നബിദിനാഘോഷത്തിലെ ഇസ്‌ലാമും ഇസ്‌ലാമിലെ പ്രവാചക സ്‌നേഹവും

അബൂഫായിദ

2021 ഒക്ടോബര്‍ 16 1442 റബിഉല്‍ അവ്വല്‍ 09

റബീഉല്‍ അവ്വല്‍ മാസം പിറന്നതോടെ നബിദിനാഘോഷത്തിന്റെ പോരിശകള്‍ പറഞ്ഞുള്ള സന്ദേശങ്ങളും പോസ്റ്ററുകളും മൗലിദ് ഗാനങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ആഞ്ഞുവീശുകയാണ്. വീടുകള്‍ പലവര്‍ണ ബള്‍ബുകളാല്‍ അലംകൃതമാക്കുവാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള ഒരു വീഡിയോ ക്ലിപ്പും കാണുവാനിടയായി. ഇത് മതത്തില്‍ തെളിവില്ലാത്ത പുത്തനാചാരമാണെന്ന് വ്യക്തമാണെങ്കിലും ഒരു വാശിയെന്നോണം ഓരോ വര്‍ഷം കഴിയുംതോറും കൂടുതല്‍ ഗംഭീരമായി ആഘോഷിക്കുകയാണ് ജനങ്ങള്‍; പണ്ഡിതന്മാര്‍ അതിനുവേണ്ട എല്ലാവിധ പ്രോത്സാഹനം നല്‍കുകയും 'സ്വര്‍ഗം ലഭിക്കാനുള്ള' സല്‍കര്‍മമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു!

വര്‍ഷത്തിലൊരിക്കല്‍ 'മീലാദുന്നബി' ആഘോഷിച്ചാല്‍ യഥാര്‍ഥ പ്രവാചക സ്‌നേഹമായി എന്ന് വിശ്വസിക്കുന്നവരാണ് ഇന്നും സമൂഹത്തിലെ നല്ലൊരു ശതമാനവും! അതിന് മതത്തില്‍ തെളിവുണ്ടോ ഇല്ലേ എന്ന ചര്‍ച്ച പോലും അവര്‍ക്ക് അസഹനീയമാണ്. അങ്ങനെയാണ് മതം പഠിപ്പിക്കുന്നവര്‍(?) അവര്‍ക്ക് പകര്‍ന്നു നല്‍കിയിരിക്കുന്ന ബോധം! തെളിവുണ്ടോ ഇല്ലേ എന്ന് അന്വേഷിക്കുന്നത് പോലും പ്രവാചകനിന്ദയാണ് എന്ന് സാധാരണക്കാരെ വിശ്വസിപ്പിച്ചാല്‍ പിന്നെ അതിനെതിരായി എന്ത് തെൡവ് നല്‍കിയാലും ഫലമുണ്ടാകില്ലല്ലോ! അത് കേള്‍ക്കാനും അവര്‍ മനസ്സു കാണിക്കില്ല.

ഇന്നയിന്ന രാഷ്ട്രങ്ങളിലൊക്കെ മീലാദുന്നബി ആേഘാഷിക്കുന്നുണ്ട്; ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആഘോഷിക്കുന്നുണ്ട്. കേരളത്തിലെ മുജാഹിദുകള്‍ മാത്രമാണ് അത് പാടില്ലെന്നു പറയുന്നത് എന്നാണ് ഇപ്പോള്‍ സാധാരണക്കാര്‍ ഈ വിഷയം സംസാരിക്കുമ്പോള്‍ പറയുന്നത്! അതിന് തെളിവെന്നോണം വാട്‌സാപ്പ് വഴി വിവിധ രാജ്യങ്ങളില്‍ മീലാദുന്നബി ആഘോഷിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നുണ്ട്!

ഇസ്‌ലാമില്‍ ഒരു കാര്യം ഇബാദത്താകുന്നത് അത് ലോകത്ത് ഏതൊക്കെ രാജ്യങ്ങളില്‍ അനുഷ്ഠിക്കുന്നു എന്ന് നോക്കിയോ, ഭൂരിപക്ഷം ജനങ്ങളും ആചരിക്കുന്നുണ്ടോ എന്ന് നോക്കിയോ അല്ലല്ലോ! അത് പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ടോ എന്നാണല്ലോ പരിശോധിക്കേണ്ടത്. എന്നാല്‍ ഇങ്ങനെ ചിന്തിക്കാന്‍ മതത്തെക്കുറിച്ച അടിസ്ഥാനപരമായ വിവരം പോലുമില്ലാത്തവര്‍ക്ക് എങ്ങനെ കഴിയും?

ജനങ്ങളുടെ യാത്രക്ക് പ്രയാസം സൃഷ്ടിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും നടത്തുന്ന ഘോഷയാത്രയുടെ ഇസ്‌ലാമിക മാനമെന്താണ്? സ്ത്രീകള്‍ പള്ളിയില്‍ പോയി നമസ്‌കരിക്കുന്നത് വലിയ ഫിത്‌നയായി കാണുന്നവര്‍ മീലാദുന്നബിക്ക് നടക്കുന്ന സ്ത്രീ-പുരുഷ കൂടിക്കലരല്‍ കണ്ടില്ലെന്നു നടിക്കുന്നു. യുവാക്കള്‍ നടത്തുന്ന ആഭാസകരമായ 'ചാടിക്കളി'യും ക്രൈസ്തവരുടെ ഉണ്ണിയേശുവിനെ അനുസ്മരിപ്പിക്കുംവിധം ഒട്ടകപ്പുറത്ത് 'ഉണ്ണിമുഹമ്മദി'നെ വഹിച്ചുകൊണ്ട് പോകുന്ന രംഗവും ഇതൊക്കെ ഭയഭക്തി ബഹുമാനത്തോടെ റോഡുവക്കില്‍ നിന്ന് നോക്കിക്കാണുന്ന സ്ത്രീസമൂഹത്തെയുമൊക്കെ കാണുമ്പോള്‍ പടച്ചവനേ, ഇതൊക്കെ ദീനിന്റെ പേരിലാണല്ലോ എന്ന് വേദനയോടെ പറഞ്ഞുപോകും.

'മനുഷ്യ സ്‌നേഹത്തിന്റെ മകുടോദാഹരണമായ മുത്ത്‌നബി ഭൂജാതനായതിന്റെ മഹത്തായ സ്മരണയുമായി...' വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം ജില്ലയില്‍ നടന്ന ഒരു നബിദിന ഘോഷയാത്രയില്‍ ഉയര്‍ന്നുകേട്ട വാക്കുകളാണിത്! ആ സമയം ഈയുളളവന്‍ സഞ്ചരിക്കുന്ന ബസ് 'നബിദിന'ക്കാര്‍ സൃഷ്ടിച്ച ബ്ലോക്കില്‍ പെട്ട് മുന്നോട്ടു പോകാനാവാതെ നില്‍ക്കുകയായിരുന്നു! യാത്രക്കാരുടെ മുറുമുറുപ്പില്‍ പ്രവാചകനോടുളള വെറുപ്പ് നിറഞ്ഞുനിന്നിരുന്നുവെങ്കില്‍ ആ വെറുപ്പിന് കാരണക്കാരായവരെ അല്ലാഹു വെറുതെ വിടുമോ?  

അല്ലാഹുവിന്റെ റസൂലിന്റെ കല്‍പനാനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമല്ലേ ഈ വഴിതടയലും അനുബന്ധ ചടങ്ങുകളും? അത്രമാത്രം പുണ്യകരമാണ് നബിദിനാഘോഷമെങ്കില്‍ എന്തുകൊണ്ട് ്രപവാചകനും സ്വഹാബത്തും അത് നടപ്പിലാക്കിയില്ല? 'അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്' എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് ആ പ്രവാചകനെ ധിക്കരിക്കുവാന്‍ അവകാശമുണ്ടോ? റസൂലിനെ ധിക്കരിക്കുന്നവന്‍ അല്ലാഹുവിനെ ധിക്കരിക്കുക കൂടിയല്ലേ ചെയ്യുന്നത്?

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (4:59).

ഈ വചനത്തിന്റെ വിവരണത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുള്ളത്; അല്ലാഹുവിലേക്ക് മടക്കണം എന്നതിന്റെ വിവക്ഷ അല്ലാഹുവിന്റെ ഗ്രന്ഥ(ക്വുര്‍ആനിലേക്ക്)ത്തിലേക്ക് എന്നാണ്. നബി ﷺ യിലേക്ക് മടക്കണമെന്ന് പറഞ്ഞതിന്റെ വിവക്ഷ പ്രവാചക നിയോഗശേഷം അവിടുത്തെ സുന്നത്തിലേക്ക് മടക്കണം എന്നുമാണ്.

വിശുദ്ധ ക്വുര്‍ആനില്‍ നബിദിനാഘോഷത്തിന് തെളിവില്ല. മുഹമ്മദ് നബി ﷺ സ്വന്തം ജന്മദിനം കൊണ്ടാടിയിട്ടില്ല; മറ്റു പ്രവാചകന്മാരുടെ മൗലിദ് കഴിക്കുകയോ അതിന് നിര്‍ദേശിക്കുകയോ ചെയ്തിട്ടുമില്ല. സ്വഹാബികളാരും ആരുടെയെങ്കിലും ജന്മദിനം ആഘോഷിച്ചതായി യാതൊരു തെളിവുമില്ല! അതുകൊണ്ടുതന്നെ ഇത് പുത്തനാചാരമാണ് എന്നതില്‍ സംശയമില്ല. ശൈഖ് ഫൗസാന്‍ ബിദ്അത്തിനെക്കുറിച്ചെഴുതിയ ലഘുകൃതിയില്‍ പറയുന്നു:

''മുസ്‌ലിം സമൂഹത്തിലെ ചില മൂഢന്‍മാര്‍ അല്ലെങ്കില്‍ വഴിപിഴപ്പിക്കുന്ന പണ്ഡിതന്മാര്‍ മുഹമ്മദ് നബി ﷺ യുടെ ജന്മദിനമെന്ന പേരില്‍ എല്ലാവര്‍ഷവും റബീഉല്‍ അവ്വല്‍ മാസത്തെ ആഘോഷമാക്കുന്നു. അവരിലെ ചിലര്‍ ഈ ആഘോഷം പള്ളികളില്‍വെച്ച് ആഘോഷിക്കുന്നു. മറ്റുചിലര്‍ വീടുകളിലും അതല്ലെങ്കില്‍ പ്രത്യേകം തയാറാക്കപ്പെട്ട സ്ഥലങ്ങളില്‍വെച്ചും നടത്തുന്നവരാണ്.''

''ഈ ആഘോഷത്തില്‍ സാധാരണക്കാരും വിവരമില്ലാത്തവരുമായ ഒരുകൂട്ടം ജനങ്ങള്‍ പങ്കെടുക്കുന്നു. ക്രിസ്ത്യാനികള്‍ ഈസാനബി(അ)യുടെ ജന്മദിനമാണെന്ന് വാദിച്ച് ക്രിസ്മസ് ആഘോഷിക്കുന്നു. ഇതിനോട് സാമ്യത പുലര്‍ത്തിക്കൊണ്ട് ഇക്കൂട്ടരും ഇത്തരം പുതുനിര്‍മിതികള്‍ നടത്തി. ഈ ആഘോഷം പുത്തനാചാരവും ക്രൈസ്തവരോട് സാദൃശ്യപ്പെടലുമാണ്, മാത്രമല്ല അത് ശിര്‍ക്കും നിഷിദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയതുമാണ്.''

''അല്ലാഹുവിന് പുറമെ പ്രവാചകനെ വിളിച്ച് പ്രാര്‍ഥിക്കുകയും സഹായം തേടുകയും ചെയ്യുന്ന രൂപത്തില്‍ പ്രവാചകന്‍ അര്‍ഹിക്കുന്നതിലും അതിരുകവിഞ്ഞ കാവ്യങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് ഇത്തരം ആളുകള്‍ വഴിപിഴച്ചത്. എന്നാല്‍ നബി ﷺ ആകട്ടെ അദ്ദേഹത്തെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കിയിട്ടുണ്ട്. നബി ﷺ പറഞ്ഞു: 'ക്രിസ്ത്യാനികള്‍ മറിയമിന്റെ പുത്രനെ അമിതമായി പുകഴ്ത്തിയതുപോലെ എന്നെ നിങ്ങള്‍ അമിതമായി പുകഴ്ത്തരുത്. തീര്‍ച്ചയായും ഞാനൊരു ദാസനാണ്. അതിനാല്‍ അല്ലാഹുവിന്റെ ദാസനും അവന്റെ റസൂലും എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക.''

''...ഈ ആഘോഷങ്ങളെ അനുഗമിക്കുന്ന ഹീന കൃത്യങ്ങളില്‍പെട്ടതാണ് സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഗാനങ്ങള്‍, ചെണ്ടമേള, സ്വൂഫികളുടെ പുത്തന്‍നിര്‍മിതികളായ പ്രാര്‍ഥനകള്‍ നിര്‍വഹിക്കല്‍ തുടങ്ങിയവ. സ്ത്രീ-പുരുഷ ഇടകലരല്‍ ഇത്തരം ആഘോഷങ്ങളില്‍ ഉണ്ടാകാറുണ്ട്. ഇനി അവര്‍ വാദിക്കാറുള്ളത് പോലെ  ഈ ആഘോഷം ഇത്തരത്തിലുള്ള വിപത്തുകളില്‍നിന്ന് ഒഴിവാകുകയും ഒരുമിച്ച്കൂടുക, ഭക്ഷണം കഴിക്കുക, സന്തോഷം പ്രകടിപ്പിക്കുക എന്നിവയുടെമേല്‍ പരിമിതപ്പെടുകയും ചെയ്താലും ശരി ഈ ആഘോഷം പുത്തനാചാരമാണ്. നബി ﷺ പറഞ്ഞു:'എല്ലാ പുതുനിര്‍മിതികളും പുത്തനാചാരമാണ്. എല്ലാ പുത്തനാചാരങ്ങളും വഴികേടിലാണ്.''

 ''അവരുടെ ന്യായം ഘട്ടംഘട്ടമായി പരിണമിച്ച് മറ്റ് ആഘോഷങ്ങളില്‍ സംഭവിക്കാറുള്ള ഹീന കൃത്യങ്ങള്‍ ഇതിലും സംഭവിക്കും. ഈ ആഘോഷം ബിദ്അത്താണെന്ന് പറയാനുള്ള കാരണം ഇതിന് ക്വുര്‍ആനിലോ പ്രവാചകചര്യയിലോ സച്ചരിതരായ പൂര്‍വസൂരികളുടെ പ്രവര്‍ത്തനങ്ങളിലോ ശ്രേഷ്ഠമായ നൂറ്റാണ്ടുകളിലോ ഇതിന് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ്. ഹിജ്‌റ നാലാം നൂറ്റാണ്ടിനുശേഷം രംഗത്തുവന്ന പുത്തനാചാരമാണിത്. ഫാത്വിമിയാക്കളാണ് ഇത് നിര്‍മിച്ചത്.''

എന്നാല്‍ നബി ﷺ പത്‌നി ഖദീജ(റ)യുടെ മൗലിദ് കഴിച്ചിട്ടുണ്ട് എന്ന വ്യാജവാദം മൗലീദനുകൂലികള്‍ അവതരിപ്പിക്കാറുണ്ട്. സാധാരണക്കാര്‍ അത് വലിയ തെളിവായി കൊണ്ടുനടക്കുന്നത് കാണാം. മറ്റു ഭാര്യമാരോട് ഖദീജ(റ)യുടെ നന്മകള്‍ പറഞ്ഞതിനെയും ഖദീജ(റ)യുടെ കൂട്ടുകാരികള്‍ക്ക് അവിടുന്ന് ആടിനെ അറുത്ത് മാംസം വിതരണം ചെയ്തതിനെയുമാണ് ഇവര്‍ മൗലിദായി വ്യാഖ്യാനിക്കുന്നത്! അതിന് ജന്മദിനവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാണ്.

നബി ﷺ ചെയ്യാന്‍ പറഞ്ഞതെല്ലാം നാം ചെയ്യേണ്ടതുണ്ട്. വര്‍ജിക്കാന്‍ പറഞ്ഞതെല്ലാം വര്‍ജിക്കേണ്ടതുണ്ട്. നബിദിനാഘോഷം നബി ﷺ യുടെ ചര്യയില്‍ പെട്ടതല്ല എന്നും ഉത്തമമെന്ന് അവിടുന്ന് പ്രഖ്യാപിച്ച മൂന്ന് നുറ്റാണ്ടുകള്‍ക്ക് ശേഷം ഉണ്ടായതാണെന്നും ഇത് ആഘോഷിക്കുന്നവര്‍ തന്നെ പലപ്പോഴും സമ്മതിക്കാറുണ്ട്! എങ്കില്‍ മതത്തില്‍ മാതൃകയില്ലാത്ത ഈ പരിപാടി അവസാനിപ്പിച്ചു കൂടേ?

ഇസ്‌ലാം മുസ്‌ലിംകള്‍ക്ക് ആഘോഷിക്കാന്‍ രണ്ട് ആഘോഷങ്ങള്‍ മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. ഫിത്വ്ര്‍ പെരുന്നാളും ബലിപെരുന്നാളുമാണവ. മതം പഠിപ്പിച്ച, റസൂലും സ്വഹാബിമാരും ആഘോഷിച്ച ഈ ആഘോഷങ്ങളെക്കാള്‍ മതം പഠിപ്പിക്കാത്ത, റസൂലിനും സ്വഹാബിമാര്‍ക്കും പരിചയമില്ലാത്ത നബിദിനാഘോഷത്തിന് മഹത്ത്വവും പുണ്യവുമുണ്ടെന്നുവരെ പണ്ഡിതന്മാര്‍ ജനങ്ങളെ പഠിപ്പിക്കുന്നു എന്നത് ഗൗരവമുള്ള കാര്യമാണ്. ചില ഉദാഹരണങ്ങള്‍ കാണുക:

''ഒരു വര്‍ഷത്തില്‍ ഏറ്റവും ശ്രേഷ്ഠമായ മാസം റമളാന്‍ ആണല്ലോ. ഇതിനെ കൂടാതെ യുദ്ധം ഹറാമാക്കിയ ശ്രേഷ്ഠമായ മാസം നാലെണ്ണമുണ്ടല്ലോ. ഈ ശ്രേഷ്ഠമായ മാസമൊന്നും കൂടാതെ എന്തുകൊണ്ടാണ് റബീഉല്‍ അവ്വലില്‍ നബി ﷺ ജനിക്കുവാന്‍ കാരണം?''

''കഴിഞ്ഞുപോയ രാത്രികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമേറിയത് നബി ﷺ ജനിച്ച രാത്രിയാകുന്നു. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമേറിയതാണെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ച ലൈലത്തുല്‍ ഖദ്‌റിനേക്കാള്‍ മഹത്വം ഉള്ളത് നബി ﷺ ജനിച്ച രാത്രിക്കാണ് (ശര്‍വാനി: 3/462). നബി ﷺ ജനിച്ചത് ഏറ്റവും ശ്രേഷ്ഠമായ രാത്രിയിലായതുകൊണ്ട് ഈ ചോദ്യം അപ്രസക്തമാണ്'' (ദ്വീപ് നാദം ദൈ്വവാരിക, 2004 ജൂണ്‍ 1-15).

''അല്ലാഹു രാവും പകലും സൃഷ്ടിച്ചതു മുതല്‍ എത്രയോ ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയി. അതില്‍ ഏറ്റവും മഹത്തായ രാവ് ഏതായിരിക്കും? കാലത്തിന് സ്വയം മഹത്വമില്ലെന്നും അതില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് രാപ്പകലുകളുടെ ശ്രേഷ്ഠതക്ക് മാനദണ്ഡമെന്നുമുള്ള വീക്ഷണപ്രകാരം നബി ﷺ ജനിച്ച രാവാകുന്നു ഏറ്റവും അനുഗ്രഹീതമായ രാവ്. ലൈലതുല്‍ ഖദ്‌റിനേക്കാള്‍ അതിന് ശ്രേഷ്ഠത ഉണ്ടെന്നാണ് ഇമാമുകള്‍ അഭിപ്രായപ്പെടുന്നത്'' (നബിദിനം ്രപവാചക സവിശേഷത, പേജ് 13, എന്‍, അലി മുസ്‌ല്യാര്‍ കുമരംപുത്തൂര്‍).

''നബിദിനം മുസ്‌ലിംകള്‍ക്ക് ആഘോഷമാണ്. പെരുന്നാളിനെക്കാള്‍ വലിയ ആഘോഷം, സര്‍വ്വലോകത്തിന്റെ വിമോചകനായ നബിപിറന്ന നാളില്‍ വിശ്വാസികള്‍ സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നില്ലെങ്കില്‍ പിന്നെ അവര്‍ക്ക് മറ്റേത് ആഘോഷമാണുള്ളത്?'' (രിസാല മാസിക, 1987 നവംബര്‍, പേജ് 9).

ഈ ഉദ്ധരണികള്‍ ശ്രദ്ധാപൂര്‍വമൊന്ന് വായിച്ചുനോക്കുക. അല്ലാഹുവിനെയും പ്രവാചകനെയും ഇവര്‍ മതം പഠിപ്പിക്കുകയാണെന്ന് തോന്നുന്നില്ലേ? ലൈലതുല്‍ ക്വദ്‌റിന്റെ മഹത്ത്വവും പുണ്യവും അല്ലാഹു അവന്റെ ക്വുര്‍ആനിലൂടെ പഠിപ്പിച്ചതാണ്. നബി ﷺ അക്കാര്യം വിവരിച്ചുതന്നതുമാണ്. ഇവര്‍ പറയുന്നു ലൈലതുല്‍ ക്വദ്‌റിനെക്കാള്‍ ശ്രേഷ്ഠത നബിയുടെ ജന്മദിനത്തിനാണെന്ന്! രണ്ട് പെരുന്നാള്‍ ദിനങ്ങളെക്കാളും ഈ ദിനത്തിന് പോരിശയുണ്ടത്രെ! ഇതൊന്നും അല്ലാഹുവിനും റസൂലിനും സ്വഹാബത്തിനും അറിയാന്‍ കഴിഞ്ഞില്ല എന്നല്ലേ ഇവരുടെ ജല്‍പനങ്ങളുടെ അന്തസ്സത്ത? ഇതെങ്ങനെ മുസ്‌ലിംകള്‍ക്ക് അംഗീകരിക്കാന്‍ കഴിയും?

നബിദിനാഘോഷത്തിലൂടെ ഞങ്ങള്‍ നബി ﷺ യെ സ്‌നേഹിക്കുകയാണ്, സ്‌നേഹമില്ലാത്തവരാണ് ഇത് ആഘോഷിക്കാത്തതും എതിര്‍ക്കുന്നതും എന്നാണ് ഇക്കൂട്ടര്‍ പറയാറുള്ളത്!

നബി ﷺ യെ സ്‌നേഹിക്കല്‍ വിശ്വാസികയുടെ നിര്‍ബന്ധ ബാധ്യതയാണെന്നതില്‍ സംശയമില്ല.  അല്ലാഹു പറയുന്നു:

''നബിയേ, പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളുംപ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക...'' (ക്വുര്‍ആന്‍ 9:24).

നബി ﷺ പറഞ്ഞു: ''നിങ്ങളില്‍ ഒരാളും അവന്റെ പിതാവിനെക്കാളും സന്തതിയെക്കാളും മറ്റെല്ലാ ആളുകളെക്കാളും എന്നെ സ്‌നേഹിക്കുന്നതുവരെ വിശ്വാസിയാവുകയില്ല'' (ബുഖാരി).

എന്നാല്‍ എങ്ങനെയാണ് നബി ﷺ നമ്മുടെയിടയില്‍ ജീവിച്ചിരിക്കാത്ത അവസ്ഥയില്‍ അദ്ദേഹത്തെ നാം സ്‌നേഹിക്കുക? അവിടുന്ന് പഠിപ്പിക്കാത്ത പുത്തനാചാരങ്ങള്‍ ചെയ്തുകൊണ്ടോ? അല്ലാഹുതന്നെ നമുക്ക് പറഞ്ഞുതരുന്നത് കാണുക:

''(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (ക്വുര്‍ആന്‍ 3:31).

ഈ ഒരു ക്വുര്‍ആന്‍ സൂക്തം മതി എങ്ങനെയാണ് പ്രവാചകനെ സ്‌നേഹിക്കേണ്ടത് എന്ന് മനസ്സിലാക്കാന്‍. നബി ﷺ യെ സ്‌ഹേിക്കുന്നുവെങ്കില്‍ അവിടുന്ന് ജീവിച്ചു കാണിച്ചുതന്ന പാത പിന്തുടരണമെന്നാണ് അല്ലാഹു അറിയിക്കുന്നത്. പ്രവാചകന്റെ ജീവിത ചര്യകളെ അവഗണിക്കുകയും റബീഉല്‍ അവ്വല്‍ മാസത്തില്‍ ഒരു ദിവസം മീലാദ് മീറ്റില്‍ പങ്കെടുത്ത് പ്രവാചക സ്‌നേഹത്തിന്റെ പുണ്യം പറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് വ്യക്തം. നബിയെ സ്‌നേഹിക്കുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ ജീവിത ചര്യ പിന്തുടരണം. അപ്പോള്‍ അല്ലാഹു നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും.  ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. അല്ലാഹു വാഗ്ദാനം ലംഘിക്കാത്തവനാണ്. അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ വിശ്വസിക്കുന്നവര്‍ അതില്‍ പ്രതീക്ഷയര്‍പ്പിച്ച് അവന്‍ പറഞ്ഞതുപോലെ ജീവിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുക.