ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

സുഫ്‌യാന്‍ അബ്ദുസ്സലാം

2021 സെപ്തംബര്‍ 25 1442 സഫര്‍ 18

വിവിധ മതങ്ങളില്‍ കഴിഞ്ഞുകൂടുന്നവരാണെങ്കിലും ആത്യന്തികമായി മനുഷ്യരെല്ലാം ദൈവവിശ്വാസികളാണ്. ദൈവവിശ്വാസത്തിന്റെ വ്യാഖ്യാനങ്ങളിലാണ് മതവിശ്വാസികളുടെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്. മാനവസമുദായത്തെയും ഇതര ജന്തുജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും സൃഷ്ടിച്ചവനാണ് യഥാര്‍ഥ ദൈവമെന്ന ധാരണയാണ് പൊതുവില്‍ മതവിശ്വാസികള്‍ക്കുള്ളത്. പ്രവാചകന്മാര്‍ വഴിയും വേദഗ്രന്ഥങ്ങള്‍ വഴിയും മനുഷ്യരുടെ വിശേഷബുദ്ധി വഴിയും മനുഷ്യമസ്തിഷ്‌ക്കങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വിശ്വാസമാണത്. മനുഷ്യരെല്ലാവരും ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്ന കാഴ്ചപ്പാട് മനുഷ്യര്‍ക്കിടയില്‍ അവര്‍ ഏകോദര സഹോദരങ്ങളാണെന്ന ബോധ്യം വളര്‍ത്തുന്നു. അത്തരമൊരു ബോധ്യം ജാതീയതയെ തകര്‍ക്കുന്നു. പണക്കാരനും പണിക്കാരനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു. വര്‍ണത്തിന്റെയും കുലത്തിന്റെയും പേരിലുള്ള ആഭിജാത്യങ്ങളെ നിര്‍വീര്യമാക്കുന്നു. സ്രഷ്ടാവിനെ വണങ്ങി, പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും അവങ്കലേക്ക് കൈകളുയര്‍ത്തി സമസൃഷ്ടികളെ സ്‌നേഹിച്ച് കഴിയുമ്പോള്‍ മനുഷ്യരില്‍ ഏകമാനവതയും പരസ്പര ബഹുമാനവും വളരുന്നു. വര്‍ഗീയവാദം അവരില്‍ നിന്ന് പാടേ ഇല്ലാതാകുന്നു.

മനുഷ്യര്‍ ഏകസമുദായം

ക്വുര്‍ആന്‍ പറയുന്നു: ''തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം, ഏകസമുദായം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍. എന്നാല്‍ മനുഷ്യര്‍ കക്ഷികളായി പിരിഞ്ഞുകൊണ്ട് തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതുകൊണ്ട് സംതൃപ്തി അടയുന്നവരാകുന്നു'' (23:52,53).

മാനവസമുദായം ഏകസമുദായമാണെന്നാണ് ക്വുര്‍ആനിന്റെ കാഴ്ചപ്പാട്. സ്രഷ്ടാവിനെ സൂക്ഷിച്ചും ആരാധിച്ചും ജീവിക്കുന്നതിന് പകരം പരസ്പരം കക്ഷികളും മതങ്ങളുമായി പിരിയുകയാണ് മനുഷ്യര്‍ ചെയ്തിട്ടുള്ളത്. ക്വുര്‍ആന്‍ പഠിപ്പിക്കുന്ന, ദൈവാര്‍പ്പണം എന്ന് അര്‍ഥംവരുന്ന 'ഇസ്‌ലാം' എന്നതിന്റെ വിശാലാര്‍ഥം സ്രഷ്ടാവിനെ അറിഞ്ഞ്, അവനെ മാത്രം ആരാധിച്ച്, അവന്റെ നിയമങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നതാണ്. എല്ലാവര്‍ക്കും സമാധാനവും ശാന്തിയും നേര്‍ന്ന്, എല്ലാവര്‍ക്കും സേവനം ചെയ്ത് നന്മകളെ ധാരാളം ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് അതിന്റെ അന്തിമഫലം. എന്നാല്‍ ഇസ്‌ലാം എന്ന സുന്ദരമായ ആശയത്തെ വെറുപ്പും അസഹിഷ്ണുതയും വളര്‍ത്തിക്കൊണ്ടുള്ള കക്ഷിത്വം നിറഞ്ഞ ഒരു 'പാര്‍ട്ടി' എന്ന നിലക്ക് അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ചിലര്‍ കാണുന്നു. അങ്ങനെ അവരുടെ വീക്ഷണത്തിലുള്ള 'ഇസ്‌ലാമിനെ' സംരക്ഷിക്കാന്‍ അവര്‍ ഇസ്‌ലാം അനുവദിക്കാത്ത പകയും വിദ്വേഷവും ശത്രുതയും ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ശത്രുതകള്‍ അവസാനിപ്പിക്കുക

വാക്കുകള്‍കൊണ്ടും നോക്കുകള്‍കൊണ്ടും ഒരാളെപ്പോലും നോവിക്കരുതെന്നാണ് ദൈവവിശ്വാസത്തിന്റെ യഥാര്‍ഥ സന്ദേശം. ഒരാളും മറ്റൊരാളുടെ ശത്രുവല്ല. മനുഷ്യന് ഒരു ശത്രുവുണ്ടെങ്കില്‍ അത് മനുഷ്യരെ ദുര്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന പിശാചുക്കള്‍ മാത്രമാണ്. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍, അത് മതത്തിന്റെയോ ദേശത്തിന്റെയോ കുടുംബത്തിന്റെയോ മറ്റേതെങ്കിലും കാരണങ്ങളുടെയോ പേരില്‍ ആയിരുന്നാലും മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടുന്ന അഭിപ്രായാന്തരങ്ങള്‍ ആത്യന്തിക ശത്രുതയല്ല. കാലാകാലങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവണമെന്നും അതുവഴി മനുഷ്യര്‍ക്കിടയില്‍ ശത്രുതയുണ്ടാവണമെന്നും ഒരു യഥാര്‍ഥ ദൈവവിശ്വാസി ആഗ്രഹിക്കാന്‍ പാടില്ല. എവിടെയെങ്കിലും ശത്രുതയുടെ കനല്‍ ഉണ്ടെങ്കില്‍ അതിനെ ഊതിക്കത്തിക്കുവാനല്ല, ഊതിക്കെടുത്തുവാനാണ് മനസ്സില്‍ യഥാര്‍ഥ ദൈവവിശ്വാസം സൂക്ഷിച്ചുവെച്ചിട്ടുള്ള ഒരാള്‍ ചെയ്യേണ്ടത്.

ക്വുര്‍ആന്‍ പറയുന്നു: ''നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത്‌കൊണ്ട് നീ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു'' (41:34).

എന്നാല്‍ ഈ ഗുണം കേവലം ഒരാള്‍ വിശ്വാസിയാണെന്ന് പറയുന്നതുകൊണ്ടോ ഇസ്‌ലാമിക കുടുംബങ്ങളില്‍ ജനിച്ചതുകൊണ്ടോ ലഭ്യമാവില്ല. തുടര്‍ന്നുള്ള വചനത്തില്‍ നാം കാണുന്നത് ഇങ്ങനെയാണ്: ''ക്ഷമ കൈക്കൊണ്ടവര്‍ക്കും വമ്പിച്ച ഭാഗ്യമുള്ളവനുമല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.''ക്ഷമയും ആത്മസംയമനവും യഥാര്‍ഥ ദൈവവിശ്വാസത്തിന്റെ ഭാഗമായി ഉണ്ടായിത്തീരുന്ന ഗുണങ്ങളാണ്. അതിനു വിപരീതമായി ശത്രുതയും പകയും വിദ്വേഷവും ജനിപ്പിക്കുന്നത് പൈശാചിക ശക്തികളാണ്. അതില്‍നിന്നും എപ്പോഴും സ്വന്തത്തെ സംരക്ഷിച്ചുനിര്‍ത്തുന്നവനാണ് യഥാര്‍ഥ വിശ്വാസി. അതുതന്നെയാണ് തുടര്‍ന്നുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത്: ''പിശാചില്‍നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും'' (41:36).

ചിന്താസ്വാതന്ത്ര്യം പ്രകൃതിപരം

അഭിപ്രായവ്യത്യാസങ്ങളും മതങ്ങളും മനുഷ്യരുടെ സ്വാഭാവിക പ്രകൃതിയുടെ ഭാഗമായി രൂപപ്പെട്ടതാണ്. മനുഷ്യരുടെ ചിന്തകളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ് എന്നതുകൊണ്ടുതന്നെ അവയില്‍ ശരിതെറ്റുകള്‍ ഉണ്ടാകാവുന്നതാണ്. എല്ലാ മനുഷ്യരും ഒരുപോലെ ചിന്തിക്കുന്ന വിധത്തിലല്ല സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ക്വുര്‍ആന്‍ പറയുന്നു: ''നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കുന്നതാണ്. നിന്റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്'' (11:118).  

മറ്റുള്ളവരുടെ ആരാധ്യരെ ശകാരിക്കരുത്

ഭിന്നതയുടെ പേരില്‍ പരസ്പരം ശത്രുത സൃഷ്ടിക്കുന്ന പ്രവണത ഒരു യഥാര്‍ഥ വിശ്വാസിയുടേതല്ല. തന്റെ മതം സ്വീകരിക്കാത്തവരെയോ അവരുടെ ആരാധ്യന്മാരെയോ ഒരിക്കലും ആക്ഷേപിച്ചു സംസാരിക്കാന്‍ പാടില്ല എന്നത് ദൈവിക നിയമമാണ്. ക്വുര്‍ആന്‍ പറയുന്നു: ''അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്'' (6:108). 'നിങ്ങള്‍ക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം' (109:6) എന്ന് പ്രഖ്യാപിക്കാനാണ് മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ പലപ്പോഴും മറ്റുള്ളവരെ ആക്ഷേപിക്കുന്നതിലാണ് പലര്‍ക്കും താല്‍പര്യമുള്ളത്. ആക്ഷേപിച്ചും പരിഹസിച്ചും തെറ്റിദ്ധരിപ്പിച്ചും തര്‍ക്കിച്ച് ജയിക്കുക എന്നത് ചില മതപ്രബോധനങ്ങളുടെ അവിഭാജ്യ ചേരുവയായി മാറിയിരിക്കുന്നു. സ്വന്തം ആദര്‍ശത്തിന്റെ മഹിമ ഒരാള്‍ക്ക് ബോധ്യമാണെങ്കില്‍ മറ്റുള്ളവരെ കുറിച്ച് അയാള്‍ക്ക് ആക്ഷേപിക്കേണ്ടിവരില്ല. ക്വുര്‍ആന്‍ മതപ്രബോധനത്തിന്റെ മൂന്നു രീതികളെക്കുറിച്ച് പറയുന്നുണ്ട്. വൈജ്ഞാനിക സംവേദനം,  സദുപദേശങ്ങള്‍, സംവാദം എന്നിവയാണത്.

സംവാദങ്ങള്‍ സംഘര്‍ഷങ്ങളാകരുത്

ആദ്യത്തെ രണ്ടിനങ്ങളെക്കാള്‍ പല പ്രബോധകര്‍ക്കും അനുവാചകര്‍ക്കും താല്‍പര്യം മൂന്നാമത്തെ ഇനമാണ്. കാരണം അത് സംഘര്‍ഷാത്മകമാണ്. അതില്‍നിന്നും തിരിച്ചും മറിച്ചും വരുന്ന പ്രയോഗങ്ങളും ആക്ഷേപങ്ങളും ഇകഴ്ത്തലും ഒരു 'സംഘര്‍ഷ സിനിമ' കാണുന്ന പ്രതീതി ജനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സംവാദങ്ങള്‍ വീണ്ടും വീണ്ടും കാണുവാനും കേള്‍ക്കുവാനും ആളുകള്‍ ഇഷ്ടപ്പെടുന്നു.

സംവാദങ്ങള്‍ വര്‍ഗീയതയ്ക്ക് വളമാകരുത്

എന്നാല്‍ ക്വുര്‍ആന്‍ സംവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ? അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമാണ് സംവാദത്തെ ക്വുര്‍ആന്‍ അനുവദിക്കുന്നത്. തികച്ചും വൈജ്ഞാനികമായ അന്വേഷണത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സംവാദങ്ങളെയാണ് ക്വുര്‍ആന്‍ അംഗീകരിച്ചിട്ടുള്ളത്. 'വ ജാദില്‍ഹും ബില്ലതീ ഹിയ അഹ്‌സന്‍' അഥവാ 'ഏറ്റവും നല്ലരൂപത്തില്‍ മാത്രം സംവാദത്തില്‍ ഏര്‍പ്പെടുക' എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. അതുകൊണ്ടാണ് 'വേദക്കാരായ ക്രിസ്ത്യാനികളോടും യഹൂദരോടും ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്' (29:46) എന്ന് കല്‍പിച്ചത്. അതുകൊണ്ടാണ് പ്രവാചകനുമായി തര്‍ക്കത്തിന് മുതിര്‍ന്ന വേദക്കാരോട് ക്വുര്‍ആന്‍ ഇങ്ങനെ ചോദിച്ചത്: ''...നിങ്ങള്‍ക്ക് അറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന് തര്‍ക്കിക്കുന്നു?...'' (3:66). അനാവശ്യമായ തര്‍ക്കമല്ല വൈജ്ഞാനികമായ സംവാദം. വൈജ്ഞാനികമായ സംവാദത്തിന്റെ ലക്ഷ്യം പറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കി പറയുക എന്നതാണ്. തോല്‍പിക്കുകയോ ഉത്തരം മുട്ടിക്കുകയോ അല്ല. അറിയുകയും അറിയിക്കുകയും ചെയ്യുക എന്നതാണ്. സംവാദങ്ങള്‍ അവയുടെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്നും തെറ്റിയാല്‍ പിന്നീട് സംഭവിക്കുന്നത് വാദിച്ചു ജയിക്കുവാനുള്ള ത്വരയാണ്. അത് കള്ളം പറയാനും മറുകക്ഷിയെ ഇകഴ്ത്താനും പ്രേരിപ്പിക്കും. വര്‍ഗീയമായ ചിന്തകള്‍ അത് വളര്‍ത്തിയെടുക്കും. സ്വന്തം കക്ഷിയെ അനീതിയിലും അക്രമത്തിലും സഹായിക്കാന്‍ അത് കാരണമാകും. ഇത്തരം വര്‍ഗീയതയെ ഏറ്റവും വലിയ രീതിയില്‍ പ്രവാചകന്‍ ﷺ താക്കീത് ചെയ്തിട്ടുണ്ട്. അത് യഥാര്‍ഥ ദൈവവിശ്വാസത്തെ പ്രതിനിധീകരിക്കുന്നില്ല.

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

മനുഷ്യര്‍ ഏതൊക്കെ തരത്തിലുള്ളവരായാലും അവര്‍ സ്‌നേഹത്തോടെ കഴിയണം എന്നതാണ് ദൈവികമതത്തിന്റെ അന്തസ്സാരം. പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ മാനസികമായ അകല്‍ച്ച സൃഷ്ടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എത്ര ഉന്നതര്‍ നടത്തിയാലും അവര്‍ യഥാര്‍ഥ ദൈവവിശ്വാസികളാവില്ല. കാരണം അവര്‍ക്ക് ദൈവത്തെ ഭയമില്ല എന്നതുതന്നെ. ദൈവഭയമുള്ളവര്‍ കുഴപ്പങ്ങള്‍ക്കും തെറ്റിദ്ധരിപ്പിക്കലുകള്‍ക്കും കൂട്ടുനില്‍ക്കില്ല. ദൈവവിശ്വാസം ഒരു അലങ്കാരമല്ല. മറിച്ച് അതൊരു സംസ്‌കാരമാണ്. 'ഒരാള്‍ മറ്റൊരാളെ വെറുക്കരുത്, ഒരാള്‍ മറ്റൊരാള്‍ക്ക് മേല്‍ അസൂയ പുലര്‍ത്തരുത്, ഒരാള്‍ മറ്റൊരാളെ പരിത്യജിക്കരുത്' തുടങ്ങിയ ദൈവിക ബോധനങ്ങളെ ഉള്‍ക്കൊണ്ടവനായിരിക്കും യഥാര്‍ഥ വിശ്വാസി. സ്വകാര്യപ്രബോധനത്തിലായിരുന്നാലും പരസ്യ പരിപാടികളിലായിരുന്നാലും ജനങ്ങള്‍ക്കിടയില്‍ വെറുപ്പും സംശയങ്ങളും സൃഷ്ടിക്കുന്ന സംസാരങ്ങള്‍ ഏതു ഉന്നത പണ്ഡിതന്‍ നടത്തിയാലും അയാളില്‍ 'ജാഹിലിയ്യത്ത്' മാത്രമാണുള്ളതെന്നും യഥാര്‍ഥ ദൈവവിശ്വാസത്തിന്റെ മാധുര്യം നുകരാന്‍ അയാള്‍ക്ക് സാധിച്ചില്ലെന്നുമാണ് മനസ്സിലാക്കേണ്ടത്. ഏതു മതത്തില്‍ പെട്ടവരായിരുന്നാലും അത്തരത്തിലുള്ളവരെ പൊതുസമൂഹം തള്ളിക്കളയുകയാണ് വേണ്ടത്.