മസ്ജിദുല്‍ അക്വ്‌സ: ചരിത്രവും വര്‍ത്തമാനവും

റശീദ് കുട്ടമ്പൂര്‍

2021 മെയ് 29 1442 ശവ്വാല്‍ 17

ഫലസ്തീന്‍; തോരാത്ത കണ്ണീരിന്റെയും വറ്റാത്ത ചോരപ്പുഴകളുടെയും നാട്. കൊടിയ വഞ്ചനയുടെയും ഒരു ജനതക്കുമേല്‍ നടന്ന സമാനതകളില്ലാത്ത അതിക്രമത്തിന്റെയും മനം തകര്‍ക്കുന്ന ഓര്‍മകളുടെ പ്രതീകം. മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഗിരിപ്രഭാഷണങ്ങളും സമാധാന സമ്മേളനങ്ങളും മുടക്കമില്ലാതെ ലോകത്തു നടക്കുമ്പോഴും ഫലസ്തീനിലെ ചുട്ടുകൊല്ലപ്പെടുന്ന പിഞ്ചു പൈതങ്ങള്‍ അവര്‍ക്കൊന്നും ഒരു വിഷയമേ ആവുന്നില്ല. ഭീകരമായ ആ ദൃശ്യങ്ങള്‍ക്കു മുമ്പില്‍ 'കണ്ണേ മടങ്ങുക' എന്നു പറയാനല്ലാതെ നമുക്കെന്താണു കഴിയുക?

ഫലസ്തീനില്‍ പീഡിപ്പിക്കപ്പെടുന്നതും നിഷ്ഠൂരമായി കൊല്ലപ്പെടുന്നതും മുസ്‌ലിംകളാണല്ലോ എന്ന് ചിന്തിച്ച് ആശ്വാസം കൊള്ളുകയും ഇസ്രായേല്‍ അനുകൂല ന്യായവാദങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇസ്‌ലാം വിരോധം തലക്കുപിടിച്ചവര്‍ അറിയേണ്ട ചില ചരിത്ര യാഥാര്‍ഥ്യങ്ങളുണ്ട്.

അക്വ്‌സാ പള്ളിയും മുസ്‌ലിംകളും

മുഹമ്മദ് നബി ﷺ യുടെ അത്ഭുതകരമായ നിശാപ്രയാണം (ഇസ്‌റാഅ്), ആകാശാരോഹണം (മിഅ്‌റാജ്) എന്നീ സംഭവങ്ങളുമായി ഏറ്റവും ബന്ധപ്പെട്ട വിശുദ്ധഗേഹമാണ് ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസ്. വിശുദ്ധ ക്വുര്‍ആന്‍ 17ാം അധ്യായം ഒന്നാം വചനത്തില്‍ ഇങ്ങനെ കാണാം:

''തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അക്വ്‌സായിലേക്ക് -അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്, തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.''

പുണ്യം പ്രതീക്ഷിച്ചുള്ള യാത്രക്ക് ഇസ്‌ലാം അനുമതി നല്‍കിയത് മൂന്ന് പള്ളികളിലേക്ക് മാത്രമാണ്. പ്രവാചകന്‍ ﷺ പറഞ്ഞു: ''മൂന്ന് പള്ളികളിലേക്കല്ലാതെ പുണ്യം ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ യാത്രചെയ്യരുത്. മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അക്വ്‌സാ, എന്റെ ഈ പള്ളി (മസ്ജിദുന്നബവി) എന്നിവയാണവ.''

മേല്‍പറഞ്ഞ മൂന്നു പള്ളികളില്‍ മസ്ജിദുല്‍ ഹറാമും മസ്ജിദുല്‍ അക്വ്‌സയും മലക്കുകളുടെ സഹായത്തോടെ ആദം നബി(അ) പണികഴിപ്പിച്ചതാണെന്നാണ് പ്രമാണങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. വിശുദ്ധ ഭവനങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു പ്രവാചക വചനം ഇപ്രകാരമാണ്:

അബൂദര്‍റി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ''ഞാന്‍ ചോദിച്ചു: 'പ്രവാചകരേ, ഭൂമിയില്‍ ആദ്യമായി പണിയപ്പെട്ട പള്ളി ഏതാണ്?' അവിടുന്ന് പറഞ്ഞു: 'മസ്ജിദുല്‍ ഹറാം.' ഞാന്‍ ചോദിച്ചു: 'പിന്നെ ഏതാണ്?' അവിടുന്ന് പറഞ്ഞു: 'മസ്ജിദുല്‍ അക്വ്‌സയാണ്.' ഞാന്‍ ചോദിച്ചു: 'രണ്ടിനുമിടയിലെ കാല ദൈര്‍ഘ്യം എത്രയാണ്?' പ്രവാചകന്‍ ﷺ പറഞ്ഞു: 'നാല്‍പതു വര്‍ഷം.'

സിറിയ(ശാം)യുടെ മഹത്ത്വം

ഇന്നത്തെ ഫലസ്തീന്‍ ഉള്‍പ്പെടുന്ന പൗരാണിക ശാമിന് (സിറിയക്ക്) ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അജ്ഞാനകാലം മുതല്‍ തന്നെ മക്കയിലെ അറബികള്‍ക്ക് ഈ പ്രദേശവുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. ഒട്ടനവധി പ്രവാചകന്മാരുടെ കര്‍മഭൂമിയായിരുന്ന ആ പ്രദേശത്തെപ്പറ്റി പ്രവാചകന്‍ ﷺ ഇപ്രകാരം മൂന്ന് തവണ ആവര്‍ത്തിച്ചു പറയുകയുണ്ടായി: 'ശാമിന് മംഗളം, ശാമിന് മംഗളം, ശാമിന് മംഗളം.'

മഹാനായ ഇബ്‌റാഹിം നബി(അ)യുടെ ചരിത്രം വീശദീകരിച്ചുകൊണ്ട് ക്വുര്‍ആന്‍ 21ാം അധ്യായം 71ാം വചനത്തില്‍ അല്ലാഹു പറയുന്നു: ''ലോകര്‍ക്കുവേണ്ടി നാം അനുഗൃഹീതമാക്കി വെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക് അദ്ദേഹത്തെയും ലൂത്വിനെയും നാം രക്ഷപ്പെടുത്തി കൊണ്ടുപോകുകയും ചെയ്തു.''

 ഇതിലെ 'അനുഗൃഹീതപ്രദേശം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശാം (സിറിയ) ആണ്. കാരണം ഈസാ നബി(അ)യുടെ ആഗമനമുണ്ടാകുന്നതും ദജ്ജാല്‍ വധിക്കപ്പെടുന്നതുമെല്ലാം ഇവിടെയാണെന്ന് ഖത്താദ(റ)യെ ഉദ്ധരിച്ചുകൊണ്ട് ഇബ്‌നു കഥീര്‍(റഹി) രേഖപ്പെടുത്തുന്നുണ്ട്; മൂസാ നബി(അ)യുടെ ക്വബ്ര്‍ സ്ഥിതിചെയ്യുന്ന പ്രദേശമായി നബി ﷺ പരിചയപ്പെടുത്തിയ കസീബുല്‍ അഹ്മര്‍ ഉള്‍പ്പെടുന്ന നെബോ മലനിരകളും ഈ ഭാഗത്തുതന്നെയാണ്.

ഫിലസ്തീനിന്റെ ചരിത്രം

ഈസാ നബി(അ)ക്കു മുമ്പ് 12ാം നൂറ്റാണ്ടില്‍ ആ പ്രദേശത്ത് താമസിച്ചിരുന്ന 'ഫിലിസ്തിയന്‍' (ഫലസ്ത്യന്‍) എന്ന ജനതയുടെ പേരില്‍നിന്നാണ് 'ഫലസ്തീന്‍' എന്ന പേര് ആ പ്രദേശത്തിന് ലഭിച്ചതെന്നാണ് പ്രബലമായ അഭിപ്രായം. യഅ്ക്വൂബ് നബി(അ)യുടെ മറ്റൊരു നാമമാണ് 'ഇസ്‌റാഇൗല്‍.' അദ്ദേഹത്തിന്റെ സന്തതിപരമ്പര 'ബനൂഇസ്‌റാഇൗല്‍' അഥവാ 'ഇസ്‌റാഇൗല്‍ സന്തതികള്‍' എന്ന പേരില്‍ അറിയപ്പെടുന്നു. ഈജിപ്തില്‍ ക്വിബ്ത്തികളുടെ അടിമത്തത്തിന്‍ കഴിഞ്ഞിരുന്ന ബനൂഇസ്‌റാഇൗല്‍ സമൂഹത്തെ രക്ഷപ്പെടുത്തി നേര്‍വഴി നടത്താന്‍ നിയുക്തനായ മൂസാ നബി(അ) അവരെയുമായി ചെങ്കടല്‍ കടന്ന് യാത്ര തിരിച്ചെങ്കിലും ക്വുദ്‌സില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. മൂസാ(അ) തന്റെ ജനതയോട് കല്‍പിച്ച കാര്യം ക്വുര്‍ആനില്‍ 5ാം അധ്യായം 21ാം വചനത്തില്‍ ഇങ്ങനെ കാണാം:

''എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.''

എന്നാല്‍ അനുസരണക്കേടിന്റെ പര്യായമായ ആ ജനതയുടെ പ്രതികരണം ഇപ്രകാരമായിരുന്നു:

''അവര്‍ പറഞ്ഞു: ഓ, മൂസാ; പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ അവിടെനിന്ന് പുറത്തുപോകുന്നതുവരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല'' (ക്വുര്‍ആന്‍ 5:22).

'താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്' എന്നാണ് അവര്‍ ധിക്കാരപൂര്‍വം മൂസാനബി(അ)യോട് പ്രതികരിച്ചത്. സീനാ മരുഭൂമിയില്‍ നാല്‍പതു വര്‍ഷം അന്തംവിട്ട് അലഞ്ഞു നടക്കുക എന്നതാണ് അതിന് അല്ലാഹു അവര്‍ക്ക് നല്‍കിയ ശിക്ഷ. നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം യൂശഅ് പ്രവാചകന്റെ കാലത്താണ് ഫലസ്ത്യര്‍ക്കെതിരെ ഇസ്രാഇൗലീ പടയോട്ടം നടക്കുകയും വിജയം വരിക്കുകയും ചെയ്തത്. ത്വാലൂത്വിന്റെ നേതൃത്വത്തില്‍ അവര്‍ ഫലസ്ത്യരിലെ ജാലൂത്തിനെ തോല്‍പിച്ചതിലൂടെയാണ് ഇസ്രാഇൗല്യരുടെ അധികാരം സാധിതമായത്. പക്ഷേ, ദാവൂദ്(അ), അദ്ദേഹത്തിന്റെ പുത്രന്‍ സുലൈമാന്‍(അ) എന്നീ ഭരണാധികാരികള്‍ മൊത്തം ഏകദേശം എണ്‍പതോളം വര്‍ഷം മാത്രമാണ് ആ നാട്ടില്‍ അധികാരം കയ്യാളിയിരുന്നത്. ഇസ്രാഇൗല്യര്‍ ഫലസ്തീനില്‍ ഒരു നൂറ്റാണ്ടുപോലും ഭരിച്ചിട്ടില്ല എന്നര്‍ഥം.

ഇസ്‌ലാമും ഫിലസ്തീനും

ക്രിസ്താബ്ദം 313 മുതല്‍ ആരംഭിച്ച പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ (ബൈസന്റിയന്‍) ഭരണം എഡി 638-640 കാലഘട്ടംവരെ തുടര്‍ന്നു. അഥവാ പ്രവാചകന്റെ കാലഘട്ടത്തില്‍ ഈ പ്രദേശം റോമക്കാരുടെ ആധിപത്യത്തിലായിരുന്നു. മഹാനായ ഉമറി(റ)ന്റെ ഭരണകാലത്ത് ഹിജ്‌റ18ാം വര്‍ഷമാണ് ഫിലസ്തീന്‍ ഉള്‍പെടുന്ന സിറിയ ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി ചേര്‍ക്കപ്പെട്ടത്. മഹാനായ ഉമര്‍(റ) നേരിട്ടെത്തിയാണ് റോമക്കാരുമായി കരാറുണ്ടാക്കുകയും 560 ഓളം വര്‍ഷത്തെ റോമന്‍ ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തത്. വിശുദ്ധ നഗരിയുടെ താക്കോല്‍ ഏറ്റുവാങ്ങിയ ഖലീഫ അതു വരേക്കും ആരാധനാസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട യഹൂദര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കുകയും യാതൊരു രക്തച്ചൊരിച്ചിലുമില്ലാതെ വിശുദ്ധ നഗരിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. പ്രവാചകന്റെ ഇസ്‌റാഅ് നടക്കുകയും പൂര്‍വപ്രവാചകന്മാര്‍ക്ക് ഇമാമായി നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്ത സ്ഥലം പ്രത്യേകമായി സംരക്ഷിക്കുകയും ചെയ്തു.

പ്രവാചകന്റെ ആകാശാരോഹണം നടന്ന ഭാഗമുള്‍പ്പെടെയുള്ള ഒരു ലക്ഷത്തി നാല്‍പതിനാലായിരത്തോളം ചതുരശ്രമീറ്ററുള്ള വിശാലമായ സ്ഥലമാണ് ഇന്ന് ബൈത്തുല്‍ മക്വദ്ദിസ്. അംറുബ്‌നുല്‍ ആസ്വി(റ)നെ ഗവര്‍ണറായി നിശ്ചയിച്ചുകൊണ്ട് മദീനയിലേക്കു തിരിച്ചുപോയ ഉമറിന്റെ(റ) സമാധാനദൗത്യം ആ വിശുദ്ധഭൂമി മൂന്ന് മതവിഭാഗങ്ങളുടെ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തിനാണ് വഴിതുറന്നത്. എ.ഡി 638 മുതല്‍ നീണ്ട 450 വര്‍ഷത്തിലേറെ ഇസ്‌ലാമിക ഭരണത്തിനു കീഴിലെ ആ സൗഹാര്‍ദാന്തരീക്ഷം ഫലസ്തീനിന്റെ മണ്ണില്‍ തുടര്‍ന്നു. എന്നാല്‍ എ.ഡി 1099ല്‍ കുരിശു യുദ്ധത്തെത്തുടര്‍ന്ന് യൂറോപ്യര്‍ ജറുസലേം കീഴടക്കി. ആ പ്രദേശം കത്തോലിക്കരുടെ നിയന്ത്രണത്തിലായി. പിന്നീട് എ.ഡി 1187ല്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തിലുള്ള പടയോട്ടത്തിലൂടെ ജറുസലേം ഉള്‍പ്പെടെയുള്ള പ്രദേശം ജയിച്ചടക്കി മുസ്‌ലിംകളുടെ കീഴിലായിത്തീര്‍ന്നു. പിന്നീട് 1917 വരെ പ്രദേശം മുസ്‌ലിംകളുടെ ഭരണത്തില്‍ തുടര്‍ന്നു. എ.ഡി 1517 മുതല്‍ ആരംഭിച്ച് എ.ഡി 1917 വരെയുള്ള 400 വര്‍ഷം തുര്‍ക്കിയിലെ ഉസ്മാനിയ (ഒട്ടോമന്‍) ഖിലാഫത്തിന്റെ കീഴിലായിരുന്നു ഫലസ്തീന്‍ പ്രദേശം.

ഫിലസ്തീനിലെ ജൂതകുടിയേറ്റം

പ്രവാചകന്‍ യഅ്ക്വൂബി(അ)ന്റെ സന്തതിപരമ്പരയാണ് ഇസ്‌റാഈലികള്‍. എല്ലാ ജൂതന്മാരും ഇസ്‌റാഈലികള്‍ അല്ല. ലോകത്തെ ജൂതജനസംഖ്യയില്‍ 75%വും അഷ്‌കനാസി(Ashkenazi) വിഭാഗത്തില്‍ പെട്ടവരാണ്. യൂറോപ്പിലെ വിവിധ നാടുകളില്‍ ജീവിക്കുന്ന, കാലക്രമേണ ജൂതമതം സ്വീകരിച്ചവരാണ് ഈ വിഭാഗക്കാര്‍. ഇന്നത്തെ ഇസ്രായേലില്‍ ജീവിക്കുന്ന 30%ത്തോളം പേര്‍ ഈ വിഭാഗക്കാരാണ്. ജൂതരിലെ മറ്റൊരു വിഭാഗമാണ് മിര്‍സാഹി (Mirzahi) വിഭാഗം. മധ്യേഷ്യയിലെ (Middle east) അറബ് വംശജരുമായി ജനിതക ബന്ധമുള്ളവരാണിവര്‍. അപ്പോള്‍ ഈ ജൂത വിഭാഗങ്ങള്‍ക്കെല്ലാം ഫിലസ്തീന്‍ എങ്ങനെയാണ് ബൈബിളിലെ വാഗ്ദത്ത ഭൂമിയാവുക എന്ന ചോദ്യത്തിന് മറുപടിയില്ല.

മുസ്‌ലിം ഭരണത്തിനു കീഴില്‍ എവിടെയെങ്കിലും ജൂതന്മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തതായി ചരിത്രത്തില്‍ തെളിവുകളില്ല. എന്നാല്‍ റഷ്യയിലും യൂറോപ്പിലും നടന്ന ആന്റിസെമിറ്റിസം നിലപാടുകളുടെ പേരില്‍ വ്യാപകമായ വിധത്തില്‍ ജൂതര്‍ പീഡനത്തിന് വിധേയരായിരുന്നു. അതിന്റെ ഏറ്റവും തീവ്രമായ രൂപമായിരുന്നു ജര്‍മനിയില്‍ നാസികള്‍ അധികാരത്തില്‍ വന്ന കാലത്തെ വംശശുദ്ധി വാദവും അതിനോടനുബന്ധിച്ചുണ്ടായ ജൂത വിരുദ്ധ നീക്കങ്ങളും. ജൂതരുടെ നിലനില്‍പിനെ പോലും ചോദ്യം ചെയ്യുന്ന വിധം അത് വളര്‍ന്നു. ജൂതര്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് ജൂതര്‍ക്ക് സ്വന്തമായ ഒരു രാഷ്ട്രം എന്ന ചിന്തക്ക് വിത്ത് പാകപ്പെട്ടത്. അത് അര്‍ജന്റീനയില്‍ സ്ഥാപിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും മധ്യേഷ്യയിലെ അറബ്‌ലോകത്ത് തീരാത്ത ഒരു പ്രതിസന്ധി സൃഷ്ടിക്കണമെന്ന പാശ്ചാത്യശക്തികളുടെ താല്‍പര്യവും ജൂതവിഭാഗത്തിന്റെ കുടില തന്ത്രങ്ങളുമാണ് പ്രസ്തുത രാഷ്ട്രം പലസ്തീനിന്റെ മണ്ണിലാവണമെന്നിടത്തേക്കെത്തിച്ചത്.

1880 ആയപ്പോഴേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം ശക്തമായിത്തീര്‍ന്നു. അറബികളുടെ ആതിഥ്യമര്യാദയും പീഡിതരോടുള്ള അനുകമ്പയും അവരുടെ ലക്ഷ്യം എളുപ്പമാക്കി. പക്ഷേ, പിന്നീടത് ഒട്ടകത്തിന് കൂടാരത്തില്‍ സ്ഥലം നല്‍കിയ അറബിയുടെ അനുഭവമായി മാറുകയാണുണ്ടായത്. ഇതോടെ ചെറിയ തോതിലുള്ള ചെറുത്തുനില്‍പുകളും സംഘട്ടനങ്ങളും ആരംഭിച്ചു. സംഘമായി എത്തി ഭൂമി സ്വന്തമാക്കി അത് വളച്ചുകെട്ടി അവിടേക്ക് അറബികള്‍ക്ക് പ്രവേശനം പോലും നിഷേധിക്കുന്ന രീതിയാണ് ജൂതര്‍ സ്വീകരിച്ചത്. 1882ല്‍ റുമേനിയയില്‍ നിന്ന് കുടിയേറിയ 30 ജൂതകുടുംബങ്ങള്‍ കനാന്‍ താഴ്‌വരയിലെ റോഷ്പിനയില്‍ വളച്ചുകെട്ടി താമസമാക്കുകയും അവരുടെ ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെ വെടിയേറ്റ് നിരപരാധിയായ ഒരു അറബ് പൗരന്‍ കൊല്ലപ്പെടുകയും ചെയ്തത് കടുത്ത സംഘട്ടനത്തിലേക്ക് നയിച്ചു. എങ്കിലും കുടിയേറ്റം പൂര്‍വോപരി ശക്തിയായി തുടര്‍ന്നു. 1897ല്‍ തിയോഡര്‍ ഹെര്‍സന്‍ എന്ന ആസ്ട്രിയക്കാരനായ ജേര്‍ണലിസ്റ്റ് ജര്‍മന്‍ ഭാഷയില്‍ Der judenstrat (the Jews state) എന്ന പേരില്‍ ജൂതര്‍ക്ക് സ്വന്തമായി രാഷ്ട്രം വേണമെന്ന് വാദിച്ചുകൊണ്ടുള്ള ഒരു ഗ്രന്ഥം രചിച്ചു. യൂറോപ്പിലെ ആന്റിസെമിറ്റിസത്തിന് പരിഹാരം ഫലസ്തീന്‍ കേന്ദ്രമായുള്ള പ്രസ്തുത രാഷ്ട്രസ്ഥാപനമാണെന്ന് അയാള്‍ വാദിക്കുകയും യുഹൂദരെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. ബ്രിട്ടന്റെ എല്ലാ അര്‍ഥത്തിലുമുള്ള പിന്തുണ ഈ കാര്യത്തില്‍ ജൂതര്‍ക്ക് ലഭിക്കുകയും ചെയ്തു. എ.ഡി 1900 ആയപ്പോഴേക്കും ഗണ്യമായ ഭാഗം ഭൂമി ജൂതരുടെ കൈയിലായിത്തീര്‍ന്നു. സാധാരണ കച്ചവടത്തില്‍ വില്‍ക്കുന്നവനും വാങ്ങുന്നവനുമാണുള്ളതെങ്കില്‍, ഇവിടെ ഫലസ്തീനിയുടെ ഭൂമി ബ്രിട്ടന്‍ ജൂതനു വില്‍ക്കുക എന്ന തികച്ചും അസാധാരണമായ കച്ചവടമാണ് നടന്നത്. ഒന്നാം ലോകമഹായുദ്ധം വന്നെത്തിയപ്പോള്‍ യഹൂദരുടെ പൂര്‍ണ പിന്തുണ തങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിന് ഇത്തരം നടപടികളിലുടെ സാധിക്കുകയും ചെയ്തു. അതായിരുന്നു അടിസ്ഥാനപരമായി അവരുടെ ലക്ഷ്യവും.

1917ല്‍ തുടങ്ങി 1920 ആയപ്പോഴേക്കും ഫലസ്തീന്‍ പൂര്‍ണമായി ബ്രിട്ടന്റെ അധീനതയിലാവുകയും ജൂതാധിനിവേശത്തിന് സര്‍വവിധ സഹായങ്ങളും നല്‍കുകയും ചെയ്തു. 1947 ആയപ്പോഴേക്കും ഫലസ്തീനികള്‍ക്ക് രൂക്ഷമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. മണ്ണിന്റെമക്കള്‍ നാട്ടില്‍നിന്ന് പുറത്താക്കപ്പെടാന്‍ തുടങ്ങി. സാധ്യമാവുന്ന ചെറുത്തുനില്‍പുകള്‍ അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കിലും സാമ്രാജ്യത്യ ശക്തികളുടെ മുഴുവന്‍ പിന്തുണയും അക്രമികളായ യഹൂദര്‍ക്കായിരുന്നു. അങ്ങനെയാണ് പ്രശ്‌നപരിഹാരമെന്ന പേരില്‍ യു.എന്‍ മുന്‍കൈയെടുത്തത് ഫലസ്തീനിന്റെ മണ്ണ് ഫലസ്തീന്‍, ഇസ്രായേല്‍ എന്നീ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കാന്‍ തീരുമാനമായത്; വിശുദ്ധ ക്വുദ്‌സ് യു.എന്നിന്റെ മേല്‍നോട്ടത്തില്‍ നിലനിര്‍ത്താനും. അങ്ങനെ തികച്ചും അന്യായമായി ലക്ഷക്കണക്കിന് ഫലസ്തീനികളെ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിച്ചുകൊണ്ട് 1948 മെയ് 15ന് ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രം രൂപംകൊണ്ടു; അന്നും ഇന്നും മധ്യപൂര്‍വേഷ്യയുടെ സമാധാനം കെടുത്തിക്കൊണ്ട്, ലോകസമാധാനത്തിന് ഭീഷണിയായിക്കൊണ്ട്.

ഇസ്രായേല്‍ തങ്ങളുടെ വാഗ്ദത്ത ഭൂമിയാണെന്നും അതുകൊണ്ട് യഹൂദര്‍ മുഴുവന്‍ അങ്ങോട്ട് നിങ്ങണമെന്നും ആഹ്വാനം ചെയ്ത തിയോഡര്‍ ഹെര്‍സിന്റെ ആഹ്വാനത്തെ തുടര്‍ന്ന്, റിട്ടേണ്‍ ടു സയണ്‍ (Return to Zion) എന്ന പ്രസ്ഥാനം രൂപം കൊണ്ടത്. പൗരാണിക ജറുസലേമിലെ കുന്നുകളില്‍ ഒന്നിന്റെ പേരായിരുന്നു സയണ്‍ (Zion) എന്ന് പറയപ്പെടുന്നു. 1987ല്‍ സ്വിറ്റ്‌സര്‍ലാന്റിലെ ബാസലിനിന്‍ ജൂതരുടെ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തുകൊണ്ട് ഫലസ്തീനില്‍ ജൂതരാഷ്ട്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള മൂവ്‌മെന്റിന് സയണിസം എന്ന് പേരിട്ടതും തിയോഡര്‍ ഹെര്‍സന്‍ തന്നെയായിരുന്നു. അബ്രഹാം പ്രവാചകന്റെ പിന്‍തലമുറ തങ്ങള്‍ മാത്രമാണെന്നും അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ മക്കയുള്‍പ്പെടെയുള്ള ജസീറത്തുല്‍ അറബ് മുഴുവനും അധീനപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സയണിസ്റ്റുകള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ അതിക്രമിച്ചുകയറലും അധീനപ്പെടുത്തലും ഒരു തുടര്‍പ്രക്രിയയാക്കിക്കൊണ്ട് മിഡില്‍ ഈസ്റ്റിനെ സമാധാനമില്ലാത്ത ഒരു ഭൂപ്രദേശമാക്കി ആ ഭീകര രാഷ്ട്രം എന്നും നിലനിര്‍ത്തുമെന്നതില്‍ സംശയമില്ല.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഫലസ്തീന്‍ പ്രദേശവും മസ്ജിദുല്‍ അക്വ്‌സയും ഏറെ പ്രാധാന്യമുള്ളതാണ് ഹിജ്‌റക്കു ശേഷം 16ാമത്തെയോ 17ാമത്തെയോ മാസംവരെയും മസ്ജിദുല്‍ അക്വ്‌സയുടെ നേരെ തിരിഞ്ഞാണ് പ്രവാചകനും ﷺ അനുയായികളും നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. പിന്നീട് കഅ്ബയുടെ നേരെ തിരിഞ്ഞുനില്‍ക്കാന്‍ അല്ലാഹുവിന്റെ കല്‍പന വന്നപ്പോഴാണ് അതിന് മാറ്റം വന്നത്. ഉമറി(റ)ന്റെ കാലത്തുണ്ടായ ശ്രദ്ധേയമായ നിര്‍മാണ പ്രവൃത്തികള്‍ക്കു ശേഷം അമവീ ഖലീഫ അബ്ദുല്‍ മലികിന്റെ കാലത്തും ഏറെ നവീകരിക്കപ്പെട്ടു. കുരിശുയുദ്ധത്തെത്തുടര്‍ന്ന് എ.ഡി 1099ല്‍ ജറുസലേം പിടിച്ചെടുക്കപ്പെട്ടപ്പോള്‍ പള്ളിയും വിശുദ്ധ നഗരിയും അവരുടെ അധീനതയിലായി. 1187ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബി അതിനെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇന്ന് പുണ്യനഗരം ജുതരുടെ കൈവശമാണെങ്കിലും പള്ളിയുടെ അധികാരം ഫലസ്തീന്‍ മതകാര്യ വകുപ്പിനു കീഴിലാണ്.

പി.എല്‍.ഒയും ഹമാസും

1948ല്‍ ഇസ്രായേലും ഫലസ്തീനുമായി രണ്ടായി വിഭജിക്കപ്പെട്ടതിനെ തുടര്‍ന്നു നിലവില്‍വന്ന ഇസ്രായേലിനെ പാലൂട്ടി വളര്‍ത്തിയ യു.എന്‍ അംഗരാഷ്ട്രങ്ങള്‍ ഫലസ്തീനിന്റെ രാഷ്ട്രീയസ്വത്വം അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറായില്ല എന്നതാണ് ഈ വിഷയത്തില്‍ ഇന്നേവരെ തുടര്‍ന്നുവന്ന ഇരട്ടത്താപ്പുനയങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടത്. ജൂത കൈയേറ്റങ്ങളുടെ നേരെയുള്ള ഫലസ്തീനികളുടെ ചെറുത്തുനില്‍പിന്റെ സംഘടിത രൂപമായാണ് 1964ല്‍ ഫലസ്തീനിന്റെ വിമോചനം (Liberation of Palestine) എന്ന ആശയവുമായി Palestine liberation organization (PLO) രൂപീകൃതമായത്. 1974ല്‍ PLOക്ക് യു.എന്‍ നിരീക്ഷക പദവി അനുവദിച്ചെങ്കിലും അംഗ രാഷ്ട്രങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള അവകാശത്തെ പി.എല്‍.ഒയെ കൊണ്ട് അംഗീകരിപ്പിക്കാനും യു.എന്നിനു സാധിച്ചു. പി.എല്‍.ഒയുടെ നേതൃത്വം വഹിച്ചിരുന്ന യാസര്‍ അറഫാത്തിന്റെ അന്ത്യംപോലും സംശയകരമായി മാറിയത് പിന്നീടുള്ള ചരിത്രം.

ഫലസ്തീന്‍ വിമോചനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി 1987ല്‍ 'ഹമാസ്' എന്ന സംഘടന രൂപീകരിക്കപ്പെട്ടു. 1990ലെ ഓസ്‌ലോ കരാര്‍ പ്രകാരം ഗസ്സ, വെസ്റ്റ് ബാങ്ക് പ്രദേശങ്ങളില്‍ ഫലസ്തീനിയന്‍ അതോറിറ്റിക്ക് നിയന്ത്രിത അധികാരം വകവെച്ചുകൊടുക്കപ്പെട്ടിരുന്നു. 2006ല്‍ നടന്ന ലെജിസ്ലേറ്റീവ് ഇലക്ഷനില്‍ ഗസ്സ മുനമ്പിന്റെയും വെസ്റ്റ് ബാങ്കിന്റെയും അധികാരം ഹമാസിനു ലഭിച്ചു. 2007ല്‍ ഫത്താഹ് കക്ഷിയെ തോല്‍പിച്ചുകൊണ്ട് ഫലസ്തീന്‍ നേഷനല്‍ അതോറിറ്റിയുടെ നിയന്ത്രണം ഹമാസിന്റെ കൈയിലായി. തുടര്‍ന്ന് ഇസ്രായേല്‍ ഗസ്സയുടെ മേല്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. ഇസ്രായേലിനും ഈജിപ്തിനുമിടയില്‍ 40കി.മീ. നീളവും 10 കി.മീ. വീതിയുമുള്ള ഈ കൊച്ചുമുനമ്പ് രൂക്ഷമായ തൊഴിലില്ലായ്മയും പട്ടിണിയും കാരണം, ഇന്ന് ലോകത്തെ ഏറ്റവും വലിയ തുറന്ന ജയില്‍ ആയി മാറിയിരിക്കുകയാണ്.

പുതിയ ആക്രമണത്തിനു പിന്നിലെ രാഷ്ട്രീയം

ഇക്കഴിഞ്ഞ വിശുദ്ധ റമദാനിന്റെ അവസാന ദിനങ്ങളിലൊന്നില്‍ മസ്ജിദുല്‍ അക്വ്‌സയില്‍ നമസ്‌കരിച്ചുകൊണ്ടിരുന്ന വിശ്വാസികള്‍ക്കു നേരെ ഇസ്രായേലി പട്ടാളം, യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തതാണ് പുതിയ സംഘര്‍ഷത്തിന്റെ തുടക്കം. പിന്നീടുണ്ടായ രൂക്ഷമായ ആക്രമണത്തില്‍ 65 കുട്ടികളും 39 സ്ത്രീകളും അടക്കം 230 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു എന്നാണ് ഔദേ്യാഗിക കണക്ക്. 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 58000 പലസ്തീനികള്‍ പലായനം ചെയ്യുകയും ചെയ്തു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു കുട്ടിയടക്കംം 12 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ വെളിപ്പെടുത്തുകയുണ്ടായി. തികച്ചും ഏകപക്ഷീയമായി ഇസ്രായേല്‍ നടത്തിയ നരനായാട്ടിന്റെ ഫലമായി ചിതറിയ ചോരയുടെ മണം ഇന്നും മാഞ്ഞിട്ടില്ല. ഈ ആക്രമണത്തിനു പിന്നില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ചില രാഷ്ട്രീയ മോഹങ്ങളും ഉണ്ടെന്ന് നിഷ്പക്ഷര്‍ വിലയിരുത്തിയിട്ടുണ്ട്. ഇസ്രായേലില്‍ 20% വരുന്ന അറബ് വംശജരുടെ പാര്‍ട്ടിയാണ് യുണൈറ്റഡ് അറബ് ലിസ്റ്റ് (UAL) ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിയാതെപോയ നെതന്യാഹുവിനെ താഴെയിറക്കണമെങ്കില്‍ പ്രതിപക്ഷത്തിന് ഇവരുടെ പിന്തുണകിട്ടിയാല്‍ മതി. അറബ്-ഇസ്രായേലീ സംഘര്‍ഷത്തിന് മൂര്‍ച്ചകൂട്ടിയാല്‍ ഇങ്ങനെ ഒരു സഖ്യം യാഥാര്‍ഥ്യമാവില്ലെന്ന ബോധ്യമാണ് ഇങ്ങനെയൊരു സംഘര്‍ഷം സൃഷ്ടിച്ചെടുക്കാന്‍ നെതന്യാഹുവിനെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതായാലും സാമ്പത്തികവും രാഷ്ട്രീയവുമായ നിരവധി പ്രതിസന്ധികള്‍ ആ ഭീകര രാഷ്ട്രം നേരിട്ടുകൊണ്ടിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതിശക്തമായ പ്രത്യാക്രമണത്തിന്റെയും അയല്‍പക്ക രാഷ്ട്രങ്ങളുടെ ശാസനയുടെയും മുമ്പില്‍ തല്‍ക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറായിട്ടുണ്ട്. ഒരു പക്ഷേ, ആ പിന്‍വാങ്ങലിനു പിന്നിലും ഗൂഢതാല്‍പര്യങ്ങളുണ്ടാവാം. അതാണല്ലോ അവരുടെ ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നത്. വിശുദ്ധ അക്വ്‌സയിലേക്ക് വിശ്വാസികള്‍ വീണ്ടും സജീവമായി ഒഴുകിക്കൊണ്ടിരിക്കുകയാണ്. പ്രവാചകന്‍നിശാപ്രയാണത്തില്‍ വന്നിറങ്ങിയ, പൂര്‍വപ്രവാചകന്മാരോടൊപ്പം ഏക ഇലാഹിന് സുജൂദ് ചെയ്ത, അവിടത്തെ ആകാശാരോഹണമെന്ന അത്യത്ഭുതത്തിന് സാക്ഷിയായ മസ്ജിദുല്‍ അക്വ്‌സയെന്ന പുണ്യഗേഹത്തെ അതിന്റെ നാഥന്‍ എന്നെന്നേക്കുമായി സംരക്ഷിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാര്‍ഥിക്കാം.