സൂറഃ അത്ത്വൂര്‍, ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 നവംബര്‍ 27 1442 റബിഉല്‍ ആഖിര്‍ 22

അധ്യായം: 52, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱلطُّورِ (١) وَكِتَـٰبٍ مَّسْطُورٍ (٢) فِى رَقٍّ مَّنشُورٍ (٣) وَٱلْبَيْتِ ٱلْمَعْمُورِ (٤) وَٱلسَّقْفِ ٱلْمَرْفُوعِ (٥) وَٱلْبَحْرِ ٱلْمَسْجُورِ (٦) إِنَّ عَذَابَ رَبِّكَ لَوَٰقِعٌ (٧) مَّا لَهُۥ مِن دَافِعٍ (٨‬)

(01). ത്വൂര്‍ പര്‍വതം തന്നെയാണ, സത്യം. (02). എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം, (03). നിവര്‍ത്തിവെച്ച തുകലില്‍. (04). അധിവാസമുള്ള മന്ദിരം തന്നെയാണ, സത്യം. (05). ഉയര്‍ത്തപ്പെട്ട മേല്‍പുര (ആകാശം) തന്നെയാണ, സത്യം. (06). നിറഞ്ഞ സമുദ്രം തന്നെയാണ, സത്യം. (07). തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാകുന്നു. (08). അതു തടുക്കുവാന്‍ ആരുംതന്നെയില്ല.

1). ഈ മഹത്തായ കാര്യങ്ങളെല്ലാം സത്യം ചെയ്തുകൊണ്ട് പറയുന്നത് സത്യവിശ്വാസികള്‍ക്കും സത്യനിഷേധികള്‍ക്കുമുള്ള പ്രതിഫലത്തെയും ഉയിര്‍ത്തെഴുന്നേല്‍പിനെയുമെല്ലാം ഉള്‍ക്കൊള്ളുന്ന ചില മഹത്തായ വിധികളാണ്. ത്വൂര്‍ പര്‍വതത്തെക്കൊണ്ട് സത്യം ചെയ്യുന്നു. മൂസബ്‌നു ഇംറാന്‍(അ) നോട് അല്ലാഹു സംസാരിച്ച പര്‍വതമാണത്. ചില മതവിധികളെക്കുറിച്ചുള്ള സന്ദേശം നല്‍കി. അതില്‍ അദ്ദേഹത്തോടും സമുദായത്തോടുമുള്ള കാരുണ്യമുണ്ട്. അല്ലാഹുവിന്റെ മഹത്തായ ഒരു ദൃഷ്ടാന്തമാണത്. വിലയോ എണ്ണമോ കണക്കാക്കാന്‍ കഴിയാത്തത്ര അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍.

2). (എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ് സത്യം). ഉദ്ദേശ്യം (സുരക്ഷിത ഫലകം) ആവാം. അതിലാണ് അല്ലാഹു എല്ലാം രേഖപ്പെടുത്തിയത്. ക്വുര്‍ആന്‍ ആവാനും സാധ്യതയുണ്ട്. ഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് അതാണ്. ആദ്യകാലക്കാരുടെയും പില്‍ക്കാലക്കാരുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന, കഴിഞ്ഞു പോയവരുടെയും വരാന്‍ പോകുന്നവരുടെയും അറിവുകളടങ്ങിയ ഗ്രന്ഥം.

3). (തുകലില്‍) അതായത് ഏട്. (നിവര്‍ത്തപ്പെട്ട) അതായത് എഴുതപ്പെട്ട, രേഖപ്പെടുത്തപ്പെട്ട, അവ്യക്തതകളില്ലാതെ പ്രകടമായത്, എല്ലാ ബുദ്ധിയുള്ളവര്‍ക്കും ഉള്‍ക്കാഴ്ചയുള്ളവര്‍ക്കും അവ്യക്തതയില്ലാത്തത്.

4). (അധിവാസമുള്ള മന്ദിരം) ഏഴാനാകാശത്തിന് മുകളിലുള്ള ഭവനമാണത്. അതില്‍ ആദരണീയരായ മലക്കുകള്‍ സദാസമയവും നിറഞ്ഞുനില്‍ക്കുന്നു. എല്ലാ ദിവസവും എഴുപതിനായിരം മലക്കുകള്‍ അതില്‍ പ്രവേശിക്കുന്നു. തങ്ങളുടെ രക്ഷിതാവിന് അവര്‍ ആരാധന ചെയ്യുന്നു. അവര്‍ അന്ത്യനാള്‍വരെ പിന്നീട് അതിലേക്ക് മടങ്ങുന്നില്ല. മറ്റൊരഭിപ്രായം, അല്ലാഹുവിന്റെ ഭവനമായ ബൈതുല്‍ഹറാമാണ് ബൈതുല്‍ മഅ്മൂര്‍ എന്നാണ്. ത്വവാഫ് ചെയ്യുന്നവര്‍, നമസ്‌കരിക്കുന്നവര്‍, സദാ സ്മരിക്കുന്നവര്‍ എന്നിവരാല്‍ അതെപ്പോഴും നിറഞ്ഞുനില്‍ക്കുന്നതാണ്. ഹജ്ജിനും ഉംറയ്ക്കും വരുന്ന നിവേദകസംഘങ്ങളെക്കൊണ്ടും. അല്ലാഹു സത്യംചെയ്ത് പറഞ്ഞതുപോലെ. (ഈ നിര്‍ഭയരാജ്യത്തെക്കൊണ്ടും തന്നെയാണ സത്യം-സൂറതുത്തീന്‍ 3). ഭൂമിയിലെ ഭവനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് കഅ്ബയാണെന്നത് സത്യമാണ്. ഹജ്ജിനും ഉംറയ്ക്കും ജനങ്ങള്‍ ലക്ഷ്യംവെക്കുന്നത് അതാണ്. ഹജ്ജ് ഇസ്‌ലാമിന്റെ മഹത്തായ സ്തംഭങ്ങളില്‍ ഒന്നാണ്. അതില്ലാതെ ഇസ്‌ലാം പൂര്‍ത്തിയാവില്ല. ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും കൂടിയാണ് അത് നിര്‍മിച്ചത്. ആ ഭവനത്തെ അല്ലാഹു ജനങ്ങള്‍ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നിശ്ചയിച്ചു. അതിനെക്കൊണ്ടാണ് അല്ലാഹു സത്യം ചെയ്ത് പറഞ്ഞത്. അതിന്റെ മഹത്ത്വത്തിനും പരിശുദ്ധിക്കും യോജിച്ച വിധത്തില്‍ അതിന്റെ മഹത്ത്വം അവന്‍ വ്യക്തമാക്കുന്നു.

5). (ഉയര്‍ത്തപ്പെട്ട മേല്‍പ്പുര തന്നെയാണ് സത്യം). ആകാശത്തെ അല്ലാഹു സൃഷ്ടികള്‍ക്ക് ഒരു മേല്‍ക്കൂരയും ഭൂമിക്ക് വെളിച്ചം നല്‍കുന്ന മേല്‍പ്പുരയും അതിലുള്ള അടയാളങ്ങളും നക്ഷത്രങ്ങളും വഴി കണ്ടെത്താനുള്ളതുമാക്കി. വ്യത്യസ്ത ഭക്ഷണങ്ങളും കാരുണ്യവും മഴയും അല്ലാഹു അതില്‍ നിന്നിറക്കുന്നു.

6). (നിറഞ്ഞ സമുദ്രം തന്നെയാണ് സത്യം) വെള്ളം നിറഞ്ഞുനില്‍ക്കുന്നത്. അല്ലാഹു കടലിനെ നിറക്കുകയും എന്നാല്‍ വെള്ളം കരയിലേക്കൊഴുകാതെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുന്നു; അതിന്റെ പ്രകൃതിയനുസരിച്ച് ഭൂമിയെ മൂടേണ്ട അവസ്ഥയുണ്ടായിട്ടും. എന്നാല്‍ അല്ലാഹുവിന്റെ യുക്തി അതിന്റെ ഒഴുക്കിനെ തടഞ്ഞ് നിര്‍ത്തുന്നതാണ്; ഭൂമിക്ക് മുകളില്‍ വ്യത്യസ്തങ്ങളായ ജീവജാലങ്ങള്‍ ജീവിക്കുന്നതിനുവേണ്ടി. മറ്റൊരു വ്യാഖ്യാനം 'മസ്ജൂര്‍' എന്നാല്‍ കത്തിക്കപ്പെടുന്നത് എന്നതാണ്. അങ്ങനെ അന്ത്യനാളില്‍ ശിക്ഷക്കായി തീ നിറഞ്ഞ വിശാലമായൊരു സ്ഥലമായി അത് മാറും.

7). ഈ പറഞ്ഞ സത്യങ്ങളെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും അവന്റെ ഏകത്വത്തിന്റെ തെളിവും അവന്റെ കഴിവിന്റെയും ഉയിര്‍ത്തെഴുന്നേല്‍പിന്റെയും രേഖയുമാണ്. അതാണ് അല്ലാഹു പറഞ്ഞത്: (തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്റെ ശിക്ഷ സംഭവിക്കുന്നത് തന്നെയാകുന്നു). അത് സംഭവിക്കാതെ പറ്റില്ല. അല്ലാഹു അവന്റെ വാക്കും വാഗ്ദാനവും തെറ്റിക്കില്ല.

8) (അത് തടുക്കുന്നവന്‍ ആരും തന്നെയില്ല). അതിനെ പ്രതിരോധിക്കുന്നവനായി. അതിനെ തടസ്സപ്പെടുത്തുന്ന ഒന്നുമില്ല. കാരണം അല്ലാഹുവിന്റെ ശക്തി; അതിനെ അതിജയിക്കുന്നവനില്ല. അതില്‍നിന്ന് ഓടി രക്ഷപ്പെടുന്നവനുമില്ല.