സൂറഃ അന്നജ്മ് (നക്ഷത്രം), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഒക്ടോബര്‍ 23 1442 റബിഉല്‍ അവ്വല്‍ 16

അധ്യായം: 53, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَفَرَءَيْتُمُ ٱللَّـٰتَ وَٱلْعُزَّىٰ (١٩) وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ (٢٠) أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ (٢١) تِلْكَ إِذًا قِسْمَةٌ ضِيزَىٰٓ (٢٢) إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ (٢٣) أَمْ لِلْإِنسَـٰنِ مَا تَمَنَّىٰ (٢٤) فَلِلَّهِ ٱلْـَٔاخِرَةُ وَٱلْأُولَىٰ (٢٥) وَكَم مِّن مَّلَكٍ فِى ٱلسَّمَـٰوَٰتِ لَا تُغْنِى شَفَـٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ (٢٦) إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَـٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ (٢٧) وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا (٢٨‬) فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا (٢٩) ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ (٣٠)

(19). ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? (20). വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും (21). (സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ? (22). എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ. (23). നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും. (24). അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്? (25). എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും. (26). ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്) അനുവാദം നല്‍കിയതിന്റെ ശേഷമല്ലാതെ. (27). തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു. (28). അവര്‍ക്ക് അതിനെപറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല. (29). ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക. (30). അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവാകുന്നു അവന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു.

19-20.നബി ﷺ കൊണ്ടുവന്നത് സന്മാര്‍ഗവും സത്യമതവുമാണെന്നും അല്ലാഹുവിനെ മാത്രമെ ആരാധിക്കാവു എന്നും പറഞ്ഞപ്പോള്‍ തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത സമ്പൂര്‍ണ ഗുണവിശേഷങ്ങളില്ലാത്തവയെ ആരാധിക്കുന്ന ബഹുദൈവവിശ്വാസികളുടെ നിരര്‍ഥകതയും വ്യക്തമാക്കുന്നു. അവരുടെ ആരാധ്യര്‍ കേവലം അര്‍ഥമില്ലാത്ത ചില നാമങ്ങള്‍ മാത്രമാണെന്നും അതാകട്ടെ വഴിപിഴച്ച വിഡ്ഢികളായ അവരുടെ പിതാക്കള്‍ നാമകരണം ചെയ്തതുമാണെന്നും പറയുന്നു. അവരര്‍ഹിക്കാത്ത തെറ്റായ ചില പേരുകള്‍ അവര്‍ പുതുതായുണ്ടാക്കിയതാണത്. വഴിപിഴച്ച അവരും മറ്റുള്ളവരും വഞ്ചിതരാവുകയും ചെയ്തു. അതിനാല്‍ ഈ ദൈവങ്ങള്‍ ചെറിയൊരംശംപോലും ആരാധനയ്ക്ക് അര്‍ഹതയില്ലാത്തവരാണ്.

അവര്‍ അല്ലാഹുവിന്നുണ്ടാക്കിയ സമന്മാര്‍ക്ക് അവന്‍ നല്‍കിയ നാമങ്ങള്‍ ചില പ്രത്യേക വിശേഷണങ്ങളില്‍നിന്നുള്ളതാണെന് നും അവര്‍ തെറ്റായി വാദിക്കുന്നു اللات (ലാ ത്ത) എന്നത് الاله ആരാധനക്കര്‍ഹന്‍ എന്നതില്‍ നിന്ന് വന്നതാണെന്നും, العزى (ഉസ്സാ) എന്നത് العزيز (പ്രതാപശാലി) എന്നതില്‍ നിന്നാണെന്നും مناة മനാത്ത് എന്നത് منان (കാരുണ്യം ചെയ്യുന്നവന്‍) എന്നതില്‍ നിന്നാണെന്നും പറയുന്നു. ഇത് അല്ലാഹുവിന്റെ നാമങ്ങളെ നിഷേധിക്കലാണ്. ശിര്‍ക്ക് ചെയ്യലുമാണ്. ഇവയെല്ലാം സ്വതന്ത്ര അര്‍ഥങ്ങളുള്ള പദങ്ങളാണ്. ഈ പറഞ്ഞ വ്യാഖ്യാനങ്ങളെല്ലാം തെറ്റാണെന്ന് ചെറിയ ബുദ്ധിയുള്ളവര്‍ക്കുപോലും മനസ്സിലാകും.

21. (നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?). നിങ്ങളുടെ സങ്കല്‍പ പ്രകാരം അല്ലാഹുവിന് പെണ്‍മക്കളെയും നിങ്ങള്‍ക്ക് ആണ്‍മക്കളെയും നിങ്ങളേര്‍പ്പെടുത്തുന്നു.

22. (എങ്കില്‍ അത് നീതിയല്ലാത്ത ഒരു ഓഹരിവെക്കല്‍ തന്നെ). അക്രമപരവും അനീതി പരവുമായത്. സ്രഷ്ടാവിനെക്കാളും സൃഷ്ടിക്ക് മഹത്ത്വം കല്‍പിക്കുന്ന ഈ വിഭജനത്തെക്കാ ള്‍ അനീതിപരമായി മറ്റെന്തുണ്ട്? ഈ ജല്‍പനങ്ങളില്‍നിന്നെല്ലാം അല്ലാഹു ഏറെ ഉന്നതനാകുന്നു.

23. (നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല. അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിത്തന്നിട്ടില്ല). നിങ്ങളുടെ ഈ അഭിപ്രായങ്ങള്‍ ശരിയാണെന്നതിന് അല്ലാഹു യാതൊരു പ്രമാണങ്ങളും ഇറക്കിയിട്ടില്ല. അല്ലാഹു പ്രമാണം ഇറക്കാത്തതെല്ലാം നിരര്‍ഥകവും തെറ്റും മതമായി സ്വീകരിക്കാന്‍ കൊള്ളാത്തതുമാണ്. അവര്‍ സ്വന്തം കാര്യങ്ങളില്‍ തന്നെ പ്രമാണമല്ലാത്തത് പിന്‍പറ്റാത്തവരാണ്. അവരുടെ അജ്ഞതയും തെറ്റായ ധാരണകളുമാണ് ഇതറിയിക്കുന്നത്. അവരുടെ താല്‍പര്യങ്ങള്‍ക്ക് പറ്റുന്ന ശിര്‍ക്ക് ബിദ്അത്തുകളാണ് അവരുടെ മനസ്സ് ആഗ്രഹിക്കുന്നത്. അറിവും സന്മാര്‍ഗവും നഷ്ടപ്പെട്ടവര്‍ ഊഹങ്ങളെ പിന്‍പറ്റാന്‍ നിര്‍ബന്ധിതരാകുന്നതാണ് അവരുടെ അവസ്ഥ. (അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍നിന്ന് സന്മാര്‍ഗം വന്നിട്ടുണ്ടുതാനും). ഒരുഅടിമയ്ക്ക് ആവശ്യമുള്ള എല്ലാം, പ്രവാചകത്വം, ഏകദൈവവിശ്വാസം തുടങ്ങിയ സന്മാര്‍ഗത്തിനുതകുന്നത്, അതെല്ലാം ഉദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകളോടെ വ്യക്തവും സമ്പൂര്‍ണവുമായി വിശദീകരിക്കുകയുണ്ടായിട്ടുണ്ട്. അവര്‍ക്കും മറ്റുള്ളവര്‍ക്കും പിന്‍പറ്റാവുന്ന തെളിവുകളും പ്രമാണങ്ങളും നിലനിര്‍ത്തുകയും ചെയ്തു. വ്യക്തമായ തെളിവുകള്‍ക്കും പ്രമാണങ്ങള്‍ക്കും ശേഷം യാതൊരു ഒഴിവ് കഴിവും തെളിവും ഒരാള്‍ക്കും ശേഷിക്കുകയില്ല. ഊഹങ്ങളെ പിന്‍പറ്റാന്‍ തന്നെയാണ് അവര്‍ക്കുദ്ദേശ്യമെങ്കില്‍ അതിന്റെ പര്യവസാനം ശാശ്വത കഷ്ടപ്പാടും നിത്യശിക്ഷയുമായിരിക്കും. ഈ അവസ്ഥയില്‍ ആകുന്നത് ഏറ്റവും വലിയ ബുദ്ധിശൂന്യതയും അക്രവുമാണ്.

24. അതോടൊപ്പം അവര്‍ വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുകയും സ്വയം വഞ്ചിതരാവുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവര്‍ വ്യാമോഹിക്കുന്നത് അവര്‍ക്ക് ലഭിക്കുമെന്ന വാദത്തെ അല്ലാഹു നിരാകരിക്കുന്നത്. അത് കളവാണെന്നുമുണര്‍ത്തുന്നു (അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്. എന്നാല്‍ അല്ലാഹുവിന്നാകുന്നു പരലോകവും ഇഹലോകവും). ആ രണ്ട് ലോകത്തും അവന്‍ ഉദ്ദേശിക്കുന്നത് നല്‍കുകയും നല്‍കാതിരിക്കുകയും ചെയ്യുന്നു. കാര്യങ്ങള്‍ അവരുടെ മോഹങ്ങള്‍ക്കനുസരിച്ചോ അവരുടെ മനസ്സിന്റെ ഇച്ഛകള്‍ക്കനുസരിച്ചോ അല്ല.

26. അല്ലാഹുവിന് പുറമെ തന്റെ അടിമകളായ മലക്കുകളെയും മറ്റും ആരാധിക്കുന്നവരെ എതിര്‍ക്കുകയാണിവിടെ. അവര്‍ തങ്ങള്‍ക്ക് ഉപകാരം ചെയ്യുമെന്നും ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍ ശുപാര്‍ശ ചെയ്യുമെന്നും അവര്‍ വാദിക്കുന്നു (ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്). അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കുന്നവരായ മലക്കുകളും അവരില്‍ ആദരണീയരായവരും. (അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല) അവരെ പ്രാര്‍ഥിക്കുന്നവര്‍ക്കും അവരില്‍ ബന്ധം സ്ഥാപിക്കുന്നവര്‍ക്കും ആഗ്രഹിക്കുന്നവര്‍ക്കുമൊന്നും ഒരു പ്രയോജനവും ലഭിക്കില്ല. (അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് ശുപാര്‍ശക്ക് അനുവാദം നല്‍കിയതിന്റെ ശേഷമല്ലാതെ). ശുപാര്‍ശ സ്വീകരിക്കപ്പെടാന്‍ രണ്ട് നിബന്ധനകള്‍ അനിവാര്യമാണ്. ശുപ്രാര്‍ശയ്ക്ക് അല്ലാഹുവിന്റെ അനുമതി വേണം. രണ്ട്, ശുപാര്‍ശ ചെയ്യപ്പെടുന്ന വ്യക്തിയെ അല്ലാഹു തൃപ്തിപ്പെടണം. അല്ലാഹുവിന് വേണ്ടിയുള്ള നിഷ്‌കളങ്ക പ്രവര്‍ത്തനമല്ലാതെ അല്ലാഹു സ്വീകരിക്കുകയില്ല എന്നത് അംഗീകരിക്കപ്പെട്ടതും അറിയപ്പെട്ടതുമാണ്. മതനിയമങ്ങളോട് യോജിക്കുന്നതുമായിരിക്കണം. അപ്പോള്‍ ബഹുദൈവ വിശ്വാസികള്‍ക്ക് ശുപാര്‍ശകന്മാരുടെ ശുപാര്‍ശക്ക് യാതൊരു അര്‍ഹതയുമില്ല. അവര്‍ പരമകാരുണികന്റെ അനുഗ്രഹത്തെ അവര്‍ക്കുമേല്‍ തടസ്സപ്പെടുത്തിയിരിക്കുന്നു.

27. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവര്‍ അവന്റെ ദൂതനെ കളവാക്കുന്നവരാണ്; പരലോകത്തില്‍ വിശ്വസിക്കാത്തവരും. പരലോകത്തില്‍ വിശ്വാസം ഇല്ലാത്തതുകൊണ്ടുതന്നെ അല്ലാഹുവിനും അവന്റെ ദൂതനും എതിരായ വാക്കിലും പ്രവൃത്തിയിലും അവര്‍ ധൈര്യം കാണിക്കുന്നു. അതുകൊണ്ടാണ് അവര്‍ പറഞ്ഞത്: 'മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണ്' എന്ന്. സന്താനോദ്പാദനത്തില്‍നിന്നും തങ്ങളുടെ രക്ഷിതാവിനെ അവര്‍ പരിശുദ്ധപ്പെടുത്തിയില്ല. മലക്കുകളെ സ്ത്രീകളെന്ന് നാമകരണം ചെയ്യുന്നതിലൂടെ മലക്കുകളെയും അവര്‍ ആദരിച്ചില്ല. അല്ലാഹുവിനെക്കുറിച്ചോ, അവന്റെ ദൂതനെക്കുറിച്ചോ അവര്‍ക്കറിയില്ലെന്നതാണ് അവസ്ഥ. ബുദ്ധിയും പ്രകൃതിയും അതംഗീകരിക്കുന്നുമില്ല. മറിച്ച്, എല്ലാ അറിവുകളും അവരുടെ വാക്കുകള്‍ക്കെതിരാണ്. ഇണയില്‍നിന്നും സന്താനങ്ങളില്‍നിന്നും അല്ലാഹു പരമ പരിശുദ്ധനാണ്. അവന്‍ ഒരുവനും ഏകനുമാണ്. അവന്‍ ഒറ്റയും പരാശ്രയമുക്തനുമാണ്. അവന്‍ പിതാവോ, പുത്രനോ അല്ല. അവന് തുല്യനായി ഒരാളുമില്ല. മലക്കുകള്‍ ആദരണീയരും അവനിലേക്ക് അടുത്തവരും അവന് സേവനങ്ങള്‍ ചെയ്യുന്നവരുമാകുന്നു.

لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

''അല്ലാഹു അവരോട് കല്പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും'' (66:6).

28. ആ ചീത്ത വാക്കിനെയാണ് മുശ്‌രിക്കുകള്‍ പിന്തുടരുന്നത്. അത് സത്യത്തെ സംബ ന്ധിച്ചിടത്തോളം ഒട്ടും പ്രയോജനം ചെയ്യാത്ത ഊഹമാണത്. സത്യമാവട്ടെ വ്യക്തമായ തെളിവുകള്‍കൊണ്ടും തെളിവുകളാല്‍ ലഭിക്കുന്ന ദൃഢബോധ്യംകൊണ്ടും തന്നെ ഉണ്ടാവുന്നതാണ്.

29. ഇവിടെ പരാമര്‍ശിക്കപ്പെട്ട സമ്പ്രദായങ്ങള്‍ ഇതൊക്കെത്തന്നെയാണ്. സത്യത്തെ പിന്‍പറ്റണമെന്ന ലക്ഷ്യം അവര്‍ക്കില്ല. അവരുടെ ലക്ഷ്യവും ഉദ്ദേശ്യവുമെല്ലാം അവരുടെ മനസ്സുകള്‍ മാത്രമാണ്. അല്ലാഹുവിന്റെ ഉദ്‌ബോധനങ്ങളില്‍നിന്ന് തിരിഞ്ഞുകളയുന്നവനെ അവഗണിക്കാനാണ് അല്ലാഹു പ്രവാചകനോട് കല്‍പിക്കുന്നത്. മഹത്തായ ക്വുര്‍ആനും വിജ്ഞാനപൂര്‍ണമായ ഉദ്‌ബോധനവുമാണ് ദിക്ര്‍ എന്നത്. ഉപകാരപ്രദമായ അറിവിനെ അവര്‍ അവഗണിച്ചു. ഇഹലോകജീവിതം മാത്രമാണവന്റെ ലക്ഷ്യം. ഓരോരുത്തനും തന്റെ ലക്ഷ്യത്തിനുവേണ്ടി മാത്രമെ പ്രവര്‍ത്തിക്കൂ എന്നത് അംഗീകൃതമായ ഒന്നാണ്. ഇവരുടെ പരിശ്രമം ഇഹലോകജീവിതത്തിലും അതിന്റെ ആസ്വാദനങ്ങളിലും അതെങ്ങനെയെങ്കിലും നേടിയെടുക്കണമെന്നതിലും പരിമിതമാണ്. ഏത് വഴിയാണോ അവര്‍ക്ക് സൗകര്യപ്പെട്ടത് അതിലവര്‍ മുന്നേറും.

30. (അവരില്‍നിന്ന് അവര്‍ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു). ഇതാണവരുടെ പരമാവധി അറിവും ലക്ഷ്യവും. എന്നാല്‍ പരലോകത്തില്‍ വിശ്വസിക്കുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നവരാകട്ടെ അവരാകുന്നു ബുദ്ധിമാന്മാര്‍. പരലോക ഭവനമാണ് അവരുടെ ലക്ഷ്യവും ഉദ്ദേശ്യവും. അവരുടെ അറിവാകട്ടെ, ഉത്തമവും ഉന്നതവുമാണ്. അത് ക്വുര്‍ആനില്‍നിന്നും പ്രവാചകചര്യയില്‍നിന്നുമുള്ളതാ ണ്. സന്മാര്‍ഗത്തിന് അര്‍ഹതപ്പെട്ടവനെ അല്ലാഹു അറിയുകയും അവനെ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. എന്നാല്‍ സന്മാര്‍ഗത്തിന് അര്‍ഹതയില്ലാത്തവനെ അവനിലേക്ക് ഏല്‍പിച്ചുകൊടുക്കുകയും അല്ലാഹു കൈവിടുകയും അവന്‍ മാര്‍ഗം തെറ്റിയവനാവുകയും ചെയ്യുന്നു. അതാണ് അല്ലാഹു പറഞ്ഞത്: (തീര്‍ച്ചയായും തന്റെ രക്ഷിതാവാകുന്നു അവന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്മാര്‍ഗംപ്രാപിച്ചവരെപ്പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു. അവന്റെ ഔദാര്യത്തെ അതിനേറ്റവും യോജിച്ച സ്ഥാനത്ത് അവന്‍ വെക്കുന്നു).