ആധുനിക ആലേഖന കല; ക്വുര്‍ആനില്‍നിന്ന് ചില ഉദാഹരണങ്ങള്‍

ഡോ. പി.കെ അബ്ദുറസാക്ക് സുല്ലമി

2021 ആഗസ്ത് 21 1442 മുഹര്‍റം 12

എല്ലാ വിജ്ഞാനങ്ങളുടെയും ഉടമസ്ഥനും സര്‍വശക്തനുമായ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അതിന്റെ ഉന്നതമായ ശൈലിയുണ്ടായിരിക്കുക എന്നത് സ്വാഭാവികമാണ്. ജേര്‍ണലിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പേന. ആദ്യമായി ഹിറാഗുഹയില്‍വെച്ച് ഇറങ്ങിയ 5 വചനങ്ങളില്‍ത്തന്നെ പേനകൊണ്ട് മനുഷ്യനെ പഠിപ്പിച്ചു എന്ന് എടുത്തുപറയുന്നു:

''നീ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 96:3-5). '

ആശയാവിഷ്‌കരണത്തിന് തൂലികകൊണ്ടുള്ള  ആലേഖനം ഉപാധിയായി സ്വീകരിച്ച ഏക ജന്തുവാണ് മനുഷ്യന്‍. അക്ഷരവിദ്യയാണ് വിജ്ഞാന ക്രോഡീകരണത്തിലൂടെ മനുഷ്യതലമുറകളെ സംസ്‌കാരികവും നാഗരികവുമായ ഈടുവെപ്പുകളുടെ അവകാശികളാക്കിത്തീര്‍ത്തത്.

Investigative Journalism

ഏതെങ്കിലും ഒരു തട്ടിപ്പുമായി ആരെങ്കിലും രംഗത്തുവരികയും പരസ്യങ്ങളിലൂടെ അതില്‍ അനേകം പേരെ വീഴ്ത്തുകയും ചെയ്യുന്നത് കാണുമ്പോള്‍ അതിനക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ രഹസ്യമായി ചൂഴ്ന്നന്വേഷിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകളെപ്പറ്റി അന്വേഷിച്ച് ഗൂഢാലോചന തകര്‍ത്ത മാധ്യമം ലേഖനം, മാതാഅമൃതാനന്ദമയിയുടെ ദീര്‍ഘകാല ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ The Holy Hell (വിശുദ്ധനരകം) എന്ന പുസ്തകം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ആരെയെങ്കിലും അപമാനിക്കുക എന്നല്ല സമൂഹത്തെ തട്ടിപ്പില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന സദുദ്ദേശ്യമാണ് ഈ കുറ്റാന്വേഷണ ലേഖന രീതികൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍ പരദൂഷണം എന്ന കുറ്റത്തില്‍ ഇത് ഉള്‍പ്പെടുന്നില്ല. ഇതിന്റെ മാതൃക ക്വുര്‍ആനില്‍ 4ാം അധ്യായം സൂറതുന്നിസാഅ് 105 മുതല്‍ 109 വരെയുള്ള വചനങ്ങളില്‍ കാണാം. ഇതിലൂടെ ഒരു ഗൂഢാലോചനയെ തകര്‍ക്കുകയായിരുന്നു അല്ലാഹു.

ഒരിക്കല്‍ പ്രവാചകന്റെ കൂടെ യുദ്ധത്തിനുള്ള തയ്യാറെടുപ്പിന്നിടയില്‍ ഒരാളുടെ പടയങ്കി കപടവിശ്വാസിയായ ബശീര്‍ മോഷ്ടിച്ചു. ഒരു ജൂതന്റെ വീട്ടില്‍ അദ്ദേഹമറിയാതെ അത് ഒളിപ്പിച്ചുവെച്ചു. പ്രവാചകന്‍ ആ ജൂതന്‍ കുറ്റക്കാരനാണെന്നും ബശീര്‍ നിരപരാധിയാണെന്നും പറഞ്ഞു. ഈ ഗൂഢാലോചനയെ തകര്‍ത്തുകൊണ്ടാണ് അല്ലാഹു ഈ വചനങ്ങള്‍ ഇറക്കിയത്.

''നിനക്ക് അല്ലാഹുകാണിച്ചതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്'' (ക്വുര്‍ആന്‍ 4:105).

lnterpretative Journalism

ഒരു വിഷയത്തെക്കുറിച്ച് വിശദീകരിക്കാന്‍, ആദ്യംപറഞ്ഞ കാര്യങ്ങള്‍ പിന്നീട് വിശദമായി വ്യാഖ്യാനിക്കുന്ന രീതിയാണ് ഇത്. ഉദാ: ആകാശഭൂമികള്‍, അഥവാ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് 6 ദിവസങ്ങളിലാണ് എന്ന് ക്വുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ പറയുന്നു.

ഉദാ:'''അവനാകുന്നു ആകാശഭൂമികളെ ആറ് ദിവസങ്ങളിലായി സൃഷ്ടിച്ചവന്‍'' (ഹൂദ് 7).

എന്താണ് ആറ് ദിവസങ്ങള്‍ എന്ന് സൂറഃ ഫുസ്സ്വിലത്ത് (ഹാമീംസജദ) 9 മുതല്‍ 12 വരെയുള്ള വചനങ്ങളില്‍ വിശദീകരിച്ച് പറയുന്നു.

Adversary Journalism

വ്യക്തിയോ സംഘടനയോ ചെയ്യുന്ന സാമൂഹ്യതിന്മയെക്കുറിച്ച് മറ്റുള്ളവരെ ബോധവല്‍കരിക്കുകയും അദ്ദേഹവുമായി ബന്ധപ്പെടുന്നത് അപകടത്തിന് കാരണമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ശൈലിയാണിത്. പൊതുനന്മയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

അബൂലഹബിന്റെ തിന്മയും അവന് വരാനിരിക്കുന്ന ദുരന്തവും വ്യക്തമായിക്കൊണ്ട് 111ാം അധ്യായം സൂറഃ അല്‍മസദില്‍ പറയുന്നു: ''അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്‌നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.''

In-depth or Flash Back Journalism

ഏതെങ്കിലും വലിയ ഒരു സംഭവം (വിമാന റാഞ്ചല്‍, ഭൂകമ്പം പോലുള്ളവ) ഉണ്ടാകുമ്പോള്‍ അതിന്റെ റിപ്പോര്‍ട്ടിന്റെകൂടെ മുന്‍കാലങ്ങളില്‍ സംഭവിച്ചിട്ടുള്ള സമാന സംഭവങ്ങളെക്കുറിച്ചുള്ള വിവരണം കൂടി പ്രസിദ്ധീകരിക്കുന്ന രീതിയെയാണ് Flash Back Journalism എന്ന് പറയുന്നത്.

ക്വുര്‍ആനില്‍ സൂറഃ ത്വാഹാ 37 മുതല്‍ 40 വരെയുള്ള ആയത്തുകള്‍ ഇതിന് ഉദാഹരണമാണ്. മൂസാ നബി(അ) ത്വുവാതാഴ്‌വരയില്‍ ഭാര്യയുടെയും മക്കളുടെയുംകൂടെ എത്തിയപ്പോള്‍ അല്ലാഹു അദ്ദേഹത്തെ വിളിച്ചു. വടി നിലത്തിട്ട് തിരിച്ചെടുക്കാനൊരുങ്ങുമ്പോള്‍ പാമ്പായി മാറുന്നതും കൈസൈഡില്‍ ചേര്‍ത്തുവെച്ച് എടുക്കുമ്പോള്‍ വെള്ളനിറമാകുന്നതുമായ രണ്ട് അമാനുഷിക സിദ്ധികള്‍ നല്‍കി. ഫിര്‍ഔനിന്റെ അടുക്കലേക്ക് പോയി സത്യവിശ്വാസം ഉപദേശിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ മൂസാ നബി(അ) കുറേകാര്യങ്ങള്‍ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ നേരിടാന്‍ മനസ്സിന് വിശാലത നല്‍കാനും എളുപ്പം നല്‍കാനും, സ്ഫുടതയോടെ കാര്യങ്ങള്‍ അവതരിപ്പിച്ച് മനസ്സിലാക്കാനും ഹാറൂന്‍ നബി(അ)യെ ഒപ്പം കൂട്ടാനുമൊക്കെ.

അതെല്ലാം അല്ലാഹു അനുവദിച്ചുകൊടുത്തു. അതോടെ കഴിഞ്ഞകാലത്ത്, മൂസാ നബി(അ) ശിശുവായിരിക്കുമ്പോള്‍ നൈല്‍ നദിയില്‍ ഇടാന്‍ മാതാവിന് വഹ്‌യ് നല്‍കിയത് മുതല്‍ക്കുള്ള സംഭവങ്ങള്‍ തുടങ്ങി മദ്‌യനില്‍ എത്തിപ്പെട്ടതും വിവാഹിതനായതും അതുകഴിഞ്ഞ് തുവാതാഴ്‌വരയില്‍ എത്തിയതുവരെയുള്ളതുമായ സംഭവങ്ങള്‍ വിവരിച്ചു. ആ ആയത്തുകള്‍ ഇവയാണ്:

''മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്തുതന്നിട്ടുണ്ട്. അതായത് നിന്റെ മാതാവിന് ബോധനം നല്‍കപ്പെടേ കാര്യം നാം ബോധനം നല്‍കിയസന്ദര്‍ഭത്തില്‍. നീ അവനെ (കുട്ടിയെ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. (ഹേ; മൂസാ,) എന്റെ പക്കല്‍നിന്നുള്ള സ്‌നേഹം നിന്റെമേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്റെ നോട്ടത്തിലായിക്കൊണ്ട് നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്. നിന്റെ സഹോദരി നടന്ന് ചെല്ലുകയും ഇവന്റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). അങ്ങനെ നിന്റെ മാതാവിങ്കലേക്ക് തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി...'' (ത്വാഹാ 37-40.)

ഈ സാഹിത്യശൈലി ഈജിപ്ത്യന്‍ സാഹിത്യകാരനായ തൗഫീക്വുല്‍ഹകീം തന്റെ അഹ്‌ലുല്‍കഹ്ഫ് എന്ന അറബി നാടകത്തില്‍ ഉപയോഗിച്ചതായി കാണാം. ഡ്രാമ തുടങ്ങുന്നതുതന്നെ ഗുഹയില്‍ 300 വര്‍ഷം ഉറിങ്ങിക്കിടന്ന യംലീഖ, മിശ്‌ലേനിയ, മര്‍നൂശ് എന്നീ വിശുദ്ധര്‍ ഉണര്‍ന്ന് എഴുന്നേറ്റശേഷം ഗുഹയില്‍ കിടന്ന കാലത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്ന ഡയലോഗോടുകൂടിയാണ്. പിന്നീട് 300 വര്‍ഷം മുമ്പുള്ള അനുഭവങ്ങളെല്ലാം വിവരിക്കുന്നുണ്ട്. ഈ രീതി 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ദൈവിക ഗ്രന്ഥം പ്രയോഗവല്‍ക്കരിച്ചതായി മനസ്സിലാക്കാം.

Summarization Method 

വിവരിക്കാതെത്തന്നെ മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ വിട്ടുകളയുകയാണെങ്കില്‍ നീളമുള്ള പാസ്സേജുകളോ കഥകളോ ചുരുക്കിപ്പറയാം. ഈ മാര്‍ഗം ക്വുര്‍ആന്‍ ഉപയോഗിച്ചതായി കാണാം. ഒരു ഉദാഹരണം പറയാം.

മൂസാ നബി(അ)യോട് തുവാതാഴ്‌വരയില്‍വെച്ച് അല്ലാഹു ദീര്‍ഘമായി നേരിട്ട് സംസാരിച്ചു. ശേഷം മൂസാ നബി(അ)യോടും ഹാറൂന്‍ നബി(അ)യോടും ഫിര്‍ഔനിന്റെ അടുക്കല്‍ പോയി ഇങ്ങനെ പറയാന്‍ പറയുന്നു: ''നിഷേധിച്ച് തള്ളുകയും പിന്തിരിയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു''(20:48).

ഇതിനുശേഷം താഴെ എഴുതിയ കാര്യങ്ങള്‍ വിട്ടുകളഞ്ഞു:

'അങ്ങനെ മൂസാ(അ) ഭാര്യയുടെയും മക്കളുടെയും കൂടെ തുവാതാഴ്‌വരയില്‍നിന്ന് മടങ്ങി. കുടുംബത്തെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചു. പിന്നീട് ഈജിപ്തിലേക്ക് പോയി. സഹോദരനായ ഹാറൂനി(അ)നോട് ദൗത്യ നിര്‍വഹണത്തെക്കുറിച്ച് അറിയിക്കുന്നു. തുടര്‍ന്ന് രണ്ടുപേരും ഫിര്‍ഔനിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. കൊട്ടാരത്തിലെത്തി. സമ്മതം കിട്ടി. അകത്തുകടന്ന് ഫിര്‍ഔനിനോട് പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതന്മാരാണ്. അതിനാല്‍ ഇസ്രാഈല്യരെ ഞങ്ങളുടെ കൂടെ വിട്ടുതരിക. എന്നിട്ട് ഇപ്രകാരം പറഞ്ഞു:

'നിഷേധിച്ച് തള്ളുകയും പിന്മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു' (ത്വാഹാ 48).

ഇതിനിടയിലുള്ള കാര്യങ്ങള്‍ വിട്ടുകളഞ്ഞാലും നമുക്ക് ഗ്രഹിക്കാന്‍ കഴിയുമെന്നതിനാലാണ് ഒഴിവാക്കിയിരിക്കുന്നതെന്നു മനസ്സിലാക്കാം.  '

News Editing (വാര്‍ത്തകള്‍ തയ്യാറാക്കല്‍)

പത്രവാര്‍ത്തകള്‍ എഡിറ്റിംഗ് ചെയ്യാന്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കാറുണ്ട്. ആദ്യത്തില്‍ ഏറ്റവും ആകര്‍ഷകമായ ഒരു ഹെഡ്ഡിംഗ്, പിന്നീട് വാര്‍ത്തകളില്‍നിന്ന് ഏറ്റവും പ്രധാനപ്പെട്ട കുറച്ച് ഭാഗം എടുത്ത് ചുരുക്കി, കട്ടികൂടിയ അക്ഷരങ്ങളില്‍ എഴുതുക. പിന്നീട് വാര്‍ത്തകള്‍ വിശദമായി റിപ്പോര്‍ട്ട് എഴുതുക.

ഉദാഹരണം നോക്കുക: അധ്യായം 12 സൂറഃ യൂസുഫ് 3ാം വചനത്തില്‍ ഹെഡ്ഡിംഗിന് തുല്യമായ ഭാഗം അഹ്‌സനല്‍ ക്വസ്വസ്വ് (ദി ബെസ്റ്റ് സ്റ്റോറി-ഏറ്റവും നല്ല കഥ) എന്ന ഭാഗം എടുക്കാം. പിന്നീട് 4 മുതല്‍ 7 വരെയുള്ള വചനങ്ങള്‍ യൂസുഫ് നബി(അ)യുടെ കഥ ചുരുക്കിപ്പറഞ്ഞുകൊണ്ട് കഥയിലേക്ക് ശ്രദ്ധതിരിക്കുന്നു. പിന്നീട് 7ാം വചനം മുതല്‍ വിശദമായി പറയുന്നു: ''തീര്‍ച്ചയായും യൂസുഫിലും അവന്റെ സഹോദരന്മാരിലും ചോദിച്ച് മനസ്സിലാക്കുന്നവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്.'' 7 മുതല്‍ 101 വരെയുള്ള വചനങ്ങള്‍ യൂസുഫ് നബി(അ)യുടെ കഥ വിശദമായി വിശദീകരിക്കുന്നു.

Climax (മൂര്‍ധന്യം)

ഏത് കഥകളിലും ഡ്രാമകളിലും വൈകാരികതയുടെ ഏറ്റവും മൂര്‍ധന്യാവസ്ഥ ധ്വനിപ്പിക്കുന്ന ഒരു രംഗം ഉണ്ടാകും. അതാണ് ഏറ്റവും മേന്മയേറിയ കഥ, നാടകം, നോവല്‍ മുതലായവയുടെ പ്രധാനപ്പെട്ട ഒരു പ്രത്യേകത. സൂറഃ യൂസുഫിലെ രണ്ട് മൂര്‍ധന്യരംഗങ്ങള്‍ ഇവയാണ്:  

യൂസുഫ് സഹോദരന്മാരോട് ചോദിക്കുന്നു: ''...നിങ്ങള്‍ അറിവില്ലാത്തവരായിരുന്നപ്പോള്‍ യൂസുഫിന്റെയും അവന്റെ സഹോദരന്റെയും കാര്യത്തില്‍ നിങ്ങള്‍ ചെയ്തതെന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ? അവര്‍ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെയാണ് യൂസുഫ്. ഇതെന്റെ സഹോദരനും...'' (യൂസുഫ്:89,90).  

മറ്റൊരു മൂര്‍ധന്യത ഇതാണ്: ''അനന്തരം അവര്‍ യൂസുഫിന്റെ മുമ്പാകെ പ്രവേശിച്ചപ്പോള്‍ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ച്കൂട്ടി...'' (യൂസുഫ് 99).

ചെറുപ്പത്തില്‍ നഷ്ടപ്പെട്ടുപോയ മകനെ എത്രയോ വര്‍ഷങ്ങള്‍ക്ക്‌ശേഷം വീണ്ടും കണ്ടുമുട്ടുന്ന അവസരത്തിലെ വൈകാരികത എത്രത്തോളമുണ്ടാകുമെന്ന് ചിന്തിക്കുക. നായകന് ശുഭകരമായ പര്യവസാനത്തോട്കൂടി അവസാനിക്കുന്നതിനാല്‍ സൂറഃ യൂസുഫ്, ശുഭപര്യവസായത്തിന്അഥവാ കോമഡിക്ക് ഏറ്റവും നല്ല ഉദാഹരണമാണ്.

ക്വുര്‍ആനിന്റെ സാഹിത്യപരമായ അമാനുഷികതയാണ് നമുക്ക് ഇതില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്.