തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

2021 ഡിസംബര്‍ 11 1442 ജുമാദല്‍ അല്‍ അവ്വല്‍ 06

'തബ്‌ലീഗ് ജമാഅത്ത്' എന്ന വിഭാഗം പ്രബോധനരംഗത്ത് വേറിട്ടൊരു ശൈലി സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. ജനങ്ങളെ ആകര്‍ഷിക്കുന്ന ശൈലിയും പെരുമാറ്റവുമൊക്കെയാണെങ്കിലും അപകടം നിറഞ്ഞ, ഇസ്‌ലാം പഠിപ്പിക്കാത്ത വിശ്വാസങ്ങളും ആചാരങ്ങളുമാണ് ഇക്കൂട്ടര്‍ ജനങ്ങളെ പഠിപ്പിക്കുന്നത്.

ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്‌റവര്‍ദിയ്യ, നഖ്ശബന്തിയ്യ എന്നീ നാല് ത്വരീക്വത്തുകളുടെ പ്രചാരകരും പ്രയോക്താക്കളുമായിട്ടാണ് ഇക്കൂട്ടര്‍ അറിയപ്പെടുന്നത്. നമസ്‌കാരം, നോമ്പ്, ദാനധര്‍മം, ഹജ്ജ് മുതലായ കര്‍മങ്ങളുടെ മഹത്ത്വങ്ങള്‍ വിവരിക്കുവാന്‍ വേണ്ടി ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ നിവാസിയായ മുഹമ്മദ് സകരിയ്യ കാന്തലവി എഴുയിയിട്ടുള്ള ഗ്രന്ഥങ്ങളാണ് തബ്‌ലീഗുകാരുടെ പ്രധാന അവലംബം.

വെറും കെട്ടുകഥകളെ അടിസ്ഥാനമാക്കി അല്ലാഹുവല്ലാത്തവരോട് തേടാമെന്ന് സകരിയ്യ സാഹിബ് എഴുതിവെച്ചതായി കാണാം. ഇടതേട്ടത്തിന് തെളിവായി അദ്ദേഹം എഴുതിയ ഒരു കഥ വായിക്കുക:

''ഷൈഖ് അബൂ അബ്ദുല്ലാഹി ജല്ലാഹ് (റഹ്:അ) പറയുന്നു: ഒരിക്കല്‍ എന്റെ മാതാവ് എന്റെ പിതാവിനോട് കുറച്ച് മത്സ്യം വാങ്ങണമെന്നാവശ്യപ്പെട്ടു. പിതാവ് ചന്തയിലേക്ക് പോയപ്പോള്‍ ഞാനും കൂട്ടത്തില്‍ പോയി. മത്സ്യം വാങ്ങിയ ശേഷം അത് വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് കൂലിക്കാരനെ അന്വേഷിച്ചു. അപ്പോള്‍ സമീപത്തുതന്നെ നിന്നിരുന്ന ഒരു യുവാവ് 'മാമാ, ഇതു കൊണ്ടുപോകുന്നതിന് കൂലിക്കാരനെ ആവശ്യമുണ്ടോ?' എന്ന് ചോദിച്ചു. 'ആവശ്യമുണ്ട്' എന്നു പിതാവ് പറഞ്ഞതനുസരിച്ച് അയാള്‍ അതു തലയിലെടുത്തുകൊണ്ട് ഞങ്ങളുടെ കൂട്ടത്തില്‍ നടന്നു.

വഴിയില്‍ വെച്ച് ബാങ്കിന്റെ ശബ്ദം കേട്ടപ്പോള്‍ അദ്ദേഹം 'അല്ലാഹുവിലേക്ക് വിളിക്കുന്നവന്‍ വിളിച്ചുകഴിഞ്ഞു. എനിക്ക് വുളു എടുക്കേണ്ടതുമുണ്ട്. ഇനി നമസ്‌ക്കാരത്തിനുശേഷമേ ഇതു കൊണ്ടുവരാന്‍ കഴിയുകയുള്ളു. അതു നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ എന്നെ പ്രതീക്ഷിക്കുക. ഇല്ലെങ്കില്‍ ഇതാ നിങ്ങളുടെ മത്സ്യം ഏറ്റുകൊള്ളുക' എന്നു പറഞ്ഞുകൊണ്ട് അതു അവിടെത്തന്നെ വച്ചിട്ട് പൊയ്ക്കളഞ്ഞു. ഈ കൂലിക്കാരനായ കുട്ടി ഇപ്രകാരം ചെയ്തപ്പോള്‍ 'അല്ലാഹുവിലേക്ക് ഭരമേല്‍പിക്കാന്‍ നാം ഏറ്റവും കടമപ്പെട്ടവരാണല്ലോ' എന്നു പറഞ്ഞുകൊണ്ട് ആ മത്സ്യം വെളിയില്‍ത്തന്നെ വച്ചിട്ട് പിതാവും പള്ളിയിലേയ്ക്ക് നടന്നു. ഞങ്ങള്‍ എല്ലാവരും നമസ്‌ക്കാരം കഴിഞ്ഞുവന്നപ്പോള്‍ ആ മത്സ്യം അവിടെത്തന്നെ ഇരുന്നിരുന്നു. ആ കുട്ടി വീണ്ടും മത്സ്യം എടുത്തു വീട്ടില്‍ എത്തിച്ചു. വീട്ടില്‍ ചെന്നപ്പോള്‍ പിതാവ് ഈ അത്ഭുതസംഭവം മാതാവിനോടു പറഞ്ഞു കേള്‍പ്പിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: 'അയാളെ ഇവിടെ നിര്‍ത്തുക! ഇതു പാചകം ചെയ്തു അത് അയാളും തിന്നുകൊണ്ടുപോകട്ടെ.' പിതാവ് അപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ 'എനിക്ക് നോമ്പാണ്' എന്നു അദ്ദേഹം മറുപടിപറഞ്ഞു. എന്നാല്‍ 'ഇവിടെ നോമ്പു തുറക്കണം' എന്നു പിതാവ് അദ്ദേഹത്തോട്  നിര്‍ബന്ധിച്ചപ്പോള്‍ പോയിട്ട് തിരിച്ചുവരാന്‍ സാധ്യമല്ല. സമീപത്തുള്ള പള്ളിയില്‍തന്നെ ഇരുന്ന് വൈകുന്നേരം നിങ്ങളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് പൊയ്‌ക്കൊള്ളാം' എന്നു പറഞ്ഞു. അടുത്ത പള്ളിയില്‍ പോയി വൈകുന്നേരം മഗ്‌രിബു നമസ്‌കാരത്തിനു ശേഷം വന്ന് ആഹാരം കഴിച്ചു. അനന്തരം അദ്ദേഹത്തിന് ഉറങ്ങുന്നതിനായി ഒഴിവായ ഒരു മുറി കൊടുത്തു.

ഞങ്ങളുടെ അടുത്ത് തളര്‍വാതം പിടിച്ച ഒരു സ്ത്രീ താമസിച്ചിരുന്നു. അവള്‍ പരിപൂര്‍ണ സുഖം പ്രാപിച്ച് ആരോഗ്യത്തോടുകൂടി നടക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ അത്ഭുതത്തോടെ അതിന്റെ  കാരണം അവളോട് ആരാഞ്ഞു. അവള്‍ പറഞ്ഞു: 'ഞാന്‍ ആ അതിഥിയുടെ പേരില്‍ അല്ലാഹുവിനോട് ഇപ്രകാരം ദുആ ചെയ്തു. അല്ലാഹുവേ! ഇദ്ദേഹത്തിന്റെ ബറക്കത്തുകൊണ്ട് എനിക്കു സുഖം നല്‍കേണമേ. എനിക്ക് ഉടന്‍തന്നെ പരിപൂര്‍ണ സുഖം കിട്ടി. പിന്നീട് ആ മുറിയിലേയ്ക്ക് അദ്ദേഹത്തെ നോക്കാനായി ഞങ്ങള്‍ പോയപ്പോള്‍ മുറിയുടെ വാതില്‍ അടച്ചിട്ടിരുന്നു. അദ്ദേഹത്തെ അവിടെങ്ങും ഞങ്ങള്‍ കണ്ടില്ല. പിന്നീട് ആ കൂലിക്കാരനെപ്പറ്റി യാതൊരു അറിവും ഉണ്ടായതുമില്ല'' (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 102,103).

ശിര്‍ക്ക് കലര്‍ന്ന പ്രവാചക സ്‌നേഹം

പ്രവാചകസ്‌നേഹം സത്യവിശ്വാസത്തിന്റെ ഭാഗമാണ്. പ്രവാചകനെ സ്‌നേഹിക്കാത്തവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. പ്രവാചകനെ സ്‌നേഹിക്കാതെ ഒരാള്‍ക്കും സ്വര്‍ഗത്തില്‍ പ്രവേശിക്കുവാന്‍ സാധ്യമല്ല.

എങ്ങനെ പ്രവാചകനെ സ്‌നേഹിക്കണം? പ്രവാചകന്റെ ജന്മദിനം ആഘോഷിക്കുക, ആ ദിവസത്തില്‍അദ്ദേഹത്തിന്റെ മദ്ഹ് പറയുക, അന്നദാനം നടത്തുക, പ്രവാചകനെ നേരിട്ടു വിളിച്ചുപ്രാര്‍ഥിക്കുക... ഇതൊക്കെയാണോ ഇസ്‌ലാം പഠിപ്പിക്കുന്ന പ്രവാചകസ്‌നേഹം? ഒരിക്കലുമല്ല! നബി ﷺ യുടെ സുന്നത്ത് (നബിചര്യ) പിന്‍പറ്റുന്നതിലൂടെ പ്രവാചകനെ സ്‌ഹേിക്കുവാനാണ് മതം അനുശാസിക്കുന്നത്. അപ്രകാരമാണ് സ്വഹാബത്ത് ചെയ്തത്.

എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ പ്രവാചക സ്‌നേഹത്തിന്റെ മറവില്‍ പ്രവാചകന്‍ പഠിപ്പിക്കാത്ത ഒരുപാട് അനാചാരങ്ങള്‍ നടന്നുവരുന്നു. നബി ﷺ യോട് നേര്‍ക്കുനേരെ പ്രാര്‍ഥിക്കുന്ന വരികള്‍ ഉള്‍പ്പെടുന്ന മാലകളും മൗലീദുകളും ഗദ്യപദ്യങ്ങളും നിലവിലുണ്ട്. നബി ﷺ യോടുള്ള പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളുന്ന വരികളാണ് തബ്‌ലീഗുകാര്‍ ആദരിക്കുന്ന 'സ്വലാത്തിന്റെ മഹത്ത്വങ്ങള്‍' എന്ന പുസ്തകത്തിന്റെ അവസാനഭാഗത്ത് കാണാന്‍ സാധിക്കുന്നത്.

മൗലാനാ ജാമീ അവര്‍കളുടെ 30 വരിയിലേറെയുള്ള ക്വസീദയിലെ ചില വരികള്‍ക്ക് മൂസാ മൗലാനാ കാഞ്ഞാര്‍ നല്‍കിയ പരിഭാഷ ഇവിടെ പകര്‍ത്തട്ടെ:

'നബിയുടെ  വിരഹ ദുഃഖത്താല്‍ ഞങ്ങള്‍ മൊത്തം കഷ്ടത്തില്‍

കരുണക്കടലാം നബിയുല്ലാ, കരുണചെയ്യുക ഞങ്ങള്‍ക്ക്

ആശ്രിതരായവര്‍ ഞങ്ങള്‍ക്ക് ഹൃദയ വെളിച്ചം തരണമേ

കരുണ ചൊരിയണേ നബിയുല്ലാ

ഞങ്ങള്‍ ദുര്‍ബലരാണല്ലോ, ഞങ്ങളുടെ കൈകളെ പിടിച്ചാലും

അനാഥകളാകും ഞങ്ങള്‍ക്ക് അഭയം നല്‍കുക നബിയുല്ലാ

തന്നിഷ്ടത്താല്‍ കുഴഞ്ഞവനായി സ്വയം പുകഴ്ത്തി വളഞ്ഞവനായി

അനാഥനായി വരുന്നൊരു ദാസന് മാപ്പ് നല്‍കുക നബിയുല്ലാ

മൂസാ മൗലാനാ എന്നിവര്‍ക്ക് ദുആ ചെയ്യണേ നബിയുല്ലാ

ഈ സ്തുതി ഗീതം രചിച്ച ശേഷം ഇതിന്റെ കര്‍ത്താവ് ഹജ്ജിന് വേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ വിചാരം നബി ﷺ യുടെ ക്വബ്‌റിന്നരികില്‍ നിന്ന് ഈ ബൈത്ത് ചൊല്ലണമെന്നായിരുന്നുവത്രെ. പക്ഷേ, മക്കയിലെ അമീറിന് നബി ﷺ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് ജാമി അവര്‍കളെ മദീനയിലേക്ക് വരാന്‍ അനുവദിക്കരുതെന്ന് പറഞ്ഞുവത്രെ. അതിനു റസൂല്‍ ﷺ പറഞ്ഞ കാരണമിതാണ്: 'അദ്ദേഹം ചില പദ്യങ്ങള്‍ രചിച്ചിട്ടുണ്ട്. അത് എന്റെ ക്വബ്‌റിന്റെയടുക്കല്‍ വന്ന് ചൊല്ലാന്‍ വിചാരിക്കുന്നു. അങ്ങനെ അദ്ദേഹം ചെയ്താല്‍ ഞാന്‍ ക്വബ്‌റില്‍നിന്നും കൈനീട്ടി അദ്ദേഹത്തെ മുസാഫഹത്ത് (ഹസ്തദാനം) ചെയ്യേണ്ടി വരും. അത് ചിന്താകുഴപ്പങ്ങള്‍ക്ക് കാരണമാകും.'

ഈ സ്വപ്‌നക്കഥയും സക്കരിയ്യാ സാഹിബ് തന്റെ ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ട്.

അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കണമെന്ന് പഠിപ്പിച്ച നബി ﷺ യുടെ അനുയായികള്‍ പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ അദ്ദേഹത്തെതന്നെ വിളിച്ചു പ്രാര്‍ഥിക്കുന്നു. ഇബ്‌റാഹീം നബി(അ)യുടെ ബിംബത്തോട് പ്രാര്‍ഥിക്കുന്ന അബൂജഹലും നബി ﷺ യുടെ ക്വബ്‌റിങ്കല്‍ പോയി അവിടുത്തോട് പ്രാര്‍ഥിക്കുന്ന അബ്ദുല്ലയും ചെയ്യുന്ന പ്രവൃത്തികള്‍ തമ്മില്‍ എന്ത് വ്യത്യാസം? പ്രാര്‍ഥിക്കുന്ന രണ്ടു പേരുടെയും മനോഗതം ഒന്നുതന്നെ!

'എന്റെ ക്വബ്‌റിനെ ആരാധിക്കപ്പെടുന്ന ബിംബമാക്കി മാറ്റല്ലേ' (മുവത്വ 186) എന്ന് പ്രാര്‍ഥിച്ച നബി ﷺ യുടെ അനുയായികളാണ് തങ്ങളെന്ന കാര്യം തബ്‌ലീഗുകാര്‍ ഓര്‍ക്കുന്നത് നന്ന്.

'സ്വലാത്തിന്റെ മഹത്ത്വങ്ങള്‍' എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് നബിയോട് പ്രാര്‍ഥിക്കുന്ന സ്തുതിഗീതങ്ങള്‍ യാദൃച്ഛികമായി പെട്ടുപോയതാകില്ലല്ലോ, കരുതിക്കൂട്ടി ഉള്‍പ്പെടുത്തിയതാകുമല്ലോ.തബ്‌ലീഗ് പ്രവര്‍ത്തനത്തിന് കേരളത്തില്‍ ചുക്കാന്‍ പിടിച്ചിരുന്ന കാഞ്ഞാര്‍ മൂസാ മൗലാനാ അവര്‍കളാണ് ഈ പുസ്തകത്തിന്റെ പരിഭാഷകന്‍.

  പ്രവാചക സ്‌നേഹത്തില്‍ അതിരുകവിഞ്ഞതാണ് ജൂത, ക്രിസ്ത്യാനികളെ വഴികേടിലാക്കിയത്. ക്രിസ്ത്യാനികള്‍ ഈസാ നബി(അ)യെ ആദരിച്ച് ദൈവപുത്രനായി ആരാധിക്കുന്ന അവസ്ഥയിലേക്കെത്തി. അതുകൊണ്ടാണ് നബി ﷺ മുന്നറിയിപ്പ് നല്‍കിയത്: 'ക്രിസ്ത്യാനികള്‍ ഈസബ്‌നു മറ്‌യമിനെ പുകഴ്ത്തിയതുപോലെ നിങ്ങള്‍ എന്നെ പുകഴ്ത്തരുത്. ഞാന്‍ അല്ലാഹുവിന്റെ അടിമയും അവന്റെ ദൂതനും മാത്രമാകുന്നു.'

അദൃശ്യകാര്യം സൂഫികള്‍

അദൃശ്യകാര്യ(ഗൈബ്)വുമായി ബന്ധപ്പെട്ട് സൂഫികള്‍ വെച്ചുപുലര്‍ത്തുന്ന തെറ്റായ വിശ്വാസങ്ങള്‍ തബ്‌ലീഗ് ജമാഅത്തും കൊണ്ടുനടക്കുന്നതായി കാണാം. സകരിയ്യ സാഹിബിന്റെ 'ഫളാഇലെ തബ്‌ലീഗ് നിസാബ്' എന്ന ഗ്രന്ഥത്തിന്റെ 576 മുതലുള്ള പേജുകള്‍ പഠന വിധേയമാക്കിയാല്‍ ഇതിന്റെ ഗൗരവം മനസ്സിലാക്കാന്‍ പറ്റും.

ഇല്‍മുല്‍ ഗൈബ് (മറഞ്ഞ കാര്യങ്ങള്‍ അറിയല്‍) അല്ലാഹുവിന്റെ മാത്രം കഴിവില്‍ പെട്ടതാണ്. അവനല്ലാതെ ആകാശഭൂമികളില്‍ ആര്‍ക്കും ഗൈബ് അറിയില്ലെന്ന് ക്വുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. നബിമാര്‍ക്ക് പോലും അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ യാതൊരു മറഞ്ഞ കാര്യവും അറിയില്ല. എന്നാല്‍ പില്‍ക്കാലത്ത് വന്ന ചില സൂഫികള്‍ മറ്റുള്ളവരുടെ മനസ്സിലുള്ളതും ക്വബ്‌റില്‍ സംഭവിക്കുന്നതും പരലോകത്ത് നടക്കുന്നതുമൊക്കെ യഥേഷ്ടം അറിയുമത്രെ!

മറഞ്ഞ കാര്യം അല്ലാഹു അല്ലാത്തവര്‍ അറിയും എന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണ്. കാരണം ഗൈബ് അറിയല്‍ അല്ലാഹുവിന്റെ മാത്രം വിശേഷണങ്ങളില്‍ പെട്ടതാണ്. അല്ലാഹുവിന്റെ ഗുണവിശേഷണങ്ങള്‍ മാറ്റാര്‍ക്കെങ്കിലും ഉണ്ടെന്ന് വിശ്വസിച്ചാല്‍ അത് അവനില്‍ പങ്കുചേര്‍ക്കലാണ് (ശിര്‍ക്കാണ്) എന്നതില്‍ സംശയമില്ല

അല്ലാഹു പറയുന്നു: ''അവന്‍ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാല്‍ അവന്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനായിരിക്കുന്നു'' (23:92).

അല്ലാഹു പറയുന്നു: ''നബിയേ, പറയുക: എന്റെ സ്വന്തം ദേഹത്തിനുതന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍പെട്ടതല്ല; അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യമറിയുമായിരുന്നെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്'' (7:188).

ഹസ്‌റത് അഖ്ദസ് മൗലാനാ ഖലീല്‍ അഹ്മദ് സാഹിബിന്റെ (നവ്വറല്ലാഹു മര്‍ഖദഹു) ജീവ ചരിത്രമായ തദ്കിറത്തുല്‍ ഖലീലില്‍ മൗലാനാളഫര്‍ അഅ്മദ് സാഹിബ് പറഞ്ഞതായി എഴുതിയിരിക്കുന്നു: 'ഹസ്‌റത് (റ:അ) തന്റെ അഞ്ചാമത്തെ ഹജ്ജില്‍ മസ്ജിദുല്‍ ഹറാമില്‍ ഖുദൂമിന്റെ ത്വവാഫിനായി എത്തി. അപ്പോള്‍ ഈ സാധു ഹസ്‌റത് മൗലാനാ ഇമ്ദാദുല്ലാഹ് സാഹിബ് മുഹാജിര്‍ മക്കിയ്യ് നവ്വറല്ലാഹു മര്‍ഖദഹുവിന്റെ പ്രധാന ഖലീഫയും സുപ്രസിദ്ധ സാഹിബുല്‍കശ്ഫു (സാധാരണക്കാര്‍ക്ക് അദൃശ്യമായ ചില കാര്യങ്ങള്‍ അറിയുന്നവന്‍)മായ മൗലാനാ മൂഹിബുദ്ദീന്‍ സാഹിബിന്റെ (റഹ്:അ) അടുക്കല്‍ ഇരിക്കുകയായിരുന്നു. അന്നേരം മൗലാനാ സലാത്ത് കിതാബ് നിവര്‍ത്തി തന്റെ വിര്‍ദ് ഒതിക്കൊണ്ടിരുന്നു. പെെട്ടന്ന് എന്റെ നേരെ തിരിഞ്ഞ് 'ഇപ്പോള്‍ ഹറമില്‍ ആരാണ് വന്നത്? ഹറം മുഴുവന്‍ പ്രകാശം കൊണ്ട് പെട്ടന്ന് നിറഞ്ഞുപോയല്ലോ' എന്നു പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടാതിരുന്നു. അപ്പോഴേക്കും ഹസ്‌റത് (റഹ്:അ) ത്വവാഫ് കഴിഞ്ഞ് മൗലാനയുടെ അടുക്കല്‍കൂടി കടന്നുപോയി. മൗലാനാ എഴുന്നേല്‍ക്കുകയും ചിരിച്ചുകൊണ്ട് 'ഹറമില്‍ ഇന്ന് ആരാണ് വന്നതെന്ന് ഞാന്‍ തന്നെ പറയാം' എന്ന് പറയുകയും ചെയ്തു.

സകരിയ്യ സാഹിബിന്റെ കിതാബിലെ മഹാന്മാരെക്കുറിച്ചുള്ള കഥകളുടെ ഒരു സാമ്പിളാണ് ഈ ഉദ്ധരണി. ഈ കഥയില്‍ മൗലാനയെക്കുറിച്ച് 'സാഹിബുല്‍ കശ്ഫ്' എന്നാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. 'സാഹിബുല്‍ കശ്ഫ്' എന്നാല്‍ സാധാരണക്കാര്‍ക്ക് അദൃശ്യമായ ചില കാര്യങ്ങള്‍ അറിയുന്നവന്‍ എന്നാണ് ബ്രാക്കറ്റിലൂടെ നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഒരു ഹസ്‌റത്ത് ഹറമില്‍ വന്നപ്പോള്‍ ഹറം പ്രകാശംകൊണ്ട് നിറഞ്ഞുവെന്നും അത് മറ്റൊരു ഹസ്രത്തിന് മനസ്സിലായി എന്നും എഴുതിയിരിക്കുന്നത്.

സൂഫിയാക്കള്‍ക്ക് മാത്രമായിട്ടുള്ള ഒരു വിശേഷണമായിട്ടാണ് സകരിയ്യ സാഹിബ് കശ്ഫിനെ പരിചയപ്പെടുത്തുന്നത്. എന്നാല്‍ ക്വുര്‍ആനിലോ, ഹദീസിലോ ഇതിന് യാതൊരു തെളിവുമില്ല. അല്ലാഹു വഹ്‌യിലൂടെ ബന്ധപ്പെട്ടിരുന്ന നബിമാര്‍ക്ക് മാത്രമേ മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത അറിവ് ലഭിക്കുകയുള്ളൂ. ഇതല്ലാത്ത മറ്റു യാതൊരു വെളിപാടും ആര്‍ക്കെങ്കിലും ലഭിക്കുമെന്ന് ക്വുര്‍ആനിലോ, നബിവചനങ്ങളിലോ ഇല്ല. നബി ﷺ യുടെ കൂടെ ജീവിച്ച ഉത്തമരായ സ്വാഹാബികള്‍ക്ക് പോലും ഇത്തരം വെളിപാടുകള്‍ ഉണ്ടായതായി സ്വഹീഹായ പറമ്പരയോടെ ഉദ്ധരിക്കപ്പെട്ടിട്ടില്ല.

അല്ലാഹു പറയുന്നു: ''അല്ലാഹു അദൃശ്യജ്ഞാനമുള്ളവനത്രെ. അവന്‍ തന്റെ അദൃശ്യത്തെ ആര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല; അവന്‍ ഇഷ്ടപ്പെട്ട റസൂലിനൊഴികെ'' (72:26,27).

എന്നിട്ടും സൂഫികള്‍ക്ക് അദൃശ്യകാര്യങ്ങള്‍ വെളിപാടിലൂടെ അറിയുമെന്നും അവരുടെ ശരീരത്തില്‍ നിന്നും പ്രത്യേകം പ്രകാശം പ്രസരിക്കുമെന്നും മറ്റു സൂഫികള്‍ക്ക് മാത്രമെ അത് മനസ്സിലാകുകയുള്ളൂ എന്നുമൊക്കെ സക്കരിയ്യ സാഹിബ് എഴുതിവെച്ചിട്ടുണ്ട്. അല്ലാഹുവിന്റെ റസൂലിനോ, സ്വഹാബികള്‍ക്കോ ഭൗതിക ലോകത്ത് ഇങ്ങനെ ഒരു പ്രകാശം ഉണ്ടായതായോ ഹറമില്‍ അത് പരന്നതായോ സ്വഹീഹായ ഒരു ഹദീസും ഇല്ല. പ്രകാശംകൊണ്ട് പടക്കപ്പെട്ടത് മലക്കുകളണെന്ന് ഏതൊരു സാധാരണക്കാര്‍ക്കുമറിയാം. സൂഫികള്‍ മലക്കുകളെപോലെ ഉന്നതരാണെന്ന് വരുത്തിത്തീര്‍ക്കലാണ് ഇവരുടെ ലക്ഷ്യം.

(തുടരും)