സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഫെബ്രുവരി 20 1442 റജബ് 08

അധ്യായം: 56, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَصْحَابُ الْيَمِينِ مَا أَصْحَابُ الْيَمِينِ (٢٧) فِي سِدْرٍ مَخْضُودٍ (٢٨‬) وَطَلْحٍ مَنْضُودٍ (٢٩) وَظِلٍّ مَمْدُودٍ (٣٠) وَمَاءٍ مَسْكُوبٍ (٣١) وَفَاكِهَةٍ كَثِيرَةٍ (٣٢) لَا مَقْطُوعَةٍ وَلَا مَمْنُوعَةٍ (٣٣) وَفُرُشٍ مَرْفُوعَةٍ (٣٤) إِنَّا أَنْشَأْنَاهُنَّ إِنْشَاءً (٣٥) فَجَعَلْنَاهُنَّ أَبْكَارًا (٣٦) عُرُبًا أَتْرَابًا (٣٧) لِأَصْحَابِ الْيَمِينِ (٣٨‬) ثُلَّةٌ مِنَ الْأَوَّلِينَ (٣٩) وَثُلَّةٌ مِنَ الْآخِرِينَ (٤٠) وَأَصْحَابُ الشِّمَالِ مَا أَصْحَابُ الشِّمَالِ (٤١) فِي سَمُومٍ وَحَمِيمٍ (٤٢) وَظِلٍّ مِنْ يَحْمُومٍ (٤٣) لَا بَارِدٍ وَلَا كَرِيمٍ (٤٤)

(27). വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ! (28). മുള്ളിലാത്ത ഇലന്തമരം, (29). അടുക്കടുക്കായി കുലകളുള്ള വാഴ, (30). വിശാലമായ തണല്‍, (31). സദാ ഒഴുക്കപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളം, (32). ധാരാളം പഴവര്‍ഗങ്ങള്‍; (33). നിലച്ചുപോകാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ, (34). ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍. (35). തീര്‍ച്ചയായും അവരെ(സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. (36). അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. (37). സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. (38). വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്. (39). പൂര്‍വികന്‍മാരില്‍നിന്ന് ഒരു വിഭാഗവും (40). പിന്‍ഗാമികളില്‍നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍. (41). ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ! (42). തുളച്ചു കയറുന്ന ഉഷ്ണകാറ്റ്, ചുട്ടുതിളക്കുന്ന വെള്ളം, (43). കരിമ്പുകയുടെ തണല്‍ (44). തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.)

27-34). വലതുപക്ഷക്കാര്‍ക്കു വേണ്ടി തയ്യാറാക്കിയതിനെക്കുറിച്ചാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്. (വലതുപക്ഷക്കാര്‍. എന്താണ് വലതുപക്ഷക്കാരുടെ അവസ്ഥ) അവരുടെ കാര്യം ഗംഭീരമാണ്. അവസ്ഥയോ ഏറെ മഹത്ത്വമേറിയതും. (മുള്ളില്ലാത്ത ഇലന്തമരം) മുള്ളുകളും ഉപദ്രവകരമായ ചില്ലകളും മുറിച്ചുനീക്കപ്പെട്ടത്. അവിടെയെല്ലാം വിശിഷ്ടമായ പഴങ്ങള്‍ നിറക്കപ്പെട്ടിരിക്കുന്നു. ഇലന്തമരത്തിന്‍റെ മറ്റൊരു പ്രത്യേകത; ശരീരത്തിന് ആശ്വാസം നല്‍കുന്ന നല്ല തണലുണ്ട് അതിന്. (അടുക്കടുക്കായി കുലയുള്ള വാഴ) വാഴ പ്രസിദ്ധമാണ്. തട്ടുതട്ടായി ശാഖകളുള്ള കൊതിപ്പിക്കുന്ന രുചിയുള്ള പഴങ്ങളുള്ളത്. (സദാ ഒഴുക്കപ്പെട്ടുകൊണ്ടിരിക്കുന്ന വെള്ളം) ശക്തിയുള്ള ജലപ്രവാഹങ്ങളും ഒഴുകുന്ന നദികളും അരുവികളും അവിടെ ധാരാളമുണ്ട്. (നിലച്ചുപോവാത്തതും തടസ്സപ്പെട്ടുപോകാത്തതുമായ ധാരാളം പഴവവര്‍ഗങ്ങള്‍) ഈ ലോകത്തെ പഴങ്ങളെപ്പോലെയല്ല; ചില സമയങ്ങളില്‍ അതില്‍ ഫലമില്ലാതാകും. അതാഗ്രഹിക്കുന്നവര്‍ക്ക് ആ സമയത്ത് പ്രയാസമാകും. എന്നാല്‍ സ്വര്‍ഗത്തില്‍ എപ്പോഴും ലഭിച്ചുകൊണ്ടേയിരിക്കും. ഏതൊരു സമയത്തും ഒരാള്‍ക്ക് അത് അടുത്തുവെച്ച് തന്നെ പറിച്ചെടുക്കാനാവും. (ഉയര്‍ന്ന മെത്തകള്‍) വളരെ ഉയരങ്ങളില്‍ കട്ടിലുകള്‍ക്കു മുകളില്‍ വിരിക്കപ്പെട്ട. ആ വിരിപ്പുകള്‍ പട്ട്, സ്വര്‍ണം, മുത്ത് എന്നിവകൊണ്ടാണ്. അല്ലാഹുവിനേ അതിനെക്കുറിച്ചറിയൂ.

35-38). (തീര്‍ച്ചയായും അവരെ -സ്വര്‍ഗസ്ത്രീകളെ- നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു). ഇഹലോകത്തുണ്ടായിരുന്ന അവസ്ഥയില്‍നിന്ന് വ്യത്യസ്തമായ ഒരു സൃഷ്ടിപ്പ്. നശിക്കാത്ത, സമ്പൂര്‍ണമായ ഒരു സൃഷ്ടിപ്പ്. (അങ്ങനെ നാം അവരെ കന്യകമാരാക്കി) അവരില്‍ പ്രായം കുറഞ്ഞവരെയും കൂടിയവരെയും. അതില്‍ സ്വര്‍ഗസ്ത്രീകളും (الحور الحين) ഇഹലോകസ്ത്രീകളും ഉള്‍പ്പെടും. കന്യകാത്വം എന്ന ഈ പ്രത്യേകത സദാ സമയങ്ങളിലും അവരില്‍ നിലനില്‍ക്കും. അതോടൊപ്പം അവരെ (സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു). ഈ അവസ്ഥ എപ്പോഴുമുണ്ടാകും. (الحروب സ്നേഹവതി) എന്നത് ഭര്‍ത്താവിന് ഏറെ ഇഷ്ടപ്പെട്ടവള്‍ എന്നാണ്. അവളുടെ നല്ല സംസാരം, ഭംഗിയാര്‍ന്ന രൂപം, സനേഹസൗന്ദര്യം, തമാശകള്‍ എന്നിവ മൂലമാണത്. അവളുടെ സംസാരം മനസ്സുകളെ ബന്ധിതമാക്കും. അവളുടെ സംസാരം അവസാനിക്കാതിരിക്കാന്‍ കേള്‍ക്കുന്നവന്‍ ആഗ്രഹിക്കും. പ്രത്യേകിച്ചം നിര്‍മലവും രാഗാത്മകവും ആനന്ദപൂര്‍ണവുമായ അവളുടെ ഗാനങ്ങള്‍. അവളുടെ പെരുമാറ്റവും ലക്ഷണങ്ങളും കൊഞ്ചിക്കുഴയലുമെല്ലാം ഭര്‍ത്താവിന്‍റെ മനസ്സില്‍ സന്തോഷവും ആഹ്ലാദവും നിറക്കും. അവര്‍ നില്‍ക്കുന്നിടത്തുനിന്ന് മാറിയാല്‍ അവിടം പ്രകാശവും സുഗന്ധവും നിറയും. അത് ശാരീരികബന്ധങ്ങളില്‍ ആനന്ദമുണ്ടാക്കും. (الاتراب) എന്നത് 33 വയസ്സുള്ള ഒരേ പ്രായക്കാരായവരാണ്. യുവത്വം പൂര്‍ണമാകുന്ന പ്രായം. ആഗ്രഹിക്കുന്ന പ്രായവും. അതാണ് അവര്‍ക്ക് ലഭിക്കുന്ന സ്ത്രീകള്‍. സ്നേഹവതികളും സമപ്രായക്കാരും യോജിക്കുന്നവരും ഇണങ്ങുന്നവരും സംതൃപ്തരും തൃപ്തിപ്പെടുത്തുന്നവരും ദുഃഖിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്യാത്തവരുമാണ്. അവര്‍ മനസ്സിന്‍റെ സന്തോഷവും കണ്ണുകളുടെ കുളിര്‍മയും ദൃഷ്ടികള്‍ക്കൊരു കാഴ്ചയുമാണ്. (വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്). അതായത് അവര്‍ക്ക് ഒരുക്കി തയ്യാര്‍ ചെയ്തത്.

39-40). (പൂര്‍വികരില്‍നിന്ന് ഒരു വിഭാഗവും പിന്‍ഗാമികളില്‍നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍) ഈ വിഭാഗം; അവരാണ് വലതുപക്ഷക്കാര്‍. ആദ്യകാലക്കാരില്‍നിന്ന് കുറെ പേര്‍. പില്‍ക്കാലക്കാരില്‍ നിന്നും കുറെ പേരും.

41-44). ഇടതുപക്ഷക്കാര്‍ എന്നാല്‍ നരകത്തിന്‍റെയും ദുഷ്പ്രവര്‍ത്തനങ്ങളുടെയും ആളുകളാണ്. അവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷയുണ്ടാകും. അല്ലാഹു പറയുന്നു: അവര്‍ അതിന് അര്‍ഹരാണ്. (തുളച്ചുകയറുന്ന ഉഷ്ണക്കാറ്റ്) നരകത്തീയിന്‍റെ ചൂടില്‍നിന്നുള്ള ചൂടുകാറ്റ്. ശ്വസനങ്ങളെ പിടികൂടുന്ന, കഠിനമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന. (ചുട്ടുതിളക്കുന്ന വെള്ളം) ആമാശയങ്ങളെ പിളര്‍ക്കുന്ന ചൂടുവെള്ളം. (കരിമ്പുകയുടെ തണല്‍) അതായത് പുക കൂടിച്ചേര്‍ന്ന തീജ്വാല. (തണുപ്പുള്ളതോ സുഖദായകമോ അല്ല) തണുപ്പോ സുഖമോ അതിലില്ല. ഉദ്ദേശിക്കുന്നത് അവിടെ മനോദുഃഖവും മനഃപ്രയാസവും ഖേദവും ദുരിതവും മാത്രമാണുണ്ടാവുക. അതില്‍ ഒരു ഗുണവും കണ്ടെത്തില്ല. കാരണം ഭാഷയില്‍ വിപരീത ആശയത്തെ നിഷേധിക്കുമ്പോള്‍ അതിന്‍റെ വിപരീതം സ്ഥാപിക്കപ്പെടും.