സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 6

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 മാര്‍ച്ച് 06 1442 റജബ് 22

അധ്യായം: 56, ഭാഗം 6 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

إِنَّهُ لَقُرْآنٌ كَرِيمٌ (٧٧) فِي كِتَابٍ مَكْنُونٍ (٧٨) لَا يَمَسُّهُ إِلَّا الْمُطَهَّرُونَ (٧٩) تَنْزِيلٌ مِنْ رَبِّ الْعَالَمِينَ (٨٠) أَفَبِهَٰذَا الْحَدِيثِ أَنْتُمْ مُدْهِنُونَ (٨١) وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ (٨٢) فَلَوْلَا إِذَا بَلَغَتِ الْحُلْقُومَ (٨٣) وَأَنْتُمْ حِينَئِذٍ تَنْظُرُونَ (٨٤) وَنَحْنُ أَقْرَبُ إِلَيْهِ مِنْكُمْ وَلَٰكِنْ لَا تُبْصِرُونَ (٨٥) فَلَوْلَا إِنْ كُنْتُمْ غَيْرَ مَدِينِينَ (٨٦) تَرْجِعُونَهَا إِنْ كُنْتُمْ صَادِقِينَ (٨٧) فَأَمَّا إِنْ كَانَ مِنَ الْمُقَرَّبِينَ (٨٨) فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ (٨٩)

(77). തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ക്വുര്‍ആന്‍ തന്നെയാകുന്നു. (78). ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്. (79). പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല. (80). ലോകരക്ഷിതാവിങ്കല്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്. (81). അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്? (82). സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ? (83). എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചുനിര്‍ത്താനാകാത്തത്?). (84). നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ! (85). നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷേ, നിങ്ങള്‍ കണ്ടറിയുന്നില്ല. (86). അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്) വിധേയരല്ലാത്തവരാണെങ്കില്‍ (87). നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കിയെടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍. (88). അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍; (89). (അവന്ന്) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.

77). ഇനിയോ, ഇവിടെ സത്യംകൊണ്ട് സ്ഥാപിക്കുന്നതാട്ടെ, ക്വുര്‍ആനിനെയും! യാതൊരു സംശയത്തിനും വിധേയമല്ലാത്ത, ഒരു സന്ദേഹവുമില്ലാത്ത സത്യമാണ് തീര്‍ച്ചയായും അത്. (ആദരണീയമായ) ധാരാളം നന്മയും ധാരാളം അറിവുകളുമുള്ളത്.

78). (ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലുള്ളതാകുന്നു അത്). സൃഷ്ടികള്‍ക്ക് കാണാന്‍ കഴിയാത്ത ഒരു മറക്കുള്ളില്‍. ഈ ഭദ്രമാക്കപ്പെട്ട രേഖ (..........) അല്ലാഹുവിന്‍റെ അടുക്കലുള്ള സുരക്ഷിതഫലകമാണ്. അതായത് ഈ ക്വുര്‍ആന്‍ എഴുതിവെക്കപ്പെട്ട ഫലകം. ഉപരിലോകത്ത് അല്ലാഹുവിന്‍റെ മലക്കുകളുടെഅടുക്കല്‍ മഹത്ത്വമാക്കപ്പെട്ട നിലയില്‍. ഒരുപക്ഷേ, ഈ സുഭദ്രരേഖ അല്ലാഹു മലക്കുകള്‍ക്ക് ഇറക്കിക്കൊടുക്കുന്ന ദിവ്യസന്ദേശങ്ങളടങ്ങിയ അവരുടെ അടുക്കലുള്ള ഗ്രന്ഥമാകാം. അപ്പോള്‍ ഉദ്ദേശ്യം പിശാചുക്കളില്‍നിന്ന് സംരക്ഷിക്കപ്പെട്ടത് എന്നാകാം. അതില്‍ മാറ്റം വരുത്താനോ കൂട്ടാനോ കുറക്കാനോ കട്ടെടുക്കാനോ കഴിയില്ലെന്നര്‍ഥം.

79). (പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല). ആദരണീയരായ മലക്കുകളല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല. എല്ലാവിധ അപകടങ്ങളില്‍നിന്നും പാപങ്ങളില്‍നിന്നും ന്യൂനതകളില്‍നിന്നും അല്ലാഹു അവരെ ശുദ്ധീകരിച്ചു. പരിശുദ്ധരല്ലാതെ സ്പര്‍ശിക്കുകയില്ലെന്നു പറഞ്ഞാല്‍ മ്ലേഛന്മാര്‍ക്കും പിശാചുക്കള്‍ക്കും അതിനെ തൊടാന്‍ കഴിയില്ലെന്നര്‍ഥം. ശുദ്ധിയുള്ളവനല്ലാതെ ക്വുര്‍ആനിനെ തൊടല്‍ അനുവദനീയമല്ലെന്ന് ഇതിലൊരു പാഠമുണ്ട്.

80). (ലോകരക്ഷിതാവില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്). ഈ പ്രത്യേകതകളെല്ലാം ഉള്ള മഹത്തായ ഈ ക്വുര്‍ആന്‍ അല്ലാഹുവില്‍ നിന്ന് അവതരിച്ചതാണ്. മതപരവും ഭൗതികവുമായ തന്‍റെ അനുഗ്രഹങ്ങള്‍കൊണ്ട് തന്‍റെ അടിമയെ വളര്‍ത്തിക്കൊണ്ടുവരികയാണവന്‍. ഈ ക്വുര്‍ആന്‍ അവതരിപ്പിക്കുന്നതിലൂടെ ഏറ്റവും നല്ല സംസ്കരണമാണ് തന്‍റെ അടിമകള്‍ക്ക് അവന്‍ നല്‍കിയത്. ഈ ക്വുര്‍ആന്‍ ഇഹപര നന്മകളെ ഉള്‍ക്കൊള്ളുന്നു. നന്ദി ചെയ്യാന്‍ കഴിയാത്ത വിധമുള്ള (അത്രയും മഹത്തായ) അനുഗ്രഹമാണ് അവന്‍ ഇതിലൂടെ തന്‍റെ അടിമക്ക് ചെയ്തത്. അതിനാല്‍ അത് ജീവിതത്തില്‍ പാലിക്കലും പരസ്യപ്പെടുത്തലും അതിലേക്കുള്ള ക്ഷണവും പ്രഖ്യാപനവും അവന്‍റെ ബാധ്യതയാണ്.

81). അല്ലാഹു പറയുന്നു: (അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ മൃദുവാക്കിക്കൊണ്ടിരിക്കുന്നത്?) യുക്തിമത്തായ ഉല്‍ബോധനത്തിന്‍റെയും മഹത്തായ ഗ്രന്ഥത്തിന്‍റെയും കാര്യത്തിലാണോ? (നിങ്ങള്‍ മൃദുവാക്കിക്കൊണ്ടിരിക്കുന്നത്) ആളുകളുടെ ആക്ഷേപത്തെയും വാക്കുകളെയും കുറിച്ചുള്ള പേടി നിങ്ങള്‍ മറച്ചുവെക്കുകയും തന്ത്രപരമായി ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്നു. ഇതൊരിക്കലും പാടില്ലാത്തതാണ്. ബോധ്യമല്ലാത്ത വര്‍ത്തമാനങ്ങളില്‍ മയപ്പെടുത്തലും കൃത്രിമത്വങ്ങളുമെല്ലാം നടക്കും. എന്നാല്‍ വിശുദ്ധ ക്വുര്‍ആന്‍ എല്ലാറ്റിനെയും ജയിക്കുന്ന, ഒന്നിനും അതിജയിക്കാന്‍ പറ്റാത്തതാണ്. അതിനെ ആര്‍ അക്രമിച്ചാലും അത് അതിനെ അതിജയിക്കും. അത് ഒന്നിലും വെള്ളം ചേര്‍ക്കുകയോ മറച്ചുവെക്കുകയോ ഇല്ല. മറിച്ച് അത് പ്രഖ്യാപിക്കുകയും ഉറക്കെപ്പറയുകയും ചെയ്യും.

82). (സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?) അല്ലാഹു നിങ്ങള്‍ക്ക് തന്ന ഉപജീവനത്തിന് പകരം നിങ്ങള്‍ ചെയ്യുന്നത് നിഷേധവും അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികേട് കാണിക്കലുമാണോ? നിങ്ങള്‍ പറയുന്നു; ഞങ്ങള്‍ക്ക് മഴ ലഭിച്ചത് ഈ ഞാറ്റുവേലകൊണ്ടാണെന്ന്. അനുഗ്രഹങ്ങളെ അത് നല്‍കിയ യഥാര്‍ഥ ഉടമസ്ഥനിലേക്കല്ലാതെ നിങ്ങള്‍ ചേര്‍ത്തുപറയുന്നു. അല്ലാഹു നിങ്ങള്‍ക്ക് തന്ന അനുഗ്രഹങ്ങള്‍ക്ക്, അത് വര്‍ധിപ്പിച്ചുതരാന്‍ അവനോടുതന്നെ നിങ്ങള്‍ക്ക് നന്ദി കാണിച്ചുകൂടായിരുന്നോ? നിഷേധവും നന്ദികേടും ശിക്ഷയിറക്കുകയും അനുഗ്രഹങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

83-85). (ആതാമാവ് തൊണ്ടക്കുഴിയില്‍ എത്തിയാല്‍) ഈ അവസ്ഥയില്‍ മരണാസന്നനെ നിങ്ങള്‍ നോക്കുന്ന സമയം. നാമായിരിക്കും അവനെക്കുറിച്ചുള്ള അറിവുകൊണ്ടും നമ്മുടെ മലക്കുകള്‍കൊണ്ടും ഏറ്റവും അടുത്ത് നില്‍ക്കുന്നവന്‍. പക്ഷേ, നിങ്ങളത് കാണുകയില്ല.

86-87). (അപ്പോള്‍ നിങ്ങള്‍ വിധേയരല്ലാത്തവരാണെങ്കില്‍). നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാത്തവരും വിചാരണ ചെയ്യപ്പെടാത്തവരും പ്രതിഫലം നല്‍കപ്പെടാത്തവരും ആണെങ്കില്‍, നിങ്ങള്‍ക്ക് കഴിയാത്തതെന്തുകൊണ്ടാണ്? (മടക്കിയെടുക്കാന്‍). അതായത്, ആത്മാവിനെ ശരീരത്തിലേക്ക് മടക്കാന്‍. (നിങ്ങള്‍ സത്യവാദികളാണെങ്കില്‍) ആത്മാവിനെ അതിന്‍റെ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിങ്ങള്‍ അശക്തരാണെന്ന് നിങ്ങളംഗീകരിക്കുന്നു. അങ്ങനെ വരുമ്പോള്‍ മുഹമ്മദ് നബി ﷺ കൊണ്ടുവന്ന സത്യത്തെ നിങ്ങളംഗീകരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ ധിക്കാരം കാണിച്ചുകൊള്ളൂ, നിങ്ങളുടെ അവസ്ഥയും ദുഷിച്ച പര്യവസാനവുംവഴി നിങ്ങള്‍ക്കത് മനസ്സിലാകും.

88-89). മൂന്ന് വിഭാഗങ്ങളുടെ പരലോകത്തെ അവസ്ഥകളാണ് അല്ലാഹു ഈ അധ്യായത്തിന്‍റെ തുടക്കത്തില്‍ പരാമര്‍ശിച്ചത്. സാമീപ്യം സിദ്ധിച്ചവര്‍, വലതുപക്ഷക്കാര്‍, വഴിപിഴച്ച നിഷേധികള്‍. ഈ സൂക്തത്തിന്‍റെ അവസാനത്തില്‍ മരണത്തെയും അത് ആസന്നമാകുമ്പോഴുള്ള അവസ്ഥയെയുമാണ് പരാമര്‍ശിക്കുന്നത്. (അപ്പോള്‍ അവന്‍-മരിച്ചവന്‍- സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍) മരണപ്പെട്ട വ്യക്തി അല്ലാഹുവിന്‍റെ സാമീപ്യം സിദ്ധിച്ചവനാണെങ്കില്‍. അതായത്, നിര്‍ബന്ധവും ഐച്ഛികവുമായ കാര്യങ്ങള്‍ അനുഷ്ഠിക്കുകയും നിഷിദ്ധവും നിരുത്സാഹപ്പെടുത്തപ്പെട്ടതുമായ കാര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതിലൂടെ. അവര്‍ക്ക് ആശ്വാസവും (അതായത്) സന്തോഷം, സമാധാനം, ആഹ്ലാദം, ഹൃദയാനന്ദം എന്നിവയെല്ലാം ഉണ്ട്. (ഉപജീവനവും). റൈഹാന്‍ എന്നത് ശരീരത്തിന് ആനന്ദം നല്‍കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും അടങ്ങുന്ന സുഗന്ധങ്ങള്‍ക്കാണ്. മറ്റൊരഭിപ്രായം റൈഹാന്‍ എന്നത് പ്രസിദ്ധമായ സുഗന്ധമാണെന്നാണ്. അങ്ങനെ വരുമ്പോള്‍ ഒരു പൊതു ഇനത്തെ സൂചിപ്പിക്കുന്ന പദം ഒരു പ്രത്യേക വസ്തുവിന് ഉപയോഗിക്കുന്നതായിരിക്കും.

(സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും). മാനസികവും ശാരീരികവുമായ രണ്ട് സുഖങ്ങളെയും സമന്വയിപ്പിക്കുന്നതാണ് സ്വര്‍ഗം. ഒരു കണ്ണും കാണാത്ത, ഒരു ചെവിയും കേള്‍ക്കാത്ത, ഒരു മനുഷ്യഹൃദയത്തിനും ചിന്തിക്കാനാവാത്തത്. ഇതില്‍ അല്ലാഹുവിന്‍റെ സാമീപ്യം സിദ്ധിച്ചവര്‍ക്ക് മരണാസന്ന സമയത്ത് ഈ സന്തോഷവാര്‍ത്ത അറിയിക്കപ്പെടും. ആത്മാവുകള്‍ സന്തോഷത്താലും ആഹ്ലാദത്താലും പറന്നുപോകാറാകും.

"ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട, നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞുകൊള്ളുക. ഐഹികജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍നിന്നുള്ള സല്‍ക്കാരമത്രെ അത്"(41:30-32)

ഈ ആശയം തന്നെയാണ് അല്ലാഹു മറ്റൊരു സ്ഥലത്തും പറഞ്ഞത്:

لَهُمُ الْبُشْرَىٰ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۚ

"അവര്‍ക്ക് ഐഹികജീവിതത്തിലും പരലോകത്തിലും സന്തോഷവാര്‍ത്തയാണുള്ളത്" (10:64).