ഖൈറുദ്ദീന്റെ മകന്‍ സൂഫിയല്ല!

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

2021 നവംബര്‍ 20 1442 റബിഉല്‍ ആഖിര്‍ 15

(ഭാഗം: 3)

മൗലാനാ അബുല്‍കലാം ആസാദിന്റെ ജന്മദിനമായ നവംബര്‍ 11 ദേശീയ വിദ്യാഭ്യാസ ദിനമായിട്ടാണ് ആചരിച്ചുവരാറുള്ളത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരെന്ന് ചോദിച്ചാല്‍ ശങ്കിച്ച് നില്‍ക്കാതെ മൗലാനാ അബുല്‍കലാം ആസാദ് എന്ന് കാലങ്ങളായി ഉത്തരമെഴുതി പോന്നവരാണ് നമ്മള്‍. പലപ്പോഴും ഇതിനപ്പുറത്തേക്ക് വിശാലമായ രൂപത്തില്‍ മൗലാനാ ആസാദിനെ വായിക്കാന്‍ ശ്രമിച്ചവരല്ല ഞാനടക്കം പലരും.

ആസാദിനെ കുറിച്ച് ഡോ.എം ലീലാവതി എഴുതിയ ഒരു പുസ്തകം വായിക്കാന്‍ അവസരം കിട്ടിയത് ഈയടുത്താണ്. അവസാനത്തെ പേജും പൂര്‍ത്തിയാക്കുമ്പോള്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം ബോധ്യപ്പെട്ട ഒരു കാര്യമുണ്ട്; സമകാലിക സാഹചര്യത്തില്‍ പുതുതലമുറക്കിടയില്‍ വിശാലമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു  മഹത്തായ വ്യക്തിത്വത്തിന്റെ ഉടമയാണ് അസാദ് എന്ന്! തുടര്‍ന്നങ്ങോട്ട് ആസാദിനെ കുറിച്ച് രചിക്കപ്പെട്ട ചില രചനകളും ലേഖനങ്ങളും വീഡിയോകളും കാണാനും വായിക്കാനും താല്‍പര്യം തോന്നി.

ഈ ലേഖനത്തിന് 'ഖൈറുദ്ദീന്റെ മകന്‍ സൂഫിയല്ല' എന്ന തലക്കെട്ട് സ്വീകരിക്കാന്‍ കൃത്യമായ ചില കാരണങ്ങളുണ്ട്. പലപ്പോഴും ആസാദിനെ ഒരു സൂഫി മുസ്‌ലിമാക്കി ചിത്രീകരിക്കാന്‍ ചില എഴുത്തുകാരും ബുദ്ധിജീവികളും നിരന്തരമായി ശ്രമിക്കാറുണ്ട്. അതിന്റെ പിന്നില്‍ അവര്‍ക്ക് കൃത്യമായ ചില ലക്ഷ്യങ്ങളുമുണ്ട്.

സൂഫി, സലഫി വിഷയങ്ങള്‍ കാലങ്ങളായി ഇന്ത്യയില്‍ ചര്‍ച്ചചെയ്യപ്പെട്ടുവരുന്നതാണ്. കേരളത്തില്‍ ഇത്തരത്തില്‍ ചില ചര്‍ച്ചകള്‍ക്ക് മരുന്നിടുന്ന ചില ആളുകളുണ്ട്. അവര്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് നിങ്ങള്‍ക്ക് ആസാദിനെപോലെ ഒരു സൂഫി ഇസ്‌ലാമിനെ സ്വീകരിച്ചുകൂടേ എന്നത്! ആസാദ് ഒരു സൂഫി ആശയക്കാരനാണ് എന്ന നിലയ്ക്ക് തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ഒരു ചോദ്യമാണിത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ശ്രമം ഇക്കൂട്ടര്‍ നടത്തുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

സൂഫി ചിന്താധാരയെ വായിക്കാന്‍ ശ്രമിച്ചവര്‍ക്കറിയാം പരിശുദ്ധ ക്വുര്‍ആനിന്റെയും നബി ﷺ യുടെ സുന്നത്തിന്റെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കാതെ, വളരെ സ്വതന്ത്രമായി ഓരോ കാലഘട്ടത്തിലും രൂപപ്പെട്ടുവന്ന ഫിലോസഫിക്കലായ വികാസങ്ങളെ സ്വാംശീകരിച്ച്, വളരെ 'ലിബറലായി,' ഇസ്‌ലാമിനെ കാലോചിതമായി ഓരോ പ്രദേശത്തിനുമനുസരിച്ച് വ്യാഖ്യാനിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്നവരാണ് സൂഫികള്‍ എന്ന്. അതിനാല്‍ത്തന്നെ ആധുനികതയോടോ ദേശരാഷ്ട്ര സംവിധാനങ്ങളോടോ അവിടങ്ങളിലെല്ലാം നിലനില്‍ക്കുന്ന ഏതുതരം ഭരണസംവിധാനങ്ങളോടുമോ സഹകരിച്ച് മുന്നോട്ട് പോകുവാന്‍ സൂഫികള്‍ക്ക് യാതൊരു പ്രയാസവുമില്ല.

അതേസമയം സലഫികള്‍ക്ക് ഇതിനോടെല്ലാം എതിര്‍പ്പാണ് എന്ന പ്രചാരണവും ചിലര്‍ കൊണ്ടുപിടിച്ചു നടത്തുന്നുണ്ട്. സലഫികള്‍ എപ്പോഴും ക്വുര്‍ആനിനെയും ഹദീഥിനെയും മാത്രം അവലംബിച്ച്, അതിന്റെ ചട്ടക്കൂടുകളില്‍ ഒതുങ്ങി ഒരു 'സ്‌ക്രിപ്റ്റ് കള്‍ച്ചറല്‍' വിഭാഗമായി ജീവിക്കുന്നവരാണ് എന്നും കാലോചിതമായി മാറ്റങ്ങളും പരിഷ്‌കരണങ്ങളും ഒന്നുംതന്നെ അവര്‍ക്ക് ഉള്‍കൊള്ളുക സാധ്യമല്ല എന്നുമുള്ള തരത്തില്‍ ഒരു പൊതുബോധം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ ഇസ്‌ലാമിന്റെ പൈതൃകം എന്നത് ഒരു സൂഫി പൈതൃകമാണ് എന്നും ആ പൈതൃകമാണ് ഇന്ത്യയിലെ മുസ്‌ലിംകളെ ഇവിടുത്തെ ബഹുസ്വരതയുമായി ചേര്‍ന്നുനില്‍ക്കാന്‍ പ്രാപ്തരാക്കിയത് എന്നുമാണ് ചില ചാനല്‍ ചര്‍ച്ചകളില്‍ വന്ന് മോഡീ കോട്ടിട്ട ചില 'ഏമാന്മാര്‍' പറഞ്ഞുവെക്കാറുള്ളത്.

ഒരു കാലത്ത് ഇന്ത്യയിലേക്ക് 'ഇറക്കുമതി' ചെയ്യപ്പെട്ട 'സലഫി ഇസ്‌ലാമി'ന്റെ ചിന്തകളാണ് ഇന്ത്യയില്‍ ഭീകര പ്രസ്ഥാനങ്ങള്‍ രൂപംകൊള്ളാനുള്ള കാരണം എന്നാണ് ഇത്തരത്തിലുള്ള വിമര്‍ശകരുടെ വിധിതീര്‍പ്പ്!

ഇവിടെയാണ് മുംബൈകാരാനായ മഹ്മൂദ് മംമ്ദാനി 2005ല്‍ പ്രസിദ്ധീകരിച്ച തന്റെ 'ഗുഡ് മുസ്‌ലിം ബാഡ് മുസ്‌ലിം' എന്ന പുസ്തകത്തിന്റെ അകക്കാമ്പിന്റെ പ്രസക്തി നമുക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമായിക്കൊണ്ടിരിക്കുന്നത്.

മുസ്‌ലിം ലോകവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ചില മാധ്യമങ്ങളും ബുദ്ധിജീവികളും മൊത്തത്തില്‍ മുസ്‌ലിംകളെക്കുറിച്ച് ചില ധാരണകള്‍ പങ്കുവയ്ക്കുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് ഇന്ത്യയിലുണ്ട്.

ക്വുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിക്കുന്ന മുസ്‌ലിംകളെല്ലാം 'ബാഡ് മുസ്‌ലിംകളും' മതം വ്യക്തിജീവിതത്തിലും നാല് ചുമരുകള്‍കള്‍ക്കുള്ളിലും ആരാധനാ കേന്ദ്രങ്ങളിലും മാത്രമായി ഒതുക്കുന്ന 'സെക്കുലര്‍' മുസ്‌ലിംകള്‍ 'ഗുഡ് മുസ്‌ലിംകളും' എന്ന തരത്തിലുള്ള ഒരു വേര്‍തിരിവാണല്ലോ ആധുനിക മീഡിയ ഇവിടെ ഉണ്ടാക്കിവച്ചിട്ടുള്ളത്.

മഹ്മൂദ് മംദാനിയുടെ ദീര്‍ഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലുകള്‍ എത്രമാത്രം ശരിയാണ് എന്ന് ബോധ്യമാവുകയാണ് 2021കളില്‍ എത്തിനില്‍ക്കുമ്പോഴും നിലനില്‍ക്കുന്ന സൂഫി ഇസ്‌ലാം-സലഫി ഇസ്‌ലാം ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത്.

യഥാര്‍ഥത്തില്‍ നമ്മള്‍ ഇവിടെ മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകളുണ്ട്. വിമര്‍ശകര്‍ വാദിക്കും പോലെ ആസാദ് ഒരു സൂഫി മുസ്‌ലിമായിരുന്നോ? അല്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് അങ്ങനെ പറയപ്പെടുന്നു?

1888 നവംബര്‍ 11ന് മക്കയില്‍ മൗലാന ഖൈറുദ്ദീന്റെ മകനായി ജനിച്ച മൗലാന അബുല്‍ കലാം ആസാദ് ചെറുപ്പം മുതലേ കവിതയോട് അങ്ങേയറ്റത്തെ താല്‍പര്യമുള്ള ഒരാളായിരുന്നു. കുടുംബം ഒരു ത്വരീക്വത്ത് ആത്മീയ ചിന്താധാരയും അത്തരത്തിലുള്ള ഒരു അന്തരീക്ഷവും നിലനില്‍ക്കുന്നതുകൊണ്ട്തന്നെ ആദ്യകാലത്ത് പിതാവിന്റെ ആശയവലയത്തില്‍പെട്ട് ആസാദ് ഒരുപാട് വലഞ്ഞു. സലഫീ ആദര്‍ശ ധാരയിലേക്ക് ആസാദ് പോയിപ്പോകുമോ എന്ന ഒരു പേടിയും പിതാവ് ഖൈറുദ്ദീനുണ്ടായിരുന്നു.

ആസാദ് ഒരു സൂഫിയായി ചിത്രീകരിക്കപ്പെടാനുള്ള ഒരു സാധ്യത ഒരു പക്ഷേ, ഇതായിരിക്കാം. ആസാദ് സൂഫി മുസ്‌ലിമാണ് എന്ന് പറയപ്പെടാനുള്ള മറ്റൊരു പ്രധാന സാധ്യത ഒരുപക്ഷേ ഇതുമാവാം. ആസാദ് തന്റെ രചനകളില്‍ സൂഫി ചിന്തകള്‍ ഉള്ളില്‍ കയറിയ സര്‍മദിനെയും ധാരാശകോവിനെയും അനുസ്മരിച്ച് എഴുതാറുണ്ടായിരുന്നു. ചിലപ്പോള്‍ അതായിരിക്കാം ആസാദ് ഒരു സൂഫിയാണ് എന്ന് പറയാനുള്ള കാരണം. പക്ഷേ, ഇതെല്ലാം ആസാദ് നിര്‍വഹിച്ചത് 1910കള്‍ക്ക് മുമ്പാണ് എന്നുകൂടി ഓര്‍ക്കണം.

എന്നാല്‍ പക്വതയും വിവരവും വെളിപ്പെട്ട് തുടങ്ങിയപ്പോള്‍ അദ്ദേഹം സൂഫിചിന്താധാരകളുടെ അപകടം മനസ്സിലാക്കി അത് ഉപേക്ഷിക്കുന്നുണ്ട് എന്ന് ചരിത്രം വായിച്ചാല്‍ ആര്‍ക്കും വ്യക്തമാണ്. സര്‍ സയ്യിദ് അഹ്മദ് ഖാനുമായുള്ള കൂട്ടുകെട്ടാണ് സലഫി ആശയധാരയിലേക്ക് ആസാദിന് കടന്നുവരാന്‍ പ്രചോദനമായത്. അക്കാര്യം വഴിയെ വിശദീകരിക്കാം.

സയ്യിദ് അബുല്‍കലാം ഗുലാം മുഹ്‌യുദ്ദീന്‍ അഹ്മദ് ബിന്‍ ഖൈറുദ്ദീന്‍ അല്‍ഹുസൈനി എന്നാണ് ആസാദിന്റെ മുഴുവന്‍ പേര്. ആസാദ് എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമാണ്.

'സ്വാതന്ത്ര്യം' എന്നാണ് 'ആസാദ്' എന്ന വാക്കിന്റെ അര്‍ഥം തന്നെ, ഇത്തരത്തില്‍ ഒരു തൂലികാനാമം അദ്ദേഹം സ്വീകരിക്കാനുള്ള കാരണം അടിമത്ത ചിന്തകളോടുള്ള വെറുപ്പും സ്വതന്ത്ര ചിന്തകളോടുള്ള താല്‍പര്യവുമാണ്.

തിരക്കുപിടിച്ച തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിലും വായനക്കും എഴുത്തിനും അദ്ദേഹം സമയം കാണാതിരുന്നിട്ടില്ല. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭീകരതക്കെതിരെ പോരാടിയതിന്റെ പേരില്‍ ഒരു പക്ഷേ, ആസാദ് പുറത്ത് കഴിഞ്ഞതിനെക്കാള്‍ കൂടുതല്‍ ജയിലറകള്‍ക്കുള്ളിലായിരിക്കും കഴിഞ്ഞിട്ടുണ്ടാവുക.

ചെറിയ പ്രായത്തില്‍തന്നെ വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെച്ച ആസാദിന് ഏറെ കാലമൊന്നും തന്നെ സഹധര്‍മിണി സുലേഖ ബീഗത്തിന്റെ കൂടെ ജീവിക്കുവാന്‍ കഴിഞ്ഞിട്ടില്ല. പലപ്പോഴും ജയില്‍വാസം അനുഭവിക്കേണ്ടിവന്നതിനാലും സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മനസ്സും ശരീരവും ഉപയോഗിക്കേണ്ടി വന്നതിനാലുമാണത്.

എങ്കിലും ആസാദിന് ഹസീന്‍ എന്ന് പേരുള്ള ഒരു മകനുണ്ടായിരിന്നു. പക്ഷേ, നാലുവര്‍ഷത്തെ ആയുസ്സേ അല്ലാഹു അവന് നിശ്ചയിച്ചിട്ടുണ്ടായിരുന്നുള്ളു. ഭര്‍ത്താവിന്റെ അഭാവവും കുഞ്ഞിന്റെ മരണവും ഭാര്യ സുലേഖ ബീഗത്തിനെ ഒരു രോഗിയാക്കി മാറ്റി.

ഓരോവിഷയത്തിലും നല്ല ദീര്‍ഘവീക്ഷണവും ഉള്‍ക്കാഴ്ചയുമുള്ള ആസാദിന് മുസ്‌ലിംകളുടെ പുരോഗതിക്കുവേണ്ടി സമുദായത്തില്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. അങ്ങനെയാണ് 1903ല്‍ ആസാദ് 'ലിസാനുസ്വിദ്ക്വ്' എന്ന് പേരുള്ള തന്റെ ആദ്യത്തെ മാസിക ആരംഭിക്കുന്നത്.

1906ല്‍ 'വക്കീല്‍' എന്ന മാസികയുടെ പത്രാധിപത്യം ഏറ്റെടുക്കാന്‍വേണ്ടി ഡല്‍ഹിയിലേക്ക് പോകുമ്പോഴാണ് ഉപ്പയുടെ നിര്‍ദേശപ്രകാരം കൊല്‍ക്കത്തയിലേക്ക് യാത്ര തിരിച്ചുവിടേണ്ടിവന്നത്; കൊല്‍ക്കത്തയിലെ 'ദാറുസുല്‍ത്താന' എന്ന മാസികയുടെ ഓഫീസില്‍ പത്രാധിപത്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍. പക്ഷേ, മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി ആസാദ് കണ്ട നിലപാടുകള്‍ക്ക് വിരുദ്ധമായിട്ടാണ് അവരുടെ നിലപാടുകള്‍ എന്ന് മനസ്സിലാക്കിയപ്പോള്‍ ആസാദ് അവിടുന്ന് കുറഞ്ഞ കാലം കൊണ്ടുതന്നെ പടിയിറങ്ങി.

അക്കാലഘട്ടത്തില്‍ ഉടലെടുത്ത 'മുസ്‌ലിംകള്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം' എന്ന വാദത്തോട് ഒരു നിലക്കും രാജിയാവാത്ത ആളായിരുന്നു ആസാദ്. ആസാദ് എഴുതിയതും പ്രസംഗിച്ചതുമെല്ലാം ആ രൂപത്തില്‍ തന്നെയാണ്.

'മുസ്‌ലിംകള്‍ ഈ ഭാരതത്തിന്റെ തന്നെ ഭാഗമാണ്. അതിനാല്‍ മുസ്‌ലിംകളുടെ നിലനില്‍പ് ഭാരതത്തിന്റെ തന്നെ നിലനില്‍പുമായി ബന്ധപ്പെട്ട് കിടക്കുന്നു'-ഇത് ആസാദിന്റെ വാക്കുകളാണ്!

മുസ്‌ലിംകള്‍ക്ക് ഒരു രാഷ്ട്രം എന്ന അവസ്ഥ കടന്നുവന്നാല്‍ അത് അവസാന നാളുവരെ ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങള്‍ക്ക് കാരണമാവും എന്ന് കൃത്യമായ മനസ്സിലാക്കിയ ഒരാളായിരുന്നു ആസാദ്. അദ്ദേഹത്തിന്റെ ഒരു പ്രസ്താവന കാണുക:

''കുത്തബ് മിനാറിന്റെ മുകളില്‍ ഒരു മാലാഖ വന്നിരുന്ന് എന്നോട് 'ഹിന്ദു-മുസ്‌ലിം ഐക്യം എന്ന ആശയം താങ്കള്‍ ഉപേക്ഷിച്ചാല്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇന്ത്യയെ ഒരു പൂര്‍ണ സ്വരാജാക്കി മാറ്റിത്തരാം' എന്ന് പറഞ്ഞാല്‍ ഞാന്‍ തിരിച്ചടിക്കും. ഇന്ത്യ പൂര്‍ണ സ്വരാജായില്ല എങ്കില്‍ അത് ഇന്ത്യയുടെ മാത്രം പ്രശ്‌നമാണ്. എന്നാല്‍ ഹിന്ദു-മുസ്‌ലിം ഐക്യം തകരുക എന്നത് ലോകത്തിന്റെതന്നെ പ്രശ്‌നമാണ്'' ('മൗലാന അബുല്‍ കലാം ആസാദ്,' ഡോ.എം ലീലാവതി, പേജ്: 24,25).

ആസാദ് എന്ന മതബോധമുള്ള ഒരു രാഷ്ട്രീയ നേതാവിന് ഈ ഭാരത മണ്ണിനോട് എത്രത്തോളം കൂറുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ ഒരു ഉദ്ധരണിതന്നെ ധാരാളമാണ്. മൗനംകൊണ്ട് വിഭജനത്തെ അംഗീകരിക്കുകയായിരുന്നു ആസാദ് എന്നെഴുതിയ ആചാര്യ കൃപാലാനി തന്റെ 'ഗാന്ധി: ജീവിതവും ചിന്തയും' എന്ന പുസ്തകത്തില്‍ അങ്ങനെ എഴുതിച്ചേര്‍ത്തത് യഥാര്‍ഥത്തില്‍ കണ്ണടച്ച് ഇരുട്ടക്കുന്നത്തിന് തുല്യമാണ്. കാരണം ഒരുഭാഗത്ത് ജിന്നയുടെ നേതൃത്വത്തിലുള്ള ലീഗ് ശക്തിപ്പെട്ട് തങ്ങളുടെ അജണ്ടകളിലേക്ക് നീങ്ങുമ്പോള്‍ മറുവശത്ത് അതിനെ ചെറുക്കാന്‍വേണ്ടി മാത്രം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതിന്റെ കൂടെത്തന്നെ ആസാദ് രൂപം നല്‍കിയ പാര്‍ട്ടിയായിരുന്നു നാഷണലിസ്റ്റ് മുസ്‌ലിം പാര്‍ട്ടി. എന്നിട്ടും ആ ആസാദിനെ ചിലരെങ്കിലും വിഭജനത്തിന്റെ അണിയറ ശില്‍പിയായി ക്രൂശിക്കാന്‍ നോക്കുന്നു!

ആസാദ് മാത്രമല്ല, വിഭജനം ഒരു നിലയ്ക്കും നടക്കരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ തന്നെയാണ് ഗാന്ധിയും നെഹ്‌റുവും മോത്തിലാല്‍ നെഹ്‌റുവും സി. ആര്‍ ദാസും മൗലാന മുഹമ്മദലി ജൗഹറും മൗലാന ഷൗക്കത്തലിയുമെല്ലാം.

വിദ്യാഭ്യാസരംഗത്തെ പുരോഗതിക്ക് വേണ്ടിയും മുസ്‌ലിം സമൂഹത്തിന്റെ കാലോചിതമായ വളര്‍ച്ചക്ക് വേണ്ടിയും തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം തുടങ്ങിവെച്ച പത്രമാണ് 'അല്‍ ഹിലാല്‍'.

ഒന്നാം ലോക മഹായുദ്ധം നടക്കുന്ന കാലത്ത് ആസാദിന്റെ 'അല്‍ഹിലാലി'ലെ സന്ദേശങ്ങളും മറ്റും തങ്ങളുടെ അജണ്ടകള്‍ക്ക് കോട്ടം തട്ടിക്കുമെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ അല്‍ഹിലാല്‍ നിര്‍ത്തിച്ചു.  എന്നാല്‍ അതിനുശേഷം 1916ല്‍ ആസാദ് തന്റെ 'അല്‍ ബലാഗ' എന്ന പുതിയ പത്രം ആരംഭിച്ചു. അതും നിര്‍ത്തിച്ചപ്പോള്‍ 'പൈഗാന്‍' (സന്ദേശം) എന്ന പേരില്‍ ഒന്ന്കൂടി അദ്ദേഹം തുടങ്ങി. നമ്മുടെ ചര്‍ച്ചാവിഷയം അതല്ലാത്തതിനാല്‍ അതിലേക്ക് കൂടുതല്‍ പ്രവേശിക്കുന്നില്ല.

സൂഫി ചിന്താധാരയില്‍നിന്ന് സലഫി ചിന്താധാരയിലേക്ക് കടന്നുവരാന്‍ ആസാദിന് പ്രചോദനമായത് സര്‍ സയ്യിദ് അഹ്മദ്ഖാനുമായ തന്റെ ബന്ധമാണ് എന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. സര്‍ സയ്യിദ് അഹ്മദ് ഖാന്‍ തന്റെ സലഫീ ആശയം സ്വീകരിച്ചത് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തയ്മിയ്യയില്‍നിന്നാണ്.

ആസാദ് ഇബ്‌നു തയ്മിയ്യയില്‍ ആകൃഷ്ടനായതിന് ചരിത്രത്തില്‍ ചില തെളിവുകള്‍ കാണുന്നുണ്ട്. ആ സലഫീ വിക്ഷണത്തിന്റെ പ്രതിഫലനം തന്റെ 'തര്‍ജുമാനുല്‍ ക്വുര്‍ആന്‍' എന്ന ക്വുര്‍ആന്‍ തഫ്‌സീറില്‍ അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങള്‍ വിശദീകരിക്കുന്നേടത്ത് പ്രതിഫലിക്കുന്നുമുണ്ട്.

1947ല്‍ ഇന്ത്യ അതിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്ന കാലത്ത് ആസാദ് ഇബ്‌നു തയ്മിയ്യയുടെ 'അല്‍ വസിയത്തുല്‍ കുബ്‌റ ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഉര്‍ദു ഇതെല്ലാം വ്യക്തമാക്കുന്നത് യഥാര്‍ഥത്തില്‍ ആസാദ് ഒരു സൂഫിയല്ലായിരുന്നു എന്നും സലഫീ ആദര്‍ശം ഉള്‍ക്കൊണ്ട ഒരു നല്ല വിശ്വാസി തന്നെയായിരുന്നു എന്നുമാണല്ലോ!

ഇബ്‌നു തയ്മിയ്യയില്‍നിന്ന് സലഫീആദര്‍ശത്തെ പഠിച്ച്, അതുള്‍ക്കൊണ്ട് ജീവിച്ച ആസാദ് ഇന്ത്യയിലെ ബഹുസ്വരതയും ഇന്ത്യയുടെ ആത്മാവും വേണ്ടുവോളം തൊട്ടറിഞ്ഞ്, അനുഭവിച്ച് മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ സൂഫി പൈതൃകമനുസരിച്ചുകൊണ്ട് മാത്രമെ ഇന്ത്യയില്‍ മുസ്‌ലിംള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്ന വാദം ഇവിടെ തകര്‍ന്നുവീഴുകയാണ് ചെയ്യുന്നത്.

ആസാദിനെ സൂഫിസത്തിന്റെ പൂണൂല്‍ ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രത്തെ സത്യസന്ധമായി സമീപിക്കണമെന്നാണ് ഉപദേശിക്കാനുള്ളത്.