ദൈവവും നാസ്തികരും

അര്‍ശദ് കുറിശ്ശാംകുളം

2021 ആഗസ്ത് 28 1442 മുഹര്‍റം 19

ദൈവമുണ്ടോ, അഥവാ ഇക്കാണുന്ന പ്രപഞ്ചത്തിന്റെ രൂപീകരണത്തിനു പിന്നില്‍ ഒരു ആദികാരണം അല്ലെങ്കില്‍ ഒരു ശക്തിയുണ്ടോ എന്ന ചോദ്യം പലരുടെയും മനസ്സിലുള്ളതാണ്. പ്രഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്നവരെല്ലാം ദൈവമുണ്ട് എന്ന ഉത്തരം കണ്ടെത്തും. ഈ ചോദ്യം നാസ്തികരോട് ചോദിച്ചാല്‍ അവര്‍ പറയും ഈ പ്രപഞ്ചം അനാദിയാണ് എന്ന്.

ശാസ്ത്രലോകത്ത് കൂടുതല്‍ അംഗീകരിക്കപ്പെട്ട സിദ്ധാന്തമാണ് big bang theory. അതായത് ഈ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ട് എന്ന മഹാവിസ്‌ഫോടന സിദ്ധാന്തം. എന്നാല്‍ ഇപ്പോള്‍ നാസ്തികരിലെ  ലോറന്‍സ് ക്രോസ്സിനെപ്പോലെയുള്ള ആളുകള്‍ പറയുന്നത് പ്രപഞ്ചം ഒന്നുമില്ലായ്മയില്‍നിന്നും വന്നതാണ് എന്നാണ്. ഒന്നുമില്ലായ്മയില്‍നിന്നും ഒരു കസേര ഉണ്ടായി എന്ന് ഒരാള്‍ വാദിച്ചാല്‍ ഏതെങ്കിലും നാസ്തികന്‍ വിശ്വസിക്കുമോ? ഇല്ല! പിന്നെ എങ്ങനെയാണ് ഒന്നുമില്ലായ്മയില്‍നിന്നും പ്രപഞ്ചം ഉണ്ടാവുക? അവര്‍ ആ ഒന്നുമില്ലായ്മയെ എന്തൊക്കെയോ ആക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ്! ദൈവം എന്നത് കേവലം വിശ്വാസം മാത്രമാണെന്നാണ് അവര്‍ പറയുന്നത്.

ഫിലോസഫിയില്‍ contengency argument അല്ലെങ്കില്‍ argument from dependency (ആശ്രിതത്വ വാദം) എന്ന ഒരു വാദമുണ്ട്. ഇത് പറയുന്നത് ഈ പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും നിലനില്‍ക്കുന്നത് ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചാണ് എന്നാണ്. ഭൗതികശാസ്ത്ര നിയമങ്ങളും അതുതന്നെയാണ് പറയുന്നത്. സ്വയം ചലിക്കാന്‍ കഴിവില്ലാത്ത ഈ പ്രപഞ്ചം എങ്ങനെ ചലനസജ്ജമായി? തീര്‍ച്ചയായും ആരാലും സൃഷ്ടിക്കപ്പെടാത്ത മറ്റൊരു അസ്തിത്വം ഉണ്ടായിരിക്കണം. അത് അനിവാര്യവുമാണ്. അപ്പോള്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഈ പരാശ്രയം ആവശ്യമില്ലാത്ത അസ്തിത്വമായിരിക്കണം.

ഈ പ്രപഞ്ചത്തില്‍ എല്ലാ കാര്യങ്ങള്‍ക്ക് പിന്നിലും ഒരു കാരണമുണ്ട്. അത് കാരണമില്ലാത്ത ഒരു അസ്തിത്വത്തില്‍ ചെന്നവസാനിക്കും. നാസ്തികര്‍ പറയുന്നത് പോലെ പ്രപഞ്ചം അനാദിയാണെങ്കില്‍ ഓരോന്നിന്റെയും പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ചു പോകുമ്പോള്‍ അത് അനന്തമായി  തുടരും. ഈ അനന്തമായ തുടര്‍ച്ച ഒരിക്കലും ഒരു കാര്യം സംഭവിക്കുന്നതിന് വഴിവെക്കില്ല. അപ്പോള്‍ ഈ പ്രപഞ്ചം താനെ ഉണ്ടാകാന്‍ തരമില്ല. ദൈവമുണ്ടെന്നു പറഞ്ഞാല്‍ നാസ്തികര്‍ ചോദിക്കും; അപ്പോള്‍ ദൈവത്തെ ആരെങ്കിലും സൃഷ്ടിച്ചതാകണ്ടേ എന്ന്. ഒരു വാദത്തിനു വേണ്ടി ഇത് സമ്മതിക്കാം. അപ്പോള്‍ വീണ്ടും ചോദ്യം വരും; അതിനെ ആര് സൃഷ്ടിച്ചു എന്ന്. ഇത് അനന്തമായി തുടരും.

ഈ ബാലിശമായ വാദം ഒരു ചെറിയ ഉദാഹരണത്തിലൂടെ  അസംഭവ്യമാണെന് തെളിയിക്കാം. അതായത് ഒരു വ്യക്തി; മറ്റൊരു സ്ഥലത്ത് ചെന്നുപെട്ട അയാള്‍ക്ക് വീട്ടിലേക്ക് തിരിച്ചുപോകാന്‍ കൈയില്‍ കാശില്ല. അയാള്‍ ഒരാളോട് കാശ് കടം ചോദിക്കുന്നു. അയാള്‍ എന്റെയടുത്ത് കാശില്ല, വേറൊരാളോട് വാങ്ങിത്തരാമെന്ന് പറയുന്നു. ഇത് ഇങ്ങനെ അനന്തമായി തുടരുന്നു. അപ്പോള്‍ ഒരിക്കലും ആ വ്യക്തിക്ക് കാശ് കിട്ടുകയില്ല, ആ വ്യക്തി വീടെത്തുകയുമില്ല. മറിച്ച് ഏതോ ഒരാള്‍ ആരെയും ആശ്രയിക്കാതെ സ്വന്തം പൈസ എടുത്തു കൊടുക്കുന്നു. അപ്പോള്‍ ആ വ്യക്തിക്ക് വീട്ടില്‍ പോകാന്‍ സാധിക്കുന്നു. ഇതു തന്നെയാണ് ദൈവത്തിന്റെ കാര്യത്തിലും പറയാനുള്ളത്.

ദൈവത്തെ ആരെങ്കിലും സൃഷ്ടിച്ചതാണെങ്കില്‍ അതിനെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം വരും. ഇത് അനന്തമായി തുടരും. ഇത് ഒരിക്കലും പ്രപഞ്ച സൃഷ്ടിപ്പ് ആരു നടത്തി എന്ന് കണ്ടെത്തുന്നതിലേക്ക് നയിക്കുന്നില്ല. ആരുമില്ലെങ്കില്‍ പ്രപഞ്ചമുണ്ടാകാനും വഴിയില്ല. എന്നാല്‍ ഒരോ വസ്തുവിന്റെയും കാരണമന്വേഷിച്ചു പോകുമ്പോള്‍ അത് ഒന്നിനെയും ആശ്രയിക്കാത്ത, അനാദിയായ, അനിവാര്യമായ  ഒരു അസ്തിത്വത്തിലേക്ക്  ചെന്നവസാനിച്ചിരിക്കണം. ദൈവം എന്നത് ഒരു ഈ പ്രപഞ്ചത്തിന് അനിവാര്യ അസ്തിത്വമാണ് (necessary existence). പ്രപഞ്ചം ഉണ്ടാകണമെങ്കില്‍ അനാദിയായ, എല്ലാവരും ആശ്രയിക്കുന്ന എന്നാല്‍ ആരെയും ആശ്രയിക്കേണ്ടാത്ത ഒരു അസ്തിത്വം അനിവാര്യമാണ്. ദൈവത്തിനുള്ള തെളിവ് ഈ പ്രപഞ്ചം തന്നെയാണ്.