മനുഷ്യര്‍ രണ്ടുവിഭാഗം

മുബാറക് ബിന്‍ ഉമര്‍

2021 മെയ് 22 1442 ശവ്വാല്‍ 10

നക്‌സലൈറ്റ് നേതാവ് എ. വര്‍ഗീസിനെ ഡിവൈഎസ്പി. കെ ലക്ഷ്മണയുടെ നിര്‍ദേശ പ്രകാരം വെടിവെച്ചു കൊന്നതിനു ദൃക്‌സാക്ഷിയാണെന്ന നിര്‍ണായകമൊഴി കൊടുത്ത റിട്ട. കോണ്‍സ്റ്റബിള്‍ തോളിക്കോട് പതിനെട്ടാംകല്ല് എം.എം. എച്ച് മന്‍സിലില്‍ എ. മുഹമ്മദ് ഹനീഫ (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് അന്ത്യം.

വയനാട് തിരുനെല്ലിക്കാട്ടിലെ നാക്‌സലൈറ്റുകളെ പിടികൂടാന്‍ നിയോഗിച്ച സിആര്‍പിഎഫ് ദൗത്യ സംഘത്തിലെ അംഗമായിരുന്നു. 1970 ഫെബ്രുവരി 18നാണ് വര്‍ഗീസിനെ പിടികൂടിയത്. തുടര്‍ന്ന് മാനന്തവാടി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകവെ തിരുനെല്ലിയിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ ഡിഐജി വിജയനും ഡിവൈഎസ്പി ലക്ഷ്മണയും നിര്‍ദേശിച്ചു. തിരുന്നെല്ലിയില്‍ എത്തിച്ച വര്‍ഗീസിനെ ഉള്‍ക്കാട്ടിലേക്ക് കൊണ്ടുപോകാന്‍ നാലു കോണ്‍സ്റ്റബിള്‍മാരോട് പറഞ്ഞു. അതില്‍ ഒരാളായിരുന്നു ഹനീഫ. ഉള്‍ക്കാട്ടില്‍വെച്ച് വര്‍ഗീസിനെ വെടിവെച്ചുകൊല്ലാന്‍ കൂട്ടത്തിലുള്ള കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരെ നിയോഗിച്ചു. അദ്ദേഹം ആദ്യം വിസമ്മതിച്ചെങ്കിലും ലക്ഷ്മണയുടെ ഭീഷണിക്ക് വഴങ്ങി വെടിയുതിര്‍ത്തു. വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെെട്ടന്നാണ് പോലീസ് പറഞ്ഞത്. 1998ല്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലിലൂടെ വിവാദമായതോടെ പുനരന്വേഷണവും എറണാംകുളം സിബിഐ കോടതിയില്‍ കേസും വന്നു. ഇതിനിടെ രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ മൂന്നു റിട്ട:കോണ്‍സ്റ്റബിള്‍മാരും മരിച്ചു. ജീവിച്ചിരിക്കുന്ന ദൃക്‌സാക്ഷിയായ ഹനീഫയോട് മൊഴിനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. രോഗബാധിതനായതിനാല്‍ എത്താന്‍ കഴിയില്ലെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജഡ്ജിയുടെ നിര്‍ദേശപ്രകാരം ഹനീഫയുടെ വീട്ടിലെത്തി ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍ആര്‍ കമ്മത്ത് മൊഴിയെടുത്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മണയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

ഈ മെയ് മാസം രണ്ടാം വാരത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടാണിത്. പല കാര്യങ്ങളും നമ്മുടെ ചിന്തയിലേക്ക് കൊണ്ടുവരുന്ന ഒരു സംഭവമാണിതെന്നു പറയാതെ വയ്യ.

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒരു കാലഘട്ടമായിരുന്നു നക്‌സലൈറ്റുകളുടെ രംഗപ്രവേശം. സമൂഹത്തിലെ അനീതികള്‍ക്കും അന്യായങ്ങള്‍ക്കുമെതിരെ പോരാടണം; കൊല്ലേണ്ടവനെ കൊല്ലണം എന്ന നിലയ്ക്ക് നിയമം കയ്യിലെടുത്ത ഒരുകൂട്ടം ചെറുപ്പക്കാര്‍ ഭരണാധികാരികളുടെ ഉറക്കം കെടുത്തി. പാവങ്ങളെ ചൂഷണം ചെയ്ത് തടിച്ചുകൊഴുത്ത പല താപ്പാനകളെയും അവര്‍ വകവരുത്തി. ഒടുവില്‍ അവരെ അടിച്ചൊതുക്കി ആ ഭീഷണി ഇല്ലാതാക്കി. അക്കൂട്ടത്തില്‍ കൊല്ലപ്പെട്ടതാണ് നക്‌സലൈറ്റ് നേതാവ് വര്‍ഗീസ്. പോലീസുമായുള്ള ഏറ്റുമുട്ടലാണ് മരണകാരണമെന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ആ കൊല നടത്തിയ ആള്‍ ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം കുറ്റസമ്മതം നടത്തി; തന്നെ ഭീഷണിപ്പെടുത്തിയ പോലീസ് മേലുദേ്യാഗസ്ഥര്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ചു ചെയ്യിക്കുകയായിരുന്നു എന്ന്. ആകെ പ്രശ്‌നമായി; ഒടുവില്‍ ആ ഉദേ്യാഗസ്ഥന് അഴിയെണ്ണേണ്ടി വന്നു.

ജൂതനായ കാറല്‍ മാര്‍ക്‌സ് അവതരിപ്പിച്ച മാര്‍ക്‌സിസം പതിറ്റാണ്ടുകള്‍ക്ക് ശേഷം റഷ്യയിലാണ് വമ്പന്‍ ചോരപ്പുഴയൊഴുക്കിയശേഷം നടപ്പിലാക്കപ്പെട്ടത്. അതോടെ പല രാഷ്ട്രങ്ങളും ആ വഴിക്ക് നീങ്ങി. സോവിയറ്റ് യൂണിയന്റെ പ്രോപഗണ്ട ഇങ്ങിവിടെ കേരളത്തില്‍ പോലുമെത്തി. എന്റെ ചെറുപ്പകാലത്ത് വ്യാപകമായി കണ്ടിരുന്ന 'സോവിയറ്റ് നാട്' (പേര് അതാണെന്നോര്‍മ) മാസികയ്ക്ക് വലിയ പ്രചാരമായിരുന്നു. സോവിയറ്റ് യൂണിയന്‍ സ്വര്‍ഗമാണെന്നായിരുന്നു കമ്യൂണിസ്റ്റുകള്‍ പ്രചരിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി പലതവണ പിളര്‍ന്നു. അതില്‍ ഒരുകൂട്ടര്‍ സായുധ വിപ്ലവത്തിന്റെ വക്താക്കളായി. അന്ന് അങ്ങനെ നക്‌സലൈറ്റുകളയവര്‍ പില്‍ക്കാലത്ത് നക്‌സലിസം മാത്രമല്ല, കമ്യൂണിസം തന്നെ കൈവിട്ടു. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് അഞ്ചെട്ടു രാഷ്ട്രങ്ങളായി തീര്‍ന്നു. കമ്യൂണിസത്തിന്റെ ആശയാടിത്തറകള്‍ക്ക് സ്വാഭാവികമരണം സംഭവിച്ചു. കമ്യൂണിസത്തിന്റെ ആശയങ്ങളൊന്നും പ്രയോഗികമല്ല എന്ന് കാലം തെളിയിച്ചു.

മനുഷ്യര്‍ രണ്ട് വിഭാഗമുണ്ട്. നന്മയുടെ ഭാഗത്തു നില്‍ക്കുന്നവര്‍ ഒരു വിഭാഗം. തിന്മയുടെ ഭാഗത്തു നില്‍ക്കുന്നവര്‍ മറ്റൊരു വിഭാഗം. ഈ രണ്ടുവിഭാഗങ്ങളുടെയും പ്രതീകങ്ങളായി ആദമി(അ)ന്റെ രണ്ട് മക്കളെ ക്വുര്‍ആന്‍ നമുക്ക് വരച്ചുകാണിച്ചുതരുന്നു. (നന്മയുടെയും തിന്മയുടെയും ഭാഗത്തു നിന്ന രണ്ടു തരം മനുഷ്യരെയും തുടക്കത്തില്‍ ഉദ്ധരിച്ച സംഭവത്തില്‍ നമുക്ക് കാണാം).

ക്വുര്‍ആന്‍ പറയുന്നു: ''നീ അവര്‍ക്ക് ആദമിന്റെ രണ്ട് പുത്രന്മാരുടെ വൃത്താന്തം സത്യപ്രകാരം ഓതിക്കേള്‍പ്പിക്കുക. അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം; ഒരാളില്‍നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മാറ്റവനില്‍നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: ഞാന്‍ നിന്നെ കൊലപ്പെടുത്തുകതന്നെ ചെയ്യും. അവന്‍ (ബലി സ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: ധര്‍മത്തിലുള്ളവരില്‍നിന്ന് മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളു. എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈ നീട്ടിയാല്‍ പോലും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെനേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവിനെ ഭയപ്പെടുന്നു. എന്റെ കുറ്റത്തിനും നിന്റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും അങ്ങനെ നീ നരകവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം. എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനായി തീര്‍ന്നു. അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടത് എങ്ങനെയെന്ന് അവന്നു കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെ പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായി തീര്‍ന്നു'' (ക്വുര്‍ആന്‍ 5:27-31).

ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ വിശദമായി ഈ കഥ പ്രതിപാദിക്കുന്നുണ്ട്. കൊലയിലേക്കെത്തിച്ച കാരണവും വിവരിക്കുന്നുണ്ട്. അത് ഇപ്പോള്‍ നമ്മുടെ ചിന്താവിഷയമല്ല. നന്മയുടെ പ്രതീകമായി ഹാബീലും, തിന്മയുടെ പ്രതീകമായി ഖാബീലും! പകയും അസൂയയും മൂത്ത് ഖാബീല്‍ കൊല്ലാനൊരുങ്ങുന്നതായി ഇവിടെ നമുക്ക് കാണാം. അവന്‍ കൊല്ലാന്‍ തയ്യാറെടുക്കുമ്പോള്‍ അതിനു പകരം ചെയ്യാനൊരുങ്ങാത്ത ഹാബീലിനെയും നമുക്കിവിടെ കാണാം. ഒരാള്‍ അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കുന്നു. മറ്റെയാള്‍ അക്രമം ചെയ്യാന്‍ തയ്യാറല്ല. ധര്‍മവും ന്യായവും വിട്ട് അയാള്‍ ഒന്നും ചെയ്യാന്‍ തയ്യാറല്ല. അങ്ങനെ അക്രമി സഹോദരനെ കൊന്നു. മനുഷ്യചരിത്രത്തിലെ ആദ്യത്തെ കൊല! മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നുവെന്ന കാര്യം അറിഞ്ഞപ്പോള്‍ മലക്കുകള്‍ സൃഷ്ടാവിനോട്, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുന്നവനുമായ മനുഷ്യനെ സൃഷ്ടിക്കുകയാണോയെന്ന് ചോദിച്ചിരുന്നു. മനുഷ്യന് പല കഴിവുകളുമുണ്ട്. നല്ലവഴിക്ക് പോയാല്‍ അവന്‍ ഉന്നതനും ഉത്തമനുമായിത്തീരും. ചീത്തവഴിക്ക് പോയാല്‍ അവന്‍ കുഴപ്പക്കാരനും അക്രമിയുമായിത്തീരും. മൃതദേഹം കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ അന്തംവിട്ട അക്രമി കാക്കയുടെ പ്രവൃത്തി അനുകരിക്കുന്ന ദയനീയ രംഗം ക്വുര്‍ആന്‍ വരച്ചുകാണിക്കുന്നത് ശ്രദ്ധിക്കുക.

എന്തുതരം അക്രമം നടക്കുന്നേടത്തും ഒരാള്‍ ആക്രമിയും മറ്റെയാള്‍ അക്രമിക്കപ്പെട്ടവനുമായിരിക്കും, മിക്കവാറും. അക്രമം, അനീതി, അന്യായം, അധര്‍മം ഒക്കെ ചെയ്യുന്നവര്‍ എല്ലാ രംഗത്തുമുണ്ട്. അവര്‍ക്ക് അവരുടെ ഉദ്ദേശ്യം നടന്നാല്‍ മതി. ലക്ഷ്യം നേടണം. തങ്ങളുടെ ആശകള്‍ നിറവേറ്റണം. ഇച്ഛകള്‍ സാക്ഷാത്കരിക്കപ്പെടണം. അതിന്ന് അവര്‍ എന്തും ചെയ്യും. അവര്‍ ചെയ്യുന്ന ദുഷ്‌കൃത്യങ്ങള്‍ക്ക് പല ന്യായീകരണങ്ങളും അവര്‍ കണ്ടെത്തും. അതിനു പിശാചിന്റെ ദുര്‍ബോധനം സകല പ്രേരണയും നല്‍കും. 'അവരുടെ പ്രവൃത്തികള്‍ പിശാച് അവര്‍ക്ക് ഭംഗിയാക്കി കാണിച്ചകൊടുത്തു' എന്ന വാക്കിലൂടെ ക്വുര്‍ആന്‍ പലയിടങ്ങളിലും ചൂണ്ടിക്കാണിച്ചത് ഇക്കാര്യമാണ്.

അക്രമത്തിലും അധര്‍മത്തിലും പൂണ്ടുപിടിച്ചവന്‍ പോകെപ്പോകെ അന്ധനും ബധിരനും ആയിത്തീരുമെന്ന് ക്വുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. നന്മ കാണാന്‍ അവനു കഴിയില്ല. അതാണ് അന്ധത. നല്ലത് അവന്റെ ചെവിയില്‍ കടക്കില്ല. അതാണ് ബധിരത. തന്റെ അക്രമപ്രവര്‍ത്തനം എത്ര ബുദ്ധിപരമായാണ് താന്‍ കൈകാര്യം ചെയ്തതെന്ന് അവനു തോന്നും. തന്നെപ്പറ്റി മതിപ്പ് തോന്നുമെന്ന് അര്‍ഥം. അവനെ നേരെയാക്കാന്‍ കഴിയില്ല.

ഭരണകൂടത്തിന്റെ അക്രമം നമുക്കിവിടെ കാണാം. അധികാരമുണ്ടെങ്കില്‍ എന്തുമാവാം എന്ന നിലപാട്. അത് ലോകമെമ്പടും നാം കാണുന്നു. ജനാധിപത്യം നിലനില്‍ക്കുന്ന നമ്മുടെ നാട് പോലും വ്യത്യസ്തമല്ല.

മറച്ചുവെച്ച സത്യം കുറേകാലം കഴിഞ്ഞാലും വെളിപ്പെടും എന്നതാണ് മറ്റൊരു കാര്യം. സത്യം ഒരുനാള്‍ പുറത്തുവരും. അസത്യത്തിനു നിലനില്‍പില്ല. ഇക്കാര്യവും ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മനസ്സിലെ കുറ്റബോധം വലിയൊരു വിഷയമാണ്. നീണ്ട സംവത്സരങ്ങള്‍ മനസ്സിലിട്ടു ഒതുക്കിപ്പിടിച്ച സത്യം അയാള്‍തന്നെ തുറന്നു പറഞ്ഞു. മനുഷ്യമനസ്സ് വല്ലാത്തൊരു പ്രതിഭാസമാണ്. അത് സര്‍വ ശക്തന്റെ നിയന്ത്രണത്തിലാണെന്നത് പലര്‍ക്കും അറിഞ്ഞുകൂടാ!