കോവിഡ് കാലവും വിഷാദ രോഗവും

അര്‍ഷിന എസ്. കെ.

2021 ഡിസംബര്‍ 18 1442 ജുമാദല്‍ അല്‍ അവ്വല്‍ 13

രണ്ട് വര്‍ഷത്തിലധികമായി കൊറോണ എന്ന മഹാമാരി ലോകത്തെ പിടികൂടിയിട്ട്. വിഷാദരോഗികളുടെ എണ്ണം ഈ കാലയളവില്‍ വലിയ തോതില്‍ വര്‍ധിച്ചതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചിലര്‍ അതില്‍ നിന്നും മുക്തിനേടാന്‍ കഴിയാതെ അതിന്റെ പിടിയിലമരുന്നു. മറ്റുചിലര്‍ സ്വയം പ്രതിരോധിക്കാനും പുറത്തുകടക്കാനും ശ്രമിക്കുന്നു. വളരെ വിരളമായി ചിലര്‍ മാത്രം സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നു.

പ്രശ്‌നങ്ങള്‍ സ്വയം കണ്ടെത്താന്‍ കഴിയുന്നുവെങ്കില്‍ അത് വളരെ നല്ലത്. എന്നാല്‍ അപൂര്‍വം ചില ആളുകള്‍ക്ക് മാത്രമെ സ്വയം തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും കഴിയുകയുള്ളൂ. അല്ലാത്തവര്‍ക്ക് ഒരാളുടെ സഹായം നിര്‍ബന്ധമാണ്, അല്ലെങ്കില്‍ ഒരുപക്ഷേ, മരണംവരെ സംഭവിക്കാം.

തലച്ചോറിനും നാഡിവ്യൂഹത്തിനുമുണ്ടാവുന്ന പ്രവര്‍ത്തനത്തിലെ വ്യതിയാനമാണ് വിഷാദരോഗത്തിന്റെ കാരണം. കുടുംബ ജീവിതത്തിലെ പൊരുത്തക്കേട്, സന്താന സൗഭാഗ്യം ലഭിക്കാതിരിക്കല്‍, പ്രണയനൈരാശ്യം, ജോലിഭാരം, വീട്ടിലെ മോശമായ അന്തരീക്ഷം, ഇഷ്ടപ്പെട്ടവരില്‍നിന്നുള്ള കുറ്റംപറച്ചില്‍, ആഗ്രഹിച്ച ജോലി ലഭിക്കാതിരിക്കല്‍, ഇഷ്ടപ്പെട്ട വിഷയത്തില്‍ പഠനം നടത്താന്‍ കഴിയാതിരിക്കല്‍, പഠനത്തിലെ ബുദ്ധിമുട്ട്, പരീക്ഷയോടുള്ള ഭയം... തുടങ്ങി വിഷാദരോഗത്തിന്റെ കാരണങ്ങള്‍ നീണ്ടു പോകുന്നു.

രോഗത്തിന്റെ തുടക്കത്തില്‍തന്നെ കാരണം കെണ്ടത്തി ചികിത്സിച്ചാല്‍ അല്ലാഹുവിന്റെ സഹായത്താല്‍ പൂര്‍ണമായി മോചനം നേടാന്‍ കഴിയും. എന്നാല്‍ രോഗത്തിലേക്ക് ആഴ്ന്നിറങ്ങുന്തോറും അതില്‍നിന്നും പുറത്തുകടക്കാന്‍ പ്രയാസം നേരിടേണ്ടിവരും. ദൈനംദിന ജീവിതത്തില്‍ രോഗവസ്ഥമൂലം വലിയ തോതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. വിശപ്പില്ലായ്മ, ഉറക്കില്ലായ്മ, അലസത, ഏറ്റെടുത്ത പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുക തുടങ്ങിയവ പിടികൂടും. ജീവിതത്തിന്റെ താളം തെറ്റും.

പ്രിയപ്പെട്ടവരുടെ പെരുമാറ്റത്തില്‍ കാണുന്ന അസ്വഭാവികതയെ ആരും അവഗണിക്കരുത്. അത് മനസ്സിലാക്കിയാല്‍ പിന്നെ അവരെ തനിച്ചു വിടരുത്. കൂടെ നില്‍ക്കണം. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. കേള്‍ക്കുക എന്നത് വളരെ വലിയ കാര്യമാണ്. ഇന്നത്തെ കാലത്ത് തന്റെ പ്രശ്‌നങ്ങളും പരാതികളും കേള്‍ക്കാന്‍ ഒരാളില്ലാത്തത് തന്നെയാണ് പലരുടെയും ഏറ്റവും വലിയ പ്രശ്‌നവും. അവരോട് തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും പരിഹാരങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയില്ലെങ്കിലും അവരെ കേള്‍ക്കുക. അത് അവര്‍ക്ക് ഏറെ ആശ്വാസമേകും. ഒന്ന് തുറന്നു പറഞ്ഞാല്‍, മനസ്സറിഞ്ഞൊന്നു കരഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ ചിലര്‍ക്കുണ്ടാവൂ. അതിനുള്ള അവസരം ലഭ്യമാക്കണം. അതിന് കഴിയില്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടാം. അല്ലാതെ അവരെ അവഗണിച്ച് മരണത്തിലേക്ക് തള്ളിവിടരുത്.

അമിതമായ ദേഷ്യം, കരച്ചില്‍, ചില നേരങ്ങളില്‍ വികാരങ്ങളില്ലാതെ തളര്‍ന്നു നില്‍ക്കുക, സ്വന്തം കഴിവിലും മറ്റും വിശ്വാസമില്ലാതിരിക്കുക, കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ഉത്സാഹക്കുറവ്, കുറ്റബോധത്തിന്റെ ഭാരം മനസ്സില്‍ പേറി നടക്കുക, ചിരിക്കാന്‍ പോലും മറന്നുവിധത്തില്‍ എപ്പോഴും ശോകമായി ഇരിക്കുക...ഇതൊക്കെ വിഷാദ രോഗത്തിന്റെ അടയാളമാണ്.

ആക്ഷേപ വാക്കുകള്‍ അവരെ കുത്തി മുറിവേല്‍പിക്കും. അത് അവരില്‍ കൂടുതല്‍ ആഴത്തില്‍ നെഗറ്റീവ് ചിന്തകള്‍ വളര്‍ത്തും. എനിക്കിനി ജീവിക്കേണ്ട എന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകും. സ്വയം മുറിവേല്‍പിക്കാനും ജീവിതം അവസാനിപ്പിക്കാനും വേണ്ടിയാകും അവര്‍ ശ്രമിക്കുക. 'ജീവിച്ചിരിക്കുമ്പോള്‍ സഹായിക്കാതെ മരിച്ചുകഴിഞ്ഞിട്ട് എന്തിന് അലമുറയിടുന്നു' എന്ന ചോദ്യം ഉയരാന്‍ അനുവദിക്കരുത്.

ജോലി നഷ്ടപ്പെടുക, കോവിഡ് ബാധിച്ച് മരിക്കുമോ എന്ന പേടി എന്നിവയാണ് കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആളുകളെ വിഷാദരോഗികളാക്കിയത്.  

കോവിഡ് ബാധിച്ച ഒരാളുടെ അവസ്ഥ കുറച്ചു ഗുരുതരമാവുന്നു. ഐസിയുവില്‍ ഏതാനും നാളുകള്‍ കിടക്കേണ്ടിവരുന്നു. പക്ഷേ, അയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ ഈ നാളുകള്‍ അയാളുടെ മനസ്സില്‍ ഭയം നിറഞ്ഞു. ഐസിയുവില്‍ കിടന്ന നാളുകളില്‍ അയാള്‍ ചിന്തിച്ചത് താന്‍ ഇതില്‍ എന്തായാലും മരിക്കുമെന്നായിരുന്നു. പിന്നീട് ഭാര്യയും പിഞ്ചുമക്കളും എങ്ങനെ ജീവിക്കുമെന്ന ചിന്ത അയാളെ വരിഞ്ഞുമു റുക്കി. കോവിഡില്‍നിന്ന് അയാള്‍ രക്ഷപ്പെട്ടു പുറത്തുവന്നുവെങ്കിലും അയാള്‍ക്ക് വിഷാദരോഗം പിടിപെട്ടു.

എപ്പോള്‍ വേണമെങ്കിലും മനുഷ്യന്റെ മനസ്സിന്റെ താളം തെറ്റിയേക്കാം എന്നര്‍ഥം. അനാവശ്യ ചിന്തകളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ തന്നെ നാം രക്ഷപ്പെട്ടു. അതിന് നല്ല നല്ല മാര്‍ഗങ്ങള്‍ നോക്കുക. പരാജയങ്ങളില്‍ തളരാതെ മുന്നേറാന്‍ ശ്രമിക്കുക. അല്ലാതെ എല്ലാം മറക്കാന്‍ വേണ്ടി ലഹരിക്ക് അടിമപ്പെടാതിരിക്കുക. അത് വേറെ പലതും സമ്മാനിക്കും. അതിന്റെ ഇരകളില്‍ ചെറുപ്പക്കാരും പ്രായമുള്ളവരുമുണ്ട്. ആണും പെണ്ണുമുണ്ട്. മനുഷ്യ മനസ്സിലെ ചിന്തകള്‍ കൊണ്ടുണ്ടാക്കിയ വലയത്തില്‍ കുടുങ്ങിക്കിടന്നുകൊണ്ട് പുറത്തുവരാനാവാതെ രോഗത്തിലേക്ക് അറിഞ്ഞും അറിയാതെയും വീണുപോവുകയാണ് പലരും.

പലരുടെയും അവസ്ഥ കണ്ടിട്ടും അതിനൊന്നും ശരിയായ ചികിത്സ നല്‍കാതെ ബന്ധുക്കളും സുഹൃത്തുക്കളും മന്ത്രവാദങ്ങളും ജപിച്ചു കെട്ടലുമെല്ലാം കൊണ്ട് കാര്യങ്ങള്‍ വഷളാക്കുന്നു.

സൈക്കോളജിസ്റ്റിന്റെ അടുത്ത് പോയാല്‍ ജീവിതം നശിക്കും, അയാള്‍ക്ക് ഭ്രാന്താണെന്ന മുദ്രകുത്തും, കുടുംബത്തിന്റെ അഭിമാനം പോകും തുടങ്ങി ഒട്ടേറെ വേണ്ടാത്ത കാര്യങ്ങള്‍ ചിന്തിച്ചു രോഗിയെ ശരിയായ ചികിത്സക്ക് വിധേയമാക്കാതെ സ്വന്തമായ പല ചികിത്സകളും ചെയ്ത് നാശത്തിലേക്ക് തള്ളിവിടുന്ന ചിലരുണ്ട്.അവസാനം കൈവിട്ടുപോയി എന്ന് ബോധ്യമാകുമ്പോള്‍ മാത്രം ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നു; ഡോക്ടറോട് രക്ഷപ്പെടുത്താന്‍ കേണ് പറയുന്നു!

സൈക്കോളജിസ്റ്റിന്റെ അടുത്ത് പോയെന്ന് കരുതി ഒരിക്കലും അവരാരും മാനസിക വിഭ്രാന്തിയുള്ളവരാവില്ല. അവരുടെ താളം തെറ്റിയ മനസ്സിനെ നിയന്ത്രിച്ചുനിര്‍ത്താനും നേരെയാക്കാനുമുള്ള ഒരു ചാനല്‍ മാത്രമാണ് സൈക്കോളജിസ്റ്റ്. വിഷാദരോഗത്തിന്റെ അവസ്ഥയും അതിന്റെ പ്രശ്‌നങ്ങളും ജീവിതത്തില്‍ എങ്ങനെ ബാധിക്കുമെന്ന് അറിയുന്ന ഒരാളും രോഗിയെ സഹായിക്കാതിരിക്കില്ല. കൂടുതല്‍ കൂടുതല്‍ വഷളാവുന്ന തിനെക്കാള്‍ നല്ലതാണ് തുടക്കത്തിലേ ചികില്‍സിക്കുന്നത്. സൈക്യാട്രിക് വാര്‍ഡില്‍ കയറിയാലേ അതിന്റെ അവസ്ഥ മനസ്സിലാവൂ.

ഞാന്‍ ഇന്റേണ്‍ഷിപ്പിന് വേണ്ടിയാണ് ആദ്യമായി സൈക്ക്യാട്രിക് ഹോസ്പിറ്റലില്‍ പോയത്. അവിടെ നാം ഓരോ ജനലിലൂടെയും കാണുന്ന കാഴ്ചകള്‍ വ്യത്യസ്തമാണ്, ഒരേ കാഴ്ചകളാണെങ്കിലും അത് കാണുന്നവന്റെ കണ്ണിലൂടെ വ്യത്യസ്തമാവും.

ഹോസ്പിറ്റലിലെ ആദ്യത്തെ  ദിവസം ഇന്നും എന്റെ ഓര്‍മയില്‍ തങ്ങിനില്‍പുണ്ട്. ഇരുമ്പുഗേറ്റ് കൊണ്ട് ചുറ്റും തീര്‍ത്ത അതിര്‍വരമ്പിനുള്ളില്‍ കുറെ മനുഷ്യജന്മങ്ങള്‍. പലരും പല ചിന്തകളിലാണ്. ചിലര്‍ക്ക് അവര്‍ അവിടെയാണ് ജീവിക്കുന്നതെന്ന് പോലും അറിയില്ല. അവരുടെ ഇടയിലേക്ക് ഞങ്ങളോട് പോകാന്‍ പറഞ്ഞപ്പോള്‍ കുറച്ചധികം നിര്‍ദേശങ്ങള്‍ ഞങ്ങള്‍ക്ക് തന്നിരുന്നു. എല്ലാം കേട്ട് തെല്ലൊരു പരിഭ്രമ ത്തോടെയാണ് ഞാന്‍ താഴേക്ക് നടന്നത്. ഗേറ്റ് തുറന്നു ഞങ്ങള്‍ അകത്തുകയറി. 15 പേരുണ്ടായിരുന്ന ഞങ്ങളുടെ കൂട്ടം പെട്ടെന്ന് തന്നെ അകന്നു. കാരണം അവരുടെ അടുത്ത് എല്ലാവരും ഒരുമിച്ചുപോവരുതെന്ന് പറഞ്ഞിരുന്നു. ഓരോരുത്തരായി അവരുടെ അടുക്കലേക്ക് ചെന്നു. എന്റെ ഹൃദയമിടിപ്പ് കൂടുന്നതായി ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്നാല്‍ അവരെ അടുത്തറിഞ്ഞപ്പോള്‍ ഭീതിയെല്ലാം മാറി.

ശരിക്കും അന്ന് ഞാന്‍ എന്തിനാണ് അവരെ പേടിച്ചതെന്ന് ഇപ്പോഴും ഓര്‍ക്കും. അവരും നമ്മെപോലെയുള്ള മനുഷ്യരാണ്. ചില പ്രത്യേക കാരണങ്ങളാല്‍ മനസ്സ് തളര്‍ന്നുപോയവര്‍. അവരെ കൈപിടിച്ചു കൊണ്ടുവരേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. നല്ല വിദ്യാഭ്യാവും മികച്ച ജീവിത ചുറ്റുപാടും ഉള്ളവരായിരുന്നു അവരിലധികവും. മാതാപിതാക്കളുടെ തങ്ങളുടെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചതിനാല്‍, കുടുംബ ക്കാരുടെയും നാട്ടുകാരുടെയും അവഗണനയാല്‍, അപകര്‍ഷതബോധം പിടിമുറുക്കിയതിനാല്‍, ലഹരിക്ക് അടിമപ്പെട്ടതിനാല്‍...ഇങ്ങനെ വ്യത്യസ്ത കാരണങ്ങളാല്‍ മനസ്സിന്റെ താളം തെറ്റിയവര്‍. കൂടുതലും ചെറുപ്പക്കാര്‍.

ഒന്ന് ആരോടെങ്കിലും പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമാണെങ്കില്‍ അത് തുറന്ന് പറഞ്ഞു മനസ്സിനെ ശാന്തമാക്കുക. ഒരിക്കലും സ്വയം എരിഞ്ഞു തീരരുത്. ആ അവസ്ഥ അത്രമേല്‍ ഭയാനകമാണ്!

എല്ലാം സര്‍വശക്തനായ സ്രഷ്ടാവിനോട് പറയുക. അവനില്‍ അഭയം തേടുക. അവനെക്കുറിച്ചുള്ള സ്മരണകള്‍ മനസ്സിനെ ശാന്തമാക്കാതിരിക്കില്ല. ഏത് പ്രയാസങ്ങളെയും മറികടക്കാനുള്ള ഉള്‍ക്കരുത്ത് അവന്‍ നമുക്ക് നല്‍കുന്നതാണ്.