സൂറഃ അന്നജ്മ് (നക്ഷത്രം), ഭാഗം 3

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ഒക്ടോബര്‍ 30 1442 റബിഉല്‍ അവ്വല്‍ 23

അധ്യായം: 53, ഭാഗം 3 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَـٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى (٣١) ٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَـٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ (٣٢) أَفَرَءَيْتَ ٱلَّذِى تَوَلَّىٰ (٣٣) وَأَعْطَىٰ قَلِيلًا وَأَكْدَىٰٓ (٣٤) أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ (٣٥) أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ (٣٦) وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ (٣٧) أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ (٣٨‬) وَأَن لَّيْسَ لِلْإِنسَـٰنِ إِلَّا مَا سَعَىٰ (٣٩) وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ (٤٠) ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ (٤١)

(31). അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും. (32). അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍. അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍. (33). എന്നാല്‍ പിന്‍മാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ? (34). അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു. (35). അവന്റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അതു മുഖേന അവന്‍ കണ്ടറിഞ്ഞ് കൊണ്ടിരിക്കുകയാണോ? (36). അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ? (37). (കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്റെയും (പത്രികകളില്‍) (38). അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും, (39). മനുഷ്യന്ന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും. (40). അവന്റെ പ്രയത്‌നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം. (41). പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും

31. അല്ലാഹു പറയുന്നു; അവന്‍ ആധിപത്യത്തിന്റെ ഉടമസ്ഥനാണെന്ന്. ഇഹപര ലോകങ്ങളുടെ ഏക അധിപതി. അവ രണ്ടിലുമുള്ളതിന്റെയെല്ലാം ഉടമസ്ഥത അവനാണ്. ആ മഹാ ആധിപത്യത്തില്‍ തന്റെ അടിമകളെയും ഭരണീയരെയും അവന്‍ നിയന്ത്രിക്കുന്നു. അവന്റെ വിധി അവരില്‍ നടപ്പിലാക്കുന്നു. അവന്റ മതനിയമങ്ങള്‍ അവര്‍ക്ക് ബാധകമാക്കുകയും ചെയ്യുന്നു. അവരോടവന്‍ കല്‍പിക്കുന്നു, വിരോധിക്കുന്നു. അങ്ങനെ അനുസരിക്കുന്നവന് പ്രതിഫലവും അനുസരിക്കാത്തവന് ശിക്ഷയും നല്‍കുന്നു. (തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് അവന്‍ ചെയ്തതനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്). സത്യനിഷേധവും അതിന്റെ താഴെയുള്ള കുറ്റങ്ങളും ചെയ്തവര്‍. തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചെയ്തു എന്നതിനാല്‍ മോശമായ ശിക്ഷയും നല്‍കുന്നു.(നന്മ പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം). അല്ലാഹുവിനെ ആരാധിച്ചതിനും അവന്റെ പടപ്പുകള്‍ക്ക് വ്യത്യസ്തമായ ഉപകാരങ്ങള്‍ ചെയ്തതിനും. (ഏറ്റവും നല്ല പ്രതിഫലം) ഇഹപര ജീവിതത്തില്‍ നന്മകള്‍ നിറഞ്ഞ സാഹചര്യം. അതിലുപരി അല്ലാഹുവിന്റെ തൃപ്തി. സ്വര്‍ഗവും അതിലെ സുഖാനുഗ്രഹങ്ങളും നേടിക്കൊണ്ടുള്ള വിജയവും.

32. തുടര്‍ന്ന് അവരെക്കുറിച്ച് വിശദീകരിക്കുന്നു. (അതായത് വലിയ പാപങ്ങളില്‍നിന്നും. നീചവൃത്തികളില്‍നിന്നും). അല്ലാഹു കല്‍പിച്ച നിര്‍ബന്ധ കാര്യങ്ങള്‍ അവര്‍ ചെയ്യുന്നു;  ഉപേക്ഷിക്കുന്നതിലൂടെ വന്‍പാപങ്ങളായിത്തീരുന്നവ. നിഷിദ്ധങ്ങളില്‍ വലിയ പാപങ്ങളായ മദ്യപാനം, പലിശ തിന്നല്‍, കൊലപാതകം തുടങ്ങിയവ അവര്‍ ഉപേക്ഷിക്കുന്നു. (നിസ്സാരമായതൊഴിച്ചുള്ള) ചെയ്യുന്നയാള്‍ ശഠിച്ചു നില്‍ക്കാത്ത ചെറുദോഷങ്ങള്‍, അല്ലെങ്കില്‍ വളരെ കുറവോ അത്യപൂര്‍വമായോ ചില തവണകളില്‍ ആവര്‍ത്തിക്കുന്ന തെറ്റുകള്‍. ഇവ സംഭവിക്കുന്നതുകൊണ്ടുമാത്രം ഒരടിമ സുകൃതം ചെയ്യുന്നവരിലല്ലാതായിത്തീരുന് നില്ല. കാരണം, ഇതോടൊപ്പം നിര്‍ബന്ധ കാര്യങ്ങളെ കൊണ്ടുവരികയും നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതിനാല്‍ എല്ലാറ്റിലും വിശാലമായ അല്ലാഹുവിന്റെ പാപമോചനത്തില്‍ അതുള്‍പ്പെട്ടേക്കാം. അതാണ് തുടര്‍ന്ന് പറഞ്ഞത്: (തീര്‍ച്ചയായും നിന്റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു). അവന്റെ പാപമോചനം ഇല്ലായിരുന്നുവെങ്കില്‍ അടിമകളും നാടുകളും നശിച്ചുപോകുമായിരുന്നു. അവന്റെ ക്ഷമയും വിട്ടുവീഴ്ചയും ഇല്ലായിരുന്നുവെങ്കില്‍ ആകാശം ഭൂമിക്കുമേല്‍ പതിക്കുമായിരുന്നു. അതില്‍ ഒരു ജീവിയും അവശേഷിക്കുമായിരുന്നില്ല. അതാണ് നബിﷺ പറഞ്ഞത്

الصَّلَوَاتُ الْخَمْسُ، وَالْجُمُعَةُ إِلَى الْجُمُعَةِ، وَرَمَضَانُ إِلَى رَمَضَانَ، مُكَفِّرَاتٌ مَا بَيْنَهُنَّ، إِذَا اجْتَنَبَ الْكَبَائِرَ

'അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ ഒരു ജുമുഅമുതല്‍ അടുത്ത ജുമുഅവരെ, ഒരു റമദാന്‍ മുതല്‍ അടുത്ത റമദാന്‍ വരെയുള്ള പാപങ്ങള്‍ വന്‍ദോഷങ്ങളുപേക്ഷിച്ചാല്‍ പൊറുക്കപ്പെടുന്നവയാണ്.' അല്ലാഹു പറയുന്നു: (നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ സന്ദര്‍ഭത്തിലും നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥ ശിശുക്കളായിരുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെപ്പറ്റി ഏറ്റവും കൂടുതല്‍ അറിവുള്ളവന്‍). നിങ്ങളുടെ സാഹചര്യങ്ങള്‍ ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാകുന്നു. അല്ലാഹു കല്‍പിച്ച അധിക കാര്യങ്ങളിലും നിങ്ങളുടെ പ്രകൃതിയനുസരിച്ചുള്ള ദുര്‍ബലതയും കഴിവുകേടും അവന് നന്നായറിയാം. അതുപോലെത്തന്നെ തിന്മയിലേക്കുള്ള ധാരാളം പ്രചോദനങ്ങളെക്കുറിച്ചും ആകര്‍ഷണീയതയെക്കുറിച്ചും. പ്രതിരോധിക്കാനുള്ള കഴിവില്ലായ്മയും ദുര്‍ബലതയും ഭൂമിയിലേക്ക് നിങ്ങളെ കൊണ്ടുവന്നപ്പോള്‍ തന്നെയുള്ളതാണ്. നിങ്ങള്‍ ഗര്‍ഭപാത്രത്തില്‍ ആയിരുന്നപ്പോഴും ഇപ്പോഴും അതുണ്ട്താനും. നിങ്ങളോട് കല്‍പിച്ചത് ചെയ്യാനുള്ള കഴിവ് അല്ലാഹു നിങ്ങള്‍ക്ക് തന്നിട്ടുണ്ടെങ്കിലും ദുര്‍ബലത നിങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ അവസ്ഥകളെല്ലാം അല്ലാഹുവിന് നന്നായറിയാം. എന്നാല്‍ ദൈവികമായ യുക്തിയും ഔദാര്യവും താല്‍പര്യപ്പെടുന്നത് നിങ്ങളെ അവന്റെ കാരുണ്യംകൊണ്ട് മൂടാനും നിങ്ങള്‍ക്ക് പാപമോചനവും വിട്ടുവീഴ്ചയും നല്‍കാനുമാണ്. അവന്റെ നന്മകള്‍കൊണ്ട് നിങ്ങളെ വലയം ചെയ്യാനും പാപങ്ങളും കുറ്റങ്ങളും നിങ്ങളില്‍ നിന്നകറ്റാനുമാണ്. പ്രത്യേകിച്ചും, ഒരടിമ സദാസമയവും തന്റെ രക്ഷിതാവിന്റെ പ്രീതി ഉദ്ദേശിക്കുന്നവനാണെങ്കില്‍. അതോടൊപ്പം അധികസമയവും അവനോടടുക്കാവുന്ന പരിശ്രമങ്ങളില്‍ നിരതനുമാണെങ്കില്‍. തന്റെ യജമാനന്റെ കോപമുണ്ടാകുന്ന പാപങ്ങളില്‍നിന്ന് അവന്‍ ഓടിയകലുകയും ചെയ്യണം. എന്നിട്ടും അവനില്‍നിന്ന് ചെറിയ ചെറിയ പിഴവുകള്‍ സംഭവിച്ചാല്‍ തീര്‍ച്ചയായും അല്ലാഹു ഔദാര്യം ചെയ്യുന്നവരില്‍ ഏറ്റവും ഔദാര്യവാനാണ്. ഒരു മാതാവിന് തന്റെ കുഞ്ഞിനോടുള്ളതിനെക്കാളും സ്‌നേഹമവന് തന്റെ അടിമയോടുണ്ട്. ഇത്തരം കാര്യങ്ങളില്‍ തന്റെ റബ്ബിന്റെ പാപമോചനം വളരെ അടുത്തായിരിക്കും. ഏത് സന്ദര്‍ഭത്തിലും അവന് അല്ലാഹു ഉത്തരം നല്‍കും. അതാണ് അല്ലാഹു പറഞ്ഞത്: (അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക). സ്വയം പ്രശംസിക്കുന്ന രൂപത്തില്‍ മനസ്സിന്റെ പരിശുദ്ധിയെക്കുറിച്ച് ജനങ്ങളെ അറിയിക്കലാണത്. (അവനാകുന്നു സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി നന്നായി അറിയുന്നവന്‍). ധര്‍മനിഷ്ഠയുടെ സ്ഥാനം ഹൃദയമാണ്. അത് കാണുന്നവന്‍ അല്ലാഹുവാണ്. അതിലെ സൂക്ഷ്മതയ്ക്കും പുണ്യത്തിനും പ്രതിഫലം നല്‍കുന്നവനും അവനാണ്. എന്നാല്‍ ജനങ്ങള്‍ അല്ലാഹുവില്‍നിന്ന് യാതൊരു പ്രയോജനവും നിങ്ങള്‍ക്ക് ചെയ്യില്ല

33-35. അല്ലാഹു പറയുന്നു: 'അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനെ ഏകനാക്കാനും കല്‍പിക്കപ്പെട്ടപ്പോള്‍ അതിനെ അവഗണിച്ച് തിരിഞ്ഞുകളഞ്ഞവന്റെ ദുഷിച്ച അവസ്ഥ നീ കണ്ടില്ലേ?' കുറച്ചൊക്കെ അവന്റെ മനസ്സ് ചെയ്താലും അവനതില്‍ ഉറച്ചുനില്‍ക്കുകയില്ല. മറിച്ച് അവന്‍ പിശുക്ക് കാണിക്കുകയും തടയുകയും നിര്‍ത്തിക്കളുകയും ചെയ്യും. നന്മ ചെയ്യല്‍ അവന്റെ പ്രകൃതിയില്‍ പെട്ടതല്ല. മറിച്ച് അവന്റെ പ്രകൃതി അനുസരിക്കാതിരിക്കലും നല്ല പ്രവര്‍ത്തനങ്ങളില്‍ ഉറച്ചുനില്‍ക്കാതിരിക്കലുമാണ്. ഇതോടൊപ്പം അവന്‍ തന്നെ സ്വയം പരിശുദ്ധനാക്കുകയും അല്ലാഹു നല്‍കാത്ത സ്ഥാനത്ത് അവനെ അവന്‍ നിര്‍ത്തുകയും ചെയ്യുന്നു. (അവന്റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അത് മുഖേന അവന്‍ കണ്ടറിഞ്ഞുകൊണ്ടിരിക്കുകയാണോ?) അദൃശ്യകാര്യം പറയുകയാണോ അവന്‍? അതോ അല്ലാഹുവിന്റെ മേല്‍ അവന്‍ കെട്ടിച്ചമച്ച് പറയുകയാണോ? തിന്മ ചെയ്യലും ആത്മപരിശുദ്ധി നടിക്കലും സൂക്ഷിക്കേണ്ട ഈ രണ്ട് കാര്യവും ചെയ്യാന്‍ അല്ലാഹുവിന്റെ മേല്‍ അവന്‍ ധൈര്യം കാണിച്ചതാണോ? ഇവിടെ കണ്ടതുപോലെ അവന് അദൃശ്യകാര്യങ്ങള്‍ അറിയുകയില്ലെന്നത് വ്യക്തമാണ്. അവനതിന് കഴിയാമെങ്കില്‍ അവനതുണ്ടെന്ന് വാദിക്കുകതന്നെ ചെയ്യും. അദൃശ്യങ്ങള്‍ ഖണ്ഡിതമായി അറിയിക്കാന്‍ പാപസുരക്ഷിതനായ പ്രവാചകനിലൂടെ മാത്രമെ കഴിയൂ എന്നും അവന്റെ വാക്കുകള്‍ക്കെതിരായി മനസ്സിലാകും; അവന്റെ വാക്കുകള്‍ നിരര്‍ഥകമാണെന്ന് മനസ്സിലാക്കുന്നതോടൊപ്പം.

36-37. (അവന് വിവരം നല്‍കപ്പെട്ടിട്ടില്ലേ?) ഈ വാദിക്കുന്നവന്. (മൂസായുടെയും കടമകള്‍ നിറവേറ്റിയ ഇബ്‌റാഹീമിന്റെയും പത്രികകളില്‍ ഉള്ളതിനെപ്പറ്റി). അതായത് അല്ലാഹുവിന്റെ പരീക്ഷണങ്ങളെല്ലാം പൂര്‍ത്തിയാക്കി. മതനിയമങ്ങളില്‍നിന്നും അടിസ്ഥാനപരമായും ശാഖാപരമായും കല്‍പിച്ചതെല്ലാം നിര്‍വഹിക്കുകയും ചെയ്തു.

38-41. ആ ഏടുകളില്‍ ധാരാളം മതവിധികളുണ്ട്. അതില്‍ സുപ്രധാനമായ ചിലത് തുടര്‍ന്ന് പറയുന്നു. (അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും മനുഷ്യന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ലെന്നും). ഓരോരുത്തരും ചെയ്യുന്ന നന്മ തിന്മകളുടെ ഫലം അവനുതന്നെയാണ്. മറ്റു ജീവന്റെ പ്രവര്‍ത്തനവും പരിശ്രമവും അവനൊരു ഉപകാരവും ചെയ്യില്ല. ഒരാളുടെയും പാപം മറ്റൊരാള്‍ ഏറ്റെടുക്കില്ല. (അവന്റെ പ്രയത്‌നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുള്ള കാര്യം). പരലോകത്ത്, അവിടെ അവന്റെ നന്മ-തിന്മകള്‍ വേര്‍തിരിക്കപ്പെടും. (പിന്നീട് അതില്‍ അവന് ഏറ്റവും പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും). അതായത് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സമ്പൂര്‍ണ പ്രതിഫലം. നിഷ്‌കളങ്കമായ നന്മകള്‍ക്ക് ഏറ്റവും നല്ല നന്മ; തിന്മകള്‍ക്ക് ഏറ്റവും വലിയ തിന്മയും. കലര്‍പ്പുള്ളതിന് അതിന്റെ കണക്കനുസരിച്ചും. എല്ലാം സൃഷ്ടികളോടുമുള്ള അവന്റെ നീതിയും നന്മയുമനുസരിച്ച്. അതിലവന്‍ അല്ലാഹുവെ സ്തുതിക്കും. നരകക്കാര്‍ നരകത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും. അവരുടെ ഹൃദയങ്ങളും തങ്ങളുടെ രക്ഷിതാവിനുള്ള സ്തുതികളാല്‍ നിറഞ്ഞിരിക്കും. അല്ലാഹുവിന്റെ യുക്തിയുടെ പൂര്‍ണത അവരംഗീകരിക്കുകയും അവരോടവര്‍ കോപിക്കുകയും ചെയ്യും. ഏറ്റവും ദുഷിച്ച കേന്ദ്രത്തില്‍ അവരെ എത്തിച്ചത് അവര്‍തന്നെയാണ്. അവന്റെ വചനത്തെ അവന്‍ തെളിവാക്കുന്നു. (മനുഷ്യന് താന്‍ പ്രവര്‍ത്തിച്ചതല്ലാതെ മറ്റൊന്നുമില്ല). മരിച്ചവര്‍ക്കോ ജീവിച്ചിരിക്കുന്നവര്‍ക്കോ യാതൊന്നും നല്‍കല്‍ അനുവദനീയമല്ലെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. കാരണം അല്ലാഹു പറഞ്ഞത് (മനുഷ്യന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല) എന്നല്ലേ. അല്ലാഹു പറഞ്ഞതെന്താണ്? മറ്റൊരാളുടെ പരിശ്രമഫലം എത്തുന്നതിനെ ഇവിടെ നിരാകരിക്കുന്നു. ഈ തെളിവാക്കലില്‍ തകരാറുണ്ട്. ഈ വചനത്തില്‍ പറയുന്നത് ഓരോ മനുഷ്യനും തന്റെ അധ്വാനം മാത്രമേയുള്ളൂ എന്നാണ്. ഇത് സത്യമാണ്. ഇതില്‍ ഭിന്നതയില്ല. ഒരാള്‍ തന്റെ പ്രയത്‌നം മറ്റൊരാള്‍ക്ക് നല്‍കിയാല്‍ അത് അയാള്‍ക്ക് പ്രയോജനപ്പെടില്ല എന്നതിന് ഇത് തെളിവല്ലേ? ഒരാള്‍ക്ക് തന്റെ കൈവശമുള്ളതും അധികാരത്തിലുള്ളതും മാത്രമേയുള്ളൂ എന്ന് പറഞ്ഞാല്‍ മറ്റൊരാള്‍ തന്റെ ഉടമസ്ഥതയിലുള്ള ദാനം അയാള്‍ക്ക് നല്‍കിയാല്‍ അതയാളുടെ ഉടമസ്ഥതയിലാവില്ലെന്ന് അര്‍ഥമില്ല.