സൂറഃ അല്‍വാഖിഅ (സംഭവം), ഭാഗം: 7

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 മാര്‍ച്ച് 20 1442 ശഅബാന്‍ 07

അധ്യായം: 56, ഭാഗം 6 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَمَّا إِنْ كَانَ مِنْ أَصْحَابِ الْيَمِينِ (٩٠) فَسَلَامٌ لَكَ مِنْ أَصْحَابِ الْيَمِينِ (٩١) وَأَمَّا إِنْ كَانَ مِنَ الْمُكَذِّبِينَ الضَّالِّينَ (٩٢) فَنُزُلٌ مِنْ حَمِيمٍ (٩٣) وَتَصْلِيَةُ جَحِيمٍ (٩٤) إِنَّ هَٰذَا لَهُوَ حَقُّ الْيَقِينِ (٩٥) فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ (٩٦)

(90). എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ, (91). വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം). (92). ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ, (93). ചുട്ടുതിളക്കുന്ന വെള്ളംകൊണ്ടുള്ള സല്‍ക്കാരവും (94). നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ് (അവന്നുള്ളത്). (95). തീര്‍ച്ചയായും ഇതുതന്നെയാണ് ഉറപ്പുള്ള യാഥാര്‍ഥ്യം. (96). ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.

90-91). (എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ). അവര്‍ നിര്‍ബന്ധങ്ങള്‍ നിറവേറ്റിയവരും നിഷിദ്ധങ്ങള്‍ ഉപേക്ഷിച്ചവരുമാണ്. ചില ന്യൂനതകളും, ബാധ്യത നിര്‍വഹണത്തില്‍ വിശ്വാസത്തിനോ തൗഹീദിനോ തകരാറ് സംഭവിക്കാത്ത ചില വീഴ്ചകളും സംഭവിച്ചിട്ടുണ്ട്. അവരില്‍പെട്ടവരോട് പറയപ്പെടുക (വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും). വലതുപക്ഷ സഹോദരന്മാരില്‍നിന്നും നിനക്ക് സമാധാനം ലഭിക്കും. അവര്‍ അവന്‍റെമേല്‍ സലാം പറയും; അവന്‍ അവരെ കണ്ടുമുട്ടുമ്പോഴും. മറ്റൊരാശയം: എല്ലാ ശിക്ഷാപരീക്ഷണങ്ങളില്‍നിന്നും അപകടങ്ങളില്‍നിന്നും നിനക്ക് രക്ഷ. കാരണം നീ വലതുപക്ഷക്കാരില്‍ പെട്ടവനാണല്ലോ. അവര്‍ നാശങ്ങളില്‍നിന്ന് സുരക്ഷിതരാണ്.

92-94). (ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കില്‍) സന്മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിപ്പോയ, സത്യത്തെ കളവാക്കിയവന്‍. (ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ് അവനുള്ളത്). തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവര്‍ വരുമ്പോള്‍ അവര്‍ക്കുള്ള ആതിഥ്യം നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലാണ്. അതവരെ വലയം ചെയ്യുകയും ഹൃദയങ്ങളിലേക്കെത്തുകയും ചെയ്യും. ദാഹകാഠിന്യത്താല്‍ അവര്‍ വെള്ളം ചോദിക്കുമ്പോള്‍

يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَابُ وَسَاءَتْ مُرْتَفَقًا

"ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ചുകളയും. വളരെ ദുഷിച്ച പാനീയംതന്നെ. അത് വളരെ ദുഷിച്ച വിശ്രമസ്ഥലം തന്നെ" (18:29).

95) (തീര്‍ച്ചയായും ഇത്) അടിമയുടെ നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലമായി അല്ലാഹു വ്യക്തമാക്കിയ കാര്യങ്ങള്‍. (ഇതുതന്നെയാണ് ഉറപ്പുള്ള യാഥാര്‍ഥ്യം). അതില്‍ സംശയമോ സന്ദേഹമോ ഇല്ല. മറിച്ച്, സംഭവിക്കുമെന്ന് ഉറപ്പുള്ള യാഥാര്‍ഥ്യം. അതിന് ഖണ്ഡിതമായ തെളിവുകള്‍ അല്ലാഹു തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. എത്രമാത്രമെന്നാല്‍ ബുദ്ധിയുള്ളവര്‍ ആ യാഥാര്‍ഥ്യം കണ്ണില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്നപോലെ അവര്‍ക്ക് തോന്നും. അവര്‍ക്ക് അല്ലാഹു നല്‍കിയ ഈ മഹത്തായ അനുഗ്രഹത്തിന്, വമ്പിച്ച കാരുണ്യത്തിന് അവര്‍ അല്ലാഹുവിനെ സ്തുതിക്കും.

96). അതാണ് അല്ലാഹു പറഞ്ഞത്: (ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക). മഹാനായ നമ്മുടെ രക്ഷിതാവ് മഹാപരിശുദ്ധന്‍. നിഷേധികളും അക്രമികളും പറഞ്ഞുണ്ടാക്കുന്നതില്‍നിന്ന് ഏറ്റവും ഉന്നതമായ നിലയില്‍ പരിശുദ്ധനായിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹുവിന് വിശിഷ്ടമായ, അനുഗ്രഹം നിറഞ്ഞ ധാരാളം സ്തുതി.

സൂറഃ അല്‍വാക്വിഅയുടെ വ്യാഖ്യാനം പൂര്‍ത്തിയായി.