നാസ്തികര്‍ ചരിത്രം വായിക്കുമോ?

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29

ഈയടുത്ത കാലത്ത് കാനഡയിലെ ഒന്റാരിയോയില്‍ മുസ്‌ലിം കുടുംബത്തിന് നേരെ നടന്ന ഒരു ആക്രമണത്തെക്കുറിച്ച് പത്രമാധ്യമങ്ങളിലൂടെ നാം വായിച്ചിരുന്നു. അത് ഇസ്‌ലാമോഫോബിയയുടെ ഭാഗമാണ് എന്ന് കനേഡിയന്‍ പ്രസിഡന്റ് പറയുകയും ചെയ്തു.

ആ വിഷയത്തില്‍ കേരളത്തിലെ നാസ്തികാചര്യനായ രവിചന്ദ്രന്‍ ഒരു പോസ്‌റ്റെഴുതി അദ്ദേഹത്തിന്റെതന്നെ മുഖപുസ്തകത്തിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

അതിലദ്ദേഹം എഴുതിയത് ആ ആക്രമണം നടത്തിയ വ്യക്തിയുടെ തലച്ചോറില്‍ 'ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട മതം എന്ന സോഫ്റ്റ് വെയറാണ്' ആ കൊലയാളിയെക്കൊണ്ട് ആ ക്രൂരത ചെയ്യിപ്പിച്ചത് എന്നാണ്! ഇവിടെ എന്താണ് രവിചന്ദ്രന്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്!

നെഥാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന ആ കൊലയാളി മതം ഉപേക്ഷിച്ച് ജീവിച്ചിരുന്നുവെങ്കില്‍ അവന്‍ അത്തരം അ്രകമം നടത്തുമായിരുന്നില്ല എന്നാണല്ലോ രവിചന്ദ്രന്‍ ഉദ്ദേശിച്ചത്!

മതമാണ് സര്‍വ പ്രശ്‌നങ്ങളുടെയും മൂലകാരണമെന്നും അതിനാല്‍ എല്ലാവരും മതമുപേക്ഷിച്ച് മനുഷ്യരാകണമെന്ന് വാദിക്കുന്ന നാസ്തികരോടും കൂട്ടത്തില്‍ രവിചന്ദ്രനോടും ഈ സന്ദര്‍ഭത്തില്‍ നമുക്ക് ചോദിക്കാനുള്ളത് നാസ്തികര്‍ ചരിത്രം വായിക്കാന്‍ ഒരുക്കമുണ്ടോ എന്നാണ്.

'മതമുപേക്ഷിക്കൂ, മനുഷ്യരാകൂ' എന്ന് ഊണിലും ഉറക്കിലും പറയുന്നവര്‍ മതമുപേക്ഷിച്ച, നിരീശ്വര വാദികളായിരുന്ന ഭരണാധികാരികള്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത രീതിയില്‍ ചെയ്തുകൂട്ടിയ ക്രൂരതകളുടെ കണക്കു നോക്കാനോ അറിയാനോ മനസ്സ് കാണിക്കാറില്ല എന്നതാണ് വാസ്തവം.

സോവിയറ്റ് യൂണിയനെ നയിച്ച കമ്യുണിസ്റ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്‍ തന്റെ ഭരണചക്രം തിരിക്കുന്ന കാലത്ത് കൊന്നുകളഞ്ഞത് രണ്ടര കോടി ജനങ്ങളെയാണ്! അദ്ദേഹം ഒരു മതവിശ്വാസിയായിരുന്നില്ല. 1888ല്‍ ഗോരി ചര്‍ച്ച് സ്‌കൂളില്‍ ചേര്‍ന്ന് ഒരു പുരോഹിതനായി ദൈവശാസ്ത്രം പഠിക്കുന്നതിന് പകരം കാറല്‍ മാര്‍ക്‌സിന്റെ തത്ത്വചിന്തകള്‍ വായിക്കാനായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ താത്പര്യം.

സ്റ്റാലിന്‍ കൂടുതല്‍ സമയവും വിപ്ലവ ചിന്തകള്‍ ഉള്‍കൊള്ളുന്ന കൃതികള്‍ വായിക്കാന്‍ ഇഷ്ടപ്പെട്ട ഒരാളായിരുന്നു. സ്റ്റാലിന്റെ അമ്മ പള്ളിയും ഭക്തിയുമൊക്കെയായി കഴിഞ്ഞിരുന്ന ഒരു സ്ത്രീയായിരുന്നു. എന്നാല്‍ അവരുടെ ഇഷ്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും തീര്‍ത്തും എതിരായിട്ടാണ് മകന്‍ വളര്‍ന്നത്. അദ്ദേഹം കറകളഞ്ഞ ഒന്നാന്തരം നിരീശ്വരവാദിയായിരുന്നു എന്ന് ചരിത്രം നമ്മോട് പറയുന്നു.

പ്രാചീന ചൈനയുടെയും ആധുനിക ചൈനയുടെയും ചെയര്‍മാന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരാളാണ് മാവോ സേതൂങ്. ഗറില്ല യുദ്ധത്തിലൂടെ ചൈനയെ ഇന്ന് നാം കാണുന്ന രീതിയിലുള്ള ആധുനിക ചൈനയാക്കി മാറ്റിയ മാവോ സേതൂങ് അതിന്റെ പേരില്‍ കോടിക്കണക്കിന് ജനങ്ങളെയാണ് കൊന്നുതള്ളിയത്!

1923 കാലഘട്ടത്തില്‍ 'ഹിന്ദുത്വ' എന്ന പേരില്‍ ഒരു പുസ്തകം രചിക്കുകയും ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമാണ് എന്ന് പ്രഖ്യാപിക്കുകയും അതുകൊണ്ട് വൈദേശിക മതക്കാര്‍ എന്ന് അവര്‍ പറയുന്ന മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉന്മൂലനം ചെയ്യപ്പെടണം എന്ന് വാദിക്കുകയും ചെയ്ത വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഒരു നിരീശ്വരവാദിയായിരുന്നു എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്.

ബെറൈറ്റ പിസ്റ്റള്‍ ഉപയോഗിച്ച് രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് കാഞ്ചിവലിച്ചത് നാഥുറാം വിനായക് ഗോഡ്‌സെ ആണെങ്കിലും അതിനുള്ള എല്ലാവിധ സഹായങ്ങളും മാനസികവും ശാരീരികവുമായ പരിശീലനങ്ങളും നല്‍കിയത് ഈ പറയുന്ന നിരീശ്വരവാദിയായ, മതവിശ്വാസിയല്ലാത്ത വിനായക് ദാമോദര്‍ സവര്‍ക്കര്‍ തന്നെയായിരുന്നു എന്ന് ഇതിനോടുകൂടെ നാം ചേര്‍ത്ത് മനസ്സിലാക്കുക.

ഇനി നമുക്ക് ഏകാധിപത്യ ഇറ്റലിയുടെ ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസോളിനിയിലേക്ക് വരാം. ദേശീയതയുടെ പേരില്‍ ലക്ഷക്കണക്കിന് മനുഷ്യരെയാണ് മുസോളിനി കൊന്നുതള്ളിയത്. മുസോളിനി ചെറുപ്പത്തില്‍ ഒരു ക്രിസ്ത്യാനിയായിരുന്നുവെങ്കിലും വലുതായപ്പോള്‍ അദ്ദേഹം മതം ഉപേക്ഷിച്ച് ഒരു നിരീശ്വരവാദിയാവുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യ റേച്ചല്‍ മുസോളിനി Mussolini an intimate biography എന്ന പുസ്തകത്തില്‍ കുറിക്കുന്നുണ്ട്.

മതമുപേക്ഷിച്ച് ജീവിച്ച ആളുകള്‍ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് കാട്ടിക്കൂട്ടിയ ഭീകരാക്രമണങ്ങളുടെ പട്ടിക അങ്ങനെ നീണ്ട് നീണ്ട് പോവുകയാണ് ചെയ്യുന്നത്. പോള്‍പോട്ടും ഹിറ്റ്‌ലറുമെല്ലാം ഈ ഗണത്തില്‍തന്നെ പെടുന്നവരാണ്.

ഇതൊക്കെ പറയുമ്പോള്‍ ചില ഞൊണ്ടിന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചിലരുണ്ട്.'നിങ്ങള്‍ പറയുന്ന ജോസഫ് സ്റ്റാലിനും ലെനിനും മാവോ സേതൂങ്ങുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നല്ലോ. അതുകൊണ്ട് അവര്‍ ചെയ്ത ക്രൂരതകള്‍ എല്ലാംതന്നെ കമ്യൂണിസത്തിന്റെ പേരിലാണ്, അതെങ്ങനെ നാസ്തികതയുടെ പട്ടികയില്‍ വരും' എന്നതാണ് ആ 'ന്യായ'വും മറുപടിയും.  

യഥാര്‍ഥത്തില്‍ ഇത് മറുപടിയല്ല, 'മറപിടി'യാണ് എന്നതാണ്. കാരണം ദൈവവിശ്വാസങ്ങളും മതങ്ങളുമാണ് ഭീകരതക്ക് കാരണം എന്നാണല്ലോ നാസ്തികരുടെ വാദത്തിന്റെ മര്‍മം. അതിനാല്‍തന്നെ മതം ഉപേക്ഷിച്ചാല്‍ മാനവികത കൈവരിക്കാം എന്നാണവര്‍ പറയുന്നത്.

എന്നാല്‍ നാം തിരിച്ചറിയുക, മാനവ ചരിത്രം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ക്രൂരതകള്‍ ചെയ്തത് ഒരു മതവും ഇല്ലാത്ത, മതവും ദൈവവിശ്വാസവും തെറ്റാണ് എന്ന് വിശ്വസിക്കുന്ന, ഒരുവേള മതത്തെയും ദൈവവിശ്വാസത്തെയും ഇല്ലാതാക്കാന്‍ തന്നെ ശ്രമിച്ച ആളുകളാണ്. മതം ഉപേക്ഷിച്ചാല്‍ മാനവികത നേടാം എന്ന നാസ്തികരുടെ സിദ്ധാന്തത്തിന് ഒന്നാന്തരം അപവാദം തന്നെയാണ് ശുദ്ധ നിരീശ്വര, ഭൗതികവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസവും അതിന്റെ ആചാര്യന്മാരും അവര്‍ ചെയ്ത ക്രൂരതകളും.

ജോസഫ് സ്റ്റാലിനും ലെനിനും പോള്‍പോട്ടും മാവോ സേതൂങും എല്ലാം നിരീശ്വരവാദികളായിരുന്നെങ്കിലും അവരാരും ആ ക്രൂരതകള്‍ ചെയ്തത് നാസ്തികതയുടെ പേരിലല്ല എന്ന് പറയാന്‍ ശ്രമിക്കുന്നു, അങ്ങനെ വാദിക്കുന്ന നാസ്തികര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു ചരിത്രമുണ്ട്; അല്‍ബേനിയ എന്ന ആദ്യത്തെ നിരീശ്വരവാദ രാഷ്ട്രത്തിന്റെ ചരിത്രം!

മതത്തെയും ദൈവത്തെയും പിഴുതെറിഞ്ഞ് നിരീശ്വരവാദികള്‍ അവകാശപ്പെടുന്നപോലെ തീര്‍ത്തും സമാധാനം പൂത്തുലഞ്ഞുനിന്ന ഒരു രാഷ്ട്രം ലോകത്ത് ഉണ്ടായിട്ടുണ്ടോ? മതത്തെ പിഴുതെറിഞ്ഞ ഒരു രാഷ്ട്രം ഉണ്ടായിട്ടുണ്ട്. എന്നാല്‍ രവിചന്ദ്രന്‍ പറയുന്നപോലെ അവിടെ സമാധാനം ഉണ്ടായിരുന്നോ എന്നതാണ് പരിശോധിക്കേണ്ടത്.

രണ്ടാംലോക മഹായുദ്ധത്തിന് മുന്‍പുവരെ ജനതയില്‍ മൂന്നിലൊന്ന് മുസ്‌ലിംകളും ബാക്കി ക്രിസ്ത്യാനികളും എന്ന നിലയില്‍ മുന്നോട്ട് പോയിരുന്ന അല്‍ബേനിയയില്‍ രണ്ടാംലോക മഹായുദ്ധകാലത്ത് വിപ്ലവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. യുദ്ധകാലത്ത് അല്‍ബേനിയയിലെ കമ്യൂണിസ്റ്റ് സംഘടനക്ക് ഐക്യകക്ഷികളുടെ സഹായവും ലഭിച്ചിരുന്നു. അങ്ങനെയാണ് 1944 നവംബറില്‍ കമ്യൂണിസ്റ്റ് ലേബര്‍ പാര്‍ട്ടിയുടെ നേതാവ് എന്‍വര്‍ ഹോജയുടെ നേതൃത്വത്തില്‍ ഒരു ഗവണ്‍മെന്റ്‌രൂപീക്കരിക്കുന്നത്. മതങ്ങള്‍ക്കെതിരെ പടവെട്ടാന്‍ ഇറങ്ങിയ എന്‍വര്‍ ഹോജ അല്‍ബേനിയയെ The First Atheist Nation in the World അഥവാ ആദ്യത്തെ നിരീശ്വരവാദ രാഷ്ട്രമായി പ്രഖ്യാപിച്ചു.

ആ നാട് പിന്നീട് എങ്ങനെയാണ് മുന്നോട്ട് പോയത് എന്നറിയാന്‍ അവിടുത്തെ ഭരണഘടനയുടെ അനുഛേദം 37ല്‍ എഴുതിവച്ച കാര്യങ്ങള്‍ നോക്കിയാല്‍ മതി:

'രാഷ്ട്രം ഒരു മതത്തെയും ഔദേ്യാഗികമായി അംഗീകരിക്കുന്നില്ല. മതത്തെ അംഗീകരിക്കുന്നില്ല എന്ന് മാത്രമല്ല ഭൗതികവാദ ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കാന്‍ നിരീശ്വരവാദ പ്രചാരണത്തെ പിന്തുണക്കുകയും ചെയ്യുന്നു.'

ഈ എന്‍വര്‍ ഹോജ മതത്തിനെതിരെയുള്ള യുദ്ധം ആരംഭിച്ചത് അധികാരത്തില്‍ കയറിയ ഉടനെ അദ്ദേഹം കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമത്തിലൂടെയായിരുന്നു. അതിന്റെ ഭാഗമായി പള്ളികള്‍, ധ്യാനകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി മതസ്ഥാപനങ്ങളുടെ കയ്യിലുള്ള ഭൂമികള്‍ ആ ഗവര്‍ണമെന്റ് പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടായി. മുസ്‌ലിംകളും ക്രിസ്ത്യാനികളും നടത്തുന്ന വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളെല്ലാം പൂട്ടിച്ചു. ഇങ്ങനെയൊക്കെയാണ് എന്‍വര്‍ ഹോജ മതത്തിന് നേരെ അവിടെ യുദ്ധംപ്രഖ്യാപിച്ചു മുന്നോട്ട് പോയിരുന്നത്.

പിന്നീട് 1960 കളോടെ എന്‍വര്‍ ഹോജ പള്ളികളും ചര്‍ച്ചുകളും പിടിച്ചെടുത്ത് ജിംനേഷ്യങ്ങളും മറ്റുമാക്കി അവയെ മാറ്റി. നൂറുകണക്കിന് പുരോഹിതന്മാരെ തടവിലാക്കി, കുറെപേരെ പട്ടിണിക്കിട്ട് കൊന്നു! അല്‍ബേനിയയില്‍ ഔദേ്യാഗികമായി നിരീശ്വരവാദം പ്രചരിപ്പിച്ചു എന്ന് മാത്രമല്ല, മതപ്രബോധനം നടത്തുന്നതും മതഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതും മൂന്ന് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി മാറി!

ഇങ്ങനെ തുടങ്ങി എന്തെല്ലാം ക്രൂരതകളാണ് മതം ഉപേക്ഷിക്കാത്തവര്‍ക്കുനേരെ മാനവികത പറയുന്നര്‍ ചെയ്ത് കൂട്ടിയിട്ടുള്ളത് എന്ന് അല്‍ബേനിയയുടെ ചരിത്രം വായിക്കുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. ഈ സത്യങ്ങളെല്ലാം മൂടിവെച്ചിട്ടാണ് നാസ്തികര്‍ മതവും ദൈവവിശ്വാസവും സര്‍വ പ്രശ്‌നങ്ങളുടെയും കാരണമാണ് എന്ന് പറയാറുള്ളത്.

അന്യായമായി ഒരാളെ പോലും കൊല്ലരുത് എന്നാണ് ഇസ്‌ലാം മതം മനുഷ്യനെ പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

''മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു...'' (ക്വുര്‍ആന്‍ 5:32).

ദാഹിച്ചു വലഞ്ഞ് വന്ന ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ  പേരില്‍ സ്വര്‍ഗത്തില്‍ പോയ ഒരാളെക്കുറിച്ച് സ്വഹാബകള്‍ക്ക് പറഞ്ഞ് കൊടുത്തത് ജീവിതത്തില്‍ ഒരിക്കല്‍പോലും കളവ് പറഞ്ഞിട്ടില്ലാത്ത, അല്ലാഹുവില്‍നിന്ന് ലഭിക്കുന്ന വഹ്‌യിന്റെ അടിസ്ഥാനത്തില്‍ മാത്രം ലോകത്തിന് മതം പഠിപ്പിച്ച മുഹമ്മദ് നബി ﷺ യാണ്.

നാസ്തികത എന്ന ആശയം കൊണ്ടുനടക്കുന്ന സഹോദരങ്ങളോട് നമുക്ക് ചോദിക്കാനുള്ളത് മതവിശ്വാസത്തോട്, പ്രത്യേകിച്ചും ഇസ്‌ലാമിനോട് നിങ്ങള്‍ക്ക് വിദ്വേഷമുണ്ട് എന്ന് കരുതി നിങ്ങള്‍ അതിനോട് അനീതി കാണിക്കലല്ലേ യഥാര്‍ഥത്തില്‍ ആശയപ്രചാരണം എന്ന പേരില്‍ ചെയ്തുകൊണ്ടിരിക്കുന്നത്?

അനീതി ആരോടും കാണിക്കാതിരിക്കാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുന്ന ഒരു ക്വുര്‍ആന്‍ സൂക്തം കാണുക:

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:8).