സൂറഃ അല്‍ക്വമര്‍ (ചന്ദ്രന്‍), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ജൂലൈ 31 1442 ദുല്‍ഹിജ്ജ 20

അധ്യായം: 54, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ (١١) وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ (١٢) وَحَمَلْنَـٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ (١٣) تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ (١٤) وَلَقَد تَّرَكْنَـٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ (١٥) فَكَيْفَ كَانَ عَذَابِى وَنُذُرِ (١٦) وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ (١٧)

(11). അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവുംകൊണ്ട് ആകാശത്തിന്റെ കവാടങ്ങള്‍ നാം തുറന്നു. (12).ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു. (13). പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു. (14). നമ്മുടെ മേല്‍നോട്ടത്തില്‍ അത് സഞ്ചരിക്കുന്നു. നിഷേധിച്ചുതള്ളപ്പെട്ടിരുന്നവന് ന് (ദൈവദൂതന്ന്) ഉള്ള പ്രതിഫലമത്രെ അത്. (15). തീര്‍ച്ചയായും അതിനെ (പ്രളയത്തെ) നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ച് മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? (16). അപ്പോള്‍ എന്റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു (എന്നു നോക്കുക). (17). തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

11. അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കി. അദ്ദേഹത്തിന്റെ ജനതയില്‍നിന്ന് അദ്ദേഹത്തെ രക്ഷിച്ചു. അല്ലാഹു പറയുന്നു: (അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവുംകൊണ്ട് ആകാശത്തിന്റെ വാതിലുകള്‍ നാം തുറന്നു) അതായത് തുടര്‍ച്ചയായി, ധാരാളം.

12. (ഭൂമിയില്‍ ഉറവുകള്‍ നാം പൊട്ടിക്കുകയും ചെയ്തു) അസാധാരണമാം വിധം മഴ പെയ്യുന്നതായി ആകാശത്തെ നാം മാറ്റി. ഭൂമി മുഴുവനും പൊട്ടിയൊഴുകി. സാധാരണ വെള്ളം കാണപ്പെടാത്ത അടുപ്പില്‍ പോലും ഉറവ പൊട്ടി. കാരണം അത് തീയുടെ സ്ഥലമാണല്ലോ. (വെള്ളം സന്ധിച്ചു) ആകാശത്തിലെയും ഭൂമിയിലെയും. (ഒരു കാര്യത്തിനായി) അല്ലാഹുവില്‍നിന്നും അദ്ദേഹത്തിനു വേണ്ടിയുള്ള ഒരു കാര്യം. (നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ) അതിരുവിട്ട ഈ അക്രമികള്‍ക്ക് ശിക്ഷയായി അല്ലാഹു ശാശ്വതമായി മുമ്പേ നിശ്ചയിച്ചതും വിധിച്ചതും.

13. (പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു) പലകകളും ആണികളൂമുള്ള ഒരു കപ്പലില്‍ തന്റെ ദാസനെ നാം രക്ഷപ്പെടുത്തി. പലകകളെയും അവ തമ്മിലുള്ള ബന്ധത്തെയും ഉറപ്പിക്കുന്ന ആണികള്‍.

14. (നമ്മുടെ മേല്‍നോട്ടത്തില്‍ സഞ്ചരിക്കുന്ന) നൂഹി(അ)നെയും അദ്ദേഹത്തില്‍ വിശ്വാസമുള്ളവരെയും എല്ലാ സൃഷ്ടിജാലങ്ങളില്‍നിന്നും രണ്ടിണകളെയുംകൊണ്ട് അല്ലാഹുവിന്റെ സംരക്ഷണത്തിലും നിയന്ത്രണത്തിലും മുങ്ങാതെ അത് സഞ്ചരിച്ചു. അവന്‍ ഭരമേല്‍പിക്കാവുന്ന എത്ര നല്ല സംരക്ഷകന്‍! (നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്ന് (പ്രവാചകന്) ഉള്ള അല്ലാഹുവിന്റെ പ്രതിഫലമാത്രെ അത്). അതായത് എല്ലാവരും മുങ്ങിത്താഴ്ന്നപ്പോള്‍ അതില്‍നിന്നും നൂഹിനെ നാം രക്ഷപ്പെടുത്തിയത് അദ്ദേഹത്തിനുള്ള ഒരു പ്രതിഫലമാണ്. അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തെ കളവാക്കുകയും അവരെ പ്രബോധനം ചെയ്തതില്‍ അദ്ദേഹം ക്ഷമകാണിക്കുകയും അല്ലാഹുവിന്റെ കല്‍പനയില്‍ നിലകൊള്ളുകയും ചെയ്തതിനുള്ള പ്രതിഫലം. പിന്നീട് ആരും അദ്ദേഹത്തെ തടയുകയോ തടസ്സപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. അല്ലാഹു പറഞ്ഞത് പോലെ:

''അദ്ദേഹത്തോട് പറയപ്പെട്ടു: നമ്മുടെ പക്കല്‍നിന്നുള്ള ശാന്തിയോടുകൂടിയും നിനക്കും നിന്റെ കൂടെയുള്ളവരില്‍നിന്നുള്ള സമൂഹങ്ങള്‍ക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക'' (11:48).

നൂഹിന്റെ ജനതയെ നശിപ്പിക്കുകയും നിന്ദ്യതയും ശിക്ഷയും അവര്‍ നല്‍കേണ്ടവിധം നല്‍കുകയും ചെയ്തു. അവരുടെ ധിക്കാരത്തിനും നിഷേധത്തിനുമുള്ള  പ്രതിഫലമായിരിക്കാം ഇവിടെ ഉദ്ദേശം. ഇവിടെ 'കുഫിറ' എന്നത് 'കഫറ' എന്നാകുമ്പോള്‍ അര്‍ഥം അങ്ങനെ വരും

15. (എന്നാല്‍ അതിനെ (പ്രളയത്തെ) നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ചുമനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?) നൂഹിന്റെയും അദ്ദേഹത്തിന്റെ ജനതയുടെയും ചരിത്രം ഉല്‍ബോധനം ഉള്‍ക്കൊള്ളുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി. അതായത് പ്രവാചകന്മാരെ ധിക്കരിക്കുകയും അവര്‍ക്ക് എതിരു  പ്രവര്‍ത്തിക്കുകയും ചെയ്തവരെ  അല്ലാഹു പൊതുശിക്ഷകൊണ്ട് നശിപ്പിക്കുമെന്ന കാര്യം. മറ്റൊരു ആശയം, 'അതിനെ അവശേഷിപ്പിച്ചു' എന്നു പറയുമ്പോള്‍ അത് ആ കപ്പലായിരിക്കാം. അതിന്റെ നിര്‍മാണം അല്ലാഹുവില്‍നിന്ന് നൂഹ് നബി(അ) പഠിച്ചത് പ്രത്യേകമായിട്ടാണ്. പിന്നീട് കപ്പലിന്റെ നിര്‍മാണവും കപ്പലും ജനങ്ങളില്‍ അല്ലാഹു നിലനിര്‍ത്തുകയും ചെയ്തു. ഇതെല്ലാം അറിയിക്കുന്നത് പുതിയത് സൃഷ്ടിക്കാനുള്ള അല്ലാഹുവിന്റെ കഴിവും പടപ്പുകളോടുള്ള കരുണയും ശ്രദ്ധയുമാണ്. (എന്നാല്‍ ആലോചിച്ചുമനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?) ദൃഷ്ടാന്തങ്ങളെക്കുറിച്ച് ബുദ്ധികൊടുത്തുകൊണ്ട് അതിലേക്കുള്ള കാര്യങ്ങള്‍ ചിന്തിച്ച് ഉറ്റാലോചിക്കുന്നവര്‍ ആരെങ്കിലുമുണ്ടോ? അതാവട്ടെ വളരെയധികം വ്യക്തവും ലളിതവുമാണ്.

16.(അപ്പോള്‍ എന്റെ ശിക്ഷയും താക്കിതുകളും എങ്ങനെയായിരുന്നു?) ഒരു ന്യായവും അവശേഷിക്കാത്തവിധത്തിലുള്ള അല്ലാഹുവിന്റെ വേദനയെറിയ ശിക്ഷയും താക്കിതും എങ്ങനെയുണ്ടെന്നാണ് നീ മനസ്സിലാക്കിയത്?

17. (തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ക്വുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?) ആശയങ്ങളും അര്‍ഥങ്ങളും മനസ്സിലാക്കുവാനും മനഃപാഠമാക്കുവാനും ക്വുര്‍ആനിലെ പദങ്ങള്‍ അല്ലാഹു നമുക്ക് എളുപ്പവും ലളിതവുമാക്കിത്തന്നു. പദങ്ങളില്‍ ഏറെ സത്യവും വിശദീകരണങ്ങളില്‍ ഏറെ വ്യക്തവുമാണ്. ക്വുര്‍ആനിലേക്ക് കടന്നുവരുന്നവന് അല്ലാഹു അവന്റെ ആവശ്യങ്ങള്‍ നേടാന്‍ ഏറ്റവുമധികം സൗകര്യം ചെയ്തുകൊടുക്കും. അവന്റെമേല്‍ അത് ലളിതമാക്കുകയും ചെയ്യും. മനുഷ്യര്‍ ആലോചിക്കുന്ന സര്‍വ കാര്യങ്ങളെയും സമ്പൂര്‍ണമായി ഈ ഉല്‍ബോധനം (ക്വുര്‍ആന്‍) ഉള്‍ക്കൊള്ളുന്നുണ്ട്. അനുവദനീയമായതും നിഷിദ്ധമായതും കല്‍പിച്ചതും വിരോധിച്ചതുമായ മതവിധികള്‍, പ്രതിഫലത്തിന്റെ വിധികള്‍, ഉപദേശങ്ങള്‍, ഗുണപാഠങ്ങള്‍, പ്രയോജനകരമായ  വിശ്വാസങ്ങള്‍, സത്യസന്ധമായ വൃത്താന്തങ്ങള്‍ എല്ലാം അതുള്‍ക്കൊള്ളുന്നു. അതുകൊണ്ട് തന്നെ ക്വുര്‍ആനിക വിജ്ഞാനം മനസ്സിലാക്കാനും വ്യാഖ്യാനിക്കാനും മറ്റു വിജ്ഞാനങ്ങളെക്കാള്‍ ഏറെ സരളവും എല്ലാ നിലയ്ക്കും ഉന്നതവുമാണ്. ഉപകാരപ്രദമായ വിജ്ഞാനമാണത്. ഒരു അടിമ അതിനെ അന്വേഷിച്ചാല്‍ അവനത് ലഭിക്കും. ചില പൂര്‍വവ്യാഖ്യാതാക്കള്‍  അങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്ഈ വചനത്തെക്കുറിച്ച്. വിജ്ഞാനമന്വേഷിക്കുന്നവര്‍ ആരാണോ അവര്‍ സഹായിക്കപ്പെടും. അതിനാല്‍ അല്ലാഹു തന്റെ അടിമകളെ ക്വുര്‍ആനിലേക്ക് ക്ഷണിക്കുന്നു. അതിനെക്കുറിച്ച് ചിന്തിച്ചു പഠിക്കുവാനും. (എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?).

(അവസാനിച്ചില്ല)