ചരിത്രസത്യത്തെ ഭയപ്പെടുന്നവര്‍

അബ്ദുല്‍ മാലിക് സലഫി

2021 സെപ്തംബര്‍ 04 1442 മുഹര്‍റം 26

''പക്ഷേ, നമ്മുടെ വികലമായ ചരിത്രത്തില്‍ ഒരുവിഭാഗം വിസ്മരിക്കപ്പെട്ടിരിക്കുന്നു. പൂക്കോട്ടൂരിലെയും മേല്‍മുറിയിലെയും പാവനമണ്ണില്‍ പരതന്ത്ര്യത്തിനെതിരായി പടപൊരുതി ചോര ചിന്തിയ, വാഗണ്‍ ട്രാജടിയില്‍ ശ്വാസംമുട്ടി പിടഞ്ഞു പിടഞ്ഞു മരിച്ച, ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ തീതുപ്പുന്ന പീരങ്കികള്‍ക്ക് വിരിമാറുകാട്ടി പരലോകംപൂണ്ട സഹോദരന്മാര്‍ ഒരു വര്‍ഗീയ ലഹളയില്‍ പങ്കെടുത്ത ദേശദ്രോഹികളായിത്തീര്‍ന്നിരിക്കുന്നു! അവരെ ആദരിക്കണ്ട; അവശേഷിച്ച ആ സ്വാതന്ത്ര്യഭടന്മാര്‍ക്ക് താമ്രപത്രവും പെന്‍ഷനും നല്‍കണം. അവരെ അപമാനിക്കാതിരിക്കയെങ്കിലും ചെയ്തുകൂടേ?''

ഇ.മൊയ്തു മൗലവിയുടെ, 'ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്യ പ്രസ്ഥാനവും' എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ 1982ല്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബ് എഴുതിയ വരികളാണിത്.  ചരിത്ര വസ്തുതകളെ കുഴിച്ച് മൂടാന്‍ ശ്രമിക്കുന്നവരുടെ പരിശ്രമങ്ങള്‍ ഏറെ മുമ്പേ തുടങ്ങിയിട്ടുണ്ട് എന്നതിന് ഈ വരികള്‍ സാക്ഷിയാണ്.

ഫാഷിസം എന്തിനാണ് യഥാര്‍ഥ ചരിത്രത്തെ ഇത്രമേല്‍ ഭയക്കുന്നത്? തങ്ങളുടെ പൂര്‍വികരുടെ ചെയ്തികളിലുള്ള ജാള്യം മൂലമാണെങ്കില്‍ അതിന് ചിലരുടെ പേര് വെട്ടിയാല്‍ മാത്രം പരിഹാരമാകുമോ?

മുസ്‌ലിം നാമമാണ് പ്രശ്‌നമെങ്കില്‍ ഇവിടംകൊണ്ട് ഇത് തീരുകയും ഇല്ല! ഇന്ത്യാഗേറ്റടക്കം പൊളിക്കേണ്ടിവരും. അവിടെയും അവസാനിക്കില്ല! ഇന്ത്യയിലെ മണ്ണു മുഴുവന്‍ മാന്തിയെടുത്ത് അറബിക്കടലില്‍ തള്ളേണ്ടിവരും! കാരണം, ഈ മണ്ണിന് ആ പോരാളികളുടെ ചോരയുടെ മണമുണ്ട്.

ചരിത്രം നിര്‍മിച്ചവര്‍തന്നെ ചരിത്രം പറയലാണ് നല്ലത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ വിശദീകരിക്കട്ടെ:

''അവരും (ഹിന്ദുക്കളും) നമ്മെപോലെ കഷ്ടപ്പെടുന്നവരാണ്. ഞാന്‍ ഇന്നലെ ഒരു വിവരം അറിഞ്ഞു. ഇത് ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ഒരു യുദ്ധമായി പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രെ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍ ഗവണ്‍മെന്റിനെ സഹായിക്കുകയോ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ക്ക് ഒറ്റുകൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. ഇത് മുസല്‍മാന്റെ രാജ്യമാകാന്‍ ആഗ്രഹമില്ല'' (വാഗണ്‍ ട്രാജഡിപേജ് 62).

മലബാര്‍ സമരം ആര്‍ക്കെതിരെയായിരുന്നു എന്ന് ഇതില്‍നിന്ന് വ്യക്തം. ബ്രിട്ടീഷുകാരെ സഹായിച്ചവരെ മതം നോക്കാതെ അവര്‍ ശിക്ഷിച്ചിട്ടുണ്ട്. (ഇതിന്റെ മതപരമായ വിധി ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല).

ആനക്കയം കൂരിമണ്ണില്‍ ചേക്കുട്ടി ഇന്‍സ്‌പെക്ടര്‍, തിരൂരങ്ങാടിയിലെ അധികാരി കെ.ടി.മൂസക്കുട്ടി, ചോല ഉണ്ണീന്‍ എന്നിവര്‍ പോരാളികളുടെ പ്രതികാര നടപടിക്ക് വിധേയരായവരായിരുന്നു. ചേക്കുട്ടിയുടെ തല അറുക്കപ്പെട്ടിട്ടുണ്ട്.

'അധികാരിച്ചേക്കുട്ടിന്റെ തലയവര്‍ മുറിച്ചു

അതുമൊരു കുന്തത്തിന്മേന്‍ അവര്‍ കുത്തിപ്പിടിച്ചു'

എന്ന പാട്ടിന്റെ പശ്ചാത്തലം അതാണ്.

മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തത് മലബാര്‍ സമരത്തില്‍ പങ്കെടുത്തതിനാലായിരുന്നു എന്നത് സമരത്തിലെ ഹിന്ദുക്കളുടെ സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്.

പുതിയ വീട്ടില്‍ രാമുണ്ണി നായരുടെ വീട് ചിലര്‍ കൊള്ളചെയ്ത വിവരം കുഞ്ഞഹമ്മദ് ഹാജിക്ക് ലഭിച്ചു. അവരെ മുഴുവന്‍ പിടിച്ച് തന്റെ മുന്നില്‍ ഹാജറാക്കാന്‍ അദ്ദേഹം കല്‍പിച്ചു. കൊള്ള മുതലുകള്‍ മുഴുവന്‍ മടക്കിക്കൊടുക്കാനും ഓരോരുത്തര്‍ക്കും ഇരുപത് അടി വീതം ശിക്ഷ നല്‍കാനും അദ്ദേഹം വിധിച്ചു. കുഞ്ഞാമു എന്ന വ്യക്തി മുതല്‍ തിരികെ കൊടുക്കാന്‍ കൂട്ടാക്കിയില്ല. അയാളെ 125 അടി അടിക്കാന്‍ കുഞ്ഞഹമ്മദ് ഹാജി കല്‍പിച്ചു.

അടിശിക്ഷ കഴിഞ്ഞതിനുശേഷം അയാളെ ഹാജിയാരുടെ മുമ്പാകെ ഹാജറാക്കി. അയാള്‍ കുറ്റം സമ്മതിച്ചു. കളവുമുതല്‍ കുഴിച്ചിട്ട സ്ഥലത്തുനിന്ന് മാന്തിയെടുത്ത് അവര്‍ക്ക് തിരികെ നല്‍കി. കെ.മാധവന്‍ നായര്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. (മലബാര്‍ കലാപം, പേജ് 260).

പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ട് എങ്കിലും മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അതിനെ മാപ്പിളമാരുടെ മത ഭ്രാന്തായി മാത്രം ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുമാരനാശാന്റെ 'ദുരവസ്ഥ'യുടെ അവസ്ഥയാണ് ഉണ്ടാവുക. ഇന്നല്ലെങ്കില്‍ നാളെ അത് തിരുത്തേണ്ടി വരും.

കുയിലിന്റെ നാദമാണ് മുഴങ്ങിക്കേള്‍ക്കുക; കൊതുകിന്റെ ചിറകടിയല്ല!