മനുഷ്യസൗഹാര്‍ദം; പ്രസക്തിയും പ്രായോഗികതയും

ടി.കെ.അശ്‌റഫ്

2021 ജൂലൈ 31 1442 ദുല്‍ഹിജ്ജ 20

ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ അതിവ്യാപനത്തോടെ ഇന്ത്യയില്‍ വന്നുചേര്‍ന്ന പ്രധാന ദുരിതങ്ങളിലൊന്ന് ബഹുസ്വര വിശ്വാസ സംസ്‌കൃതിയെ സംശയിക്കുന്നവരുടെ സംഖ്യ വര്‍ധിച്ചതാണ്. ഒരാള്‍ ബഹുസ്വരതക്കുവേണ്ടി നിലകൊള്ളുന്നുവെന്ന് പറയുമ്പോള്‍ അയാള്‍ക്ക് മറ്റെന്തെക്കെയോ താല്‍പര്യങ്ങളുണ്ടെന്ന് കരുതുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഒരാള്‍ മുസ്‌ലിമാണ് എന്നു പറയുന്നതിന് അയാള്‍ ഒരന്യമത വിരോധിയാണ് എന്ന അര്‍ഥം ഊഹിക്കുന്നവരുടെയും ഗണപ്പെരുപ്പം സംഭവിച്ചു.

ഒരു മുസ്‌ലിമിന് യഥാര്‍ഥ മുസ്‌ലിമായി ജീവിച്ചുകൊണ്ട് ഇതര മതസ്ഥരോട് സഹിഷ്ണുതയോടെ വര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് ചിന്തിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. യഥാര്‍ഥത്തില്‍ വേദഗ്രന്ഥത്തിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ തന്നെ, മത സഹിഷ്ണുവായിരിക്കാനും ഇതര മതസ്ഥരോട് സൗഹാര്‍ദം വെച്ചുപുലര്‍ത്താനും ബാധ്യസ്ഥനാണ് ഒരു യഥാര്‍ഥ മുസ്‌ലിം.

മുസ്‌ലിം പൊതുപ്രവര്‍ത്തകര്‍, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലുള്ളവര്‍, എഴുത്തുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരില്‍ വലിയൊരു വിഭാഗം ഇന്ന് തങ്ങളുടെ മതസഹിഷ്ണുതയുടെ മാറ്റിനെക്കുറിച്ച് സ്വയം സംശയത്തിലാണ്. സ്വന്തം വിശ്വാസ നിലപാടുകള്‍ യഥാവിധി തുറന്നുപറയുന്നിടത്ത് ബഹുസ്വരതക്കെതിരായ വളച്ചൊടിക്കലുകളുടെയും അതിവ്യാഖ്യാനങ്ങളുടെയും സാന്നിധ്യമുണ്ടാകുമോ എന്നവര്‍ ഭയപ്പെടുന്നു. 'അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണ്' എന്നത് ക്വുര്‍ആനിക പരാമര്‍ശമാണ്. എന്നാല്‍ 'ഈ പരാമര്‍ശം ഇതേപടി ബഹുസ്വര സമൂഹത്തില്‍ ഉറക്കെപ്പറഞ്ഞാല്‍ അത് മതസഹിഷ്ണുതക്കെതിരായിത്തീരുമോ?' എന്നതുപോലുള്ള സംശയങ്ങളാണ് അവരെ ഭരിക്കുന്നത്. 'ഞാന്‍ മതസഹിഷ്ണുതയുടെയും മതസൗഹാര്‍ദത്തിന്റെയും ആളാണ്' എന്ന് വരുത്തിത്തീര്‍ക്കുന്നതിനുവേണ് ടി സര്‍വമത സത്യവാദത്തിലെത്തുന്ന തരത്തിലുള്ള ആശയങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ ഏറ്റുപറയുകയോ, ക്വുര്‍ആനും പ്രവാചകാധ്യാപനങ്ങളും പഠിപ്പിച്ചിട്ടുള്ള പാഠങ്ങളെ അവഗണിക്കുകയോ, തിരസ്‌കരിക്കയോ ഒന്നും ചെയ്യേണ്ടതില്ല സമകാലിക മുസ്‌ലിംകള്‍. ബഹുമത സമൂഹത്തില്‍ യഥാര്‍ഥ മുസ്‌ലിമായി ജീവിച്ചുകൊണ്ട് തന്നെ മതസഹിഷ്ണുതയുടെയും മനുഷ്യ സൗഹാര്‍ദത്തിന്റെയും മികച്ച മാതൃകകളായിത്തീരാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കും; സാധിക്കേണ്ടതുണ്ട്.

മുസ്‌ലിംകള്‍ സ്വന്തം വിശ്വാസത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തന്നെ മറ്റു മതസ്ഥരോട് നല്ലനിലയില്‍ വര്‍ത്തിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലുള്ള ബഹുമത സമൂഹത്തില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മതവിശ്വാസം പരസ്പരം പങ്കുവെച്ചുകൊണ്ടല്ല ഈ സൗഹൃദം സാധ്യമാക്കേണ്ടത്. രണ്ട് വിരുദ്ധാശയങ്ങള്‍ പരസ്പരം ലയിക്കുമ്പോള്‍ രണ്ടുമല്ലാത്ത മൂന്നാമതൊരാശയമാണ് ഉണ്ടാകുന്നത്. പിന്നീട് സൗഹാര്‍ദത്തിന്റെ ആവശ്യം അവിടെ ഉയരുന്നില്ല. രണ്ട് ആശയങ്ങളും സ്വന്തം ചേരിയില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് സൗഹൃദത്തിന്റെ സാധ്യതതന്നെ ഉണ്ടാവുന്നത്. 'നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്കെന്റെ മതം' എന്നതാണ് ക്വുര്‍ആനിക നിലപാട്. മനുഷ്യസൗഹാര്‍ദമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്.

അവിശ്വാസിയാവുക എന്നത് മാനുഷികമായ നീതിക്ക് ഒരാളെ അര്‍ഹമല്ലാതാക്കുന്നില്ല. മനുഷ്യന്‍ എന്ന നിലയില്‍ എല്ലാ മനുഷ്യജീവികളോടും നീതിപൂര്‍വം വര്‍ത്തിക്കുവാന്‍  മുസ്‌ലിംകളെല്ലാം ബാധ്യസ്ഥരാണ്. ഇസ്‌ലാം അംഗീകരിക്കാത്തതിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തോട് മാനവിക നീതിയാവശ്യമില്ലെന്ന് ക്വുര്‍ആന്‍ പറയുന്നില്ല. ആദര്‍ശപരമോ നയപരമോ ആയ ഭിന്നിപ്പുകളുടെ അടിസ്ഥാനത്തില്‍ അനീതി കാണിക്കുന്നതിന് ഇസ്‌ലാം എതിരാണ്.  

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതികാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (ക്വുര്‍ആന്‍ 60:8).

''പറയുക എന്റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്പിച്ചിരിക്കുന്നത്...'' (ക്വുര്‍ആന്‍ 7:29).

''തീര്‍ച്ചയായും അല്ലാഹു കല്‍പിക്കുന്നത് നീതിപാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്. അവന്‍ വിലക്കുന്നത് നീചവൃത്തിയില്‍നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍നിന്നുമാണ്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നു'' (ക്വുര്‍ആന്‍ 16:90).

മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധത്തിന് വരാത്തവരും വീട്ടില്‍നിന്ന് പുറത്താക്കാത്തവരുമായ ഏതൊരാള്‍ക്കും നന്മ ചെയ്ത് കൊടുക്കണമെന്നും അവരോട് നീതിപൂര്‍വം പെരുമാറണമെന്നും പഠിപ്പിക്കുന്ന ക്വുര്‍ആനിന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് ഇതര മതസ്ഥരോട് മനുഷ്യത്വരഹിതമായി പെരുമാറുവാന്‍ കഴിയുക?

നീതിയും നന്മയും പൊതുവായ ദൈവികാനുഗ്രഹമാണെന്നും ഒരു വിശ്വാസിക്കും അവിശ്വാസിക്കുമിടയിലെ ആദര്‍ശവൈജാത്യം ആ പൊതു അനുഗ്രഹം നിഷേധിക്കാന്‍ കാരണമല്ലെന്നുമാണ് ക്വുര്‍ആന്‍ പറയുന്നത്. നീതിയുടെ മാനവ വീക്ഷണം നിഷേധിക്കപ്പെട്ടതാണ് ഇസ്‌ലാം ഒഴിച്ചുള്ള മതങ്ങളുടെ പരാജയമെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. തോമസ് ആല്‍ഫ്രഡ്, തന്റെ 'വേള്‍ഡ് റിലിജ്യന്‍സ് ആന്റ് സെക്കുലര്‍ ഹ്യൂമനിസം' എന്ന കൃതിയില്‍ എഴുതുന്നു: ''നീതിയുടെ സാര്‍വത്രിക സ്വഭാവവും നന്മയുടെ സാര്‍വജനീനതയുമാണ് ശുദ്ധമാനവികതയുടെ അടിസ്ഥാന സ്തംഭങ്ങള്‍. ഇവ കണ്ടെത്തുന്നതിലും തിരിച്ചറിയുന്നതിലും  ഉള്‍ക്കൊള്ളുന്നതിലും വിവിധ മതങ്ങള്‍ക്കു സംഭവിച്ച പരാജയമാണ് ലോകത്ത് അശാന്തിയുടെയും വിദ്വേഷത്തിന്റെയും വിത്തുവിതച്ചത്. എന്നാല്‍ ഇസ്‌ലാം ഈ രംഗത്തു സവിശേഷ സമീപനം പ്രകടിപ്പിച്ചു. നന്മയുടെയും നീതിയുടെയും അര്‍ഹതയില്‍നിന്ന് പൊതുസമൂഹത്തെയോ ഏതാനും വ്യക്തികളെയോ തടയുവാന്‍ അനിസ്‌സ്‌ലാമികതയോ, ഇസ്‌ലാമുമായുള്ള വിയോജിപ്പോ അടിസ്ഥാന കാരണങ്ങളല്ലെന്ന് ഇസ്‌ലാമിന്റെ വേദഗ്രന്ഥമായ ക്വുര്‍ആന്‍ മാനവരാശിയെ പഠിപ്പിച്ചിട്ടുണ്ട്'' (പേജ് 74-75, ഹ്യൂമനിസ്റ്റ് പ്രസ് ഇന്റര്‍ നാഷണല്‍, ലണ്ടന്‍, 1989).

അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ മതം നോക്കിയല്ല ഒരു മുസ്‌ലിം സഹായിക്കേണ്ടത്. തൊട്ടടുത്ത വീട് അഗ്നിക്കിരയാകുമ്പോള്‍ മതത്തിന്റെ നിറം പരിഗണിച്ചല്ല തീ കെടുത്തേണ്ടത്. ആക്‌സിഡന്റില്‍ രക്തം വാര്‍ന്നൊലിക്കുന്നവന്റെ ജാതിയന്വേഷിച്ചല്ല അവനെ ആശുപത്രിയിലെത്തിക്കേണ്ടത്. പച്ചക്കരളുള്ള ഏതൊരു ജീവിക്കും കരുണ ചെയ്യണമെന്നാണ് ഇസ്‌ലാമികാധ്യാപനം.

ഇസ്‌ലാമിന്റെ മധ്യമ നിലപാട്  

മനുഷ്യരെ കഷ്ടപ്പെടുത്തുന്ന ഒരു നിയമവും ക്വുര്‍ആനിലും സുന്നത്തിലുമില്ല. മതം എളുപ്പമാണ് ഉദ്ദേശിക്കുന്നത്. തീവ്രതയിലേക്ക് വലിച്ചിഴക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവനെ മതം പരാജയപ്പെടുത്തും. മതത്തിന്റെ പേരില്‍ പ്രമാണങ്ങളിലില്ലാത്തത് ചെയ്യുന്നവര്‍ മതത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. നിര്‍ബന്ധമായി ചെയ്യേണ്ടതും കഴിവിനനുസരിച്ച് പരമാവധി ചെയ്യാന്‍ ശ്രമിക്കേണ്ട ഐഛികമായ കാര്യങ്ങളും മതത്തിലുണ്ട്. ഇവ രണ്ടിനോടും ഒരേ സമീപനമല്ല വേണ്ടത്. നിര്‍ബന്ധമായതില്‍ വീഴ്ച വരുത്തുന്നത് അതീവ ഗൗരവമാണ്. ഐഛികമായ നന്‍മകളെ നിര്‍ബന്ധത്തിന്റെ പിരിധിയിലേക്ക് കൊണ്ടുവന്നാല്‍ മതം അപ്രായോഗികവും ഭാരമേറിയതുമായി വിലയിരുത്തപ്പെടും. താന്‍ അനുഷ്ഠിക്കുന്ന മുഴുവന്‍ ഐഛിക കര്‍മങ്ങളും എല്ലാവരും നിര്‍വഹിക്കണമെന്ന് ആഗ്രഹിക്കാമെങ്കിലും, അതിന് മറ്റുള്ളവരെ നിര്‍ബന്ധിക്കുന്നതും അങ്ങനെ ചെയ്യാത്തവരെ കുറ്റക്കാരായി വീക്ഷിക്കുന്നതും ശരിയല്ല.

അടിസ്ഥാന ബാധ്യതകള്‍ അവഗണിച്ച് ആരാധനകളില്‍ മുഴുകുന്നതും ഇതുപോലെത്തന്നെയാണ്. അല്ലാഹുവിനോടുള്ള മുഖ്യമായ ബാധ്യത വിസ്മരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ നീക്കിവെക്കുകയും മെഴുകുതിരിപോലെ കത്തിത്തീരുകയും ചെയ്യുന്നവരും, അല്ലാഹുവിലേക്ക് അടുക്കാനായി ആരാധനകളില്‍ മുഴുകി സ്വന്തത്തെയും കൂടെയുള്ളവരെയും വിസ്മരിച്ച് സമൂഹത്തില്‍നിന്ന് അകന്ന് ജീവിക്കുന്നവരും മതത്തില്‍ അതിരുകവിഞ്ഞവരാണ്. കഴിവും പ്രാപ്തിയുമുണ്ടെങ്കില്‍ മതാനുഷ്ഠാനങ്ങളില്‍ പരമാവധി മുന്‍കടക്കാന്‍ പരിശ്രമിക്കണം. എന്നാല്‍ ദുര്‍ബലര്‍കൂടി ഉള്‍കൊള്ളുന്ന അനുഷ്ഠാനങ്ങളാണ് നാം നിര്‍വഹിക്കുന്നതെങ്കില്‍ അവരെക്കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്.

ഒറ്റക്ക് നമസ്‌കരിക്കുമ്പോള്‍ (പ്രത്യേകിച്ച് രാത്രിയില്‍) ദീര്‍ഘിപ്പിക്കുന്നത് നല്ലതാണ്. എന്നാല്‍ വൃദ്ധരും കുട്ടികളുമടങ്ങുന്നവര്‍ക്ക് ഇമാമായി നമസ്‌കരിക്കുമ്പോള്‍ അവരെക്കൂടി പരിഗണിക്കണം. പ്രവാചകന്‍ ﷺ കുട്ടികളുടെ കരച്ചില്‍ കേട്ടപ്പോള്‍ നമസ്‌കാരം ലഘൂകരിച്ചത് ഇതിനുദാഹരണമാണ്. ഭര്‍ത്താവ് വീട്ടുലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെയാവണം ഭാര്യ സുന്നത്ത് നോമ്പനുഷ്ഠിക്കേണ്ടതെന്ന നിര്‍ദേശത്തിലും ഈ ആശയം തന്നെയാണ് വ്യക്തമാവുന്നത്. മതം ജീവിതത്തില്‍ നിലനില്‍ക്കണമെങ്കില്‍ അവധാനതയോടെ ഉള്‍കൊള്ളുകയും ആത്മാര്‍ഥമായി അനുഷ്ഠിക്കുകയും വേണം. ആവേശത്തിന്റെ പേരില്‍ ആരംഭിക്കുന്ന നന്മകള്‍ക്ക് അല്‍പായുസ്സ് മാത്രമെ ഉണ്ടാവുകയുള്ളൂ. കഴിവില്‍ പെടാത്തത് വൈകാരികമായി ഏറ്റെടുത്ത് ചുരുങ്ങിയകാലം അനുഷ്ഠിച്ച ശേഷം ഉപേക്ഷിക്കുകയും നിര്‍ബന്ധകര്‍മങ്ങള്‍ പോലും വിസ്മരിക്കുകയും ചെയ്യുന്ന പ്രവണത അപകടത്തിലേക്കാണ് നയിക്കുക.

പ്രവാചകാധ്യാപനങ്ങളെ പരിഹസിക്കരുത്

ജീവിതത്തില്‍ ആത്മാര്‍ഥമായി പാലിക്കുന്ന ശക്തമായ സുന്നത്തുകളെ മിതത്വത്തിന്റെ മറവില്‍ നിസ്സാരമായി കാണുന്ന പ്രവണത തിരുത്തേണ്ടതാണ്. നിരവധി ഹദീഥുകളില്‍ സ്ഥിരപ്പെട്ട; താടിവളര്‍ത്തുക, മീശവെട്ടുകയെന്ന സംസ്‌കാരം സ്വീകരിച്ചതിന്റെ പേരില്‍ ബാര്‍ബര്‍ ഷാപ്പിന്റെ മൂലയില്‍ മുഖം കുത്തിവീണ് എഴുന്നേറ്റവനെപോലെയെന്ന് പരിഹസിക്കുന്നത് പ്രവാചകന് നേരെയുള്ള കടന്നാക്രമണമാണ്. താടിനീട്ടല്‍ മുസ്‌ലിം പുരുഷന്റെ പ്രകൃതത്തില്‍ പെട്ടതാണ്. താടി വടിക്കലാണ് പ്രകൃതിവിരുദ്ധം, പ്രയാസകരം. മിതത്വത്തിന്റെയും എളുപ്പത്തിന്റെയും 'ന്യായ'ത്തില്‍ ഒഴിവാക്കാന്‍ ന്യായമില്ല. തൗഹീദ് സ്വീകരിച്ച വ്യക്തി താടിയില്ലാത്തവനാണെങ്കില്‍ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിന് പകരം പ്രവാചക വചനങ്ങള്‍ ബോധ്യപ്പെടുത്തുന്ന ഗുണകാംക്ഷ നിറഞ്ഞ നിലപാടാണ് സ്വീകരിക്കേണ്ടത്. ക്രമേണ ജീവിതത്തിലുണ്ടാവേണ്ട നന്മയാണിത്. താടിയെ തീവ്രവാദത്തിന്റെ അടയാളമായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ഇസ്‌ലാം വിരോധികള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാല്‍ താടിയൊഴിവാക്കലാണ് ഇതിന് പരിഹാരമെന്ന് ചിലര്‍ പറയാതെ പറയുന്നു. നമസ്‌കാരത്തഴമ്പും ഇസ്‌ലാമികാഭിവാദ്യങ്ങളും സ്ത്രീകളുടെ ശിരോവസ്ത്രവും ഞെരിയാണിക്ക് താഴെയിറങ്ങാത്ത പുരുഷവസ്ത്രവുമെല്ലാം തീവ്രതയുടെ അടയാളമായി പറയാന്‍ തുടങ്ങിയാല്‍ ഇതെല്ലാം ഒഴിവാക്കിക്കൊണ്ട് 'നിരപരാധിത്വം' തെളിയിക്കാന്‍ വിശ്വാസിക്ക് സാധിക്കുമോ?

കച്ചവടം, ഭൗതികമായ പുരോഗതികള്‍, ധനസമ്പാദനം, പ്രശസ്തി, എന്നിവക്കായി ദീര്‍ഘയാത്ര നടത്തുകയും വര്‍ഷങ്ങളായി വീട്ടില്‍നിന്ന് വിട്ടുനില്‍ക്കുകയും രാത്രി വൈകി വീട്ടിലെത്തുകയും കുടുംബത്തെ കാണാന്‍പോലും സ്വസ്ഥമായ സമയം ലഭിക്കാതെ തിരക്കുപിടിച്ച ജീവിതം നയിക്കുകയും ചെയ്യുന്നവരെ ആരും അതിന്റെ പേരില്‍ ആക്ഷേപിക്കുകയോ പണസമ്പാദനം നിര്‍ത്തിവെക്കണമെന്ന് ഉപദേശിക്കുകയോ ചെയ്യാറില്ല. എന്നാല്‍ മതരംഗത്ത് ശ്രദ്ധിക്കുകയും കൃത്യമായി ജമാഅത്തിന് പങ്കെടുക്കുകയും സുന്നത്ത് നമസ്‌കാരങ്ങളും നോമ്പും അനുഷ്ഠിക്കുകയും സകാത്ത് നല്‍കുകയും പ്രബോധനത്തിനായി സമയം നീക്കിവെക്കുകയും അതിനായി ദീര്‍ഘയാത്രനടത്തുകയും ധനംചെലവഴിക്കുകയും സുന്നത്തില്‍ നിഷ്ഠ പാലിക്കുകയും ചെയ്യുന്നവനെ മതത്തില്‍ തീവ്രതയുള്ളവനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. ഐഛികമായ കര്‍മങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ പലകാരണങ്ങളാല്‍ കഴിയാത്തവര്‍ അനുഷ്ഠിക്കുന്നവരെ അനുഷ്ഠാന തീവ്രതയുള്ളവരായി കാണുകയും പരിഹസിക്കുകയും ചെയ്യുന്ന ശൈലി വിശ്വാസികള്‍ക്ക് കരണീയമല്ല. തീവ്രതയെ തിരിച്ചറിയുന്നതിലും തീവ്രത പാടില്ല.