നിര്‍ഭയരാജ്യവും സുരക്ഷിത സമൂഹവും

ഉസ്മാന്‍ പാലക്കാഴി

2021 മെയ് 22 1442 ശവ്വാല്‍ 10

നിര്‍ഭയജീവിതം, സുരക്ഷിത സമൂഹം

(സുരക്ഷിത സമൂഹത്തിന്റെ ഇസ്‌ലാമിക പാഠങ്ങള്‍, ഭാഗം 41)

എല്ലാരംഗത്തും എല്ലാവര്‍ക്കും നിര്‍ഭയത്വവും സുരക്ഷിതത്വവും യാഥാര്‍ഥ്യമാക്കുവാന്‍ ഇസ്‌ലാം പ്രതിജ്ഞാബദ്ധമാണ്. എത്രത്തോളമെന്നുവെച്ചാല്‍, നവജാത ശിശുവിന്റെയും മൊഴിചൊല്ലപ്പെട്ട സ്ത്രീയുടെയുംവരെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുവാന്‍ പറഞ്ഞ് അവരുടെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിന് ഇസ്‌ലാം വഴിയൊരുക്കുന്നു. അല്ലാഹു പറയുന്നു:

''മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടുകൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്. അതുപോലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പിതാവിന്നും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതുപോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെകുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തുതീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക'' (ക്വുര്‍ആന്‍ 2:233).

''നിങ്ങളില്‍നിന്ന് ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്ക് ഒരുകൊല്ലത്തേക്ക് (വീട്ടില്‍ നിന്ന്) പുറത്താക്കാതെ ജീവിതവിഭവം നല്‍കാന്‍ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. എന്നാല്‍ അവര്‍ (സ്വയം) പുറത്ത് പോകുന്നപക്ഷം തങ്ങളുടെ സ്വന്തം കാര്യത്തില്‍ മര്യാദയനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. അല്ലാഹു പ്രതാപവാനും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു'' (ക്വുര്‍ആന്‍ 2:240).

''വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ട  താണ്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രെ.'' (ക്വുര്‍ആന്‍ 2:241).

കൂടിയാലോചനയുടെ നേട്ടം

കാര്യങ്ങളില്‍ പരസ്പരം കൂടിയാലോചന നടത്തുക എന്നത് മികച്ച അഭിപ്രായങ്ങള്‍ കണ്ടെത്തുവാനും തങ്ങള്‍ അംഗീകരിക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കുവാനും അതുവഴി നിര്‍ഭയത്വബോധമുണ്ടാക്കുവാനും സഹായകമാണ്.

''...ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയുംചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.'' (ക്വുര്‍ആന്‍ 3:159).

കൂടിയാലോചന നടത്തുക എന്നത് വിശ്വാസിയുടെ വിശേഷണമായി ക്വുര്‍ആന്‍ എടുത്തുപറയുന്നുണ്ട്: ''തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും'' (ക്വുര്‍ആന്‍ 42:38).

നബി ﷺ പറഞ്ഞു: ''എന്റെ സമുദായം വഴികേടില്‍ ഏകോപിക്കുകയില്ല'' (ഇബ്‌നുമാജ).

അബൂഹുറയ്‌റ(റ) പറയുന്നു: ''അല്ലാഹുവിന്റെ റസൂല്‍ തന്റെ സ്വഹാബികളോട് കൂടിയാലോചിക്കുന്നതിനെക്കാള്‍ കൂടിയാലോചിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല'' (തിര്‍മിദി).

യുദ്ധരംഗങ്ങളില്‍ നബി ﷺ അനുയായികളോട് കൂടിയാലോചിച്ചതിന്റെയും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന്റെയും തെളിവുകള്‍ ചരിത്രത്തില്‍ കാണുവാന്‍ സാധിക്കും. ബദ്ര്‍ യുദ്ധവുമായി ബന്ധപ്പെട്ട രണ്ട് ഉദാഹരണങ്ങള്‍ കാണുക:

1) നബി ﷺ യുംം അനുയായികളും ബദ്ര്‍ യുദ്ധത്തിനുള്ള പുറപ്പാടിലാണ്.ഇശാഅ് സമയമായപ്പോഴേക്കും അവര്‍ ബദ്‌റിലെ വെള്ളസ്ഥലത്തെത്തി.അവിടെ നില്‍ക്കാന്‍ തീരുമാനിച്ചു.അന്നേരം ഹുബാബുബ്‌നുല്‍ മുന്‍ദിര്‍(റ) നബി ﷺ യോട് ചോദിച്ചു: ''ഈ താവളം തിരഞ്ഞെടുത്തത് അല്ലാഹുവിന്റെ കല്‍പന പ്രകാരമാണോ അതോ അങ്ങയുടെ സ്വന്തം അഭിപ്രായപ്രകാരമോ?അതല്ല, യുദ്ധതന്ത്രമായിട്ടാണോ?'നബി ﷺ പറഞ്ഞു: 'എന്റെ അഭിപ്രായപ്രകാരം മാത്രമാണ്;യുദ്ധതന്ത്രവുമാണ്.'ഹുബാബ്(റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, എങ്കില്‍ ഇവിടെയല്ല നല്ലത്; അല്‍പം കൂടി നീങ്ങിയാല്‍ വെള്ളമുള്ളസ്ഥലത്തിന്റെ മുന്നില്‍ നില്‍ക്കാം.അവിടെ കുഴിയുണ്ടാക്കി വെള്ളം നിറക്കാം.മക്കക്കാര്‍ക്ക് വെള്ളം ലഭിക്കുകയുമില്ല.' നബി ﷺ ആ അഭിപ്രായം അംഗീകരിക്കുകയും അപ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്തു.

2) ബദ്ര്‍ താഴ്‌വരയുടെ അതിര്‍ത്തിയില്‍ ഉദ്‌വത്തുല്‍ ഖുസ്‌വായിലെ മണല്‍കുന്നിനു പിന്നില്‍ ക്വുറൈശികള്‍ തമ്പടിച്ചു.മുസ്‌ലിം സൈന്യം ദുഫ്‌റാന്‍ താഴ്‌വരയിലാണ്.നബി ﷺ സ്വഹാബിമാരോട് കൂടിയാലോചിച്ചു.തെക്കോട്ടു വന്നുകൊണ്ടിരിക്കുന്ന വര്‍ത്തക സംഘം, വടക്കോട്ടു കുതിച്ചുകൊണ്ടിരിക്കുന്ന പട്ടാളസംഘം. ഇവയില്‍ ഏതിനെ നേരിടണം?ശക്തികുറഞ്ഞ വര്‍ത്തക സംഘത്തെ നേരിട്ടാല്‍ പോരേ എന്ന് ചിലര്‍ക്കൊക്കെ തോന്നിയ സന്ദര്‍ഭത്തില്‍ അബൂബക്ര്‍ സ്വിദ്ദീക്വ്(റ), ഉമര്‍(റ) എന്നിവര്‍ നബി ﷺ യുടെ അഭിപ്രായത്തോട് യോജിച്ചു.അതായത് പട്ടാളസംഘവുമായി യുദ്ധത്തിലേര്‍പെടുക എന്ന അഭിപ്രായം.അപ്പോള്‍ മുഹാജിറുകളുടെ കൂട്ടത്തില്‍നിന്നും മിഖ്ദാദുബ്നുഅസ്‌വദ്(റ) ഇപ്രകാരം പറഞ്ഞു: 'അങ്ങയോട് അല്ലാഹു എന്തു കല്‍പിച്ചുവോ അതിലേക്ക് അങ്ങ് പോയിക്കൊള്ളുക.ഇസ്‌റാഈല്യര്‍ മൂസാനബിയോട് താനും തന്റെ റബ്ബും പോയി യുദ്ധം ചെയ്തുകൊള്ളുക, ഞങ്ങളിവിടെ ഇരിക്കുകയാണ് എന്ന് പറഞ്ഞതു പോലെ ഞങ്ങള്‍ ഒരിക്കലും പറയുകയില്ല...'

അന്‍സ്വാരികളുടെ നേതാവായ സഅദ്ബ്‌നു മുആദ്(റ) പറഞ്ഞു: 'ഞങ്ങള്‍ അങ്ങയില്‍ വിശ്വസിക്കുകയും അങ്ങ് കൊണ്ടുവന്നതിനെയെല്ലാം ശരിവെക്കുകയുംഅങ്ങേക്ക് പ്രതിജ്ഞ നല്‍കുകയും ചെയ്തവരാണ്. ഈ സമുദ്രം വിലങ്ങില്‍ കടന്നുപോകുവാന്‍ അങ്ങ് കല്‍പിച്ചാലും ഞങ്ങള്‍ സമുദ്രത്തില്‍ ഇറങ്ങുവാന്‍ തയ്യാറാണ്.'പ്രവാചകന്‍ ﷺ വളരെ സന്തോഷിച്ചു. അദ്ദേഹം പ്രഞ്ഞു: ''അല്ലാഹുവിന്റെ അനുഗ്രഹത്തോടെ നടക്കുവിന്‍, സന്തോഷിക്കുവിന്‍.ആ ജനങ്ങള്‍ വീണുകിടക്കുന്ന സ്ഥാനങ്ങള്‍ ഞാന്‍ കാണുന്നതു പോലെ തോന്നുന്നു.'

ക്വുര്‍ആന്‍ 'വലിയ്യുല്‍ അംറ്' (കൈകാര്യ കര്‍ത്താവ്) ഏകവചനം പ്രയോഗിക്കാതെ 'ഉലുല്‍അംറ്' (കൈകാര്യ കര്‍ത്താക്കള്‍) എന്നു പ്രയോഗിച്ചത് ശ്രദ്ധേയമാണ്.

''തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും...'' (ക്വുര്‍ആന്‍ 42:38,39).

ഈ സൂക്തത്തിന്റെ വിവരണത്തില്‍ മുഹമ്മദ് അമാനി മൗലവി എഴുതിയത് വായിക്കാം: ''കാര്യങ്ങളില്‍ അന്യോന്യം കൂടിയാലോചന നടത്തല്‍, മനുഷ്യന്റെ പാരത്രികമോ മതപരമോ ആയ വശങ്ങളില്‍ മാത്രമല്ല, ലൗകികവും ഭൗതികവുമായ വശങ്ങളില്‍പോലും വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഗുണമത്രെ ഇത്. തര്‍ക്കവും കക്ഷിവഴക്കും അവസാനിപ്പിക്കുന്നതിലും, മതകാര്യങ്ങളും പൊതുകാര്യങ്ങളും നടപ്പാക്കുന്നതിലും, ഭിന്നാഭിപ്രായങ്ങളില്‍ യോജിപ്പുവരുത്തുന്നതിലും, നാനാമുഖങ്ങളായ പ്രശ്‌നങ്ങളെ നേരിടുന്നതിലുമെല്ലാംതന്നെ കൂടിയാലോചന എത്രമാത്രം പ്രയോജനകരമാണെന്ന് എടുത്തു പറയേണ്ടതില്ല. നേരെമറിച്ച് അത്യാവശ്യമെങ്കിലും കൂടിയാലോചന നടത്തപ്പെടാതെ ഏകപക്ഷീയമായി കാര്യങ്ങള്‍ കയ്യാളുന്നത് നിമിത്തം ഉണ്ടാകാറുള്ള ഭവിഷ്യത്തുകള്‍ പലപ്പോഴും വമ്പിച്ചതായിരിക്കും. അല്ലാഹുവിങ്കല്‍നിന്ന് 'വഹ്‌യ്' ലഭിക്കുന്ന ആളായിരുന്നിട്ടുപോലും, പ്രധാന വിഷയങ്ങള്‍ നേരിടുമ്പോഴെല്ലാം നബിതിരുമേനി ﷺ സ്വഹാബികളുമായി അവയെപ്പറ്റി കൂടിയാലോചന നടത്തുക പതിവായിരുന്നു. ''നീ അവരുമായി കാര്യത്തില്‍ കൂടിയാലോചന നടത്തുക. എന്നിട്ട് നീ തീര്‍ച്ചയാക്കിക്കഴിഞ്ഞാല്‍ അപ്പോള്‍ അല്ലാഹുവിന്റെമേല്‍ ഭരമേല്‍പിച്ച് കൊള്ളുക'' എന്ന് അല്ലാഹു നബി ﷺ യോട് കല്‍പിക്കുകയും ചെയതിരിക്കുന്നു. കൂടിയാലോചനയുടെ പ്രാധാന്യത്തെയും സ്വാഭിപ്രായംകൊണ്ട് തൃപ്തി അടയുന്നതിന്റെ ഭവിഷ്യത്തുകളെയും ചൂണ്ടിക്കാട്ടുന്ന പല ഹദീഥുകളും കാണാവുന്നതാണ്. ഇമാം തിര്‍മദീ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥ്-ഇക്കാലത്ത് വിശേഷിച്ചും- പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു:

'നിങ്ങളുടെ അധികാരസ്ഥന്‍മാര്‍' നിങ്ങളില്‍ ഉത്തമന്‍മാരും നിങ്ങളുടെ ധനികന്‍മാര്‍ നിങ്ങളില്‍ ഔദാര്യവാന്‍മാരും നിങ്ങളുടെ കാര്യങ്ങള്‍ നിങ്ങള്‍ക്കിടയില്‍ കൂടിയാലോചിക്കപ്പെടുന്നവരും ആണെങ്കില്‍ നിങ്ങള്‍ക്കു ഭൂമിയുടെ ഉള്‍ഭാഗത്തെക്കാള്‍ അതിന്റെ ഉപരിഭാഗം ഉത്തമമായിരിക്കും. നിങ്ങളുടെ അധികാരസ്ഥന്‍മാര്‍ നിങ്ങളില്‍ മോശക്കാരും നിങ്ങളുടെ ധനികന്‍മാര്‍ നിങ്ങളില്‍ പിശുക്കന്‍മാരും നിങ്ങളുടെ കാര്യങ്ങള്‍ നിങ്ങളുടെ സ്ത്രീകളുടെ അടുക്കലും ആയിരുന്നാല്‍ അപ്പോള്‍, ഭൂമിയുടെ ഉപരിഭാഗത്തെക്കാള്‍ അതിന്റെ ഉള്‍ഭാഗം നിങ്ങള്‍ക്ക് ഉത്തമമായിരിക്കും.' ഹാ! ഈ ഹദീഥും ഇന്നത്തെ നമ്മുടെ പൊതുനിലയും കൂടി ഒന്ന് ആലോചിച്ചു നോക്കുക! അല്ലാഹു അക്ബര്‍!''

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും'' (ക്വുര്‍ആന്‍ 4:59).

ഈ വചനത്തിന്റെ വിവരണത്തില്‍ അമാനി മൗലവി എഴുതിയത് കാണുക:

''(നിങ്ങളില്‍നിന്നുള്ള അധികാരസ്ഥന്‍മാരെയും അനുസരിക്കണം) 'നിങ്ങളില്‍ നിന്ന്' എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം സത്യവിശ്വാസികളില്‍നിന്ന് എന്നാണെന്നു വ്യക്തം. എന്നാല്‍, 'അധികാരസ്ഥന്‍മാര്‍' (ഉലുല്‍അംറ്) ആരാണ്? ഇതിന്റെ നിര്‍വചനത്തില്‍ പണ്ഡിതന്‍മാരുടെ വാക്കുകള്‍ വ്യത്യസ്തങ്ങളായി കാണാം. ഭരണാധിപന്‍മാര്‍, ഉദ്യോഗസ്ഥമേധാവികള്‍, വിധികര്‍ത്താക്കള്‍, സമുദായ നേതാക്കള്‍, പണ്ഡിതന്‍മാര്‍, മതവിജ്ഞാനികള്‍ എന്നൊക്കെയാണ് അവയുടെ രത്‌നച്ചുരുക്കം. അല്‍പം ഉള്ളോട്ടു കടന്ന് ആലോചിച്ചാല്‍-ചില മഹാന്‍മാര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ-ഇവരെല്ലാം ഉള്‍ക്കൊള്ളുന്ന ഒരുവാക്കാണതെന്നു കാണാവുന്നതാണ്. അതാതു തുറകളില്‍ ആധികാരികമായി തീരുമാനമെടുക്കുവാന്‍ അര്‍ഹതയും കെല്‍പും ഉള്ളവര്‍ എന്നു മൊത്തത്തില്‍ പറയാം. ഉദാഹരണമായി: ഭരണകാര്യങ്ങളില്‍ ഭരണമേധാവികളും, പൊതുകാര്യങ്ങളില്‍ സമുദായനേതാക്കളും, യുദ്ധകാര്യങ്ങളില്‍ സൈന്യാധിപന്‍മാരും, വ്യവഹാര വഴക്കുകളില്‍ വിധികര്‍ത്താക്കളും, മതവിധികളില്‍ മതപണ്ഡിതന്‍മാരും, സംഘടനാ വിഷയങ്ങളില്‍ സംഘത്തലവന്‍മാരും അധികാരസ്ഥന്‍മാരായിരിക്കും. ഭരണകര്‍ത്താക്കളും, അവരുടെ ഉദ്യോഗസ്ഥന്‍മാരും ഏതായാലും ഉള്‍പെടുമെന്നു പ്രത്യേകം പറയേണ്ടതില്ല.''

നിര്‍ഭയരാജ്യവും സുരക്ഷിത സമൂഹവും

ഒരു രാജ്യം, വിശിഷ്യാ വെല്ലുവിളികള്‍ വലയം ചെയ്തിരിക്കുന്ന രാജ്യം കൊടുങ്കാറ്റുള്ള കടലില്‍ മുന്നോട്ടുപോകുന്ന കപ്പല്‍പോലെയാണ്. അതിന് കേടുപാട് പറ്റിയാല്‍ യാത്രക്കാര്‍ നിര്‍ഭയരല്ല; അവര്‍ വയറുനിറഞ്ഞവരോ വിശക്കുന്നവരോ, ഉടുത്തവരോഉടുക്കാത്തവരോ, പണ്ഡിതരോ പാമരരോ, ആേരാഗ്യവാന്മാരോ രോഗികളോ... ആരാണെങ്കിലും ശരി!

ഒരു രാജ്യത്ത് ജീവിക്കുന്ന ജനങ്ങള്‍ക്ക് നിര്‍ഭയമായി ഉപജീവനമാര്‍ഗം തേടാന്‍ കഴിയണം. ശത്രുക്കളില്‍നിന്നും മറ്റും നിര്‍ഭയത്വം ലഭിക്കണം. വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും കൊണ്ടുനടക്കുന്ന കാര്യത്തില്‍ നിര്‍ഭയത്വമുണ്ടാകണം; അതിനുള്ള സ്വാതന്ത്ര്യം വേണം. ശാന്തിയും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷം ഉണ്ടാകണം. ഇങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ എണ്ണിപ്പറയാനുണ്ട്. ഒരുപരിധിവരെയെങ്കിലും അവയെല്ലാം ഉണ്ടാകുമ്പോഴാണ് ഒരു ജനത സുരക്ഷിതമാകുന്നത് എന്നു പറയാം.

സ്വന്തം നാട്ടില്‍ അടിച്ചമര്‍ത്തപ്പെടുന്ന, യുദ്ധം നേരിടുന്ന അവസ്ഥ ഒരു ജനതക്ക് സംജാതമായാല്‍ അവരുടെ ജീവിതം അശാന്തി നിറഞ്ഞതാകും. നിര്‍ഭയത്വമില്ലാത്ത അവസ്ഥയില്‍ പതിതരായി കഴിഞ്ഞുകൂടേണ്ടിവരും. അങ്ങനെയുള്ള അവസരത്തില്‍ പ്രതിരോധിക്കുവാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്.  

''യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍...'' (ക്വുര്‍ആന്‍ 22:39,40).

യുദ്ധത്തിനുവരുന്നവരോട് തിരിച്ചും യുദ്ധം ചെയ്യാം. എന്നാല്‍ യുദ്ധരംഗത്തുപോലും പരിധിവിട്ട് പ്രവര്‍ത്തിച്ചുകൂടാ എന്ന ക്വുര്‍ആനിന്റെ നിര്‍ദേശം ഇസ്‌ലാമിന്റെ മാനവികതയെ വിളംബരം ചെയ്യുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ശത്രുരാജ്യത്തെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയുമൊക്കെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്ത് ഇതിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. അല്ലാഹു പറയുന്നു:

''നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധംചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ... (ക്വുര്‍ആന്‍ 2:190).

നീണ്ട പതിമൂന്നു വര്‍ഷങ്ങള്‍ നബി ﷺ യും അനുചരന്മാരും മക്കയില്‍ കഴിച്ചുകൂട്ടിയത് ശത്രുക്കളുടെ കൊടിയ പീഡനങ്ങള്‍ സഹിച്ചുകൊണ്ടായിരുന്നു. അല്ലാഹുവിന്റെ അനുമതി കിട്ടാത്തതിനാല്‍ അവര്‍ തിരിച്ചൊന്നും ചെയ്തില്ല. മദീനയിലേക്ക് പലായനം ചെയ്ത ശേഷവും മക്കക്കാര്‍ യുദ്ധത്തിനുകോപ്പുകൂട്ടിപ്പോഴാണ് യുദ്ധത്തിന് അല്ലാഹു അനുവാദം നല്‍കിയത്:

 ''നിന്നെ ബന്ധനസ്ഥനാക്കുകയോ കൊല്ലുകയോ നാട്ടില്‍നിന്ന് പുറത്താക്കുകയോ ചെയ്യാന്‍ വേണ്ടിനിനക്കെതിരായി സത്യനിഷേധികള്‍ തന്ത്രം പ്രയോഗിച്ചിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. എന്നാല്‍ അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ മെച്ചപ്പെട്ടവന്‍'' (ക്വുര്‍ആന്‍ 8:30).

''തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, റസൂലിനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ഒരുജനവിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? അവരാണല്ലോ നിങ്ങളോട് ആദ്യതവണ (യുദ്ധം) തുടങ്ങിയത്. അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ? എന്നാല്‍ നിങ്ങള്‍ ഭയപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളത് അല്ലാഹുവെയാണ്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവന്‍ അപമാനിക്കുകയും അവര്‍ക്കെതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന്‍ ശമനം നല്‍കുകയും ചെയ്യുന്നതാണ്'' (ക്വുര്‍ആന്‍ 9:13,14).

വിശ്വാസ സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുകയും അക്രമിക്കുകയും ചെയ്യുന്നവരെ നേരിടേണ്ടിവന്ന നബി ﷺ യെയും അനുയായികളെയും അല്ലാഹു ആശ്വസിപ്പിക്കുന്നത് കാണുക:

''...ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍നിന്ന് പുറത്താക്കപ്പെടുകയും, എന്റെ മാര്‍ഗത്തില്‍ മര്‍ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്. അല്ലാഹുവിന്റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്'' (ക്വുര്‍ആന്‍ 3:195).

യുദ്ധത്തിനു വരുന്നവരോട് തിരിച്ചം യുദ്ധം ചെയ്യേണ്ടത് രാജ്യത്തിന്റെയും ജനതയുടെ സുരക്ഷിതത്വത്തിന് അനിവാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മതത്തിന്റെ പേരില്‍ യുദ്ധത്തിനു വരിക, സ്വന്തം വീടുകളില്‍നിന്ന് പുറത്താക്കുക തുടങ്ങിയ മനുഷ്യത്വവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നത് ആരാണെങ്കിലും അവരോട് എതിരിടേണ്ടിവരും. അവിടെ മതത്തിന്റെയും വര്‍ണത്തിന്റെയും ഭാഷയുടെയുമൊന്നും വേര്‍തിരിവില്ല. ക്വുര്‍ആനിലെ യുദ്ധവുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് അന്യമതസ്ഥരെ കണ്ടേടത്തുവെച്ച് കൊല്ലുവാന്‍ ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു എന്ന് പ്രചരിപ്പിക്കുന്നവര്‍ സത്യം മനഃപൂര്‍വം മറച്ചുവെക്കുന്നവരാണ്.

അല്ലാഹു പറയുന്നത് കാണുക: ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതികാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് -അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീബന്ധം പുലര്‍ത്തുന്നപക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍'' (ക്വുര്‍ആന്‍ 8,9).

ചുരുക്കത്തില്‍, വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും രാജ്യങ്ങള്‍ക്കും ലോകത്തിനാകമാനവും സുരക്ഷിതത്വവും നിര്‍ഭയത്വവും ലഭിക്കുന്ന നിയമനിര്‍ദേശങ്ങളാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ഇസ്‌ലാമിന്റെ തണല്‍ നല്‍കുന്ന സുരക്ഷിതത്വം അത് അനുഭവിക്കുമ്പോഴാണ് തിരിച്ചറിയാന്‍ കഴിയുക. (അവസാനിച്ചു)