്വാസത്തെ മലിനമാക്കാന്‍ കാരണമാകും. മുസ്ലിം സമൂഹത്തിനുതന്നെ അപമാനകരമാകുംവിധം വിശ്വാസനിഷേധം തലക്ക് പിടിച്ചവര്‍ വലിയ പിഴവില്‍ അകപ്പെടുമെന്ന് ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:

"സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്‍റെ ദൂതനിലും അവന്‍റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും അവന്‍റെ മലക്കുകളിലും അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്നപക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു" (ക്വുര്‍ആന്‍ 4:136).

വിശ്വാസത്തോടെ പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവിന്‍റെ തൃപ്തി കരഗതമാക്കാന്‍ കഴിയുമെന്നത് അവനില്‍ നിന്നുള്ള വാഗ്ദാനമാണ്. അല്ലാഹു പറയുന്നു:

"തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ തന്നെയാകുന്നു സൃഷ്ടികളില്‍ ഉത്തമര്‍. അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കലുള്ള പ്രതിഫലം താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളാകുന്നു. അവരതില്‍ നിത്യവാസികളായിരിക്കും; എന്നെന്നേക്കുമായിട്ട്. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. ഏതൊരുവന്‍ തന്‍റെ രക്ഷിതാവിനെ ഭയപ്പെട്ടുവോ അവന്നുള്ളതാകുന്നു അത്" (ക്വുര്‍ആന്‍ 98:7,8).

ആരാധന നിഷ്കളങ്കമാക്കുക

എവിടെയായിരുന്നാലും അല്ലാഹുവിന്‍റെ അറിവും നിരീക്ഷണവും തങ്ങളുടെമേല്‍ ഉണ്ടെന്ന ബോധം വിശ്വാസികള്‍ക്കുണ്ടാകണം. അല്ലാഹു പറയുന്നു: "...നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു"(ക്വുര്‍ആന്‍ 57:4).

ആരാധനകളില്‍ ആത്മാര്‍ഥത ചോര്‍ന്നുപോകാതിരിക്കാന്‍ തൗഹീദുള്ളവര്‍ കണിശമായും ശ്രദ്ധിക്കണം. ലോകമാന്യത, കാപട്യം, പ്രശസ്തികൊതിക്കല്‍ ഇതൊന്നും ആരാധന സ്വീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങളല്ല. അല്ലാഹു പറയുന്നു:

"കീഴ്വണക്കം അല്ലാഹുവിന് മാത്രമാക്കിക്കൊണ്ട് ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത് നല്‍കുവാനും അല്ലാതെ അവരോട് കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം" (ക്വുര്‍ആന്‍ 98:5).

ഇമാം സഅദി(റഹി) പറയുന്നു: "അല്ലാഹുവിനെ ഏകനാക്കി ആരാധിക്കണമെന്നും അതിലൂടെ അവന്‍റെ മുഖം ലക്ഷ്യംവെക്കണമെന്നും ശിര്‍ക്കില്‍നിന്ന് വിശ്വാസത്തിലേക്ക് നീങ്ങണമെന്നുമാണ് മതത്തിന്‍റെ എല്ലാ നിയമങ്ങളിലും കല്‍പിക്കപ്പെട്ടിട്ടുള്ളത്" (തഫ്സീറുസ്സഅദി).

അബൂ ഉമാമ(റ)യില്‍ നിന്ന്; നബി ﷺ പറഞ്ഞു: "നിശ്ചയം, അല്ലാഹു ആത്മാര്‍ഥതയോടെയും അവന്‍റെ മുഖം കാണണമെന്ന പ്രതീക്ഷയോടെയുമുള്ള പ്രവര്‍ത്തനമല്ലാതെ സ്വീകരിക്കുകയില്ല" (നസാഈ).

തൗഹീദ് പഠിക്കലും പഠിപ്പിക്കലും

ഏതു കാലഘട്ടത്തിലും വന്ന പ്രവാചകന്മാര്‍ സമൂഹത്തെ ക്ഷണിച്ചത് ഏകദൈവാരാധനയിലേക്കാണ്. അതിനെപ്പറ്റിയുള്ള പഠനം മതത്തിന്‍റെ എല്ലാ നിയമങ്ങളെയും ഉള്‍കൊള്ളുന്നതാണ്. അതിനാല്‍ അതിനെക്കുറിച്ച് മനസ്സിലാക്കല്‍ ഓരോരുത്തരുടെയും വ്യക്തിബാധ്യതയുമാണ്. അല്ലാഹു പറയുന്നു:

"ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക). നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്"(ക്വുര്‍ആന്‍ 47:19).

ഇമാം സഅദി(റഹി)പറയുന്നു: "അല്ലാഹുവിന്‍റെ തൗഹീദിനെ കുറിച്ചുള്ള അറിവ് ഒരാളും ഒഴിവാകാത്തവിധം സര്‍വരും അറിയല്‍ നിര്‍ബന്ധവും എല്ലാവരും അതിലേക്ക് അത്യാവശ്യക്കാരുമാണ്."

തൗഹീദിന് സാക്ഷിയാകുന്നവരില്‍ അറിവുളളവര്‍ക്ക് വലിയ സ്ഥാനമാണ് നല്‍കപ്പെട്ടിട്ടുള്ളത്. അല്ലാഹു പറയുന്നു:

"താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന് അല്ലാഹു സാക്ഷ്യംവഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു). അവന്‍ നീതിനിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍" (ക്വുര്‍ആന്‍ 3:18).

ഉസ്മാന്‍(റ)വില്‍നിന്ന്; നബി ﷺ പറഞ്ഞു: "ഒരാള്‍ 'ലാഇലാഹ ഇല്ലല്ലാഹു' അറിയുന്നവനായി മരിച്ചാല്‍ അവന്‍ സ്വര്‍ഗത്തിലാണ്" (മുസ്ലിം).

അറിവുള്ളവരായി ചമയുന്നവര്‍ക്കും അജ്ഞതയില്‍ അകപ്പെട്ടവര്‍ക്കും ഇതിന്‍റെ മഹത്ത്വം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ശരിയായ അറിവുള്ളവര്‍ക്കേ അല്ലാഹുവിനെ ഭയന്നും പ്രതീക്ഷിച്ചും പ്രവര്‍ത്തിക്കാനാകൂ. അല്ലാഹു പറയുന്നു:

"...അല്ലാഹുവെ ഭയപ്പെടുന്നത് അവന്‍റെ ദാസന്‍മാരില്‍നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു" (ക്വുര്‍ആന്‍ 35:28).

പാപമോചന തേട്ടം നിലനിര്‍ത്തുക

തെറ്റുകള്‍ പൊറുത്തുകിട്ടാനുള്ള നിരന്തരമായതേട്ടം വിശ്വാസികളിലുണ്ടാവണം. മധ്യവര്‍ത്തികളെ സ്വീകരിക്കുക, ശിര്‍ക്കന്‍ കേന്ദ്രങ്ങളെ ആശ്രയിക്കുക, നിരാശബാധിച്ച് ഉള്‍വലിയുക... ഇതൊന്നും പാപമോചനതേട്ടത്തിന്‍റെ വഴികളല്ല. അല്ലാഹു പറയുന്നു:

"പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ  കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ (അത് വന്നതിന് ശേഷം)നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല" (ക്വുര്‍ആന്‍ 39:53,54).

വിശ്വാസികളുടെ സമൂഹത്തിനാകമാനം പാപമോചനം തേടുക എന്നത് തൗഹീദിന്‍റെ തേട്ടമാണ്. വിശ്വാസചൂഷകരെ തടയാനും  വിശ്വാസികള്‍ക്ക് സമാധാനം പകരാനും അതുവഴി സാധിക്കും. നൂഹ് നബി(അ) നടത്തിയ ഒരു പ്രാര്‍ഥന കാണുക:

"എന്‍റെ രക്ഷിതാവേ, എന്‍റെ മാതാപിതാക്കള്‍ക്കും എന്‍റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ധിപ്പിക്കരുതേ" (ക്വുര്‍ആന്‍ 71:28).