സൂറഃ ക്വദ് സമിഅല്ലാഹു, ഭാഗം: 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ജനുവരി 30 1442 ജുമാദല്‍ ആഖിറ 17

അധ്യായം: 58, ഭാഗം 5 (മദീനയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ أُولَٰئِكَ فِي الْأَذَلِّينَ (٢٠) كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ (٢١) لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُمْ بِرُوحٍ مِنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَٰئِكَ حِزْبُ اللَّهِ ۚ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ (٢٢)

(20). തീര്‍ച്ചയായും അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തുനില്‍ക്കുന്നവരാരോ അക്കൂട്ടര്‍ ഏറ്റവും നിന്ദ്യന്‍മാരായവരുടെ കൂട്ടത്തിലാകുന്നു. (21). തീര്‍ച്ചയായും ഞാനും എന്റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു. (22). അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്‌നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍നിന്നുള്ള ഒരു ആത്മചൈതന്യംകൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.

20,21). ഇത് ശക്തമായ ഒരു താക്കീതും വാഗ്ദാനവുമാണ്. അവിശ്വാസിക്കും, പാപം ചെയ്തും അല്ലാഹുവോടും അവന്റെ ദൂതനോടും എതിര്‍ത്തുനില്‍ക്കുന്നവര്‍ക്കുമുള്ള താക്കീതാണിത്. അവര്‍ നിന്ദ്യരും ഒഴിവാക്കപ്പെട്ടവരും നല്ലൊരു പരിഗണനയില്ലാത്തവരുമാണ്. അവര്‍ക്ക് വിജയത്തിന്റെ യാതൊരുവിധ ലക്ഷണവുമില്ല. എന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പ്രവാചകന്മാര്‍ കൊണ്ടുവന്നതില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്കുള്ള വാഗ്ദാനം; അവര്‍ വിജയികളായ, അല്ലാഹുവിന്റെ കക്ഷികളാണ്. അവര്‍ക്ക് വിജയവും സഹായവും ഇഹത്തിലും പരത്തിലും ഉണ്ട്. അവര്‍തന്നെ മികച്ചുനില്‍ക്കുകയും ചെയ്യും. ഇത് ലംഘിക്കപ്പെടാത്തതും യാതൊരു മാറ്റവും സംഭവിക്കാത്തതുമായ വാഗ്ദാനമാണ്; സത്യം പറയുന്നവനും ശക്തവാനും പ്രതാപശാലിയുമായവന്റെ. അവനുദ്ദേശിക്കുന്നതൊന്നും സാധിക്കാതിരിക്കുകയില്ല.

22) അല്ലാഹു പറയുന്നു: (അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്‌നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല) ഇവ രണ്ടും ഒരാളില്‍ ഒരുമിച്ചുണ്ടാവുകയില്ല. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു വിശ്വാസിയാണെങ്കില്‍ ആ വിശ്വാസത്തിന്റെ താല്‍പര്യമനുസരിച്ച് ഒരു യഥാര്‍ഥ വിശ്വാസി പ്രവര്‍ത്തിച്ചിരിക്കും. വിശ്വാസത്തിന്റെ അനിവാര്യതയില്‍ പെട്ടതാണ് വിശ്വാസിയോടുള്ള ആത്മബന്ധവും സ്‌നേഹവും വിശ്വാസത്തോട് ശത്രുത പുലര്‍ത്തുന്നവരോടുള്ള എതിര്‍പ്പും വെറുപ്പും; അവര്‍ ജനങ്ങളില്‍ തനിക്ക് ഏറ്റവും അടുത്തവരും പ്രിയപ്പെട്ടവരുമാണെങ്കിലും. ഇതാണ് യഥാര്‍ഥ വിശ്വാസം. ലക്ഷ്യവും ഫലവും കണ്ട വിശ്വാസം.

ഇത്തരം വിശ്വാസികള്‍ക്ക് അല്ലാഹു (രേഖപ്പെടുത്തും). (വിശ്വാസത്തെ- അവരുടെ ഹൃദയങ്ങളില്‍). അതായത് സംശയങ്ങളോ ആശയക്കുഴപ്പങ്ങളോ സ്വാധീനിക്കാത്ത, ചാഞ്ചല്യമില്ലാത്ത വിശ്വാസത്തെ അവരുടെ മനസ്സുകളില്‍ രേഖപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും നട്ടുവളര്‍ത്തുകയും ചെയ്യും. അവരെ അല്ലാഹു ശക്തിപ്പെടുത്തും. (അവന്റെ പക്കല്‍നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട്) അതായത് അവന്റെ ദിവ്യമായ സഹായം, പിന്തുണകള്‍ എന്നിവയെക്കൊണ്ട് ഈ ലോകത്ത് വിശിഷ്ടമായ ഒരു ജീവിതം അവര്‍ക്കുണ്ടായിരിക്കും. സ്ഥിരതാമസത്തിന്റെ ലോകത്ത് സുഖാനുഗ്രഹങ്ങളും. മനസ്സ് കൊതിക്കുന്നതും കണ്ണുകള്‍ ആനന്ദിക്കുന്നതും ഇഷ്ടപ്പെടുത്തുന്നതുമായ സര്‍വസുഖങ്ങളും അവര്‍ക്കവിടെയുണ്ട്. ഏറ്റവും വലിയ അനുഗ്രഹങ്ങളും സുഖങ്ങളും അല്ലാഹുവിന്റെ തൃപ്തിയും അവര്‍ക്ക് ലഭിക്കും. അവരോടൊരിക്കലും അവന്‍ കോപിക്കുകയില്ല. അവര്‍ക്ക് അവന്‍ നല്‍കിയ വ്യത്യസ്തമായ ആദരവുകള്‍, സമ്പൂര്‍ണ പ്രതിഫലങ്ങള്‍, മഹത്തായ സമ്മാനങ്ങള്‍, ഉന്നത പദവികള്‍ എന്നിവയാല്‍ അവര്‍ അവനെയും തൃപ്തിപ്പെടും. അവന്‍ അവര്‍ക്ക് നല്‍കിയതിനപ്പുറത്ത് അവരൊന്നും കണ്ടെത്തില്ല. അതിനാവട്ടെ അറ്റമില്ല. അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നു എന്ന് വാദിക്കുന്നവര്‍, വിശ്വാസത്തെ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവരോട് താല്‍പര്യം കാണിക്കുന്നുവെങ്കില്‍ അവന്‍ വാദത്തില്‍ മാത്രമാണ് വിശ്വാസി. അത് യഥാര്‍ഥമല്ല. ഏത് കാര്യവും സത്യപ്പെടുത്തുന്ന തെളിവ് വേണം. ആ വാദത്തില്‍ മാത്രമാവുന്നത് യാതൊരു പ്രയോജനവും ചെയ്യുകയുമില്ല. അയാള്‍ വിശ്വാസിയാണെന്ന് സത്യപ്പെടുത്തുകയും ഇല്ല.