അദൃശ്യജ്ഞാനത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍

ഉമര്‍കോയ മദീനി

2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02

മനുഷ്യദൃഷ്ടിയില്‍നിന്നും ബുദ്ധിയില്‍നിന്നും മറഞ്ഞിരിക്കുന്ന ഭാവി, ഭൂത, വര്‍ത്തമാന കാലങ്ങളിലുള്ള മുഴുവന്‍ വിഷയങ്ങളെയുമാണ് അദൃശ്യജ്ഞാനം (ഇല്‍മുല്‍ ഗൈബ്) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അവയെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.

അല്ലാഹു പറയുന്നു: ''പറയുക; ആകാശഭൂമികളിലുള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല. അല്ലാഹുവല്ലാതെ'' (അന്നംല് 65).

''ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവനാണുള്ളത്'' (അല്‍കഹ്ഫ് 62).

''അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്‍'' (അര്‍റഅ്ദ്: 9).

അപ്പോള്‍ 'ഗൈബ്' അല്ലാഹുവിനല്ലാതെ ഒരാള്‍ക്കുമറിയില്ല. അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച മലക്കുകളോ, അവന്‍ നിയോഗിച്ച ദൂതന്മാരോ പോലും അത് അറിയില്ലെന്നിരിക്കെ അവര്‍ക്കു താഴെയുള്ളവരും അത് അറിയുകയില്ല.

നൂഹ് നബി(അ)യെ സംബന്ധിച്ച് അല്ലാഹു പറയുകയുണ്ടായി: ''അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുന്നുമില്ല'' (ഹൂദ് 31).

ഹൂദ് നബി(അ)യെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു: ''അദ്ദേഹം പറഞ്ഞു: (അതിനെപ്പറ്റിയുള്ള) അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതു ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു'' (അല്‍അഹ്ക്വാഫ് 23).

മുഹമ്മദ് നബി(സ്വ)യോട് പ്രഖ്യാപിക്കുവാന്‍ അല്ലാഹു പറയുന്നു: ''പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്നു ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുന്നുമില്ല...'' (അല്‍അന്‍ആം 50).

അല്ലാഹു പറയുന്നു: ''അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും'' (അല്‍ബക്വറ 31,32).

എന്നാല്‍ തന്റെ സൃഷ്ടികളില്‍ ചിലര്‍ക്ക് ദിവ്യബോധനം മുഖേന ഗൈബില്‍ പെട്ട ചില കാര്യങ്ങള്‍ അറിയിച്ചുകൊടുക്കും:

''അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല; അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുകതന്നെ ചെയ്യുന്നതാണ്. അവര്‍ (ദൂതന്‍മാര്‍) തങ്ങളുടെ രക്ഷിതാവിന്റെ ദൗത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അവന്‍ (അല്ലാഹു) അറിയാന്‍ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു'' (അല്‍ജിന്ന് 26-28).

അല്ലാഹു തന്റെ സൃഷ്ടികളില്‍ ചിലര്‍ക്കുമാത്രം അറിയിച്ചുകൊടുക്കുകയും മറ്റുള്ളവര്‍ അറിയാതിരിക്കുകയും ചെയ്യുന്ന അത്തരം ഗൈബുകളെ 'ആപേക്ഷിക അദൃശ്യം' എന്നാണ് പറയുന്നത്. എന്നാല്‍ നിരുപാധിക ഗൈബ് അല്ലാഹു മാത്രമെ അറിയുകയുള്ളൂ. അല്ലാഹു തന്റെതു മാത്രമെന്നു പറഞ്ഞ അദൃശ്യം തനിക്കും അറിയാമെന്ന് വാദിക്കുവാന്‍ ആര്‍ക്കു കഴിയും?

കളവു പറയുന്നവരും വ്യാജവാദികളും അല്ലാഹുവിന്റെ പേരില്‍ കറ്റുകെട്ടി പറയുന്നവരുമായ അദൃശ്യജ്ഞാന വാദി(ഭാവിപ്രവചനക്കാര്‍)കളില്‍നിന്നും ഓരോ വിശ്വാസിയും കരുതലോടെ മാറിനില്‍ക്കേണ്ടതാണ്. സ്വയം വഴികേടിലാവുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്ന ജ്യോത്സ്യന്മാര്‍, സിദ്ധന്മാര്‍, മാരണക്കാര്‍ തുടങ്ങിയവരെല്ലാം അത്തരത്തില്‍ മനുഷ്യരെ ശരിയായ പാതയില്‍നിന്ന് അകറ്റുന്നവരാണ്.

അദൃശ്യജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്ന ആളുകള്‍ പാമര ജനങ്ങളെ വഴികേടിലാക്കുന്നതിനും വിശ്വാസ ചൂഷണത്തിനും വേണ്ടി നടത്തിവരുന്ന പ്രവൃത്തികളില്‍ ചിലതു പറയാം.

1. മാരണം

അല്ലാഹുവിന്റെ നിശ്ചയപ്രകാരം മാരണം മനസ്സിനെയും ശരീരത്തെയും ബാധിക്കുകയോ മനുഷ്യരെ രോഗികളാക്കിത്തീര്‍ക്കുകയോ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയോ മരണത്തില്‍വരെ എത്തിക്കുകയോ ചെയ്‌തേക്കാം.

അല്ലാഹു പറയുന്നു: ''സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞു പരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്‌റാഇല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് പിശാചുക്കളാണ് ദൈവനിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകള്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു).എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പ്പെടരുത് എന്ന് അവര്‍ പറഞ്ഞു കൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതികൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തിയോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്തതന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!'' (അല്‍ബക്വറ: 106).

കെട്ടുകളില്‍ ഊതുന്നതും അതില്‍പെട്ടതു തന്നെയാണ്. അല്ലാഹു പറയുന്നു: ''പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ കാവലിനെ തേടുന്നു; അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍നിന്ന്. ഇരുളടയു മ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും'' (അല്‍ഫലക്വ് 15).

2. ജ്യോതിഷം

ഗ്രഹങ്ങളുടെ ഭ്രമണവും സ്ഥാനവും ഗണിച്ച് നോക്കി ഭൂമിയിലെ സംഭവങ്ങള്‍ വിലയിരുത്തുന്നതിനെയാണ് ജ്യോതിഷം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

ഇബ്‌നു അബ്ബാസി(റ)ല്‍നിന്നും നിവേദനം; അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ''ജ്യോതിഷത്തില്‍ നിന്ന് വല്ലതും അഭ്യസിക്കുന്നവര്‍ സിഹ്‌റില്‍നിന്നും ഒരു ഭാഗമാണ് അഭ്യസിക്കുന്നത്. (ജ്യോതിഷം) അഭ്യസിച്ചെടുക്കുന്നത് വര്‍ധിപ്പിക്കുന്നതനുസരിച്ച് അവന്‍ സിഹ്‌റും വര്‍ധിപ്പിച്ചു'' (സുനനു അബൂദാവൂദ്).

3. പക്ഷികളെ ഉപയോഗിച്ചുള്ള ശകുനം നോക്കലും കളങ്ങള്‍ വരച്ച് ഭാവിപ്രവചിക്കലും

ക്വത്വന്‍ ബിന്‍ ക്വബീസ്വ(റ) തന്റെ പിതാവില്‍നിന്നു നിവേദനം: ''നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: 'പക്ഷികളെ പറത്തി ശകുനം നോക്കുന്നതും (ഇയാഫത്ത്) അശുഭ ലക്ഷണങ്ങളില്‍ വിശ്വസിക്കുന്നതും കളങ്ങള്‍ വരച്ച് ഭാവി പ്രവചിക്കുന്നതും (ത്വര്‍ക്വ്) ജിബ്തില്‍ പെട്ടതാണ് (മാരണത്തില്‍ പെട്ടത്)'' (സുനനു അബൂദാവൂദ്, മുസ്‌നദു അഹ്മദ്).

'ഇയാഫത്ത്' എന്നാല്‍ പക്ഷികളുടെ ദിശയും കരച്ചിലും നാമങ്ങളും നോക്കി ശകുനം തീരുമാനിക്കുന്നതാണ്. 'ത്വര്‍ക്വ്' എന്നാല്‍ മണ്ണിലോ മണലിലോ വരച്ചോ കല്ലുകള്‍ എറിഞ്ഞോ ഭാവി കാര്യങ്ങള്‍ പ്രവചിക്കുന്നതാണ്.

4. ഭാവി പ്രവചനം

മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്നു വാദിക്കുന്നവരാണിത് ചെയ്യാറുള്ളത്. മലക്കുകളുടെ സംസാരത്തില്‍ നിന്നു പിശാചുകള്‍ കട്ടുകേള്‍ക്കുന്നത് ജോത്സ്യന്മാരുടെ ചെവിയില്‍ എത്തിച്ചുകൊടുക്കുകയും അവര്‍ അതില്‍ കളവു ചേര്‍ത്തു പറയുന്നതുമാണത്.

അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം; റസൂല്‍(സ്വ) പറഞ്ഞു: ''ഭാവി പ്രവചനം നടത്തുന്നവരെ (പ്രശ്‌നം നോക്കുന്നവരെ) സമീപിച്ച് അവര്‍ പറയുന്നത് വിശ്വസിക്കുന്നവര്‍ മുഹമ്മദിന് അല്ലാഹു നല്‍കിയ ഗ്രന്ഥത്തില്‍ അവിശ്വസിക്കുന്നവരാകുന്നു'' (മുസ്‌നദ് ബസ്സാര്‍, മജ്മഅ് സവാഇദ്).

5 കണക്കുനോട്ടം

ഓരോ അക്ഷരത്തിനും നിശ്ചിത മൂല്യം കണക്കാക്കുകയും ആളുകളുടെ പേരുകള്‍, സ്ഥലങ്ങള്‍, സമയങ്ങള്‍ തുടങ്ങിയവയിലെ അക്ഷരങ്ങളുടെ മൂല്യങ്ങള്‍ കൂട്ടി അവരുടെ ഗുണദോഷങ്ങള്‍ പ്രവചിക്കുകയും ചെയ്യലാണിത്.

'നക്ഷത്രങ്ങള്‍ നോക്കുന്നവരെയും അബ്ജദ് അക്ഷരങ്ങള്‍ കൂട്ടുന്നവരെയും സംബന്ധിച്ച് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുകയുണ്ടായി: അതു ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെയടുക്കല്‍ യാതൊരു നന്മയും ഉണ്ടാകുകയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്' (മുസ്വന്നഫ് അബ്ദുര്‍റസാക്വ് (11/26).

6. കൈനോട്ടം

ജീവിതം, മരണം, ദാരിദ്ര്യം, അഭിവൃദ്ധി, രോഗം, ആരോഗ്യം എന്നു തുടങ്ങി എല്ലാ കാര്യങ്ങളും എപ്പോള്‍ സംഭവിക്കും, ഭാവിയില്‍ എന്തൊക്കെ നടക്കാനിരിക്കുന്നു എന്നതെല്ലാം കൈരേഖ നോക്കി പ്രവചിക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവരാണ് കൈനോട്ടക്കാര്‍.

7. 'ആത്മാക്കളെ ഹാജറാക്കല്‍'

മരണപ്പെട്ടുപോയവരുടെ ആത്മാക്കളെ ഹാജരാക്കുകയും ക്വബ്‌റിലെ സുഖദുഃഖങ്ങളെ കുറിച്ചും മരണപ്പെട്ടു പോയവരെ സംബന്ധിച്ചുമെല്ലാം ചോദിക്കുകയും വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ജല്‍പിക്കുന്നത്. തങ്ങള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വാദിക്കുന്നവരാണിവര്‍. യഥാര്‍ഥത്തില്‍ ഇത് കള്ളവും പൈശാചിക പ്രവൃത്തികളുടെ ഭാഗവുമാണ്. മനുഷ്യരുടെ ശരിയായ വിശ്വാസത്തെ നശിപ്പിക്കുകയും പാമരജനങ്ങളെ കബളിപ്പിക്കുകയും സമ്പത്ത് പിടുങ്ങുകയും ചെയ്യുകയെന്നതാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശ്യം.  തങ്ങള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വാദിക്കുകയും ചെയ്യും.

8. ശകുനം നോക്കല്‍

ഇടത്തോട്ടോ വലത്തോട്ടോ പറക്കുകയോ മുന്നിലൂടെ മുറിച്ചുകടക്കുകയോ ചെയ്യുന്ന പക്ഷികളെയോ മാനിനെയോ (ജന്തുക്കളെ) നോക്കി നന്മയും തിന്മയും തീരുമാനിക്കുന്നതാകുന്നു 'തത്വയ്യര്‍' (ശകുനം നോക്കല്‍). ഇതും ശിര്‍ക്കില്‍ പെടുന്നതാകുന്നു, പിശാച് മനസ്സില്‍ ഇട്ടുകൊടുക്കുന്ന ഭയത്തില്‍ നിന്നുണ്ടാകുന്നതാണത്.

ഇംറാനുബ്‌നുല്‍ ഹുസൈ്വനി(റ)ല്‍നിന്ന് നിവേദനം; നബി(സ്വ) പറയുകയുണ്ടായി: ''ശകുനം നോക്കുന്നവരും നോക്കിക്കൊടുക്കുന്നവരും പ്രശ്‌നം നോക്കുന്നവരും നോക്കിക്കൊടുക്കുന്നവരും മാരണം ചെയ്യിക്കുന്നവരും ചെയ്തുകൊടുക്കുന്നവരും നമ്മില്‍ (മുസ്‌ലിംകളില്‍) പെട്ടവരല്ല. പ്രശ്‌നം നോക്കുന്നവരെ സമീപിച്ച് അവര്‍ പറയുന്നത് വിശ്വസിക്കുന്നവര്‍ മുഹമ്മദിന് അല്ലാഹു നല്‍കിയ ഗ്രന്ഥത്തില്‍ അവി ശ്വസിക്കുന്നവരാകുന്നു'' (മുസ്‌നദ് ബസ്സാര്‍, മജ്മഅ് സവാഇദ്).

മുസ്‌ലിംകളുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുവാനും അവരെ മതത്തില്‍ അവഗാഹമുള്ളവരാക്കി മാറ്റുവാനും അല്ലാഹുവിനോട് തേടാം. പിശാചിന്റെ മിത്രങ്ങളുടെ കൃത്രിമങ്ങളില്‍നിന്നും കുറ്റവാളികളുടെ കബളിപ്പിക്കലില്‍നിന്നും അല്ലാഹു വിശ്വാസികളെ കാത്തുരക്ഷിക്കട്ടെ.