സൂറഃ അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഏപ്രില്‍ 17 1442 റമദാന്‍ 05

അധ്യായം: 55, ഭാഗം 3 (മദീനയിൽ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ (٣٥) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٣٦) فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةً كَٱلدِّهَانِ (٣٧) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٣٨‬) فَيَوْمَئِذٍ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌ وَلَا جَآنٌّ (٣٩) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٤٠) يُعْرَفُ ٱلْمُجْرِمُونَ بِسِيمَـٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ (٤١) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٤٢) هَـٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ (٤٣) يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍ (٤٤) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٤٥) وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ (٤٦) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٤٧) ذَوَاتَآ أَفْنَانٍ (٤٨‬) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٤٩) فِيهِمَا عَيْنَانِ تَجْرِيَانِ (٥٠) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٥١) فِيهِمَا مِن كُلِّ فَـٰكِهَةٍ زَوْجَانِ (٥٢) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٥٣) مُتَّكِـِٔينَ عَلَىٰ فُرُشٍۭ بَطَآئِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى ٱلْجَنَّتَيْنِ دَانٍ (٥٤) فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ (٥٥)

(35). നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല. (36). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്. (37). എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും അത് കുഴമ്പുപോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍ (38). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (39). ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല. (40). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (41). കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട് തിരിച്ചറിയപ്പെടും. എന്നിട്ട് (അവരുടെ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും. (42). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (43). ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ച് തള്ളുന്നതായ നരകം. (44). അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിന്നുമിടക്ക് അവര്‍ ചുറ്റിത്തിരിയുന്നതാണ്. (45). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (46). തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്. (47). അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (48). പലതരം സുഖഐശ്വര്യങ്ങളുള്ള രണ്ടു (സ്വര്‍ഗത്തോപ്പുകള്‍). (49). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (50). അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ട് അരുവികളുണ്ട്. (51). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (52). അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈരണ്ട് ഇനങ്ങളുണ്ട്. (53). അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്? (54). അവര്‍ ചില മെത്തകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും. (55). അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?

35-36. അതായത് (നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക് അയക്കപ്പെടും) തെളിഞ്ഞ തീജ്വാല. (പുകയും) പുക കലര്‍ന്ന ജ്വാലയാണത്. ഇത്രയും മാരകമായ ഇവ രണ്ടും നിങ്ങളുടെമേല്‍ അയക്കപ്പെടുകയും വലയം ചെയ്യുകയും ചെയ്യും. (അപ്പോള്‍ നിങ്ങള്‍ക്ക് രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല) എന്നാല്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ക്കൊരു സഹായിയില്ല. അല്ലാഹുവിന് പുറമെ ഒരാളും നിങ്ങളെ സഹായിക്കുകയുമില്ല. ഈ ഭയപ്പെടുത്തലും അല്ലാഹുവിന്‍റെ അടുക്കല്‍നിന്ന് തന്‍റെ അടിമകള്‍ക്കുള്ള ഒരു അനുഗ്രഹം തന്നെയാണ്. ഉന്നതമായ ആവശ്യങ്ങളിലേക്കും ശ്രേഷ്ഠമായ ദാനങ്ങളിലേക്കും അവരെ എത്തിക്കുന്ന ഒരു ശക്തിയാണിത്. ഇതും ഒരു അനുഗ്രഹമായി എടുത്ത് പറയുന്നു (അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?).

37-38. (എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും) അന്ത്യനാളിലെ ഭയാനകതകളാല്‍ വര്‍ധിച്ചു പ്രകമ്പങ്ങള്‍, നിരന്തരമായ ഭയങ്ങള്‍. അങ്ങനെ സൂര്യനും ചന്ദ്രനും അണഞ്ഞുപോകും. നക്ഷത്രങ്ങള്‍ ഉതിര്‍ന്നുവീഴും. (അത് ആയിത്തീരും)ഭയത്തിന്‍റെയും അസ്വസ്ഥകളുടെയും കാഠിന്യത്താല്‍. (അത് കുഴമ്പ് പോലുള്ളതും റോസനിറമുള്ളതും ആയിത്തൂരുകയും ചെയ്യും) പാറയോ ലോഹമോ ഉരുകിയതുപോലെ. (അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?).

39-40. (ഒരു മനുഷ്യനോടോ ജിന്നിനോടോ അന്നേദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല). ചെയ്തതെന്തൊക്കെയാണെന്ന് അറിയിക്കാന്‍ വേണ്ടിയുള്ള ചോദ്യമില്ല. കാരണം അല്ലാഹു ദൃശ്യവും അദൃശ്യവും ഭാവിയും ഭൂതവും അറിയുന്നവനാണ.് അടിമകള്‍ ഓരോരുത്തരും പ്രവര്‍ത്തിക്കുന്നതിന്‍റെ പ്രതിഫലം നല്‍കാനാണ് അവനുദ്ദേശിക്കുന്നത്. തീര്‍ച്ചയായും നന്മയുടെയും തിന്മയുടെയും ആളുകള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തിരിച്ചറിയാവുന്ന അടയാളങ്ങള്‍ ഉണ്ടായിരിക്കും.

"ചില മുഖങ്ങള്‍ വെളുക്കുകയും ചില മുഖങ്ങള്‍ കരിയുകയും ചെയ്യുന്ന ദിവസത്തില്‍" (3:106).

41-42. (കുറ്റവാളികള്‍ അവരുടെ അടയാളംകൊണ്ട് തിരിച്ചറിയപ്പെടും. എന്നിട്ട് അവരുടെ കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും) കുറ്റവാളികളുടെ കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും. എന്നിട്ട് നരകത്തിലിട്ട് വലിച്ചിഴക്കപ്പെടും. എന്നിട്ട് അവര്‍ക്ക് സംഭവിച്ച കാര്യങ്ങളെ അംഗീകരിപ്പിക്കാനും അവരെ വഷളാക്കാനും അവനവരോട് ചോദിക്കും. അവന്‍ അവരെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ തന്നെ. എങ്കിലും തന്‍റെ ശക്തമായ തെളിവും മഹത്തരമായ യുക്തിയും പടപ്പുകള്‍ക്ക് വ്യക്തമാക്കണമെന്ന് അവന്‍ ഉദ്ദേശിക്കുന്നു.

43-45. നരകത്തില്‍ കത്തിയെരിയുമ്പോള്‍ താക്കീതെന്ന നിലക്കും വാഗ്ദാനമായും സത്യനിഷേധികളോട് പറയപ്പെടും: (ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ച് തള്ളുന്നതായ നരകം). അങ്ങനെ നിഷേധിച്ചതിനാല്‍ അവര്‍ അപമാനിതരാകാന്‍, അതിന്‍റെ ശിക്ഷയും നടപടിയും ജ്വലനവും ആമങ്ങളും അനുഭവിക്കാന്‍. എന്തൊരു ശിക്ഷയാണ് അവര്‍ക്ക് നിഷേധത്തിന് ലഭിക്കുന്നത്! (അതിനിടയില്‍ അവര്‍ ചുറ്റിത്തിരിയുന്നതാണ്) അതായത് നരകത്തട്ടുകള്‍ക്കും ജ്വാലകള്‍ക്കുമിടയില്‍. (തിളച്ചുപൊള്ളുന്ന ചൂടുവെള്ളത്തിനും ഇടയില്‍) അതികഠിനമായ ചൂടുവെള്ളം. അതിന്‍റെ ചൂട് അവസാനിച്ചാല്‍ കൊടുംതണുപ്പ്. (അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?)

46-47. തന്‍റെ രക്ഷിതാവിനെയും അവന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരുന്നതും ഭയപ്പെടുന്നവന്. അങ്ങനെ അവന്‍ വിരോധിച്ചത് ഉപേക്ഷിക്കുകയും കല്‍പിച്ചത് പ്രവര്‍ത്തിക്കുകയും ചെയ്തു. അവന്ന് (രണ്ട് സ്വര്‍ഗത്തോപ്പുണ്ട്). അതിലെ രണ്ടിലെയും പാത്രങ്ങളും ആഭരണങ്ങളും കെട്ടിടങ്ങളും അടക്കം അതിലുള്ളതെല്ലാം സ്വര്‍ണംകൊണ്ടാണ്. ഒന്ന് തിന്മ ഉപേക്ഷിച്ചതിന്; മറ്റേത് നന്മ പ്രവര്‍ത്തിച്ചതിന്.

48,49. ആ രണ്ട് തോട്ടങ്ങളുടെ പ്രത്യേകതകളോ? (പലതരം സുഖൈശ്വര്യങ്ങളുമുള്ളത്) വ്യത്യസ്തമായ സുഖൈശ്വര്യങ്ങളുണ്ടതില്‍. പ്രത്യക്ഷവും പരോക്ഷവുമായ സുഖങ്ങള്‍. ഒരുകണ്ണും കാണാത്തതും ഒരുകാതും കേള്‍ക്കാത്തതും ഒരു മനുഷ്യഹൃദയത്തിനും ചിന്തിക്കാനുമാവാത്തത്. പുഷ്പിച്ചു നില്‍ക്കുന്ന ധാരാളം ചെടികള്‍. മൃദുലമായ ശിഖരങ്ങളുള്ളതിലാവട്ടെ രുചികരവും പാകമായതുമായ ധാരാളം പഴങ്ങള്‍.

50,51. ആ രണ്ട് തോട്ടങ്ങളിലുമുണ്ട്: (ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികള്‍) അവര്‍ ഇഷ്ടപ്പെടുകയും ഉദ്ദേശിക്കുകയും ചെയ്യുന്നിടത്തേക്ക് അതിനെ അവന്‍ ഒഴുക്കിക്കൊണ്ടിരിക്കും.

52,53. (അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍നിന്നും) എല്ലാവിധ പഴങ്ങളില്‍നിന്നും (ഈരണ്ടിനങ്ങളുമുണ്ട്). രണ്ട് ഇനങ്ങള്‍. ഓരോ ഇനത്തിനും മറ്റിനത്തിനില്ലാത്ത രുചിയും നിറവുമുണ്ട്.

54-55. (അവര്‍ ചില മെത്തകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടിയുള്ള പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു). ഇത് സ്വര്‍ഗക്കാരുടെ വിരിപ്പിന്‍റെയും അതിലുള്ള ഇരുത്തത്തിന്‍റെയും പ്രത്യേകതകളാകുന്നു. അവരതില്‍ ചാരിയിരിക്കുന്നവരായിരിക്കും. അതായത് ആശ്വാസത്തിന്‍റെയും സുസ്ഥിരതയുടെയും സൗകര്യത്തിന്‍റെയും ഇരുത്തം; രാജാക്കള്‍ കട്ടിലുകളില്‍ ഇരിക്കുന്നതുപോലെ. ആ വിരിപ്പിന്‍റെ പ്രത്യേകതയും ഭംഗിയും അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂ. ആ വിരിപ്പിന്‍റെ തറയിലേക്ക് ചേര്‍ന്നഭാഗം കട്ടിയുള്ള പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാണ്. അത് പട്ടില്‍ ഏറ്റവും പ്രൗഢിയുള്ളതും മനോഹരമായതുമാണ്. അപ്പോള്‍ ഈ പട്ടിന്‍റെ, അവരോട് അടുത്ത് നില്‍ക്കുന്ന ഭാഗം എന്തുമാത്രം ഗംഭീരമായിരിക്കും! (ആ രണ്ടു തോപ്പുകളിലേയും കായ്കനികള്‍ താഴ്ന്ന് നില്‍ക്കുന്നതായിരിക്കും) 'അല്‍ജനാ' എന്നത് ഉത്തമമായ പഴമാണ്. അതായത് ഈ രണ്ടു തോട്ടങ്ങളിലെയും പഴങ്ങള്‍ പറിച്ചെടുക്കാവുന്നത്ര അടുത്തായിരിക്കും. നില്‍ക്കുന്നവനും ഇരിക്കുന്നവനും കിടക്കുന്നവനും പറിക്കാവുന്ന വിധം!