സൂറഃ അത്ത്വൂര്‍, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഡിസംബര്‍ 04 1442 റബിഉല്‍ ആഖിര്‍ 29

അധ്യായം: 52, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَوْمَ تَمُورُ ٱلسَّمَآءُ مَوْرًا (٩) وَتَسِيرُ ٱلْجِبَالُ سَيْرًا (١٠) فَوَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ (١١) ٱلَّذِينَ هُمْ فِى خَوْضٍ يَلْعَبُونَ (١٢) يَوْمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا (١٣) هَـٰذِهِ ٱلنَّارُ ٱلَّتِى كُنتُم بِهَا تُكَذِّبُونَ (١٤) أَفَسِحْرٌ هَـٰذَآ أَمْ أَنتُمْ لَا تُبْصِرُونَ (١٥) ٱصْلَوْهَا فَٱصْبِرُوٓا۟ أَوْ لَا تَصْبِرُوا۟ سَوَآءٌ عَلَيْكُمْ ۖ إِنَّمَا تُجْزَوْنَ مَا كُنتُمْ تَعْمَلُونَ (١٦)

(09). ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുന്ന ദിവസം. (10). പര്‍വതങ്ങള്‍ (അവയുടെ സ്ഥാനങ്ങളില്‍ നിന്ന്) നീങ്ങി സഞ്ചരിക്കുകയും ചെയ്യുന്ന ദിവസം. (11). അന്നേരം സത്യനിഷേധികള്‍ക്കാകുന്നു നാശം. (12). അതായത് അനാവശ്യകാര്യങ്ങളില്‍ മുഴുകി കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്. (13). അവര്‍ നരകാഗ്‌നിയിലേക്ക് ശക്തിയായി പിടിച്ച് തള്ളപ്പെടുന്ന ദിവസം. (14). (അവരോട് പറയപ്പെടും:) ഇതത്രെ നിങ്ങള്‍ നിഷേധിച്ചുകളഞ്ഞിരുന്ന നരകം. (15). അപ്പോള്‍ ഇത് മായാജാലമാണോ? അതല്ല, നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ? (16). നിങ്ങള്‍ അതില്‍ കടന്ന് എരിഞ്ഞുകൊള്ളുക. എന്നിട്ട് നിങ്ങളത് സഹിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ സഹിക്കാതിരിക്കുക. അത് രണ്ടും നിങ്ങള്‍ക്ക് സമമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്.

9). ശിക്ഷ സംഭവിക്കുന്ന ദിവസത്തെയാണ് തുടര്‍ന്ന് അല്ലാഹു വിശദീകരിക്കുന്നത്: (ആകാശം ശക്തിയായി പ്രകമ്പനം കൊള്ളുകയും) ആകാശം കറങ്ങുകയും കുലുങ്ങുകയും വിറച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. അത് മേഘം സഞ്ചരിക്കുന്നതുപോലെ സഞ്ചരിക്കും. കടഞ്ഞെടുക്കപ്പെട്ട പഞ്ഞിപോലെ നിറം മാറും. ധൂളികളെപ്പോലെ അത് ചിതറും. ഇതെല്ലാം ആ ദിവ സത്തിന്റെ ഭയാനകതയാണ്. അപ്പോള്‍ എങ്ങനെയായിരിക്കും ദുര്‍ബലനായ മനുഷ്യന്‍?

11). (അന്നേദിവസം സത്യനിഷേധികള്‍ക്കാകുന്നു നാശം). നാശം എന്ന പദം എല്ലാ ശിക്ഷകള്‍ക്കും ദുഃഖത്തിനും പീഡനത്തിനും ഭയത്തിനുമെല്ലാം ഉപയോഗിക്കുന്ന ഒരു സമ്പൂര്‍ണ പദമാണ്.

12). തുടര്‍ന്ന് നാശത്തിന് അര്‍ഹരായ നിഷേധികളുടെ പ്രത്യേകതകളാണ് പറയുന്നത്: (അതായത്, അനാവശ്യകാര്യങ്ങളില്‍ മുഴുകി കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്) തെറ്റായ കാര്യങ്ങളില്‍ മുഴുകുകയും അതില്‍ കളിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍. അവരുടെ അറിവും ഗവേഷണങ്ങളുമെല്ലാം സത്യത്തെ നിഷേധി ക്കുവാനും അസത്യത്തെ സത്യപ്പെടുത്തുവാ നുമുള്ള ദോഷകരമായ അറിവില്‍ മാത്രമാണ്. കളി, ബുദ്ധിശൂന്യത, അജ്ഞത എന്നിവയുടെ ആളുകളുടെ പ്രവൃത്തികളാണ് അവരും ചെയ്തുകൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളും ഉപകാരപ്രദവുമായ വിജ്ഞാനങ്ങളും സ്വീകരിച്ചു വിശ്വാസത്തിന്റെയും സത്യത്തിന്റെയും ആളുകളില്‍നിന്ന് അവര്‍ വ്യത്യസ്തമായി.

(13,14). (അവര്‍ നരകാഗ്നിയിലേക്ക് പിടിച്ച് തള്ളപ്പെടുന്ന ദിവസം) അതിലേക്കവര്‍ ശക്തമായി തള്ളപ്പെടുന്ന ദിവസം. നിര്‍ദയം അവരെ അതിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുപോകുന്നു. മുഖങ്ങളില്‍ വലിച്ചിഴച്ചും അവരെ ആക്ഷേപിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും പറയപ്പെടും: (ഇതത്രെ നിങ്ങള്‍ നിഷേധിച്ചുകളഞ്ഞിരുന്ന നരകം) വിശദീകരിക്കാന്‍ പറ്റാത്ത, അളവ് നിര്‍ണയിക്കാനാകാത്ത ശാശ്വത ശിക്ഷയില്‍നിന്ന് നിങ്ങള്‍ അനുഭവിച്ചുകൊള്ളുക.

15). (അപ്പോള്‍ ഇത് മായാജാലമാണോ? അതല്ല നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ?) ഈ സൂചന ശിക്ഷയിലേക്കും നരകത്തിലേക്കുമാകാനാണ് സാധ്യത. വചനങ്ങളുടെ സന്ദര്‍ഭം അറി യിക്കുന്നതുപോലെ. അതായത് നരകവും ശിക്ഷയും കാണുമ്പോള്‍ അവരോട് പറയപ്പെടും. ആക്ഷേപിച്ചുകൊണ്ട്, ഇത് യാഥാര്‍ഥ്യമല്ലാത്ത ഒരു മായാജാലമാണോ? തീര്‍ച്ചയായും നിങ്ങളിത് കണ്ടില്ലേ? അതോ ദുനിയാവിലേതുപോലെ നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ? അതായത് നിങ്ങള്‍ക്കിതിനെക്കുറിച്ച് യാതൊരു കാഴ്ചപ്പാടും അറിവും ഇല്ലെന്നാണോ? അതോ നിങ്ങളീ കാര്യത്തെക്കുറിച്ച് ഒരു തെളിവും കിട്ടാതെ അജ്ഞരായിരുന്നോ? ഉത്തരം രണ്ട് കാര്യങ്ങളെ നിരാകരിക്കുന്നു. ഒന്ന്, അത് മായാജാലമാവുക എന്നതിനെ. ഒരു നിലയ്ക്കും അത് മായാജാലമല്ലെന്നും അത് സത്യങ്ങളില്‍വെച്ച് ഏറ്റവും വലിയ സത്യമാണെന്നും അവര്‍ക്ക് വ്യക്തമായി. രണ്ട്, അവര്‍ കാണാതിരിക്കുന്നവരാണെന്നതിനെയും നിഷേധിക്കുന്നു. കാര്യം അതിന് വിപരീതമാണ്. അവര്‍ക്കെതിരെ അല്ലാഹുവിന്റെ തെളിവ് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പ്രവാചകന്മാര്‍ ആ വിശ്വാസത്തിലേക്ക് അവരെ ക്ഷണിച്ചു. വ്യക്തവും തെളിവുള്ളതുമായ മഹത്തായൊരു കാര്യമാണതെന്ന് തെളിവിലൂടെ അവര്‍ സ്ഥാപിച്ചു.

മറ്റൊരു വ്യാഖ്യാനം, 'അപ്പോള്‍ ഇത് മായാജാലമാണോ അതല്ല നിങ്ങള്‍ കാണുന്നില്ലെന്നുണ്ടോ?' എന്നതിലെ സൂചന ശരിയായ മാര്‍ഗത്തില്‍നിന്നും വ്യക്തമായ സത്യവുമായി മുഹമ്മദ് നബി ﷺ കൊണ്ടുവന്ന കാര്യങ്ങളാണെന്നാണ്. അതായത് ബുദ്ധിയുള്ള ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമെന്ന് സങ്കല്‍പിക്കാനാവുമോ അത് മായാജാലമാണെന്ന്? അവരുടെ കാഴ്ചപ്പാടില്ലായ്മ മൂലമാണ് ഇവരീ പറഞ്ഞതെല്ലാം പറഞ്ഞത്.

16). (നിങ്ങളതില്‍ കടന്നെരിഞ്ഞുകൊള്ളുക) നിങ്ങളെ വലയം ചെയ്യുന്നവിധം ശരീരം മുഴുവനായി ഹൃദയങ്ങളിലേക്ക് ആളിപ്പടര്‍ന്ന് അതില്‍ നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക. (എന്നിട്ട് നിങ്ങളത് സഹി ക്കുക അല്ലെങ്കില്‍ നിങ്ങള്‍ സഹിക്കാതിരിക്കുക. അത് രണ്ടും നിങ്ങള്‍ക്ക് സമമാകുന്നു) നരകത്തെ സഹിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് പ്രത്യേക പ്ര യോജനമൊന്നുമില്ല. നിങ്ങള്‍ പരസ്പരം സങ്കടപ്പെട്ടതുകൊണ്ട് ശിക്ഷ നിങ്ങള്‍ക്ക് ലഘൂകരിക്കപ്പെടുകയില്ല. അടിമ ക്ഷമിക്കുന്നതുകൊണ്ട് നരകത്തിലെ കഷ്ടപ്പാടുകള്‍ കുറയുകയോ പ്രയാസങ്ങള്‍ നീങ്ങുകയോ ഇല്ല. അവരുടെ ചീത്ത പ്രവൃത്തികളും ചെയ്തുകൂട്ടിയവയുമാണ് അവരിതനുഭവിക്കാന്‍ കാരണം. അതാണ് പറയുന്നത്: (നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് മാത്രമാണ് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത്).