സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഫെബ്രുവരി 13 1442 റജബ് 01

അധ്യായം: 56, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

يَطُوفُ عَلَيْهِمْ وِلْدَانٌ مُخَلَّدُونَ (١٧) بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِنْ مَعِينٍ (١٨) لَا يُصَدَّعُونَ عَنْهَا وَلَا يُنْزِفُونَ (١٩) وَفَاكِهَةٍ مِمَّا يَتَخَيَّرُونَ (٢٠) وَلَحْمِ طَيْرٍ مِمَّا يَشْتَهُونَ (٢١) وَحُورٌ عِينٌ (٢٢) كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ (٢٣) جَزَاءً بِمَا كَانُوا يَعْمَلُونَ (٢٤) لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا (٢٥) إِلَّا قِيلًا سَلَامًا سَلَامًا (٢٦)

(17). നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റിനടക്കും. (18). കോപ്പകളും കൂജകളും ശുദ്ധമായ ഉറവുജലം നിറച്ച പാനപാത്രവും കൊണ്ട്. (19). അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. (20). അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും. (21). അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും). (22). വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും (അവര്‍ക്കുണ്ട്.) (23). (ചിപ്പികളില്‍) ഒളിച്ചുവെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍, (24). അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്) (25). അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെവെച്ച് കേള്‍ക്കുകയില്ല. (26). സമാധാനം, സമാധാനം എന്നുള്ള വാക്കല്ലാതെ.

17-19). (നിത്യജീവിതം നല്‍കപ്പെട്ട ബാലന്മാര്‍ അവരുടെ ഇടയില്‍ ചുറ്റിനടക്കും) വളരെയധികം ഭംഗിയും സൗന്ദര്യവുമുള്ള ബാലന്മാര്‍ സ്വര്‍ഗക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും സേവനം ചെയ്യാനുമായി അവരുടെ ഇടയില്‍ ചുറ്റിനടക്കും.

كَأَنَّهُمْ لُؤْلُؤٌ مَكْنُونٌ

"അവര്‍ സൂക്ഷിച്ചുവെക്കപ്പെട്ട മുത്തുകള്‍ പോലെയായിരിക്കും" (52:24).

ഒന്നിനും മാറ്റംവരുത്താന്‍ പറ്റാത്തവിധം മറച്ചുവെക്കപ്പെട്ടത്, എന്നെന്നും അവശേഷിക്കുന്ന സൃഷ്ടിപ്പ്. പ്രായം വര്‍ധിച്ചാലും മാറ്റം സംഭവിക്കാത്ത, വാര്‍ധക്യം വരാത്തവര്‍, പാനപാത്രങ്ങളുമായി അവര്‍ക്കിടയില്‍ ചുറ്റിനടക്കും. (കോപ്പകളും) പുറത്തേക്കൊഴുക്കാന്‍ കുഴലുകളില്ലാത്ത പാത്രം. (കൂജകളും) കുഴലുകളുള്ള പാത്രങ്ങള്‍ (ശുദ്ധമായ ഉറവജലം നിറച്ച പാനപാത്രവും കൊണ്ട്). യാതൊരു അപകടവും വരുത്താത്ത മദ്യത്തിന്‍റെ രുചിയേറിയ പാനീയം. (അതുമൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയില്ല) ഇവിടത്തെ മദ്യം കുടിക്കുമ്പോള്‍ കുടിക്കുന്നവനുണ്ടാകുന്ന തലവേദന അവിടെയില്ല. മാത്രവുമല്ല (ലഹരിബാധിക്കുകയേ ഇല്ല). അവരുടെ ബുദ്ധിക്ക് തകരാര്‍ സംഭവിക്കുകയോ വിവേകം നഷ്ടപ്പെടുകയോ ചെയ്യില്ല; ഇവിടെയുണ്ടാകുന്നത് പോലെ. ചുരുക്കിപ്പറഞ്ഞാല്‍ ഇഹലോകത്ത് കാണുന്ന സുഖങ്ങളെക്കാള്‍ സ്വര്‍ഗത്തില്‍ കാണും. എന്നുമാത്രമല്ല അത് യാതൊരു അപകടവും വരുത്തുകയുമില്ല.

فِيهَا أَنْهَارٌ مِنْ مَاءٍ غَيْرِ آسِنٍ وَأَنْهَارٌ مِنْ لَبَنٍ لَمْ يَتَغَيَّرْ طَعْمُهُ وَأَنْهَارٌ مِنْ خَمْرٍ لَذَّةٍ لِلشَّارِبِينَ وَأَنْهَارٌ مِنْ عَسَلٍ مُصَفًّى ۖ وَلَهُمْ فِيهَا مِنْ كُلِّ الثَّمَرَاتِ وَمَغْفِرَةٌ مِنْ رَبِّهِمْ ۖ كَمَنْ هُوَ خَالِدٌ فِي النَّارِ وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ

"അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും. കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടുംചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും" (47:15).

സ്വര്‍ഗത്തിലെ മദ്യത്തെ കുറിച്ചാണിവിടെ പറഞ്ഞത്. ഇഹലോകത്തിലെ മദ്യത്തിന്‍റെ യാതൊരു അപകടവും അതിനില്ല.

20). (അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍പെട്ട പഴവര്‍ഗങ്ങളും) അവരുടെ കണ്ണില്‍ മനോഹരമായതും കൊതിപ്പിക്കുന്നതുമായ വിവിധ പഴങ്ങളില്‍നിന്നും അവരുടെ മനസ്സാഗ്രഹിക്കുന്നതും ഏറ്റവും നല്ല ഭംഗിയിലും പൂര്‍ണതയിലും രുചികരമായതുമായ ഫലങ്ങളും അവര്‍ക്ക് ലഭിക്കും.

21). (അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷി മാംസവും കൊണ്ട്) അവരിഷ്ടപ്പെടുന്ന എല്ലാത്തരം പക്ഷികളുടെ മാംസവും. ഏതുതരം മാംസം അവര്‍ ആഗ്രഹിച്ചാലും ലഭിക്കും. അത് പൊരിച്ചതായിട്ടോ പാചകം ചെയ്തതായിട്ടോ എങ്ങനെ വേണമെങ്കിലും ലഭിക്കും.

22,23). (വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും) എന്നു പറഞ്ഞാല്‍ കണ്ണില്‍ സുറുമയും ഭംഗിയും പ്രശോഭയുമുള്ള സുന്ദരിയാണ്.  എന്നത് കണ്ണിന്‍റെ സൗന്ദര്യവും അതിന്‍റെ വലുപ്പവുമാണ്. ഒരു പെണ്ണിന്‍റെ കണ്ണിന്‍റെ ഭംഗിയാണ് അവളുടെ സൗന്ദര്യത്തിന്‍റെയും ഭംഗിയുടെയും ഏറ്റവും നല്ല തെളിവ്. (ചിപ്പികളില്‍ ഒളിച്ചുവെക്കപ്പെട്ട മുത്ത് പോലെയുള്ള) മണ്ണില്‍നിന്നും കാറ്റില്‍നിന്നും സൂര്യനില്‍നിന്നും മറച്ചുവെക്കപ്പെട്ട ശോഭയുള്ള തെളിഞ്ഞ പുതിയമുത്ത്. ഒരു മുത്തിന്‍റെ നിറം മനോഹരമാണ്. ഒരു നിലയ്ക്കും ഒരു ന്യൂനതയും അതിനില്ല. അപ്രകാരമാണ് ആ വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികള്‍. ഒരു നിലയ്ക്കും അവര്‍ക്ക് ന്യൂനതകളില്ല. തികഞ്ഞ പ്രത്യേകതകളും സൗന്ദര്യഗുണങ്ങളും ഉള്ളവര്‍. അവരെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കെല്ലാം ഹൃദയത്തിന് സന്തോഷവും കാഴ്ചയില്‍ മനോഹാരിതയുമല്ലാതെ മറ്റൊന്നും അനുഭവപ്പെടുകയില്ല.

24). ഈ അനുഗ്രഹങ്ങള്‍ അവര്‍ക്ക് തയ്യാറാക്കപ്പെട്ടത് (അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ടാണ്). അവരുടെ പ്രവര്‍ത്തനങ്ങള്‍ നന്നായതുപോലെ അവര്‍ക്കുള്ള പ്രതിഫലവും അല്ലാഹു നല്ലതാക്കി. വിജയവും സുഖാനുഗ്രഹവും അവര്‍ക്കവന്‍ പൂര്‍ത്തീകരിച്ചുകൊടുത്തു.

25,26). (അനാവശ്യ വാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെവെച്ച് കേള്‍ക്കുകയില്ല) അനാവശ്യമായ ഒരു വാക്ക് സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗത്തില്‍ അവര്‍ കേള്‍ക്കുകയില്ല; പ്രയോജനമില്ലാത്തതോ സംസാരിക്കുന്നവന് കുറ്റകരമായിത്തീരുകയോ ചെയ്യുന്ന സംസാരം. (സമാധാനം, സമാധാനം എന്നുള്ള വാക്കല്ലാതെ) അതായത്, നല്ല വാക്കു മാത്രം. കാരണം അത് നല്ലവരുടെ വീടാണ്. അവിടെ നല്ലതല്ലാത്ത മറ്റൊന്നുമില്ല. പരസ്പരമുള്ള സംസാരങ്ങളില്‍ സ്വര്‍ഗക്കാരുടെ നല്ല പെരുമാറ്റ മര്യാദകളെ ഈ വചനം അറിയിക്കുന്നു. അനാവശ്യങ്ങളോ കുറ്റങ്ങളോ ഒട്ടുമില്ലാത്ത, ഹൃദയത്തിന് സന്തോഷം നല്‍കുന്ന നല്ല വാക്ക്. അല്ലാഹു അവന്‍റെ അനുഗ്രഹം നമുക്കും പ്രദാനം ചെയ്യട്ടെ.