സൂറഃ ക്വദ് സമിഅല്ലാഹു, ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ജനുവരി 16 1442 ജുമാദല്‍ ആഖിറ 03

അധ്യായം: 58, ഭാഗം 3 (മദീനയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَكُمْ وَأَطْهَرُ ۚ فَإِنْ لَمْ تَجِدُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ (١٢) أَأَشْفَقْتُمْ أَنْ تُقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ ۚ فَإِذْ لَمْ تَفْعَلُوا وَتَابَ اللَّهُ عَلَيْكُمْ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا اللَّهَ وَرَسُولَهُ ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ (١٣)

(12). സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക. അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്. ഇനി നിങ്ങള്‍ക്ക് (ദാനം ചെയ്യാന്‍) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (13). നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ? എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

12). റസൂലുമായി രഹസ്യ സംഭാഷണം നടത്തുന്നതിന്റെ മുമ്പായി എന്തെങ്കിലുമൊന്ന് ദാനമായി നല്‍കാന്‍ സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുന്നു. അത് റസൂലിനോടുള്ള ബഹുമാനവും അവര്‍ പാലിക്കേണ്ട ഒരു പാഠവും മര്യാദയുമാണ്. തീര്‍ച്ചയായും ഈ ബഹുമാനം വിശ്വാസികള്‍ക്ക് ഗുണകരവും ഏറെ പരിശുദ്ധി നല്‍കുന്നതുമാണ്. അതായത് അവരുടെ നന്മയും പ്രതിഫലവും വര്‍ധിക്കാന്‍ അത് കാരണമാകുന്നു. മാലിന്യങ്ങളില്‍നിന്ന് പരിശുദ്ധി പ്രാപിക്കാനും അതവരെ സഹായിക്കുന്നു. പ്രവാചകനുമായി പ്രയോജനകരമല്ലാത്ത രഹസ്യഭാഷണങ്ങള്‍ വര്‍ധിപ്പിക്കലും പ്രവാചകനെ ബഹുമാനിക്കാതിരിക്കലുമെല്ലാം ഈ മാലിന്യങ്ങളില്‍പെട്ടതാണ്. രഹസ്യ സംഭാഷണത്തിനുമുമ്പ് എന്തെങ്കിലും ദാനമായി നല്‍കണമെന്ന് നിര്‍ദേശിച്ചാല്‍ നന്മയിലും വിജ്ഞാനത്തിലുമുള്ള താല്‍പര്യത്തിന്റെ അളവ് നിര്‍ണയിക്കാന്‍ ഇതൊരു മാനദണ്ഡമായിത്തീരും. അത്തരം ആളുകള്‍ക്ക് ദാനം നല്‍കല്‍ ഒരു പ്രശ്‌നമാവില്ല. നന്മയില്‍ താല്‍പര്യമില്ലാത്തവന്റെ ഉദ്ദേശ്യം സംസാരം അധികരിപ്പിക്കുക എന്നതു മാത്രമായിരിക്കും. ഇങ്ങനെ റസൂലിന്റെമേല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവരില്‍നിന്ന് അത് തടയും. ദാനം നല്‍കാന്‍ കൈവശമുള്ളവര്‍ക്കുള്ളതാണിത്. എന്നാല്‍ അതില്ലാത്തവര്‍ക്ക് അല്ലാഹു പ്രയാസമുണ്ടാക്കില്ല. അവന് വിട്ടുവീഴ്ച നല്‍കുകയും യാതൊരു ദാനവും നല്‍കാതെ തന്നെ അവര്‍ക്ക് സ്വകാര്യ സംഭാഷണത്തിന് അനുമതി നല്‍കുകയും ചെയ്തു.  

13). എല്ലാ സ്വകാര്യസംഭാഷണ വേളകളിലും ദാനം നല്‍കുന്നത് വിശ്വാസികള്‍ക്ക് പ്രയാസകരമാണെന്ന് കണ്ടപ്പോള്‍ അല്ലാഹു അവരോട് കരുണകാണിച്ചു. അതിലവര്‍ക്ക് ലഘൂകരണം നല്‍കി. സംഭാഷണത്തിനുമുമ്പ് ദാനം നല്‍കാതിരിക്കുന്നത് മൂലം അവര്‍ ശിക്ഷിക്കപ്പെടുകയില്ല. എന്നാല്‍ ഈ നിയമം ദുര്‍ബലമായെങ്കിലും പ്രവാചകനോട് കാണിക്കേണ്ട ആദരവ് തുടരുകതന്നെ വേണം. ഇത് മറ്റുള്ളവരെ ബാധിക്കുന്ന ഒരു നിയമമാണ്. നബിയെ ബാധിക്കുന്നതല്ല. ഇതിന്റെ ഉദ്ദേശ്യം നബിയോട് കാണിക്കേണ്ട മര്യാദകളും ആദരവും നിലനിര്‍ത്തുക എന്നതു മാത്രമാണ്. ചില ലക്ഷ്യങ്ങളോടെയുള്ള ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അല്ലാഹു കല്‍പിക്കുന്നു. തുടര്‍ന്ന് അല്ലാഹു പറയുന്നു: (എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും) സ്വദക്വ ചെയ്യാന്‍ കഴിയുന്നില്ല എന്നത് നല്‍കാതിരിക്കാന്‍ മതിയായ ന്യായമല്ല. കാരണം അല്ലാഹു അടിമകളോട് കല്‍പിക്കുന്ന ഒരു കാര്യം അവന് ചെയ്യാന്‍ സൗകര്യമുള്ളതായിരിക്കണമെന്ന് നിബന്ധനയില്ല.

(അല്ലാഹു നിങ്ങളുടെ മേല്‍ മടങ്ങുകയും ചെയ്തിരിക്കയാല്‍) അതായത് അല്ലാഹു ആ കാര്യത്തില്‍ നിങ്ങള്‍ക്ക് മാപ്പുതരികയും ചെയ്തു. (ആകയാല്‍ നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും) അതിന്റ നിബന്ധനകളും നിര്‍ബന്ധങ്ങളും പാലിച്ചുകൊണ്ട്; അതിന്റെ എല്ലാ വിധിവിലക്കുകളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടും. (സകാത്ത് നല്‍കുകയും) നിര്‍ബന്ധദാനം - സമ്പത്തില്‍നിന്നും അവകാശികള്‍ക്ക് നല്‍കേണ്ടത്. ശരീരംകൊണ്ടും സമ്പത്ത് കൊണ്ടും ചെയ്യേണ്ട നിര്‍ബന്ധമായ രണ്ടു ആരാധനകളാണിവ. അത് ശരിയായ നിമയങ്ങള്‍ പാലിച്ച് ഒരാള്‍ നിര്‍വഹിച്ചാല്‍ അവന്‍ സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള കടമ നിര്‍വഹിച്ചിരിക്കുന്നു. അതാണ് തുടര്‍ന്ന് പറയുന്നത്.

(അല്ലാഹുവെയും അവന്റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക) ഇതില്‍ എല്ലാ മതനിര്‍ദേശങ്ങളും ഉള്‍ക്കൊള്ളും. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്നത് അവരുടെ കല്‍പനകള്‍ അനുവര്‍ത്തിക്കലും വിരോധങ്ങള്‍ ഉപേക്ഷിക്കലുമാണ്. അവര്‍ അറിയിച്ചതെല്ലാം സത്യപ്പെടുത്തുകയും അല്ലാഹുവിന്റെ നിയമാതിര്‍ത്തികളില്‍ നിലകൊള്ളുകയും കൂടി ചെയ്യേണ്ടതുണ്ട്. അത് പ്രതിഫലാഗ്രഹത്തോടെയും നിഷ്‌കളങ്കമായും ആയിരിക്കണം. അതാണ് തുടര്‍ന്നു പറയുന്നത്. (നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു). അവരുടെ ഏതുവിധത്തിലുള്ള പ്രവര്‍ത്തനങ്ങളും അല്ലാഹു അറിയും. അവരുടെ മനസ്സുകള്‍ക്കനുസരിച്ച് അതിനവന്‍ പ്രതിഫലം നല്‍കുകയും ചെയ്യും.