ജീവനും ജീവിതവും

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2021 ആഗസ്ത് 21 1442 മുഹര്‍റം 12

ഭൂമിയിലെ ഉല്‍കൃഷ്ട സൃഷ്ടിയാണ് മനുഷ്യന്‍. നന്മകള്‍ ചെയ്ത് ഉന്നതനാവാനും തിന്മകള്‍ ചെയ്ത് അധമനാവാനും അവന് സാധിക്കും. മനുഷ്യന് ദൈവം നല്‍കിയ അമൂല്യനിധിയാണ് ഇഹലോകത്തെ ജീവിതം. ഒരു മനുഷ്യനും തന്റെ ഇഷ്ടപ്രകാരമല്ല ഈ ലോകത്ത് മാതാവിന്റെ ഗര്‍ഭാശയത്തില്‍നിന്ന് പിറന്നുവീണത്, മറിച്ച് ഭൂമിയില്‍ മനുഷ്യന് എല്ലാവിധ സുഖസൗകര്യങ്ങളും സംവിധാനിച്ച ദൈവത്തിന്റെ തീരുമാനപ്രകാരമാണത് സംഭവിച്ചത്. അതുകൊണ്ട്തന്നെ ദൈവാനുഗ്രഹമായ ഈ ജീവനും ജീവിതവും മനുഷ്യന്‍ വിചാരിക്കുമ്പോള്‍ അവസാനിപ്പിക്കാവതല്ല. മാനവര്‍ക്കായി സ്രഷ്ടാവ് അവതരിപ്പിച്ച സത്യമതത്തിന്റെ പ്രമാണങ്ങള്‍ ഇതാണ് പഠിപ്പിക്കുന്നത്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:

''നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു'' (അന്നിസാഅ്: 29).

''അല്ലാഹു പവിത്രത നല്‍കിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്നപക്ഷം അവന്റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാന്‍) അധികാരം വെച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ അവന്‍ കൊലയില്‍ അതിരുകവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു'' (അല്‍ഇസ്‌റാഅ്: 33).

''(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെമേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്...'' (അല്‍അന്‍ആം: 151).

''ദാരിദ്ര്യഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു''(അല്‍ഇസ്‌റാഅ്: 31).

നമ്മുടെ നാട്ടില്‍ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ആത്മഹത്യ ചെയ്തു ജീവിതം അവസാനിപ്പിക്കുന്ന പ്രവണത നാള്‍ക്കുനാള്‍ കൂടിവരികയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ട കാമുകന് സ്വയം സമര്‍പ്പിച്ച് അവസാനം വഞ്ചിക്കപ്പെടുമ്പോള്‍ ഒരുമുഴം കയറിലോ, ഒരു തുള്ളി വിഷം കഴിച്ചോ, ട്രെയ്‌നിന് മുന്നില്‍ ചാടിയോ, കായലില്‍ ചാടിയോ ജീവിതം അവസാനിപ്പിക്കുന്നവര്‍... ഇഷ്ടപ്പെട്ടവര്‍ മരണപ്പെടുകയോ, വധിക്കപ്പെടുകയോ ചെയ്യുമ്പോള്‍ അതില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവര്‍, പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കില്‍, മാതാപിതാക്കള്‍ ഗുണദോഷിച്ചാല്‍, അധ്യാപകര്‍ ഉപദേശിക്കുമ്പോള്‍, പണം കടംവാങ്ങിയ ശേഷം തിരിച്ചുനല്‍കാന്‍ കഴിയാതിരിക്കുമ്പോള്‍, ജോലി നഷ്ടപ്പെടുകയോ ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍, ഇഷ്ടപ്പെട്ടവരില്‍നിന്ന് പ്രതീക്ഷിക്കാത്തവിധത്തിലുള്ള സമീപനം കാണുമ്പോള്‍, രോഗം പിടിപെട്ടാല്‍, ഗെയ്മില്‍ പരാജയപ്പെടുമ്പോള്‍, മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതിനാല്‍... തുടങ്ങി പലവിധ കാരണങ്ങളാല്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമെല്ലാം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നതായി കണ്ടുവരുന്നു.  

ഇവരെല്ലാം ജീവന്റെ വിലയറിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്. ഈയടുത്താണല്ലോ ഒരുവയസ്സ് പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുവാനായിയുള്ള ഒരു ഡോസ് മരുന്നിനു വേണ്ടി കേരളജനത ഒന്നിച്ചു പരിശ്രമിച്ച് പതിനെട്ട് കോടി രൂപ സമാഹരിച്ചത്. ഇങ്ങനെ എത്ര കോടികള്‍ പലരുടെയും ജീവനുവേണ്ടി മനുഷ്യര്‍ ചെലവഴിക്കുന്നു...!

സഹജീവികളോട് കരുണ കാണിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന എത്രയോ സാമൂഹ്യസേവന സംഘങ്ങളുണ്ട് നമ്മുടെ നാട്ടില്‍. അവയുടെ പ്രവര്‍ത്തകര്‍ എത്രസമയം ചെലവഴിക്കുന്നു, എത്ര കോടികള്‍ സംഘടിപ്പിക്കുന്നു ജീവന്‍ രക്ഷിക്കുവാനും മറ്റു പ്രയാസങ്ങള്‍ അകറ്റാനുമായി!

കിഡ്‌നി തകരാറിലായ രോഗികളുടെ ജീവന്‍ അല്‍പകാലത്തേക്കെങ്കിലും പിടിച്ചുനിര്‍ത്താനായി  ഡയാലിസിസ് ചെയ്യുവാന്‍ അവരുടെ ബന്ധുക്കള്‍ എത്ര ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്!

നമ്മള്‍ അബോധാവസ്ഥയിലാണെങ്കിലും മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയം ഒന്ന് നിലയ്ക്കുകയോ, അതിലേക്കുളള രക്തക്കുഴലുകള്‍ ഒന്ന് അടഞ്ഞ് പോവുകയോ ചെയ്താലുളള ചികില്‍സ വളരെ ചെലവേറിയതാണെന്ന് നമുക്കറിയാമല്ലോ.

ഏതെങ്കിലും അവയവത്തിന് ക്യാന്‍സര്‍ ബാധിച്ചാല്‍ രോഗി അനുഭവിക്കുന്ന മനാസികവും ശാരീരികവുമായ വേദന എത്രയാണ്! അതിന്റെ ചികിത്സ എത്ര ചെലവേറിയതാണ്!

ഓരോ രാജ്യവും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി ദിവസവും ചെലവഴിക്കുന്നത് എത്ര കോടികളായിരിക്കും! ആരോഗ്യ പരിപാലനത്തിനായി ഉണ്ടാക്കുന്ന മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, നഴ്‌സുമാര്‍... എത്രയെത്ര!

രാഷ്ട്ര നായകരുടെയും ഉന്നതരുടെയും ജീവന്‍ സംരക്ഷിക്കാന്‍ ഓരോ രാജ്യവും ചെലവഴിക്കുന്ന കോടികള്‍ എത്രയായിരിക്കുമെന്ന് നാം ആലോചിച്ചിട്ടുണ്ടോ?

കളിക്കുന്നതിനിടയില്‍ അബദ്ധത്താല്‍ കുഴല്‍ക്കിണറില്‍ കുട്ടികള്‍ വീണതിന്റെ ദയനീയ വാര്‍ത്തകള്‍ ധാരാളം നാം കേട്ടിട്ടുണ്ട്. ആ കുരുന്നുജീവനുകളെ രക്ഷിക്കാന്‍ ഭീമമായ തുകകള്‍ ചെലവഴിക്കാറുണ്ട്. എന്നാലും മിക്ക ശ്രമങ്ങളും പരാജയപ്പൊറാണ് പതിവ്.

പുഴയില്‍ കുളിക്കാനിറങ്ങി ശക്തമായ ചുഴിയിലോ അടിയൊഴുക്കിലോ പെട്ടവരെ രക്ഷിക്കുവാനോ, മുങ്ങിമരിച്ചവരുടെ ജഡം കണ്ടെത്തുവാനോ ആയി എത്രയാളുകള്‍ എത്ര സമയമാണ് പാടുപെടാറുള്ളത്!

പ്രകൃതിദുരന്തങ്ങളും വാഹനാപകടങ്ങളും ഉണ്ടാകുമ്പോള്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്ര സമ്പത്തും സമയവുമാണ് ചെലവഴിക്കപ്പെടുന്നത്!

കൊലപാതകങ്ങള്‍ നടത്തിയവരെ കണ്ടുപിടിക്കാനായി ഓരോ രാജ്യത്തും പ്രവര്‍ത്തിക്കുന്ന കുറ്റാന്വേഷണ വിഭാഗം ചെലവഴിക്കുന്ന സയമയവും സമ്പത്തും എത്രയാണെന്ന് നാം ആലോചിച്ചിട്ടുണ്ടോ?

ലോകത്തെയാകമാനം പിടിച്ചുകുലുക്കിയ 'കോവിഡ്-19' എന്ന മഹാമാരിയില്‍നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ ഓരോ രാജ്യവും എത്ര ദിവസമാണ് ലോക്ക്ഡൗണ്‍ എന്ന പേരില്‍ അടച്ചിട്ടത്. അക്കാരണത്താല്‍ എത്ര കോടികളായിരിക്കും ഓരോ രാജ്യത്തിനുമുണ്ടായ നഷ്ടം! എത്ര സമ്പത്തായിരിക്കും രോഗനിര്‍ണയത്തിനും പ്രതിരോധ കുത്തിവയ്പിനും മറ്റുമായി ചെലവഴിച്ചിരിക്കുക!

അപ്പോള്‍ ചിന്തിക്കുക; ഓരോ മനുഷ്യജീവന്റെയും വിലയെത്രയാണെന്ന്. ഇത്രയും മൂല്യവും വിലയുമുള്ള ഈ ജീവനും ജീവിതവും ചെറുതോ വലുതോ ആയ പ്രശ്‌നങ്ങള്‍ കാരണത്താല്‍ ഹനിക്കല്‍ എത്രമാത്രം വലിയ പാതകമാണ്!

മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് ആര്‍ജിച്ചെടുത്താലേ ഈ വിപത്തില്‍നിന്ന് രക്ഷപ്പെടാനാവൂ. വിശ്വാസികള്‍ക്ക് മനസ്സിനെ നിയന്ത്രിക്കാനാവുക ദൈവസ്മരണയിലൂടെയാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നത് കാണുക:

''അതായത് വിശ്വസിക്കുകയും അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്'' (അര്‍റഅ്ദ്: 28).

വിശ്വാസികള്‍ക്ക് മനസ്സിനെ നിന്ത്രിക്കാനുള്ള മാര്‍ഗങ്ങളില്‍ പെട്ടതാണ് പരലോക ചിന്തയെന്നത്; നമുക്ക് ജീവനും ജീവിതവും നല്‍കിയതാരോ അവന്‍ ഇവിടെയുള്ള പ്രയാസങ്ങളില്‍ ക്ഷമ കൈക്കൊണ്ടു ജീവിച്ചവര്‍ക്ക്  തക്കതായ പ്രതിഫലം നാളെ പരലോകത്തുെവച്ച് നല്‍കുമെന്ന വിശ്വാസം. അതാണ് സ്രഷ്ടാവ് പ്രവാചകരിലൂടെ അവതരിപ്പിച്ച വേദഗ്രന്ഥങ്ങള്‍ മനുഷ്യരെ പഠിപ്പിക്കുന്നത്.

ആരാണോ സ്വന്തത്തെ ആഹുതി ചെയ്യുന്നത് അവന്ന് പരലോകത്ത് സ്രഷ്ടാവ് നിശ്ചയിച്ച ഭീകരമായ ശിക്ഷയെക്കുറിച്ചു പരാമര്‍ശിക്കുന്ന പ്രവാചകവചനവും വിശ്വാസികള്‍ക്ക് ആത്മഹത്യയെ തടയുന്ന ഒരു പരിചയാണ്.

ഓരോ മനുഷ്യനും തന്നെ സൃഷ്ടിച്ച്, സംരക്ഷിച്ചുകൊണ്ടിരിക്കുന്നതാരാണെന്ന് മനസ്സിലാക്കി, അവനെ മാത്രം ആരാധിച്ച്, അവനില്‍ മാത്രം ഭരമേല്‍പിച്ച്, അവന്റെ നിയമങ്ങളും നിര്‍ദേശങ്ങളും മനസ്സിലാക്കി, അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ഇങ്ങനെയുള്ള ദുരന്തങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.